Image

എസ്‌ പി യതീഷ്‌ ചന്ദ്രക്കെതിരെ നിയമനടപടിക്ക്‌ ശശികലയുടെ മകന്‍

Published on 02 December, 2018
എസ്‌ പി യതീഷ്‌ ചന്ദ്രക്കെതിരെ നിയമനടപടിക്ക്‌ ശശികലയുടെ മകന്‍
എസ്‌ പി യതീഷ്‌ ചന്ദ്രക്കെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയുടെ മകന്‍ നിയമനടപടിക്ക്‌ ഒരുങ്ങുന്നു.

ഇതിന്റെ ഭാഗമായി യതീഷ്‌ ചന്ദ്രയ്‌ക്ക്‌ ശശികലയുടെ മകന്‍ വിജീഷ്‌ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ വക്കീല്‍ നോട്ടീസ്‌ അയച്ചു. മാനനഷ്ടത്തിനാണ്‌ നോട്ടീസ്‌ അയച്ചിരിക്കുന്നത്‌.

തന്നെയും കുടുംബത്തെയും എസ്‌ പി നിലയ്‌ക്കലില്‍ വെച്ച്‌ അപമാനിച്ചു. മകന്റെ ചോറൂണിനായി പോകുമ്പോഴായിരുന്നു സംഭവം. ഇത്‌ മാനഹാനിക്ക്‌ കാരണമായി അതിനാല്‍ എസ്‌ പി മാപ്പ്‌ പറഞ്ഞ്‌ 25 ലക്ഷം രൂപ തരണമെന്നും വക്കീല്‍ നോട്ടീല്‍ ആവശ്യപ്പെടുന്നുണ്ട്‌. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ്‌ ശ്രീധരന്‍ പിള്ളയുടെ വക്കീല്‍ ഓഫീസില്‍ നിന്നാണ്‌ നോട്ടീസ്‌ തയ്യാറായിരിക്കുന്നത്‌.

നേരത്തെ ശബരിമല സംഘര്‍ഷസാധ്യതയുടെ പേരില്‍ അറസ്റ്റ്‌ ചെയ്‌ത്‌ വിട്ടയച്ച ശേഷം ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ്‌ കെ പി ശശികല വീണ്ടും ശബരിമല സന്ദര്‍ശനത്തിനായി നിലയ്‌ക്കലില്‍ വന്നപ്പോഴാണ്‌ സംഭവമുണ്ടായത്‌.

അന്നുതന്നെ മടങ്ങുമെന്ന ഉറപ്പിലാണ്‌ ഇവരെ ശബരിമലയിലേക്ക്‌ കടത്തിവിട്ടത്‌. എരുമേലിയില്‍ നിന്ന്‌ കെഎസ്‌ആര്‍ടിസി ബസില്‍ പുറപ്പെട്ട ശശികലയെ പൊലീസ്‌ നിലയ്‌ക്കലില്‍ തടഞ്ഞെങ്കിലും അന്നുതന്നെ തിരിച്ചു വരണമെന്ന ഉറപ്പില്‍ കടത്തി വിടുകയായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട്‌ പൊലീസ്‌ എസ്‌പിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ശശികലയ്‌ക്ക്‌ നോട്ടീസ്‌ നല്‍കിയിരുന്നു.

മകന്റെ മക്കള്‍ക്ക്‌ ചോറൂണിനായാണ്‌ ശബരിമലയില്‍ എത്തിയിരിക്കുന്നതെന്നും ഇതിനിടയില്‍ രാഷ്ട്രീയം പറയാനില്ലെന്നും ശശികല അന്ന്‌ പറഞ്ഞിരുന്നു.

അതേസമയം, പ്രായത്തിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന ആരോപണങ്ങള്‍ക്ക്‌ തിരിച്ചറിയല്‍ കാര്‍ഡ്‌ ഉയര്‍ത്തിക്കാട്ടി അവര്‍ മറുപടി നല്‍കി. കുട്ടികളെയും കൊണ്ട്‌ വരുമ്പോള്‍ ഇരുമടിക്കെട്ട്‌ എടുക്കാന്‍ സാധിക്കില്ലെന്നതിനാലാണ്‌ നേരത്തെ വന്നതെന്നും ശശികല വ്യക്തമാക്കിയിരുന്നു.

അതേസമയം നവംബര്‍ 16ന്‌ ശബരിമലയില്‍ എത്തിയ ശശികലക്ക്‌ ദര്‍ശനത്തിന്‌ സാധിച്ചിരുന്നില്ല. രാത്രി മല കയറിയ അവരെ മരക്കൂട്ടത്തു വെച്ച്‌ പൊലീസ്‌ തടഞ്ഞിരുന്നു.

രാത്രി കയറാന്‍ പറ്റില്ലെന്നും പകല്‍ കയറാമെന്നും പൊലീസ്‌ ആവശ്യപ്പെട്ടെങ്കിലും മടങ്ങിപ്പോകാന്‍ അവര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന്‌ പൊലീസ്‌ കരുതല്‍ തടങ്കലില്‍ വെയ്‌ക്കുകയും ദര്‍ശനം കഴിഞ്ഞ ഉടന്‍ മടങ്ങുമെന്ന്‌ മജിസ്‌ട്രേറ്റിന്‌ മുന്നില്‍ നല്‍കിയ ഉറപ്പുപ്രകാരം ജാമ്യം നല്‍കുകയുമായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക