Image

ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കുമെന്നും സെന്‍കുമാര്‍

Published on 02 December, 2018
ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കുമെന്നും  സെന്‍കുമാര്‍
കോളിളക്കം സൃഷ്ടിച്ച ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ തനിക്ക്‌ പങ്കുണ്ടെന്ന്‌ കാണിച്ച്‌ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ച സര്‍ക്കാര്‍ നടപടിക്കതിരെ കോടതിയെ സമീപിക്കുമെന്ന്‌ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ പറഞ്ഞു.

സര്‍ക്കാര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന്‌ ആരോപിച്ചാണ്‌ അദ്ദേഹം സര്‍ക്കാരിനെതിരെ നിയമനടപടിക്ക്‌ ഒരുങ്ങുന്നത്‌. നമ്പി നാരായണന്‍ തനിക്കേറ്റ പീഡനങ്ങള്‍ ഉള്‍പ്പെടെയുള്ള പങ്കുവച്ച `ഓര്‍മകളുടെ ഭ്രമണപഥം' എന്ന ആത്മകഥയില്‍ പോലും തന്റെ പേരില്ല. താന്‍ കുറ്റക്കാരനെങ്കില്‍ ഇ.കെ. നായനാര്‍ സര്‍ക്കാര്‍ ഒന്നാംപ്രതിയാകുമെന്ന്‌ സെന്‍കുമാര്‍ പറഞ്ഞതായി മനോരമ ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

താന്‍ കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബ്യുണല്‍ അംഗമാകുന്നതിനു സര്‍ക്കാര്‍ തടസ്സം നില്‍ക്കുന്നു എന്നാരോപിച്ചു ടി.പി സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു സര്‍ക്കാരിന്റെ സത്യവാങ്‌മൂലം. തന്റെ നിയമനം തടഞ്ഞ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ്‌ ടി.പി. സെന്‍കുമാറിന്റെ ആവശ്യം.

ചാരക്കേസില്‍ നമ്പി നാരായണനെ ഉപദ്രവിച്ചതില്‍ സെന്‍കുമാറിനും പങ്കുണ്ടെന്നു കാണിച്ചാണ്‌ സര്‍ക്കാര്‍ കേടതിയില്‍ സത്യവാങ്‌മൂലം നല്‍കിയിരുന്നത്‌. തനിക്കെതിരായി ചുമത്തിയ കള്ളക്കേസുകളെല്ലാം തള്ളിപ്പോയപ്പോള്‍ സര്‍ക്കാര്‍ കാട്ടിക്കൂട്ടുന്ന പാപ്പരത്വമാണു നടപടിയെന്നും സെന്‍കുമാര്‍ പറയുന്നു.

അന്ന്‌ മുഖ്യമന്ത്രിയായിരുന്ന ഇകെ നായനാരാണ്‌ തന്നെ ഐഎസ്‌ആര്‍ഒ ചാരക്കേസ്‌ ഏല്‍പ്പിച്ചതെന്ന്‌ സെന്‍കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. സിബിഐ അന്വേഷിക്കുന്ന കേസില്‍ കേരളാ പൊലീസ്‌ അന്വേഷിക്കുന്നതിന്റെ നിയമസാധുത താന്‍ ചോദ്യം ചെയ്‌തെങ്കിലും അത്‌ ചെവിക്കൊള്ളാതെയാണ്‌ നായനാര്‍ തന്നെ കേസ്‌ ഏല്‍പ്പിച്ചത്‌.

നായനാര്‍ സര്‍ക്കാരിന്റെ ആവശ്യപ്രകാരം ഐഎസ്‌ആര്‍ഒ ചാരക്കേസ്‌ ഏറ്റെടുത്തെങ്കിലും കാര്യമായ അന്വേഷണം തുടങ്ങും മുന്‍പു തന്നെ ഹൈക്കോടതി നിര്‍ദേശപ്രകാരം ഫയലുകള്‍ മടക്കി നല്‍കിയിരുന്നു.

നമ്പി നാരായണനെ കുറ്റവിമുക്തനാക്കിയ സുപ്രീംകോടതി വിധിക്കു ശേഷം ഉദ്യോഗസ്ഥ വീഴ്‌ച അന്വേഷിക്കുന്ന സമിതിയുടെ മുന്നില്‍ തന്നെയും കുറ്റക്കാരനാക്കാനാണു സര്‍ക്കാര്‍ ശ്രമമെന്നാണ്‌ സെന്‍കുമാറിന്റെ ആരോപണം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക