Image

പ്രളയത്തില്‍ വീണുടഞ്ഞ ആറന്മുള കണ്ണാടികള്‍ (മീട്ടു റഹ്മത്ത് കലാം)

(മീട്ടു റഹ്മത്ത് കലാം) Published on 03 December, 2018
പ്രളയത്തില്‍ വീണുടഞ്ഞ ആറന്മുള  കണ്ണാടികള്‍ (മീട്ടു റഹ്മത്ത് കലാം)
പത്തനംതിട്ടയിലെ ആറന്മുള എന്ന ഗ്രാമത്തില്‍ നിര്‍മ്മിച്ചു വരുന്ന ആറന്മുള കണ്ണാടിക്ക് അഞ്ഞൂറുവര്‍ഷത്തിന്റെ ചരിത്രം പറയാനുണ്ട്. കേരളത്തിന്റെ മഹത്തായ സംസ്‌കാരവും, ലോഹസംസ്‌കരണ പാരമ്പര്യവും ലോകം മുഴുവനും പ്രതിഫലിപ്പിക്കുന്ന ഇവ, സാധാരണ സ്ഫടിക കണ്ണാടികളില്‍ നിന്നും വ്യത്യസ്തമായി പ്രത്യേകതരം ലോഹക്കൂട്ടുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ലോഹസങ്കര അനുപാതം ഇന്നും തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്ന ഒരു രഹസ്യമാണ്. പരമ്പരാഗത വ്യവസായങ്ങളില്‍ പലതും യന്ത്രവല്‍കൃതമായി മാറിയിട്ടും, പൈതൃകം കാത്തുസൂക്ഷിച്ച് കൈകള്‍കൊണ്ടുതന്നെയാണ് ആറന്മുള കണ്ണാടിയുടെ നിര്‍മിതി. കേരളത്തിന്റെ വിശേഷ ഉത്പന്നം എന്ന നിലയില്‍ ആദ്യമായി ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ വിഭാഗത്തില്‍ പേറ്റന്റ് സ്വന്തമാക്കിയ ആറന്മുള കണ്ണാടിയുടെ നിര്‍മ്മാണ പ്രവര്‍ത്തകര്‍, പ്രളയക്കെടുതി നൂറാം ദിനത്തോടടുക്കുമ്പോഴും അതുമൂലമുണ്ടായ ഭീമമായ നഷ്ടത്തില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ്.

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തിരുനെല്‍വേലിക്കടുത്തുള്ള ശങ്കരന്‍ കോയിലൂരില്‍ നിന്നും ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രനിര്‍മ്മാണത്തിന് സഹായികളായി വന്ന കൈത്തൊഴില്‍ വിദഗ്ദ്ധരാണ് ആദ്യമായി ആറന്മുള കണ്ണാടി നിര്‍മ്മിച്ചത്.ദൈവീകമായി ലഭിച്ചതെന്ന് വിശ്വസിക്കുന്ന നിര്‍മാണത്തിന്റെ രഹസ്യക്കൂട്ട്, ഇവരുടെ പിന്‍തലമുറക്കാരായ 25 കുടുംബങ്ങള്‍ക്ക് മാത്രമേ ഇപ്പോഴും അറിയൂ. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ആറന്മുളയപ്പന്‍ മുഖം നോക്കാനുപയോഗിക്കുന്ന കണ്ണാടി എന്ന ഐതീഹ്യം നിലനില്‍ക്കുന്നതുകൊണ്ടുതന്നെ ഉപജീവനെത്തേക്കാളുപരി ആചാരനിഷ്ഠകളോടെയാണ് ഇതിന്റെ നിര്‍മാണം നടക്കുന്നത്.
''അങ്ങേയറ്റം ക്ഷമയോടെ ദിവസങ്ങളോളം അദ്ധ്വാനിച്ചാണ് ഓരോ കണ്ണാടിയും രൂപപ്പെടുത്തിയെടുക്കുന്നത്. കൈകൊണ്ട് ഉണ്ടാക്കുന്നതുകൊണ്ട്, ഒന്ന് ഒന്നില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ചില്ലിന്റെ ഒരു വശത്ത് മെര്‍ക്ക്യുറിയോ മറ്റ് രാസവസ്തുക്കളോ പൂശി അതില്‍ പതിക്കുന്ന പ്രകാശം പുറത്തേക്ക് പ്രതിഫലിപ്പിക്കുന്ന രീതിയില്‍ ക്രമീകരിച്ചാണ് സാധാരണ കണ്ണാടികള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ ആറന്മുള കണ്ണാടിയുടെ നിര്‍മ്മാണം തികച്ചും സങ്കീര്‍ണമാണ്. ആറന്മുളയിലെ നെല്‍പ്പാടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന പ്രത്യേകതരം കളിമണ്ണ് അരച്ചെടുത്താണ് ഇതിനുള്ള അച്ച് വാര്‍ക്കുന്നത്. കുപ്പിയുടെ മാതൃകയിലുള്ള ഈ അച്ചിന്റെ കഴുത്തു ഭാഗത്തുള്ള ചെറിയ ദ്വാരത്തിനു മുകളില്‍ ചോര്‍പ്പിന്റെ ആകൃതി കാണാം. അതിലൂടെ പ്രത്യേക അനുപാതത്തിലുള്ള ചെമ്പിന്റെയും വെളുത്തീയതിന്റെയും ചെറുകഷണങ്ങള്‍ നിറച്ച ശേഷം, ഈ ഭാഗം അരച്ച കളിമണ്ണുകൊണ്ട് പൊതിയും. ഉലയില്‍വച്ച് രണ്ടോ മൂന്നോ മണിക്കൂര്‍ നേരം 400 ഡിഗ്രി ചൂടില്‍ ഈ അച്ച് പഴുപ്പിച്ചെടുക്കും. ചൂടേറ്റ് ലോഹക്കഷണങ്ങള്‍ ഉരുകി അച്ചിനുള്ളിലേക്ക് ഒഴുകി ഇറങ്ങും. തണുത്ത ശേഷം കളിമണ്ണ് പൊട്ടിച്ച് അതിനുള്ളില്‍ ഉരുകിയുറച്ച ലോഹസങ്കരത്തെ പുറത്തെടുക്കും . ഇതിനെ ഉരച്ചു മിനുക്കിയെടുക്കുന്നതും ഏറെ ക്ഷമവേണ്ട പ്രക്രിയയാണ്. ആദ്യ ഘട്ടത്തില്‍ നന്നായി വെന്തു ഭസ്മമായ കളിമണ്ണ്, ഉമി , മരോട്ടിയെണ്ണ, ചണം ഇവചേര്‍ന്ന മിശ്രിതത്തിലാണ് ഉരയ്ക്കുന്നത്. പിന്നീട് കോട്ടണ്‍ തുണിയിലും അവസാനം വെല്‍വെറ്റിലും ഉരച്ചു മിനുക്കും. 

ഉരയ്ക്കുംതോറും തിളക്കംകൂടും. അഞ്ചും ആറും ദിവസം വരെ നീളുന്ന പ്രോസസ്സുകള്‍ക്ക് ഒടുവിലാണ് സ്ഫടിക സമാനമായ കണ്ണാടി രൂപപ്പെടുന്നത്. തുടര്‍ന്ന് ഈ കണ്ണാടിയെ ഓട്ടുചട്ടത്തില്‍ ഉറപ്പിച്ചെടുക്കും. ആദ്യ കാലങ്ങളില്‍ കുങ്കുമച്ചെപ്പിലായിരുന്നു കണ്ണാടി നിര്‍മ്മിച്ചിരുന്നത്. പിന്നീട് വാല്‍ക്കണ്ണാടിയുടെ രൂപത്തിലും ഭിത്തിയില്‍ തൂക്കിയിടാവുന്ന രീതിയിലും അതിനുശേഷം സ്റ്റാന്‍ഡുള്ള ഫ്രെയിമുകളിലും, പീഠത്തിലുള്ള ഫ്രെയിമുകളിലും കണ്ണാടി ഉറപ്പിക്കാന്‍ തുടങ്ങി. പലതരത്തിലുള്ള ആറന്മുളക്കണ്ണാടികള്‍ നിലവിലുണ്ട്. പീഠക്കണ്ണാടി, വാല്‍ക്കണ്ണാടി എന്നിങ്ങനെയാണ് പേര്. കണ്ണാടിയുടെ നിര്‍മാണചേരുവകളില്‍ മാത്രം അണുവിട മാറ്റമുണ്ടാകില്ല.'' വിശ്വബ്രാഹ്മണ ആറന്മുള മെറ്റല്‍മിറര്‍ നിര്‍മ്മാണ സൊസൈറ്റിയുടെ പ്രസിഡന്റ് കെ.പി. അശോകന്‍, ആറന്മുള കണ്ണാടിയുടെ നിര്‍മ്മാണഘട്ടങ്ങള്‍ ഇങ്ങനെ വിശദീകരിച്ചു.

പ്രൗഢിയുടേയും സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകം

പെണ്‍കൊടിക്ക് അണിഞ്ഞൊരുങ്ങാന്‍ സ്വര്‍ണ്ണവും കണ്‍മഷിയും കുങ്കുമവും ചന്ദനവും മാത്രം പോര, ആറന്മുള വാല്‍ക്കണ്ണാടിയും വേണമെന്നതായിരുന്നു പണ്ടത്തെ തറവാടുകളിലെ നിഷ്ഠ. ആടയാഭരണങ്ങളേക്കാള്‍ വിലപ്പെട്ടതായിരുന്നു ആറന്മുള വാല്‍ക്കണ്ണാടി. അഷ്ടമംഗല്യത്തട്ടിലിതിന് പ്രഥമ സ്ഥാനമാണ്. കിഴക്ക് ദിക്കിനഭിമുഖമായി പൂജാമുറിയില്‍ വയ്ക്കുന്ന ആറന്മുള കണ്ണാടി വാസ്തുദോഷം നീക്കുമെന്നാണ് വിശ്വാസം. വീട്ടില്‍ ഐശ്വര്യം കൊണ്ടുവരുമെന്നും കരുതപ്പെടുന്നു. വലിപ്പത്തിനനുസരിച്ച് 3000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വിലവരുന്ന കണ്ണാടികളുണ്ട്. നിര്‍മ്മാണത്തിലെ നിഗൂഢതയും, അനുപമമായ സൗന്ദര്യവും തൊഴിലാളികളുടെ അര്‍പ്പണവുമാണ് ആറന്മുള കണ്ണാടിയെ ഇത്രയധികം വിലപിടിച്ചതാക്കുന്നത്. കേരളീയതയുടെ പ്രതീകങ്ങളിലൊന്നായി ലോകമെമ്പാടും അറിയപ്പെടുന്ന ആറന്മുളക്കണ്ണാടിക്ക് വിദേശരാജ്യങ്ങളില്‍ ആവശ്യക്കാരേറെയാണ്. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തില്‍ 45 സെന്റിമീറ്റര്‍ വലിപ്പമുള്ള ആറന്മുള കണ്ണാടി കാണാം. വിശിഷ്ടവ്യക്തികള്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ പൈതൃകത്തിന്റെ പ്രതീകമായ ആറന്മുള കണ്ണാടി ഉപഹാരമായി നല്‍കാറുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് ഇന്ത്യയെ പ്രതിനിധീകരിച്ച് നരേന്ദ്ര മോദി സമ്മാനിച്ചത് ആറന്മുളക്കണ്ണാടിയാണ്. ദലൈ ലാമ, മുന്‍ രാഷ്ട്രപതിമാരായ എ.പി.ജെ.അബ്ദുല്‍ കലാം, പ്രതിഭാ പാട്ടില്‍, മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, നടന്മാരായ ഷാറൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരും സ്‌നേഹോപഹാരമായി ഈ കണ്ണാടി സ്വന്തമാക്കിയ പ്രമുഖരാണ്.

എങ്ങനെ തിരിച്ചറിയാം?

ചെറിയ പോറല്‍ പോലുമില്ലാതെ ലോഹക്കൂട്ടില്‍ വാര്‍ത്തെടുക്കുന്നതുകൊണ്ട് ആറന്മുള കണ്ണാടി, ചില്ലുകണ്ണാടിയേക്കാള്‍ തിളങ്ങി നില്‍ക്കും. സാധാരണ കണ്ണാടിയില്‍ നിന്ന് വ്യത്യസ്തമായി വിഭ്രംശമില്ലാതെ യഥാര്‍ത്ഥരൂപം പ്രതിഫലിക്കും എന്നതാണ് ആറന്മുള കണ്ണാടിയുടെ ഏറ്റവും വലിയ സവിശേഷത.വസ്തുവിനും പ്രതിബിംബത്തിനുമിടയില്‍ അകലം ഉണ്ടാകില്ല. ആറന്മുളക്കണ്ണാടിയില്‍ വിരല്‍ തൊട്ടാല്‍ കണ്ണാടിക്കും വിരലിനും ഇടയില്‍ വിടവുണ്ടാകില്ല. വിരലുകള്‍തമ്മില്‍ മുട്ടുന്നതുപോലെ തോന്നും. ആറന്മുളക്കണ്ണാടിതന്നെയല്ലേ എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നതും ഈ പ്രത്യേകതയാണ്. ലോഹനിര്‍മ്മിതമാണെങ്കിലും താഴെ വീണാല്‍ സാധാരണ കണ്ണാടി പോലെ ഉടഞ്ഞു പോകും. ഹോളോഗ്രാം മുദ്രണത്തോടെയാണ് സൊസൈറ്റിയുടെ കീഴില്‍ ഇവ നിര്‍മ്മിച്ചുവരുന്നത്.


കടല്‍ കടന്നും പടര്‍ന്ന ഗരിമ

ഇടനിലക്കായരുടെ ചൂഷണത്തില്‍ നിന്ന് രക്ഷനേടാന്‍ വേണ്ടി 2002 ലാണ് മെറ്റല്‍ മിറര്‍ സൊസൈറ്റി രൂപീകരിക്കുന്നത്. നിലവില്‍ 22 യൂണിറ്റുകളുണ്ട്. ഒരു യൂണിറ്റില്‍ എട്ടും പത്തും പേരുണ്ടാകും. സംഘത്തിന്റെ സെക്രട്ടറി കൂടിയായ ശില്പി പി.ഗോപകുമാര്‍ 2009 ല്‍ അമേരിക്കയില്‍ വച്ച് നടന്ന ലോകവിനോദ സഞ്ചാരമേളയില്‍ ആറന്മുള കണ്ണാടിയെ പ്രതിനിധീകരിച്ച അനുഭവത്തെക്കുറിച്ച് വാചാലനായി: ''യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാമാണ് പൈതൃക ഗ്രാമം എന്ന നിലയില്‍ ആറന്മുളയെ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ പരിഗണിച്ചത്. അഞ്ചുദിവസം നീളുന്ന പ്രദര്‍ശനമാണ് സംഘടിപ്പിച്ചിരുന്നത്. 12 കരകൗശലവിദഗ്ധരില്‍, ആറന്മുള കണ്ണാടിയെ പ്രതിനിധീകരിച്ചത് ഞാനാണ്. അമേരിക്കയിലെ ലോസ് ആഞ്ജലസിലായിരുന്നു ആദ്യ എക്‌സിബിഷന്‍. പിന്നീട് സിനിമയുടെ ഈറ്റില്ലമായ ഹോളിവുഡിലേക്ക് പോയി. പേര് സൂചിപ്പിക്കുംപോലെ പാത്രംകണക്ക് തോന്നുന്ന 'ഹോളിവുഡ് ബൗളി'ന്റെ സ്‌റ്റേജ് എപ്പോഴും കറങ്ങിക്കൊണ്ടിരിക്കും. കണ്ണാടിയുടെ പെരുമപേറി അവിടെ നില്‍ക്കുമ്പോള്‍ ഏറെ അഭിമാനം തോന്നി. കൈവശമുണ്ടായിരുന്ന മുഴുവന്‍ കണ്ണാടികളും അവിടെ വില്‍ക്കാന്‍ സാധിച്ചു. എന്നെ അത്ഭുതപ്പെടുത്തിയ കാര്യം എന്താണെന്നുവച്ചാല്‍, നമുക്കാണ് ഐതീഹ്യവുമായി ബന്ധപ്പെട്ട സെന്റിമെന്റ്‌സ്. അവിടെ വന്നവര്‍, ഈ കണ്ണാടി സ്വന്തമാക്കിയത് അതിന്റെ ശാസ്ത്രീയവശങ്ങളിലെ അനുപമമായ ആശ്ചര്യംകൊണ്ടാണ്. ഇതിനെത്തുടര്‍ന്നാണ് വിദേശികള്‍ കൂടുതലായും ആറന്മുള കണ്ണാടി തേടി നാട്ടില്‍ എത്തിത്തുടങ്ങിയത്.''

പ്രളയത്തില്‍ വീണുടഞ്ഞ കണ്ണാടികള്‍ 

പമ്പയാറിനോട് ചേര്‍ന്നാണ് ആറന്മുള ക്ഷേത്രം. അതിനെച്ചുറ്റിപ്പറ്റിയുള്ള ആറന്മുള-മല്ലുപ്പുഴശ്ശേരി ഗ്രാമപ്പഞ്ചായത്തുകളിലാണ് നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ''ഓഗസ്റ്റ് 14ന് വെള്ളത്തിന്റെ വരവുകണ്ട് മുന്നൊരുക്കങ്ങള്‍ നടത്തിയെങ്കിലും ആരും സങ്കല്പിക്കാത്ത രീതിയില്‍ പ്രളയം നാശംവിതച്ചു. കണ്ണാടിയുടെ അച്ചുകള്‍ ഒഴുകിപ്പോയി. ലോഹക്കൂട്ടുള്‍പ്പടെയുള്ള നിര്‍മ്മാണസാമഗ്രികള്‍ നശിച്ചു. അടിഞ്ഞുകൂടിയ ചെളി പറ്റിപ്പിടിച്ച് ആറായിരത്തോളം കണ്ണാടികള്‍ ഉപയോഗശൂന്യമായി. ഇതിലൂടെ ഏകദേശം ഒന്നരക്കോടിരൂപയുടെ നഷ്ടം വന്നു. കാലങ്ങളായി, ഓണവും ആറന്മുള വള്ളസദ്യയുമാണ് കണ്ണാടി വിപണിയുടെ പീക്ക് സീസണ്‍. അതായത് ഓഗസ്റ്റ് മുതല്‍ ഒക്‌ടോബര്‍വരെയുള്ള കാലയളവ്. കൂടുതല്‍ സ്‌റ്റോക്ക് കരുതിയതും ആ പ്രതീക്ഷകൊണ്ടാണ്. '' പണിതുതീരാത്ത കണ്ണാടിപോലെ വാക്കുകള്‍ പാതിവഴിയില്‍ മുറിഞ്ഞു.

വില്പന നടക്കുമെന്ന പ്രത്യാശയില്‍ രാപകലില്ലാതെ അധ്വാനിച്ച് ആ പരമ്പരാഗത തൊഴിലാളികള്‍ ചേര്‍ത്തുവച്ച സ്വപ്നങ്ങളാണ് പ്രളയത്തില്‍ കണ്ണാടിക്കൊപ്പം വീണുടഞ്ഞത്. അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിനുപോലും ഗ്രാമപഞ്ചായത്തുകളുടെ ഭാഗത്ത് നിന്ന് സഹകരണം ലഭിക്കാതിരുന്നത് ആഘാതത്തിന്റെ ആക്കംകൂട്ടി. 'ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി' എന്ന സംഘടനയില്‍ നിന്ന് ലഭിച്ച ധനസഹായമാണ് അവര്‍ക്കുണ്ടായ ഒരേയൊരു കൈത്താങ്ങ്. സര്‍ക്കാരും മറ്റു സ്ഥാപനങ്ങളും സര്‍വ്വേ നടത്തി കടന്നുപോയതല്ലാതെ ഒരു ആശ്വാസവും നാളിതുവരെ നല്‍കിയിട്ടില്ല. എങ്കിലും, ഉണ്ടാക്കുന്ന ഓരോ കണ്ണാടിയിലും നോക്കുമ്പോള്‍ വെട്ടിത്തിളങ്ങുന്ന പ്രതിബിംബം അവര്‍ക്ക് പ്രതീക്ഷയും കരുത്തും പകരുകയാണ്. പ്രതിസന്ധി അതിജീവിച്ച് കരകയറാനാകുമെന്ന വിശ്വാസത്തിലാണ് ഓരോ തൊഴിലാളിയും. കടപ്പാട്: മംഗളം 
പ്രളയത്തില്‍ വീണുടഞ്ഞ ആറന്മുള  കണ്ണാടികള്‍ (മീട്ടു റഹ്മത്ത് കലാം)പ്രളയത്തില്‍ വീണുടഞ്ഞ ആറന്മുള  കണ്ണാടികള്‍ (മീട്ടു റഹ്മത്ത് കലാം)പ്രളയത്തില്‍ വീണുടഞ്ഞ ആറന്മുള  കണ്ണാടികള്‍ (മീട്ടു റഹ്മത്ത് കലാം)പ്രളയത്തില്‍ വീണുടഞ്ഞ ആറന്മുള  കണ്ണാടികള്‍ (മീട്ടു റഹ്മത്ത് കലാം)പ്രളയത്തില്‍ വീണുടഞ്ഞ ആറന്മുള  കണ്ണാടികള്‍ (മീട്ടു റഹ്മത്ത് കലാം)പ്രളയത്തില്‍ വീണുടഞ്ഞ ആറന്മുള  കണ്ണാടികള്‍ (മീട്ടു റഹ്മത്ത് കലാം)പ്രളയത്തില്‍ വീണുടഞ്ഞ ആറന്മുള  കണ്ണാടികള്‍ (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക