Image

ശബരിമലയുടെ മറവില്‍ ജനപ്രതിനിധികള്‍ ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന്‌ ഒളിച്ചോടുന്നു: ഇന്‍ഫാം

ഫാ.ആന്റണി കൊഴുവനാല്‍ Published on 02 December, 2018
ശബരിമലയുടെ മറവില്‍ ജനപ്രതിനിധികള്‍ ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന്‌ ഒളിച്ചോടുന്നു: ഇന്‍ഫാം

കൊച്ചി: പ്രളയദുരന്തം, കടക്കെണി, കാര്‍ഷികോല്‌പന്ന വിലത്തകര്‍ച്ച, വ്യാപാര വാണിജ്യമേഖലയിലെ സ്‌തംഭനം, ജീവല്‍മരുന്നുകള്‍ക്കുള്ള വിലക്കയറ്റം തുടങ്ങി അതീവ ഗുരുതരപ്രശ്‌നങ്ങള്‍മൂലം സംസ്ഥാനത്തെ ജനജീവിതമൊന്നാകെ സ്‌തംഭിച്ചിരിക്കുമ്പോള്‍ ശബരിമലയിലെ വിശ്വാസ ആചാരത്തിന്റെ പേരില്‍ നിയമസഭ സ്‌തംഭിപ്പിച്ച്‌ ജനപ്രതിനിധികള്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന്‌ ഒളിച്ചോടുന്നത്‌ ജനവഞ്ചനയും ക്രൂരതയുമാണെന്ന്‌ ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു.

പരസ്‌പരമുള്ള വിഴുപ്പലക്കലുകള്‍ക്കും രാഷ്‌ട്രീയ മാമാങ്കങ്ങള്‍ക്കുമപ്പുറം നിയമസഭാ സാമാജികര്‍ ജനങ്ങളുടെ പ്രതിനിധിയാണെന്നും നിയമസഭയാകട്ടെ ജനകീയപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്‌ത്‌ നടപടികളെടുക്കേണ്ടതും ജനജീവിതം സംരക്ഷിക്കേണ്ടതുമായ പരമോന്നതവേദിയാണെന്നും രാഷ്‌ട്രീയ ഭരണനേതൃത്വങ്ങള്‍ മറന്നുപോകുന്നത്‌ വലിയ വീഴ്‌ചയും അപചയവുമാണ്‌.

പ്രളയദുരന്തവും ഉരുള്‍പൊട്ടലും പ്രകൃതിക്ഷോഭവുമേല്‍പ്പിച്ച ആഘാതത്തില്‍ നിന്ന്‌ ദുരിതബാധിതപ്രദേശങ്ങളിലെ ലക്ഷക്കണക്കായ ജനങ്ങള്‍ ഇതുവരെയും കരകയറിയിട്ടില്ല. സര്‍ക്കാര്‍ നിരന്തരം നടത്തുന്ന പ്രഖ്യാപനങ്ങള്‍ പ്രായോഗികതലത്തില്‍ നടപ്പില്‍ വരുത്താതെ ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ നിരന്തരം അട്ടിമറിക്കുന്നു. പട്ടിണിയും ദാരിദ്ര്യവും സാമ്പത്തിക തകര്‍ച്ചയുംമൂലം ഒട്ടേറെപ്പേര്‍ ആത്മഹത്യയുടെ മുനമ്പിലാണ്‌. കൃഷിയിടങ്ങള്‍ പലതും ഉപയോഗശൂന്യമായി.

കാലാവസ്ഥാ വ്യതിയാനംമൂലം ഉല്‌പാദനവും കുറഞ്ഞു. കാര്‍ഷികോല്‌പന്നങ്ങളുടെ വിലത്തകര്‍ച്ചയും കടക്കെണിയും വന്‍പ്രതിസന്ധിയാണ്‌ സൃഷ്‌ടിച്ചിരിക്കുന്നത്‌. സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍ഷകവായ്‌പകള്‍ക്ക്‌ ഒരു വര്‍ഷത്തേയ്‌ക്കുള്ള മോറട്ടോറിയം ഉദ്യോഗസ്ഥരും ബാങ്ക്‌ അധികൃതരും ചേര്‍ന്ന്‌ അട്ടിമറിച്ചിരിക്കുന്നു. കര്‍ഷകര്‍ക്ക്‌ ജപ്‌തിനോട്ടീസ്‌ എത്തുക മാത്രമല്ല ജപ്‌തിനടപടികളും ആരംഭിച്ചിരിക്കുന്നു. ഇതിന്റെ ബാക്കിപത്രമായി ഇതിനോടകം ഏഴുകര്‍ഷകര്‍ ആത്മഹത്യചെയ്‌തു.

വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ക്ക്‌ വൈദ്യുതി സൗജന്യമാക്കിയിരിക്കുമ്പോള്‍ കേരളത്തില്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷനെ നോക്കുകുത്തിയാക്കി വൈദ്യുതിചാര്‍ജ്ജും ഉയര്‍ത്താനുള്ള നീക്കമാണ്‌ അണിയറയില്‍. രാജ്യാന്തരവിപണിയില്‍ ക്രൂഡോയില്‍വില കുത്തനെ കുറഞ്ഞിട്ടും അതിനനുസരിച്ച്‌ പെട്രോള്‍. ഡീസല്‍ വില കുറഞ്ഞിട്ടില്ല. സാമൂഹ്യസുരക്ഷാ ക്ഷേമപദ്ധതികള്‍ സ്‌തംഭിച്ചിരിക്കുന്നു.

കര്‍ഷകപെന്‍ഷനും റബര്‍ വിലസ്ഥിരതാപദ്ധതിയും നിലച്ചു. ജനങ്ങളുടെ നികുതിപ്പണംകൊണ്ട്‌ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളേയും തീറ്റിപ്പോറ്റുകയും അതിനായി ജനങ്ങളെ നിരന്തരം ദ്രോഹിക്കുകയും ചെയ്യുന്ന അവസ്ഥയിലായി സംസ്ഥാനഭരണം.
നിയമസഭയ്‌ക്കുള്ളിലെ രാഷ്‌ട്രീയനാടകങ്ങളും വിഴുപ്പലക്കലുകളും അവസാനിപ്പിച്ച്‌ ജനകീയ വിഷയങ്ങളിലുള്ള ഇടപെടലുകള്‍ക്കും ചര്‍ച്ചകള്‍ക്കും പരിഹാരമാര്‍ഗ്ഗങ്ങള്‍ക്കും അടിയന്തരമായി ജനപ്രതിനിധികളും ഭരണനേതൃത്വങ്ങളും തയ്യാറാകണമെന്ന്‌ വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക