Image

ശബരിമല: തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭ തടസപ്പെട്ടു

Published on 29 November, 2018
ശബരിമല: തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭ തടസപ്പെട്ടു
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമഭ സ്‌തംഭിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന്‌ നിയമസഭ ഇന്നത്തേക്ക്‌ പിരിഞ്ഞു.

ചോദ്യോത്തര വേള റദ്ദാക്കി ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷം രംഗത്തുവരികയായിരുന്നു. ചോദ്യോത്തര വേള റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവാണ്‌ പ്രതിഷേധത്തിന്‌ തുടക്കം കുറിച്ചത്‌.

പ്രതിപക്ഷത്തുനിന്നും തിരുവഞ്ചൂര്‌ രാധാകൃഷ്‌ണനാണ്‌ അടിയന്തര പ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കിയത്‌. പ്രളയത്തിനുശേഷം തീര്‍ത്ഥാടകര്‍ക്ക്‌ മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല, ഇക്കാര്യം സഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യണമെന്നാണ്‌ അടിയന്തര പ്രമേയത്തില്‍ ആവശ്യപ്പെട്ടത്‌.

എന്നാല്‍ ചോദ്യോത്തര വേള നിര്‍ത്തിവെച്ച്‌ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും ഇത്‌ ശൂന്യവേളയില്‍ പരിഗണിക്കാമെന്നും ഇപ്പോള്‍ ശബരിമല വിഷയത്തിലേതുള്‍പ്പെടെ സുപ്രധാന ചോദ്യങ്ങള്‍ പരിഗണിക്കാനുണ്ടെന്നും സ്‌പീക്കര്‍ അറിയിച്ചു.


ഇന്നലത്തെ തന്നെ ഈ വിഷയത്തില്‍ ചര്‍ച്ച നടന്നതിനാല്‍ അടിയന്തര പ്രമേയ നോട്ടീസേ പരിഗണിക്കേണ്ട സാഹചര്യമില്ലയെന്നതായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്‌. ഇതോടെ പ്രതിപക്ഷം ബഹളവുമായി രംഗത്തുവന്നു.

ചോദ്യോത്തര വേള തടസപ്പെടുത്തുന്ന നിലയിലേക്ക്‌ പോയാല്‍ കടുത്ത നടപടികളിലേക്ക്‌ കടക്കുമെന്ന്‌ സ്‌പീക്കര്‍ മുന്നറിയിപ്പു നല്‍കി. എന്നാല്‍ പ്രതിപക്ഷം ബഹളം തുടര്‍ന്നു. ഇതോടെ ശ്രദ്ധക്ഷണിക്കലും സബ്‌മിഷനും ഒഴിവാക്കി. രണ്ടു ബില്ലുകള്‍ ചര്‍ച്ചയ്‌ക്കെടുക്കാതെ സബ്‌ജക്ട്‌ കമ്മിറ്റിയുടെ പരിഗണനയ്‌ക്കു വിട്ടു 9.21 ഓടെ സഭ പിരിയുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക