Image

കൃഷിമന്ത്രാലയത്തിന്റെ മലക്കം മറിച്ചില്‍ അന്വേഷണവിധേയമാക്കണം: ഇന്‍ഫാം

Published on 30 November, 2018
കൃഷിമന്ത്രാലയത്തിന്റെ മലക്കം മറിച്ചില്‍ അന്വേഷണവിധേയമാക്കണം: ഇന്‍ഫാം
കോട്ടയം: നോട്ടുനിരോധനം കാര്‍ഷികമേഖലയുടെ നടുവൊടിച്ചുവെന്ന കേന്ദ്ര കൃഷിമന്ത്രാലയം പുറത്തിറക്കിയ സാമ്പത്തിക റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്കുള്ളില്‍ അട്ടിമറിക്കപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു.

കൃഷിമന്ത്രാലയം ഒരാഴ്ച മുമ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വാസ്തവമാണെന്നിരിക്കെ പിന്നീട് റിപ്പോര്‍ട്ട്  തിരുത്തി മലക്കം മറിഞ്ഞതിന്റെ പിന്നിലെ ശക്തികേന്ദ്രമേതെന്ന് അന്വേഷണവിധേയമാക്കണം.  വിലത്തകര്‍ച്ചയും കടക്കെണിയുംമൂലം കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുമ്പോള്‍ കാര്‍ഷികമേഖലയുടെ വ്യാപ്തി വര്‍ദ്ധിച്ചുവെന്ന റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമാണ്.  മൂന്നുവര്‍ഷം കൊണ്ട് കൃഷിഭൂമി 612 ലക്ഷം ഹെക്ടറില്‍ നിന്ന് 628 ലക്ഷം ഹെക്ടറായും ധാന്യ ഉല്പാദനം 1264 ലക്ഷം ടണ്ണില്‍നിന്ന് 1441 ലക്ഷം ടണ്ണായും വര്‍ദ്ധിച്ചുവെന്ന കണക്കും വിശ്വസനീയമല്ല. 

രാജ്യം കണ്ട  ഏറ്റവും വലിയ കാര്‍ഷികത്തകര്‍ച്ചയ്ക്കും കര്‍ഷകപ്രക്ഷോഭങ്ങള്‍ക്കുമാണ് നോട്ടുനിരോധനത്തിനുശേഷം പൊതുസമൂഹം സാക്ഷ്യം വഹിച്ചത്.  വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകപ്രക്ഷോഭം ഇപ്പോഴും ശക്തമാണ്.  കര്‍ഷക ആത്മഹത്യകളും ദിനംതോറും ആവര്‍ത്തിക്കുന്നു. കര്‍ഷകര്‍ ഗ്രാമങ്ങളില്‍ നിന്ന് കൃഷി ഉപേക്ഷിച്ച് നഗരങ്ങളിലേയ്ക്ക് ജോലിക്കായി പലായനം ചെയ്യുന്നത് തുടരുകയാണ്.  കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല.  കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പ്രഖ്യാപനങ്ങള്‍ നടത്തിയ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നടപടികളില്ലാതെ ഒളിച്ചോടുന്നു.  ചെറുകിട കര്‍ഷകര്‍ക്ക്  അര്‍ഹതപ്പെട്ട കാര്‍ഷിക വായ്പകള്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ ഉദ്യോഗസ്ഥ പിന്തുണയോടെ തട്ടിയെടുക്കുന്നു.  ഇങ്ങനെ കോടികള്‍ തട്ടിയെടുത്തവരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സംരക്ഷിക്കുമ്പോള്‍ വെറും ആയിരങ്ങള്‍ മാത്രം കടബാധ്യതയുള്ളവര്‍ക്ക് ജപ്തിനോട്ടീസു നല്‍കുകയും അവരുടെ ഭൂമി കയ്യേറുകയും ചെയ്യുന്ന ധിക്കാരവും നീതിനിഷേധവും രാജ്യത്തുടനീളം ആവര്‍ത്തിക്കുകയാണ്.  ഇവയെല്ലാം ജനങ്ങള്‍ കണ്‍മുമ്പില്‍ കാണുന്ന യാഥാര്‍ത്ഥ്യമാണെന്നിരിക്കെ വരാന്‍പോകുന്ന പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണ് കൃഷിമന്ത്രാലയത്തിന്റെ സാമ്പത്തികറിപ്പോര്‍ട്ട് അട്ടിമറിക്കപ്പെട്ടതെന്ന് വ്യക്തമാകുന്നു.  കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകസ്‌നേഹത്തിന്റെ കാപഠ്യം കര്‍ഷകര്‍ തിരിച്ചറിയുന്നുവെന്നും കര്‍ഷകര്‍ സംഘടിച്ചുനീങ്ങുവാന്‍ മുന്നോട്ടുവരണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആഹ്വാനം ചെയ്തു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക