കോഴിക്കോട്: ശബരിമലയില്‍
പോകാന്‍ ശ്രമിച്ച പിഞ്ചുബാലികയെ അറസ്റ്റ് ചെയ്തു കൊണ്ട് പോയി കേരളസര്‍ക്കാരിന്റെ
ഹൈന്ദവനായാട്ട് എന്ന് സംഘപരിവാറിന്റെ വ്യാജ പ്രചരണം. ആന്ധ്രാപ്രദേശ്, തെലങ്കാന
കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന `ഹിന്ദു ഹിന്ദുത്വം' എന്ന
സംഘപരിവാര്‍ പേജാണ് ദേശീയ തലത്തില്‍ പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.
എട്ടര ലക്ഷത്തോളം ലൈക്കുകളുള്ള പേജില്‍ മൂവായിരത്തിലേറെ ലൈക്കുകളാണ് നിമിഷ നേരം
കൊണ്ട് ഈ പോസ്റ്റിന് ലഭിച്ചത്.
എന്നാല്‍ ഡാവിന് സുരേഷിന്റെ `ഒന്ന്
കാണുവാന്‍' എന്ന അയ്യപ്പഭക്തിഗാന ആല്‍ബത്തിലെ ഗാനത്തില്‍ അഭിനയിച്ച അക്ഷര കിഷോര്‍
എന്ന ബാലനടിയുടെ ഷൂട്ടിംഗ് സെറ്റില്‍ നിന്നുമെടുത്ത ചിത്രത്തെയാണ് സംഘപരിവാര്‍
വ്യാജ പ്രചരണത്തിനായി ഉപയോഗിച്ചത്. ഈ കുട്ടി തന്റെ ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞ
വര്‍ഷം നവംബര്‍ 9ന് പോസ്റ്റ് ചെയ്ത ചിത്രമായിരുന്നു അത്. അതിനെയാണ്
ഇത്തരത്തില്‍ പ്രചരിപ്പിച്ചത്.
കന്നിസ്വാമിയുടെ മോഹങ്ങളും
സ്വപ്നങ്ങളും കോര്‍ത്ത് ഇണങ്ങിയ അയ്യപ്പഭക്തി ഗാനം എന്ന വിവരണത്തില്‍ `ഒന്ന്
കാണുവാന്‍' എന്ന ആല്‍ബം യൂട്യൂബിലും അപ്ലോഡ് ചെയ്തിരുന്നു,
`അയ്യപ്പ
സ്വാമിയ്ക്കു വേണ്ടി പോരാടിയ ഈ പിഞ്ചുബാലികയെ കേരളസര്‍ക്കാര്‍ ബലമായി ജയിലോട്ട്
പിടിച്ചുകൊണ്ടി പോയിരിക്കുന്നു' എന്ന അടിക്കുറിപ്പോടെയും ചിത്രം സംഘപരിവാര്‍
ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.