Image

രാജ്യതലസ്ഥാനത്തെ ചെങ്കടലാക്കി കിസാന്‍മുക്തി മാര്‍ച്ച്‌; പാര്‍ലമെന്റിലേക്ക്‌ മാര്‍ച്ച്‌ ചെയ്‌ത്‌ പതിനായിരങ്ങള്‍

Published on 30 November, 2018
രാജ്യതലസ്ഥാനത്തെ ചെങ്കടലാക്കി കിസാന്‍മുക്തി മാര്‍ച്ച്‌; പാര്‍ലമെന്റിലേക്ക്‌ മാര്‍ച്ച്‌ ചെയ്‌ത്‌ പതിനായിരങ്ങള്‍


ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്തെ ചെങ്കടലാക്കി കിസാന്‍മുക്തി മാര്‍ച്ച്‌. വിളകള്‍ക്ക്‌ ന്യായവിലയും കടക്കെണിയില്‍നിന്ന്‌ മോചനവും ആവശ്യപ്പെട്ട്‌ ഡല്‍ഹിയില്‍ നടക്കുന്ന കിസാന്‍മുക്തി മാര്‍ച്ചിന്റെ പൊതുറാലി പാര്‍ലമെന്റ്‌ പരിസരത്തേക്ക്‌ മുന്നേറുന്നു.

ഡല്‍ഹി പ്രാന്തങ്ങളിലെ അഞ്ച്‌ കേന്ദ്രങ്ങളായ നിസാമുദ്ദീന്‍, ആനന്ദ്‌ വിഹാര്‍, മജ്‌നുകാ തില, ഭാരത്‌ ഗഡ്‌, കാഷന്‍ഗഞ്ച്‌ എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചാണ്‌ ആയിരക്കണക്കിനു കര്‍ഷകവളണ്ടിയര്‍മാര്‍ കാല്‍നടയായി സഞ്ചരിച്ച്‌ രാംലീല മൈതാനത്തേക്ക്‌ എത്തിയത്‌. ഇവിടെ നിന്നാണ്‌ റാലി പാര്‍ലമെന്റ്‌ പരിസരത്ത്‌ മുന്നേറുന്നത്‌.

വിവിധ ഘടക സംഘടനകളുടെ കൊടികളുമായി ആയിരങ്ങളാണ്‌ മാര്‍ച്ചില്‍ അണിനിരന്നത്‌. രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക്‌ ഒരു മണിവരെ കര്‍ഷകസമ്മേളനം ചേരും. ഉച്ചയ്‌ക്കുശേഷം രണ്ട്‌ മുതല്‍ അഞ്ച്‌ വരെ രാഷ്ട്രീയസമ്മേളനമാണ്‌. കര്‍ഷകരുടെ പ്രശ്‌നങ്ങളോടുള്ള നിലപാട്‌ വ്യക്തമാക്കാന്‍ രാഷ്ട്രീയപാര്‍ടി നേതാക്കളെത്തും.

കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മാത്രമായി പാര്‍ലമെന്റിന്റെ പ്രത്യേകസമ്മേളനം വിളിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ്‌ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ പ്രക്ഷോഭം.

207 സംഘടനകള്‍ ചേര്‍ന്ന്‌ രൂപീകരിച്ചതാണ്‌ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി. 21 രാഷ്ട്രീയപാര്‍ടികള്‍ പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ചു. അധ്യാപകരും ധൈഷണികരും വിദ്യാര്‍ഥികളും അഭിഭാഷകരും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും കലാകാരന്മാരും ഉള്‍പ്പടെ സമൂഹത്തിന്റെ വിവിധതുറകളിലുള്ള വ്യക്തികള്‍ ഉള്‍പ്പെട്ട 'നേഷന്‍ ഫോര്‍ ഫാര്‍മേഴ്‌സ്‌' പ്രക്ഷോഭത്തിനു പിന്തുണ നല്‍കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക