Image

ആരാധനയും ആതുരസേവനവും ക്രൈസ്തവദര്‍ശനത്തിന്റെ കാതല്‍ : കാതോലിക്കാ ബാവ

Published on 03 December, 2018
ആരാധനയും ആതുരസേവനവും ക്രൈസ്തവദര്‍ശനത്തിന്റെ കാതല്‍ : കാതോലിക്കാ ബാവ
കുവൈത്ത്: ആരാധനയും ആതുരസേവനവും ക്രൈസ്തവദര്‍ശനത്തിന്റെ കാതലാണെന്നും, പാവപ്പെട്ടവരോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുമുള്ള കടമ നിര്‍വഹിക്കുവാന്‍ സഭയും, സഭാജനങ്ങളും ബാധ്യസ്ഥരാണെന്നും പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതിയന്‍ ബാവാ ആഹ്വാനം ചെയ്തു. കുവൈത്തിലെ ഓര്‍ത്തഡോക്‌സ് ഇടവകകള്‍ സംയുക്തമായി സംഘടിപ്പിച്ച ’കുവൈറ്റ് ഓര്‍ത്തഡോക്‌സ് മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവ.

മലങ്കരസഭയുടെ വിശ്വാസം തകര്‍ക്കപ്പെടുന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കുവാന്‍ തക്കവണ്ണമാണ് സഭ ഒരു വിദേശബന്ധം ആരംഭിച്ചത്. അത് പിന്നീട് ഒരിക്കലും തലയൂരാന്‍ പറ്റാത്തവിധമുള്ള ആപത്തായി തീര്‍ന്നു. അതില്‍നിന്നുള്ള പരിപൂര്‍ണ വിടുതലാണ് ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ട സഭയ്ക്ക് രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തില്‍ നിന്നും 2017 ജൂലൈ മാസം മൂന്നാം തീയതി ലഭിച്ചത്. രാജ്യത്തിന്റെ അത്യുന്നത നീതിപീഠത്തില്‍ നിന്നും ഉണ്ടാകുന്ന തീരുമാനങ്ങളെ ചോദ്യംചെയ്യുന്നത് രാജ്യദ്രോഹകുറ്റമായി വരെ കണക്കാവുന്നതാണ്.

സഭയുടെ കല്‍ക്കത്താ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്ന്യാസിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ നവംബര്‍ 30 വെള്ളിയാഴ്ച വൈകുന്നേരം 4.30 മുതല്‍ അബാസിയ നോട്ടിംഹാം ബ്രിട്ടീഷ് സ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാഇടവക വികാരി ഫാ. ജേക്കബ് തോമസ് സ്വാഗതവും സെന്റ് സ്റ്റീഫന്‍സ് ഇടവക വികാരി ഫാ. സഞ്ചു ജോണ്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

സഭയുടെ കാതോലിക്കാ ദിന ധനശേഖരണത്തിന്റെ സമാഹരണത്തേയും വിനിയോഗത്തേയും സംബന്ധിച്ച വിവരണം മലങ്കര സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. സെന്റ് ഗ്രീഗോറിയോസ് മഹാഇടവക സഹവികാരി ഫാ. ജിജു ജോര്‍ജ്ജ്, അഹമ്മദി സെന്റ് തോമസ് പഴയ പള്ളി വികാരി ഫാ. അനില്‍ വര്‍ഗീസ്, സെന്റ് ബേസില്‍ ഇടവക വികാരി ഫാ. മാത്യൂ എം. മാത്യൂ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. നാല് ഇടവകകളില്‍നിന്നുള്ള കാതോലിക്കാ ദിന ധനശേഖരം അതതു ഇടവകകളുടെ ട്രസ്റ്റിമാര്‍ പരി. കാതോലിക്കാ ബാവയ്ക്ക് സമര്‍പ്പിക്കുകയും കാതോലികേറ്റിന്റെ ഉപഹാരം സെക്രട്ടറിമാര്‍ ഏറ്റുവാങ്ങുകയും ചെയ്തു. തുടര്‍ന്ന് കാതോലിക്കാ മംഗളഗാനത്തോടെ സമ്മേളനം പര്യവസാനിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക