Image

അറബിക്കടലിന്റെ സിംഹത്തിന് പേടകം ഒരുങ്ങി: മരക്കാറായി മോഹന്‍ലാല്‍ കയറുന്നു

Published on 29 November, 2018
അറബിക്കടലിന്റെ സിംഹത്തിന് പേടകം ഒരുങ്ങി: മരക്കാറായി മോഹന്‍ലാല്‍ കയറുന്നു

'മരക്കാര്‍അറബിക്കടലിന്റെ സിംഹം', മോഹന്‍ലാല്‍ നായകനായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആരാധകരിലുയര്‍ത്തുന്ന പ്രതീക്ഷകള്‍ വളരെ വലുതാണ്. ചരിത്ര സിനിമകള്‍ പലതു വന്നെങ്കിലും കേരളത്തിന്റെയും അറബിക്കടലിന്റെയും പശ്ചാത്തലത്തില്‍ ബിഗ് ബജറ്റിലാണ് മരക്കാര്‍ ഒരുങ്ങുന്നത്. ഡിസംബര്‍ ഒന്നിന് ഷൂട്ടിങ് ആരംഭിക്കും. ചിത്രത്തിന്റെ സെറ്റ് വര്‍ക്കുകള്‍ ഹൈദരാബാദ് റാമോജി സിറ്റിയില്‍ പുരോഗമിക്കുകയാണ്.

കപ്പിത്താനായ മരക്കാറിന്റെ കപ്പലിന്റെ ജോലികള്‍ അവസാന ഘട്ടത്തിലാണ്. ഇതിന്റെ ചിത്രങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളാണ് കപ്പലൊരുക്കുന്നത്. സിനിമയുടെ 75 ശതമാനവും റാമോജി സിറ്റിയിലാണ് ചിത്രീകരിക്കുന്നത്. ഊട്ടി, രാമേശ്വരം എന്നിവയാണ് മറ്റു ലൊക്കേഷനുകള്‍.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരയ്ക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആദ്യത്തെ നേവല്‍ ഡിഫെന്‍സ് സംഘടിപ്പിച്ചതും മരക്കാറാണ്. മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, മധു എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രണവ് മോഹന്‍ലാലും ഒരു കാമിയോ റോളില്‍ ചിത്രത്തില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും.

ആന്റണി പെരുമ്പാവൂരും സി ജെ റോയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിര്‍മാണം. ചരിത്രവും ഭാവനയും കൂടികലര്‍ന്ന ചിത്രമായിരിക്കും 'മരക്കാര്‍' എന്ന് മുന്‍പ് പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു. 'തീരദ്ദേശവും കടലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചിത്രത്തില്‍ വരുന്നതുകൊണ്ട് പോസ്റ്റ് പ്രൊഡക്ഷന്‍ കാര്യങ്ങള്‍ വിദേശത്തായിരിക്കും നടക്കുക. മ്യൂസിക്, ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ പോലുള്ള കാര്യങ്ങളും മികവേറിയ രീതിയില്‍ ഒരുക്കാനാണ് പ്ലാന്‍. അതു കൊണ്ടു തന്നെ ബജറ്റിനെ കുറിച്ച് ഞങ്ങളിപ്പോള്‍ ചിന്തിക്കുന്നില്ല', എന്നാണ് മലയാളത്തിന്റെ മാസ്റ്റര്‍ ഡയറക്ടറായ പ്രിയദര്‍ശന്‍ ചിത്രത്തെ കുറിച്ച് പ്രതികരിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക