Image

മുള്ളന്‍ പന്നിയെ പിടികൂടാന്‍ ഗുഹയില്‍ കയറിയ യുവാവ്‌ മരിച്ചു

Published on 30 November, 2018
മുള്ളന്‍ പന്നിയെ പിടികൂടാന്‍ ഗുഹയില്‍ കയറിയ യുവാവ്‌ മരിച്ചു


കാസര്‍കോട്‌: ബദിയടുക്കയില്‍ യുവാവ്‌ ഗുഹയില്‍ കുടുങ്ങി. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തന പരാജയപ്പെട്ടതായാണ്‌ സൂചന. ബായാറിലെ കാട്ടിലെ ഗുഹക്കുള്ളില്‍ മുള്ളന്‍പന്നിയെ പിടിക്കാനായാണ്‌ യുവാവ്‌ കയറിയത്‌.

യുവാവ്‌ മരിച്ചതായി ഒടുവില്‍ സ്ഥിരീകരണമായി. ബായാര്‍ ധര്‍മ്മത്തടുക്ക ബാളികയിലെ രമേശ (35)യുടെ മൃതദേഹമാണ്‌ ഗുഹക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്‌. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണെന്നും രമേശയുടെ ദേഹത്ത്‌ മണ്ണുവീണ്‌ മൂടിക്കിടക്കുകയാണെന്നും അരവരെയുള്ള ഭാഗം മാത്രമാണ്‌ മണ്ണ്‌ വീഴാതെ കാണുന്നതെന്നും ഫയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ഓക്‌സിജന്‍ സിലണ്ടര്‍ ഉപയോഗിച്ച്‌ ഗുഹക്കകത്ത്‌ കടന്ന്‌ സേനാംഗങ്ങള്‍ നാലു മണിക്കൂറുകളോളം പരിശ്രമം നടത്തിയെങ്കിലും പുറത്തെടുക്കാന്‍ സാധിച്ചില്ല.

കൊണ്ടുവന്ന മുഴുവന്‍ ഓക്‌സിജന്‍ സിലിണ്ടറുകളും മാറ്റി ആറു പ്രാവശ്യത്തോളം അകത്തുകയറിയെങ്കിലും ശ്രമം വിജയിച്ചില്ല. ഗുഹയുടെ പ്രവേശന കവാടത്തില്‍ 1.20 മീറ്ററോളം വ്യാസമുണ്ട്‌. ഒന്നിലധികം പേര്‍ക്ക്‌ കുറച്ച്‌ ദൂരം പോകാം. അകത്തേക്ക്‌ പോകുന്തോറും വ്യാസം കുറഞ്ഞ്‌ ഒരാള്‍ക്ക്‌ കഷ്ടിച്ച്‌ പോകാനുള്ള സ്ഥലം മാത്രമാണുള്ളത്‌. യുവാവ്‌ കുടുങ്ങിയ സ്ഥലത്ത്‌ രണ്ടര അടി പോലും വീതിയില്ല. യുവാവ്‌ കിടക്കുന്ന സ്ഥലത്തെത്താന്‍ വളരെ ദുഷ്‌ക്കരമാണ്‌. .


വളരെ അപകടകരമായ സ്ഥിതിയാണ്‌ ഗുഹയക്കുള്ളില്‍ നിലനില്‍ക്കുന്നതെന്നതിനാല്‍ വളരെ സൂക്ഷ്‌മതയോടു കൂടിയാണ്‌ ഫയര്‍ഫോഴ്‌സ്‌ സേനാംഗങ്ങള്‍ അകത്തേക്ക്‌ കടന്നത്‌. മണ്ണിടിയുന്നത്‌ കൊണ്ട്‌ രക്ഷാപ്രവര്‍ത്തനത്തിന്‌ തടസ്സമാകുന്നുണ്ട്‌. വ്യാഴാഴ്‌ച രാത്രി എട്ട്‌ മണിയോടെയാണ്‌ അഞ്ചംഗസംഘം മുള്ളന്‍പന്നിയെ പിടികൂടാനായി ബായാറിലെ കാട്ടിലേക്ക്‌ പോയത്‌. ഇതിനിടയില്‍ ഒരു മുള്ളന്‍പന്നി ഗുഹക്കുള്ളിലേക്ക്‌ കടന്നുപോവുകയായിരുന്നു. ഇതിനെ പിടികൂടാന്‍ രമേഷ ഗുഹക്കകത്തേക്ക്‌ പ്രവേശിച്ചു.

ഏറെസമയം കഴിഞ്ഞിട്ടും യുവാവ്‌ മടങ്ങി വരാത്തതിനെതുടര്‍ന്ന്‌ കൂടെയുണ്ടായിരുന്ന നാലുപേര്‍ ഗുഹക്കകത്തേക്ക്‌ പ്രവേശിച്ചെങ്കിലും ശ്വാസതടസം അനുഭവപ്പെട്ടതിനെതുടര്‍ന്ന്‌ ഇതിലൊരാള്‍ പുറത്തിറങ്ങുകയും ഫയര്‍ഫോഴ്‌സിനെയും പോലീസിനേയും നാട്ടുകാരേയും വിവരം അറിയിക്കുകയുമായിരുന്നു. ഗുഹ്‌ക്കകത്തേക്ക്‌ പ്രവേശിച്ച മറ്റുള്ളവരെ പുറത്തെത്തിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക