Image

സംഘപരിവാറിനെതിരെ ആഞ്ഞടിച്ച്‌ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌

Published on 29 November, 2018
സംഘപരിവാറിനെതിരെ ആഞ്ഞടിച്ച്‌ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌
പത്തനംതിട്ട: ശബരിമലയെ തകര്‍ക്കാനുള്ള സംഘപരിവാര്‍ ഗൂഢാലോചനക്കെതിരെ രൂക്ഷ പരാമര്‍ശവുമായി ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എ. പദ്‌മകുമാര്‍.

ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ കാണിക്കയിടാന്‍ പാടില്ലെന്ന്‌ പറഞ്ഞ്‌ ഒരുകൂട്ടര്‍ വ്യാപകമായിട്ടുള്ള പ്രചാരവേല നടത്തുകയാണെന്നും ഇവര്‍ സ്വകാര്യ ക്ഷേത്രങ്ങളെ പ്രൊമോട്ട്‌ ചെയ്യാനുള്ള ഗൂഢനീക്കം ആരംഭിച്ചെന്നും എ. പദ്‌മകുമാര്‍ പറഞ്ഞു.

ന്യൂ ജനറേഷന്‍ ക്ഷേത്രങ്ങളെ പ്രെമൊട്ട്‌ചെയ്യാനുള്ള ബോധപൂര്‍വമായ ശ്രമമാണ്‌ ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്‌. ദേവസ്വം ക്ഷേത്രങ്ങളില്‍ പണം ഇടാന്‍ പാടില്ലെന്നാണ്‌ പറയുന്നത്‌.

ശബരിമലയില്‍ പൈസ ഇടാന്‍ പാടില്ലെന്ന്‌ പറയുന്നു. തിരുവിതാംകൂര്‍ ദേവസ്വത്തിന്‌ കീഴില്‍ 1258 ക്ഷേത്രങ്ങള്‍ ഉണ്ട്‌. എല്ലാവര്‍ക്കും ശബരിമല മതിയല്ലോ, ഒരു നേരം പോലും പൂജയില്ലാത്ത ക്ഷേത്രങ്ങളെ എടുക്കാന്‍ ആരും തയ്യാറാകാത്തത്‌ എന്താണ്‌. അപ്പോള്‍ അതിനകത്ത്‌ സമ്പത്തിന്റെ രാഷ്ട്രീയം കളിക്കുകയാണ്‌.

1258 ക്ഷേത്രങ്ങളില്‍ സ്വന്തമായി മുന്നോട്ടുപോകാന്‍ കഴിയുന്ന 100 ക്ഷേത്രങ്ങളേയുള്ളൂ. 6000 ത്തില്‍ അധികം വരുന്ന ജീവനക്കാര്‍, 6000ത്തിലധികം പെന്‍ഷന്‍കാര്‍. ഇവരും ഹിന്ദുക്കള്‍ തന്നെയാണ്‌. 13000ത്തോളം വരുന്നവരുടെ കഞ്ഞികുടി മുട്ടിച്ചേ പറ്റൂവെന്നാണ്‌ ചിലര്‍ പറയുന്നത്‌.

അത്‌ എങ്ങനെ അംഗീകരിക്കാന്‍ പറ്റും. ക്ഷേത്രത്തില്‍ പണമിടണ്ട എന്ന വാദഗതി വളരെ മോശപ്പെട്ട രീതിയിലേക്ക്‌ കാര്യങ്ങളെ എത്തിക്കുകയാണ്‌. 1258 ക്ഷേത്രങ്ങളെ തകര്‍ക്കാനും കുടുംബത്തെ തകര്‍ക്കാനുമാണ്‌ ഈ മുദ്രാവാക്യം ചിലര്‍ ഉന്നയിച്ചത്‌.

മറ്റൊന്ന്‌ പന്തളത്തെ അരവണ വില്‍പ്പനയുമായി ബന്ധപ്പെട്ടതാണ്‌. ഇന്നലെ പന്തളം കൊട്ടാരം തന്നെ പറഞ്ഞല്ലോ, പണം ഉണ്ടാക്കാന്‍ വേണ്ടി എന്തും ചെയ്യുകയാണ്‌ ചിലര്‍. അരവണയെങ്കില്‍ അരവണ, അപ്പമെങ്കില്‍ അപ്പം കാണിക്കയെങ്കില്‍ കാണിക്ക. വിശ്വാസത്തെ എടുക്കാമെങ്കില്‍ വിശ്വാസം.

പന്തളം കൊട്ടാരത്തിന്റെ തേവാരപ്പുരയില്‍ പന്തളം കൊട്ടാരമാണ്‌ വില്‍ക്കുന്നതെന്ന്‌ ഇക്കൂട്ടര്‍ പ്രചരിപ്പിച്ചു. പന്തളം കൊട്ടാരത്തിന്റെ ഭാരവാഹികളായ ശശികുമാര വര്‍മയും നാരായണ വര്‍മയും പറയുന്നത്‌ അവര്‍ അറിഞ്ഞിട്ടില്ലെന്നാണ്‌. ദേവസ്വംബോര്‍ഡും അറിഞ്ഞിട്ടില്ല. പിന്നെ ആരാണ്‌ ഇതിന്‌ പിന്നില്‍.

ഞങ്ങള്‍ ആരുമായും വഴക്കിനില്ല. ഏത്‌ പ്രശ്‌നവും സംയമനത്തോടെ പരിഹരിക്കാനാണ്‌ താത്‌പര്യം. അങ്ങേയറ്റം ക്ഷമിക്കുകയാണ്‌. ഭൂമിയോളം താഴുകയാണ്‌. പക്ഷേ ഭൂമിയോളം താഴുന്നത്‌ ആരുടേയും ദൗര്‍ബല്യം കൊണ്ടല്ല. ഭൂമിയോളം താഴുന്നവന്‌ ആകാശം മുട്ടെ ഉയരാനും കഴിയുമെന്ന ധാരണ വേണം.

യുവതീ പ്രവേശന വിധിക്ക്‌ മുന്‍പേ പ്രളയം വന്നിരുന്നു. പമ്പയില്‍ വലിയ ദുരന്തം ഉണ്ടായി. ഇപ്പറഞ്ഞ ആരേയും ഇവിടേക്ക്‌ കണ്ടില്ലല്ലോ, ആചാര അനുഷ്‌ഠാനങ്ങളുടെ പേര്‌ പറയുന്നവരെ കണ്ടില്ലല്ലോ അന്ന്‌ സര്‍ക്കാരാണ്‌ അടിയന്തരമായി യോഗം വിളിച്ചുകൂട്ടിയതും സൗജന്യമായി ടാറ്റാ കമ്പനിയെ വിളിച്ചുകൂട്ടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടനടി നടത്തിയതും. ചിലര്‍ക്ക്‌ പുര കത്തുമ്പോള്‍ വാഴ വെട്ടണമെന്ന വാശിയാണ്‌.

അത്‌ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണോ ?ഇതൊക്കെ സമ്പത്ത്‌ സ്വരൂപിക്കുന്നതിന്റെ ഭാഗമാണ്‌. അത്‌ ഒരുകാരണവശാലും അനുവദിക്കല്ല.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പണമിടാതെ തകര്‍ത്തുകളായമെന്ന്‌ ആരും ധരിക്കേണ്ട. അതൊന്നും വിലപ്പോവില്ല ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എ. പദ്‌മകുമാര്‍ പറഞ്ഞു.
Join WhatsApp News
എന്തിയേ രാമന്‍ ? 2018-11-29 06:18:34
ഉഗ്രന്‍ പ്രസ്താവന Mr. പ്രസിഡന്റ്‌.
 ഇ സത്യം എല്ലാവരും മനസ്സില്‍ ആക്കി കേരള സര്‍കാരിനെ ചീത്ത വിളിക്കുന്നത്‌ നിര്‍ത്തണം. കേരളത്തിലെ ജനങ്ങളുടെ നികുതിപ്പിരിവ് കൊണ്ട് ആണ് അമ്പലങ്ങള്‍ നിലനില്‍ക്കുന്നത്. 
 G.രാമന്‍ നായര്‍  ദേവസം പ്രസിഡന്റ്‌ ആയിരുന്നില്ലേ ഇപ്പോള്‍ BJP യില്‍ . എന്തുകൊണ്ട് സത്യം വിളിച്ചു പറയുന്നില്ല 
അമേരിക്കന്‍ മലയാളി ഹിന്ദുക്കളും ഇത് ഒന്ന് മനസ്സില്‍ ആക്കണം. ആരാണ് നിങ്ങളുടെ നേതാവ്? ആരാണ് നിങ്ങളെ തെരുവില്‍ ഇറക്കിയത്? വിവരകെടിനും വേണ്ടേ ഒരു ലിമിറ്റ് .
andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക