Image

തുടര്‍ക്കഥകളിലൂടെ ഹോളിവുഡ് പണം വാരുന്നു (ഏബ്രഹാം തോമസ്)

Published on 29 November, 2018
തുടര്‍ക്കഥകളിലൂടെ ഹോളിവുഡ് പണം വാരുന്നു (ഏബ്രഹാം തോമസ്)
താങ്ക്‌സ് ഗിവിങ്ങിനോടനുബന്ധിച്ച് തിയേറ്ററുകളിലെത്തിയ ഹോളിവുഡ് ചിത്രങ്ങള്‍ 300 മില്യന്‍ ഡോളറിലധികം നേടി ചരിത്രം സൃഷ്ടിച്ചു. ഇതുവരെ ആ അഞ്ചു ദിനങ്ങളില്‍ ഹോളിവുഡിന് ഇത്രയധികം സാമ്പത്തിക വിജയം ഉണ്ടായിട്ടില്ല.

സീക്വലുകളുടെ (തുടര്‍ക്കഥ) വിജയവും കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടു. ഇവയില്‍ പ്രധാനം റാല്‍ഫ് ബ്രേക്ക്‌സ് ദ ഇന്റര്‍നെറ്റിന്റെയും ക്രീഡ് 2 വിന്റെയും വിജയമാണ്. രണ്ടും ഇവയുടെ മൂല ചിത്രങ്ങളുടെ കളക്ഷനുകള്‍ മറികടന്നു.

ഡിസ്‌നിയുടെ റെക്ക് ഇറ്റ് റാല്‍ഫിന്റെ തുടര്‍ക്കഥ റാല്‍ഫ് ബ്രേക്ക്‌സ് ദ ഇന്റര്‍നെറ്റ് 84.5 മില്യന്‍ ഡോളര്‍ കളക്ട് ചെയ്തു ഒന്നാം സ്ഥാനത്തെത്തി. ഇത് താങ്ക്‌സ് ഗിവിങ് വാരാന്ത്യത്തില്‍ ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനുകളില്‍ ഒന്നാണ്. ഫ്രോസണും ഹംഗര്‍ ഗെയിംസ് കാച്ചിംഗും ഫയറുമാണ് മുന്‍പ് ഇതു പോലെ സാമ്പത്തിക വിജയം നേടിയത്.

റോക്കിയുടെ മറ്റൊരു തുടര്‍ക്കഥ ക്രീഡ് 2 ന് നല്ല പ്രചാരണം ലഭിച്ചു. പ്രത്യേകിച്ച് മൈക്കേല്‍ ബി ജോര്‍ഡാന്റെ ആരാധകരുടെ ഇടയില്‍ നല്ല പ്രമോഷനാണ് നടന്നത്. മൈക്കേല്‍ ബി ജോര്‍ഡന്റെ സ്വകാര്യ ജീവിതവും ചില ടാബ്‌ളോയിഡുകള്‍ ഫീച്ചറാക്കിയിരുന്നു. ജോര്‍ഡനും സില്‍വസ്റ്റര്‍ സ്റ്റാലനും ടെസ്സ തോംപ്‌സണും പ്രധാന വേഷങ്ങള്‍ അഭിനയിച്ച ക്രീഡ് 35.3 മില്യന്‍ ഡോളര്‍ മൂന്നു ദിവസത്തെ പ്രദര്‍ശനത്തില്‍ നിന്ന് നേടി. 2015 ല്‍ ആദ്യകഥ (ക്രീഡ്) പുറത്തിറങ്ങിയപ്പോള്‍ നേടിയതിനെക്കാള്‍ വളരെ കൂടുതല്‍ അഞ്ച് ദിവസത്തെ ടിക്കറ്റ് വില്‍പനയിലൂടെ നേടി (55.8 മില്യന്‍ ഡോളര്‍).

മൂന്നാം സ്ഥാനത്ത് രണ്ടാം വാരാന്ത്യത്തില്‍ 30.2 മില്യന്‍ ഡോളര്‍ കളക്ട് ചെയ്ത ഡോ. സീയൂസ് ദ ഗ്രിന്‍ച് ഉണ്ടായി. ഫന്റാസ്റ്റിക് ബീസ്റ്റ്‌സിന്റെ സീക്വല്‍ ക്രൈംസ് ഓഫ് ഗ്രിന്‍ഡല്‍ വാള്‍ഡ് രണ്ടാം വാരാന്ത്യത്തില്‍ 29.7 മില്യന്‍ ഡോളര്‍ നേടി നാലാം സ്ഥാനം ഉറപ്പിച്ചു.

റോബിന്‍ ഹുഡിന്റെ പുതിയ പതിപ്പിന് നിരൂപക പ്രശംസ ലഭിച്ചില്ല. കളക്ഷനിലും ഈ ലയണ്‍സ് ഗേറ്റ് സമ്മിറ്റ് എന്റര്‍ടെയിന്‍മെന്റ് ചിത്രം ശോഭിച്ചില്ല (14.2 മില്യന്‍ ഡോളര്‍ മാത്രം, ആദ്യ അഞ്ച് ദിനങ്ങളില്‍). ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ് 100 മില്യന്‍ ഡോളറായിരുന്നു. വലിയ സാമ്പത്തിക പരാജയമായി മാറാനാണ് സാധ്യത.

യൂണിവേഴ്‌സലിന്റെ ഗ്രീന്‍ ബുക്ക് 1063 സ്‌ക്രീനുകളിലേയ്ക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. പ്രധാന താരങ്ങള്‍ മഹേര്‍ഷാ അലിയുടെയും വിഗോ മോര്‍ട്ടന്‍ സെനിന്റെയും പിന്‍ബലത്തില്‍ ചിത്രം കൂടുതല്‍ കളക്ട് ചെയ്യുമെന്ന പ്രതീക്ഷയിലാണിത്. ഇപ്പോള്‍ പരിമിത തിയേറ്റുകളില്‍ നിന്ന് 5.4 മില്യന്‍ ഡോളര്‍ നേടി ഒന്‍പതാം സ്ഥാനത്താണ്.

ഫോക്‌സ് സെര്‍ച്ച് ലൈറ്റിന്റെ കാലഘട്ട ചിത്രം ദ ഫേവറിറ്റ് അവാര്‍ഡ് ദാതാക്കളുടെയും പ്രീതി നേടുമെന്നാണ് കരുതുന്നത്. എമ്മാ സ്റ്റോണ്‍, റാക്വല്‍ വീസ്, ഒളീവിയ കോള്‍മാന്‍ എന്നിവര്‍ പ്രധാന ഭാഗങ്ങളിലുള്ള ചിത്രം വളരെ പരിമിതമായ റിലീസില്‍ നിന്ന് (നാലു പ്രദേശങ്ങളില്‍ മാത്രം) 4,20,000 ഡോളറിന്റെ നേട്ടം കൈവരിച്ചു.

താങ്ക്‌സ് ഗിവിങ്ങിനടുത്തുള്ള അഞ്ചു ദിവസങ്ങളില്‍ നിന്നുള്ള ബോക്‌സ് ഓഫീസ് നേട്ടം അന്തിമമായി തിട്ടപ്പെടുത്തുമ്പോള്‍ 314 മില്യന്‍ ഡോളറില്‍ കൂടുതലായിരിക്കുമെന്ന് ബോക്‌സ് ഓഫീസ് ഡേറ്റ സമാഹരിക്കുന്ന കോം സ്‌കോര്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക