Image

കോരപ്പേട്ടനും അമേരിക്കയിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും (ലേഖനം: ജോസഫ് ഏബ്രഹാം)

Published on 02 December, 2018
കോരപ്പേട്ടനും അമേരിക്കയിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും (ലേഖനം: ജോസഫ് ഏബ്രഹാം)
കഴിഞ്ഞ ദിവസം ജോലിക്കിടയിലാണു പഴയ സോവിയറ്റ് യൂണിയന്‍കാരിയായ ക്രിസ്ടീനയെ പരിചയപ്പെടുന്നത്. അവരുമായി നടത്തിയ ഏതാനും മിനുട്ടുകളുടെ സംഭാഷണത്തില്‍നിന്ന് ഇതിനു മുന്‍പ് പരിചയപ്പെട്ട പല റഷ്യാക്കാരില്‍ നിന്നു വിത്യസ്തമായി അവര്‍ ഇപ്പോഴും സോവിയറ്റ് യൂണിയനെ നെഞ്ചിലേറ്റുന്നുവെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു. ഞാനൊരു ഇന്ത്യാക്കാരനാണെന്ന് അറിഞ്ഞപ്പോള്‍ സോവിയറ്റ് യുണിയന്‍റെ ഭാഗമായിരുന്ന അവളുടെ നാടായ ഉക്രെനില്‍ ധാരാളം ഇന്ത്യക്കാര്‍ വിദ്യാഭ്യാസത്തിനായിെചന്നിരുന്ന കാര്യങ്ങളൊക്കെ ഏറെ അഭിമാനത്തോടെ അവര്‍ പറഞ്ഞു.

സോവിയറ്റ് യൂണിയന്റെ പതനത്തില്‍ അവര്‍ ഇപ്പോഴും വേദനിക്കുന്നുണ്ട്. ബലമായി ചേര്‍ത്തുവച്ചത് വിഘടിക്കുകയും ബലപ്രയോഗത്താല്‍ അകറ്റിമാറ്റിയത് ഒരുമിക്കുകയും ചെയ്യുന്നത് കേവലം കാവ്യനീതി മാത്രമല്ലേയെന്നു സോവിയറ്റ് യൂണിയന്‍റെ വീഴ്ചയും അതിനു ഒരു മാസം മുന്‍പ് വീണുടഞ്ഞ ബെര്‍ലിന്‍ മതിലിനെയും സൂചിപ്പിച്ചു ഞാന്‍ ചോദിച്ചതിനു മൌനത്തില്‍ പൊതിഞ്ഞ പുഞ്ചിരിമാത്രം നല്‍കി അവര്‍ യാത്രപറഞ്ഞു. സോവിയറ്റ് യുണിയന്‍ ഇല്ലാതായിപത്ത് വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ അമേരിക്കയിലേക്ക് കുടിയേറി. ഒരു സ്കൂള്‍ വിദ്യാര്‍ഥിനി ആയിരുന്നകാലത്തെ സോവിയറ്റ് യൂണിയനെക്കുറിച്ച് അവര്‍ക്കിന്നുമുള്ളത് വളരെ നല്ല ഓര്‍മ്മകളാണ്.

“ ആ നായിന്റെ മോന്‍ ഗോര്‍ബര്‍ച്ചോവ് എല്ലാം നശിപ്പിച്ചു കൊളമാക്കി ”
തൊണ്ണൂറ്റി ഒന്നില്‍ സോവിയറ്റ് യൂണിയന്‍ ഇല്ലാതായപ്പോള്‍ ഞങ്ങളുടെ നാട്ടുകാരനായ സഖാവ് കോരപ്പേട്ടന്‍ വളരെ രോഷത്തോടെയുംഏറെ നിരാശയോടെയുംഅദ്രൂമാന്റെ ബാര്‍ബര്‍ഷോപ്പിലിരുന്നിപ്രകാരം പറഞ്ഞത് ഇന്നും ഓര്‍മ്മയിലുണ്ട്.കമ്മ്യൂണിസ്റ്റുകാരനായ കോരപ്പേട്ടന്റെത് ഒറ്റപ്പെട്ട നിരാശയായിരുന്നില്ല. കടുത്ത ചില കമ്മ്യൂണിസ്റ്റു വിരോധികള്‍ സോവിയറ്റ് യുണിയന്റെ പതനത്തില്‍ സന്തോഷിച്ചെങ്കിലും ഇന്ത്യയും സോവിയറ്റ് യുണിയനും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് അറിയാമായിരുന്ന എല്ലാവരിലും വളരെ നിരാശയുണ്ടാക്കിയ ഒരു കാര്യം തന്നെയായിരുന്നത്.
ഇന്ത്യയുടെ അഭ്യന്തര കാര്യങ്ങളില്‍ ഇടപെടാത്ത കൂടെ നിന്ന ഒരു നല്ല സഖാവായിരുന്നു സോവിയറ്റ്‌യൂണിയന്‍.ബംഗ്ലാദേശ് യുദ്ധത്തില്‍ അമേരിക്കയുടെയും ബ്രിട്ടന്‍റെയും നാവിക വ്യൂഹങ്ങളുടെ ഇന്ത്യന്‍ തീരത്തേക്കുള്ള മുന്നേറ്റത്തെ സോവിയറ്റ്‌യൂണിയന്‍ ഇടപെട്ട് ആയുധബലം കാട്ടി തടഞ്ഞില്ലായിരുന്നുവെങ്കില്‍, പാക്കിസ്ഥാനെ സഹായിക്കാന്‍ തയ്യാറായ സൌദിഅറേബ്യയെയും തുര്‍ക്കിയെയും അവര്‍ ഭീഷിണിപ്പെടുത്തി അകറ്റിനിര്‍ത്തിയില്ലായിരുന്നുവെങ്കില്‍, ഇന്ത്യയുടെമേല്‍ കൈവെച്ചാല്‍ തങ്ങളുടെ ഭൂമിയില്‍ സോവിയറ്റ് യൂണിയന്‍ നാശം വിതയ്ക്കുമെന്ന് ചൈന ഭയന്നില്ലായിരുന്നെവെങ്കില്‍ ഇന്ത്യയുടെ ഇന്നത്തെ ഭൂപടത്തില്‍ തീര്‍ച്ചയായും സാരമായ മാറ്റം ഉണ്ടാകുമായിരുന്നുവെന്നു നിസംശയം പറയാം.

സോവിയറ്റ് യുണിയനെ കുട്ടികള്‍ ഇഷ്ടപ്പെടാനുള്ള കാരണം കമ്മ്യൂണിസ്റ്റുകാരുടെ മക്കളായതു കൊണ്ടായിരുന്നില്ല. ബുക്ക് പൊതിയാനായി സംഘടിപ്പിക്കുന്ന, നനഞ്ഞാല്‍ പോലും കീറാത്ത നല്ല പേപ്പറില്‍ കളറില്‍ പ്രിന്റ് ചെയ്ത മനോഹരമായ പടങ്ങളുള്ള‘സോവിയറ്റ് യൂണിയന്‍’ എന്ന മാസികയിലൂടെയാണ് അവര്‍ സോവിയറ്റ് യൂണിയന്റെ ആരാധകരായത്.വളര്‍ന്നപ്പോള്‍ ഇന്ത്യക്ക് അനുകൂലമായി അന്താരാഷ്ട്ര തലങ്ങളില്‍ സോവിയറ്റ് യൂണിയന്‍ എടുത്ത നിലപാടുകളും, കായിക രംഗത്തും സാങ്കേതിക വിദ്യകളിലുമുള്ള അവരുടെ വൈദഗ്ധ്യവും, ഒരു ഇന്ത്യക്കാരനായ രാകേഷ് ശര്‍മ്മയെ ശൂന്യാകാശത്തില്‍ കൊണ്ടുപോയി ഗഗനചാരികളുടെ കൂട്ടത്തില്‍ ഇന്ത്യക്കാരന്റെ പേരും കൂടി ചേര്‍ക്കാനുള്ള അവരുടെ സൌമനസ്യമൊക്കെ പതിയെ പതിയെ ഓരോ ഇന്ത്യാക്കാരനെയും സോവിയറ്റ് പക്ഷത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
കമ്മ്യൂണിസ്റ്റുകാരുള്ള നാട്ടില്‍നിന്നു വന്നതിനാലാകണം അമേരിക്കയില്‍ എത്തിയതിനു ശേഷം പലപ്പോഴും അമേരിക്കയിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളെകുറിച്ച് ആലോചിച്ചിട്ടുണ്ട്. പണ്ടു മുതലേ മെയ് ദിനത്തില്‍ നാട്ടിലെ കമ്മ്യൂണിസ്റ്റുകള്‍ വിളിച്ചു കേള്‍ക്കാറുള്ള ഒരു മുദ്രാവാക്യമുണ്ട്
“ചിക്കാഗോയിലെ തെരുവീഥികളില്‍ രക്തം ചിന്തിയ സോദരരെ” എന്നു തുടങ്ങുന്ന മുദ്രാവാക്യം

1886 മെയ് മാസം ഒന്ന് മുതല്‍ അമേരിക്കയില്‍ എമ്പാടുമായി ഏകദേശം അഞ്ചു ലക്ഷത്തോളം തൊഴിലാളികള്‍ എട്ടു മണിക്കൂര്‍ ജോലിക്കും വിശ്രമത്തിനും വിനോദത്തിനുമായി നടത്തിയ സമരത്തില്‍ ചിക്കാഗോയില്‍ മെയ് മൂന്നിന് പോലീസ് വെടിവയ്പ്പുണ്ടായി അതില്‍ പ്രതിഷേധിച്ചുമെയ് നാലാം തിയതി ചിക്കാഗോയിലെ ‘ഹേമാര്‍ക്കറ്റ് ചത്വരത്തില്‍’ ചേര്‍ന്ന യോഗത്തിലേക്ക് അരാജകവാദികള്‍ ബോംബു വലിച്ചെറിഞ്ഞതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ ചുരുങ്ങിയത് അമ്പതു തൊഴിലാളികള്‍ മരിച്ചു വീഴുകയുമുണ്ടായി.

ആധുനിക ചരിത്രത്തിലെ നിര്‍ണ്ണായകമായ ഒരു തൊഴിലാളി മുന്നേറ്റമായി ലോകം വാഴ്ത്തുന്ന ഈ സംഭവം നടന്ന അമേരിക്കന്‍ മണ്ണില്‍ 1919 തന്നെ രൂപം കൊണ്ട കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്ക് എന്താണ് സംഭവിച്ചതെന്നറിയുവാന്‍ വല്ലാത്ത കൌതുകം തോന്നി.അമേരിക്കന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി എടുത്ത നിലപാടുകള്‍ തൊഴിലാളി ചൂഷണത്തിനും, വര്‍ണ്ണ വിവേചനത്തിനും വംശീയതയ്ക്കുമൊക്കെ എതിരെയായിരുന്നു. പാര്‍ട്ടിയുടെ ഈ നിലപാട് ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ക്കിടയില്‍ കുറയൊക്കെ സ്വാധീനം ഉണ്ടാക്കുവാനും ഉപകരിച്ചു.

ഏതൊരു നാട്ടിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പറ്റിയ ഒരു അപചയം തന്നെയാണ് അമേരിക്കന്‍ പാര്‍ട്ടിക്കും പറ്റിയത്. അവര്‍ എപ്പോഴും രാജ്യത്തിനു പുറത്തേക്കാണ് നോക്കിക്കൊണ്ടിരുന്നത് അത് മറ്റെങ്ങോട്ടുമായിരുന്നില്ല സോവിയറ്റ് യൂണിയനിലേക്കായിരുന്നു.സദാ അവിടേക്ക് ഉറ്റുനോക്കിയിരുന്ന അവര്‍ക്കുള്ള പ്രവര്‍ത്തന ഫണ്ട് ലഭിച്ചിരുന്നതും അവിടെ നിന്നും ആയിരുന്നു. അതുകൊണ്ട് തന്നെ സ്റ്റാലിനിസത്തെയും, ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയെയും, ശീതയുദ്ധത്തെയുമൊക്കെ സോവിയറ്റ് യൂണിയനുവേണ്ടി അവര്‍ക്ക് ന്യായീകരിക്കേണ്ടിയുംവന്നു.

അമേരിക്കന്‍ ദേശീയതയ്കും മൂല്യങ്ങള്‍ക്കും എതിരായ ഈ നിലപാടുകള്‍ മൂലം പാര്‍ട്ടി മെമ്പര്‍മാര്‍ കൊഴിഞ്ഞു പോകാന്‍ തുടങ്ങി. ദേശവിരുദ്ധമായ നിലപാടുകള്‍ക്കെതിരെ രൂപം കൊണ്ട ചില കരിനിയമങ്ങള്‍( McCarthysim) ആ കൊഴിഞ്ഞുപോക്കിന്റെ അക്കം കൂട്ടി. അരലക്ഷത്തിലധികം മെമ്പര്‍മാര്‍ ഉണ്ടായിരുന്ന പാര്‍ട്ടിയില്‍ ഇപ്പോള്‍ അയ്യായിരത്തോളം മെമ്പര്‍മാര്‍ മാത്രമാണുള്ളത്. ചെറിയൊരു ഗ്രൂപ്പ് ആണെങ്കിലും സാമ്രജ്യത്വ മോഹങ്ങളെ അവര്‍ നിശിതമായി വിമര്‍ശിച്ചു. ചെറിയ രാജ്യങ്ങളുടെ മേല്‍ അമേരിക്ക നടത്തിയ കടന്നു കയറ്റങ്ങളെ വിമര്‍ശിക്കാനും സദ്ദാംഹുസൈനെതിരായ നീക്കങ്ങളെ അപലപിച്ചു അമേരിക്കന്‍ മണ്ണില്‍ ശബ്ദമുയര്‍ത്താനും അവരല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല.

സഖാവ് കോരപ്പേട്ടന്‍ പറഞ്ഞതുപോലെ ഗോര്‍ബര്‍ച്ചെവ് ‘ഗ്ലാസ് നസ്റ്റും’‘പെരിസ്‌ട്രോയിക്യയും’ പോലുള്ള സംഗതികള്‍ കൊണ്ടുവന്നു സംഗതി അകെ കുളംകലക്കിയപ്പോള്‍ അമേരിക്കയിലെ സഖാക്കള്‍ അതിനെതിരെ പ്രതിഷേധിച്ചു. അവര്‍ മാര്‍ക്‌സിസ്റ്റുലെനിനിസ്റ്റു പാത പിന്തുടരുമെന്നു ഗോര്‍ബര്‍ച്ചെവിനോട് പറഞ്ഞു. പറഞ്ഞത് 1989ലാണ് അതോടെ സോവിയറ്റ് യൂണിയനില്‍ നിന്നുള്ള അവര്‍ക്കുള്ള ഫണ്ടിംഗ് നിന്നു. ഏതായാലും രണ്ടു വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ സോവിയറ്റ് യൂണിയന്‍ തന്നെ ഇല്ലാതായി.

ഇന്നിപ്പോള്‍ അമേരിക്കന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി അവരുടെ തെറ്റുകള്‍ മനസ്സിലാക്കി.2014ലെ ചിക്കാഗോ സമ്മേളനത്തില്‍ അവതരിപ്പിച്ച പുതുക്കിയ പര്‍ട്ടി ഭരണഘടനാപ്രകാരം “മാര്‍ക്‌സും ഏംഗല്‍സും ലെനിനും മറ്റുള്ളവരും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ശാസ്ത്രീയമായ കാഴ്ചപ്പാടിനെ അമേരിക്കയുടെ ചരിത്രവും സംസ്കാരവും പാരമ്പര്യവുമായിഇഴചേര്‍ന്നു പോകുന്ന വിധത്തില്‍ നടപ്പിലാക്കും” എന്ന നിലപാടില്‍ എത്തിച്ചേര്‍ന്നു. ഇപ്പോള്‍ ഞങ്ങളുടെ കോരപ്പേട്ടന്റെ പാര്‍ട്ടിയും ഏതാണ്ട് ഈ ലൈനിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

അമേരിക്കന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ നേതാവായ ഇമില്‍ സ്‌കേപേര്‍സന്‍റെ( Emile Schepser) നിഗമന പ്രകാരം “ഒരു കമ്മ്യൂണിസ്റ്റു വീക്ഷണകോണില്‍ പറയാവുന്ന വിപ്ലവ പൂര്‍വ സാഹചര്യമൊന്നും ഐക്യനാടുകളില്‍ കാണുന്നില്ലെങ്കിലും മുതലാളിത്വം ലോകവ്യാപകമായി അതിന്‍റെ നാശത്തിന്റെ അടയാളങ്ങള്‍ കാണിക്കാന്‍ തുടങ്ങിക്കഴിഞ്ഞു”എന്നതാണ്.

1954 ലെ കമ്മ്യൂണിസ്റ്റ് കണ്ട്രോള്‍ ആക്റ്റ് പ്രകാരം കമ്മ്യൂണിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തനം അമേരിക്കയില്‍ നിരോധിതമാണെങ്കിലും ആ നിയമം ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. മാത്രവുമല്ല1973ല്‍ അരിസോണ ഫെഡറല്‍ കോടതി ഈ നിയമം ഭരണഘടനയുടെ ലഘനം ആണെന്ന് വിധിപ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്. സുപ്രീംകോടതിയില്‍ ഇതുവരെ ഈ വിഷയം എത്തുകയോ നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കുകയോ ചെയ്തിട്ടിലെങ്കില്‍പോലും ഇന്നത്തെ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തില്‍ വലിയ വിഘാതമൊന്നും ഉണ്ടാകാന്‍ ഇടയില്ല.

ഐക്യനാടുകളിലെ തൊഴില്‍ നിയമങ്ങള്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വളരെ പിന്നോക്കമാണ്. മുതലാളിത്ത മൂലധനത്തിനെതിരെ ഉയര്‍ന്നു നില്ക്കാന്‍ കെല്പുള്ള ഒരു തൊഴില്‍ സംഘടനകളും ഇവിടെയില്ല എന്നുള്ളതാണ് യാദാര്‍ത്ഥ്യം. നിലവിലുള്ളട്രേഡ് യൂണിയനുകള്‍ ഒരു മാതിരി കോര്‍പ്പറേറ്റ് വ്യവസ്ഥയില്‍ പ്രവര്‍ത്തിച്ചു വരുന്നു. തൊഴിലാളികളുടെ ക്ഷേമത്തെക്കാള്‍ ക്രെഡിറ്റ് യൂണിയന്‍ നടത്തുവാനും ക്രെഡിറ്റ് കാര്‍ഡുകള്‍ കച്ചവടം ചെയ്യുന്നതിലുമാണവര്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. രണ്ടോ നാലോ വര്‍ഷം കൂടുംബോളവര്‍ തൊഴില്‍ ഉടമകളുമായി ചില ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു നാമ മാത്രമായ കൂലി വര്‍ദ്ധനവിന്റെ കരാറുകളില്‍ ഒപ്പിടും. പലപ്പോഴും തൊഴില്‍ മാര്‍ക്കറ്റാണ് വേതന വര്‍ദ്ധനവിനു പ്രേരകമാകുന്നത് അതില്‍ തൊഴിലാളി യൂണിയനുകള്‍ക്ക് വലിയ പങ്കുള്ളതായി കാണുന്നില്ല. അമേരിക്കയെ വച്ചു തുലനം ചെയ്താല്‍ ഇന്ത്യയിലെ തൊഴിലാളികളുടെ അവകാശങ്ങളും സാമൂഹ്യ സുരക്ഷയും മെച്ചപ്പെട്ട രീതില്‍ സംരക്ഷിക്കപ്പെട്ടുവരുന്നുവെന്നു നിസംശയം പറയാം.

ഇവിടെ ഈ രംഗത്ത് പാര്‍ട്ടിക്ക് വേണമെങ്കില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയും അവര്‍ അത്തരത്തില്‍ ചില നീക്കങ്ങള്‍ നടത്തുന്നുമുണ്ട്. മിനിമം വേതനം മണിക്കൂറില്‍ 15 ഡോളര്‍ ആക്കണമെന്ന അവരുടെ നിലപാട് പലയിടത്തും ചര്‍ച്ചചെയ്യപ്പെടുന്നുമുണ്ട്.എന്നാല്‍ ആവശ്യത്തിനുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ ലഭിക്കുന്നില്ല എന്നതാണ്അവര്‍ നേരിടുന്ന വലിയ വെല്ലുവിളി. ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിനുശേഷം കൂടതല്‍ ആളുകള്‍ പാര്‍ട്ടിയിലേക്ക് വരുന്നുണ്ടെന്നു അവര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴും മൊത്തത്തിലുള്ള അംഗ ബലം അയ്യായിരത്തില്‍ കൂടുതല്‍ ഇല്ലായെന്നാണ് കണക്കുകള്‍ പറയുന്നത്.
കമ്മ്യൂണിസ്റ്റു ആഭിമുഖ്യമുള്ള മലയാളികള്‍ ധാരാളംപേര്‍ അമേരിക്കയില്‍ വസിക്കുന്നുണ്ട് അവരില്‍ പലരും സാമൂഹ്യ മാധ്യമങ്ങളിലൂടെ നാട്ടിലെ പാര്‍ട്ടിക്കുവേണ്ടി വീറോടെ വാദിക്കുന്നുമുണ്ട്. എന്നാലും അവരെല്ലാം തന്നെ തങ്ങള്‍ ഇപ്പോള്‍ പൌരന്മാര്‍ ആയിരിക്കുന്ന രാജ്യത്തിന്റെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയോട് യാതൊരു ആഭിമുഖ്യവും കാണിക്കാതെ വെറും ഗൃഹാതുരതയുടെ കമ്മ്യൂണിസ്റ്റുകാരായി മാത്രം തുടരുകയാണ്. ഒരു പക്ഷെ അമേരിക്കന്‍ പൌരന്‍ ആകുന്നതിനു മുന്‍പായി താനൊരു കമ്മ്യൂണിസ്റ്റുകാരന്‍ അല്ലേയല്ല എന്ന് നാലു പ്രാവശ്യം കാറല്‍ മാര്‍ക്‌സിനെ തള്ളിപ്പറഞ്ഞിന്‍റെ അസ്കിത കൊണ്ടാകാം വെറും അധര വ്യായാമത്തില്‍ മാത്രം മുഴുകുന്നത്.എങ്കിലും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ന്യൂ യോര്‍ക്കിലുള്ള ആസ്ഥാനത്തിലേക്ക് ചരിത്രം തിരുത്തിക്കുറിക്കാനായി ഒരു മലയാളി എന്നെങ്കിലും കാലെടുത്തുവയ്ക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
കോരപ്പേട്ടനും അമേരിക്കയിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും (ലേഖനം: ജോസഫ് ഏബ്രഹാം)കോരപ്പേട്ടനും അമേരിക്കയിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും (ലേഖനം: ജോസഫ് ഏബ്രഹാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക