Image

വേലുപ്പിള്ള പ്രഭാകരനായി ബോബി സിംഹ

Published on 28 November, 2018
വേലുപ്പിള്ള പ്രഭാകരനായി ബോബി സിംഹ


ശ്രീലങ്കന്‍ തമിഴ്‌പുലികളുടെ നേതാവായിരുന്ന വേലുപ്പിള്ള പ്രഭാകരന്റെ കഥ സിനിമയാകുന്നു. റേജിങ്‌ ടൈഗര്‍ എന്ന്‌ പേരിട്ട ചിത്രം സംവിധാനം ചെയ്യുന്നത്‌ വെങ്കടേഷ്‌കുമാര്‍ ജിയാണ്‌. ദേശീയ അവാര്‍ഡ്‌ ജേതാവായ ബോബി സിംഹയാണ്‌ വെള്ളിത്തിരയില്‍ പ്രഭാകരന്‌ ജീവനേകുക. ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു.

ഉനക്കുള്‍ നാന്‍, ലൈറ്റ്‌ മാന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ്‌ വെങ്കടേഷ്‌ കുമാര്‍. ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധം ആസ്‌പദമാക്കിയെടുത്ത വെങ്കടേഷിന്റെ ആദ്യ ചിത്രമായ നീലം സെന്‍സര്‍ ബോര്‍ഡ്‌ നിരോധിച്ചിരുന്നു. ഇന്ത്യ-ശ്രീലങ്ക ബന്ധത്തെ മോശമായി ബാധിക്കുമെന്നു പറഞ്ഞാണ്‌ സിനിമ നിരോധിച്ചത്‌.

തമിഴ്‌പുലി നേതാവിന്റെ കഥയുമായി വെങ്കടേഷ്‌ കുമാര്‍ എത്തുമ്പോഴും ആശങ്കകള്‍ ഏറെയാണ്‌. മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ വധത്തിനു പിന്നില്‍ എല്‍ടിടിയാണെന്നിരിക്കെ പ്രഭാകരനെ വെള്ളപൂശുന്ന സിനിമ പുറത്തിറങ്ങിയാല്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ എങ്ങനെ പ്രതികരിക്കുമെന്ന കാര്യവും കണ്ടറിയണം.

2009ല്‍ ശ്രീലങ്കന്‍ സേനയുടെ വെടിയേറ്റാണ്‌ വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടത്‌. പ്രഭാകരന്റെ 12 വയസ്സുകാരനായ മകന്‍ ബാലചന്ദ്രന്‍ പ്രഭാകരനും സൈന്യത്തിന്റെ പിടിയിലായശേഷം കൊല്ലപ്പെട്ടിരുന്നു. നെഞ്ചില്‍ അഞ്ച്‌ വെടിയുണ്ടയേറ്റ നിലയിലായിരുന്നു ബാലചന്ദ്രന്റെ മൃതദേഹം.






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക