Image

ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയത്തില്‍ പെസഹാ തിരുനാളും, ശുശ്രൂഷാ പൗരോഹിത്യദിനവും ആചരിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 08 April, 2012
ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയത്തില്‍ പെസഹാ തിരുനാളും, ശുശ്രൂഷാ പൗരോഹിത്യദിനവും ആചരിച്ചു
ന്യൂജേഴ്‌സി: രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ യേശുക്രിസ്‌തു ശിഷ്യന്മാര്‍ക്കൊപ്പം നടത്തിയ അവസാന അത്താഴത്തിന്റെ പവിത്ര സ്‌മരണ പുതുക്കിക്കൊണ്ട്‌ ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ ദേവാലയം പെസഹാ തിരുനാള്‍ ആചരിച്ചു. ഏപ്രില്‍ 5-ന്‌ വ്യാഴാഴ്‌ച വൈകിട്ട്‌ 7.30-ന്‌ പെസഹായുടെ വിശുദ്ധ കര്‍മ്മാദികള്‍ ആരംഭിച്ചു.

ആഘോഷമായ ദിവ്യബലിയില്‍ ഫാ. ഡോ. ഐസക്‌ പറപ്പള്ളില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. തോമസ്‌ കടുകപ്പള്ളി, ഫാ. ഫിലിപ്പ്‌ വടക്കേക്കര എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. `താലത്തില്‍ വെള്ളമെടുത്തു...വെണ്‍കച്ചയുമരയില്‍ ചുറ്റി....' എന്ന ഗാനം ദേവാലയത്തിലെ ഗായകസംഘം ആലപിക്കുമ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട 12 കുട്ടികളുടെ പാദങ്ങള്‍ വികാരി ഫാ. തോമസ്‌ കടുകപ്പള്ളി കഴുകി തുടച്ച്‌ ചുംബിച്ചുകൊണ്ട്‌ ഈശോ തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ലോകത്തിന്‌ മാതൃക നല്‍കിയതിന്റെ ഓര്‍മ്മയാചരണം നടത്തി. തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയുടെ ആഘോഷമായ പ്രദക്ഷിണം ലേവാലയത്തില്‍ നടത്തപ്പെട്ടു.

ഫാ. ഐസക്‌ പറപ്പള്ളില്‍ പെസഹാ തിരുനാളിന്റെ മഹത്തായ സന്ദേശങ്ങള്‍ നല്‍കി. പെസഹാ വ്യാഴം അത്‌ പരിശുദ്ധ കുര്‍ബാനയുടേയും ശുശ്രൂഷാ പൗരോഹിത്യത്തിന്റേയും സ്ഥാപനദിനമാണെന്നും അതുകൊണ്ട്‌ തന്നെ ഈ പുണ്യദിനം സ്‌നേഹത്തിന്റേയും ശുശ്രൂഷയുടേയും തിരുനാള്‍ എന്നു വിളിക്കാമെന്ന്‌ ഫാ. ഐസക്‌ തന്റെ സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു.

ദൈവത്തോടുള്ള സമാനത നിലനിര്‍ത്താതെ തന്നെ ശൂന്യനാക്കി മനുഷ്യനായി അവതരിച്ച ദൈവം (ഫിലി 2,6-8) ഈ ലോകം വിട്ടുപോകാന്‍ സമയമായപ്പോള്‍ എന്നും നിലനില്‍ക്കുന്ന ഒരു ഓര്‍മ്മ നല്‍കിയിട്ട്‌ പോകുന്നുണ്ട്‌. അതാണ്‌ പരിശുദ്ധ കുര്‍ബാനയും ശുശ്രൂഷാ പൗരോഹിത്യവും എന്ന്‌ ഉത്‌ബോധിപ്പിച്ചു.

വിശുദ്ധ കുര്‍ബാനയ്‌ക്കും കാല്‍കഴുകല്‍ ശുശ്രൂഷയ്‌ക്കും ശേഷം പരമ്പരാഗത രീതിയിലുള്ള അപ്പം മുറിക്കല്‍ ശുശ്രൂഷയും, പാല്‍കുടിക്കല്‍ ശുശ്രൂഷയും നടന്നു.

പെസഹാ തിരുനാള്‍ ചടങ്ങുകള്‍ക്ക്‌ ട്രസ്റ്റിമാരായ ടോം പെരുമ്പായില്‍, തോമസ്‌ ചെറിയാന്‍ പടവില്‍ എന്നിവരും ഇടവകയിലെ ഭക്തസംഘടനാ ഭാരവാഹികളും നേതൃത്വം നല്‍കി. സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത്‌ അറിയിച്ചതാണിത്‌. വെബ്‌സൈറ്റ്‌: www.st.thomassyronj.org
ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയത്തില്‍ പെസഹാ തിരുനാളും, ശുശ്രൂഷാ പൗരോഹിത്യദിനവും ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക