Image

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച പ്രതിഷേധക്കാര്‍ കസ്റ്റഡിയില്‍

Published on 02 December, 2018
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച പ്രതിഷേധക്കാര്‍ കസ്റ്റഡിയില്‍

ചെങ്ങന്നൂര്‍ : ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പോലീസ്‌ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നതില്‍ പ്രതിഷേധിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍ വഴിതടയല്‍ സമരം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ചെങ്ങന്നൂരില്‍ ഉദഘാടന ചടങ്ങില്‍ എത്തിയ മുഖ്യമന്ത്രിയെ ബിജെപി കരിങ്കൊടി കാണിച്ചു. പ്രതിഷേധക്കാരെ പോലീസ്‌ കസ്റ്റഡിയിലെടുത്തു.

ചെങ്ങന്നൂര്‍ ഐ.എച്ച്‌.ആര്‍.ഡി കോളേജില്‍ പരിപാടി ഉദ്‌ഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി സംസാരം തുടങ്ങിയപ്പോള്‍ കോളേജിന്റെ മതില്‍കെട്ടിന്‌ പുറത്ത്‌ ഒരു കൂട്ടം ബി.ജെ.പിക്കാര്‍ മുദ്രാവാക്യം വിളി തുടങ്ങുകയായിരുന്നു. ശരണം വിളിച്ചായിരുന്നു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്‌.


എന്നാല്‍ ശരണം വിളി താന്‍ ഒരുപാട്‌ കണ്ടിട്ടുണ്ടെന്നും ഇതൊന്നും കണ്ട്‌ പേടിക്കില്ലെന്ന്‌ പറഞ്ഞുകൊണ്ട്‌ മുഖ്യമന്ത്രി പ്രസംഗം തുടങ്ങുകയായിരുന്നു. പ്രതിഷേധക്കാരായ സ്‌ത്രീകളടക്കമുള്ള യുവമോര്‍ച്ചാ പ്രവര്‍ത്തകരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.

മുഖ്യമന്ത്രി വേദിയില്‍ നിന്ന്‌ എഴുന്നേറ്റ്‌ സംസാരം തുടങ്ങിയ ഉടനെയായിരുന്നു സ്വാമി ശരണം അയ്യപ്പശരണം എന്ന്‌ മുദ്രാവാക്യം വിളിച്ച്‌ യുവമോര്‍ച്ച പ്രവര്‍ത്തകരും ബി.ജെ.പിക്കാരും പ്രതിഷേധിച്ചത്‌.


ബിജെപി വഴി തടയല്‍ സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്‌ മുഖ്യമന്ത്രിയുടേയും മറ്റ്‌ മന്ത്രിമാരുടേയും സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഓരോ സ്ഥലങ്ങളിലെയും പൈലറ്റ്‌ വാഹനങ്ങളുടെയും പോലീസ്‌ ഉദ്യോഗസ്ഥരുടെയും എണ്ണം കൂട്ടിയിട്ടുണ്ട്‌. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചെങ്ങന്നൂരിലെ ചടങ്ങില്‍ 250 പോലീസുകാരെയാണ്‌ സുരക്ഷയ്‌ക്കായി വിന്യസിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക