Image

കുഞ്ഞ് എന്റെയല്ല (നാരായണന്‍ രാമന്‍)

നാരായണന്‍ രാമന്‍ Published on 04 December, 2018
കുഞ്ഞ് എന്റെയല്ല (നാരായണന്‍ രാമന്‍)
അതവളുടെ കുഞ്ഞാണ് . അവള്‍ ഗര്‍ഭം ധരിച്ച് ചുമന്ന് പേറ്റുനോവനുഭവിച്ച് പ്രസവിച്ച് മുലകൊടുത്ത് ഓമനിച്ച്, ഒരുക്കി, ഉമ്മ വച്ച്, കണ്ണു പറ്റാതെ കവിളില്‍ പൊട്ടു തൊടീച്ച് മലമൂത്രങ്ങള്‍ ഭേസി പാടിയുറക്കിയ കുഞ്ഞ്. കണ്ടവരും വന്നവരും മിടുക്കിയാണെന്നു പറഞ്ഞു. ഓമനിച്ചു. അഭിനന്ദിച്ചു. എല്ലാവരുടേയും ഓമനയായി അവളങ്ങിനെ നക്ഷത്രം പോലെ പരിലസിച്ചു.

അങ്ങനെയിരിക്കെ കുഞ്ഞതാ മറ്റൊരാളുടെ ഒക്കത്ത്. അവളതിനെ ഓമനിക്കുന്നു. തോളിലേറ്റുന്നു. കന്മഷലേശമില്ലാതെ കുഞ്ഞങ്ങനെ പൂ പോലെ വിടര്‍ന്ന് മന്ദഹസിക്കുന്നു.

ചിലര്‍ ചോദിച്ചു. അല്ലാ, ഈ കുഞ്ഞാവ ങ്ങടേല്ലേ?

ഒരു ഞെട്ടലോടെ അമ്മ കണ്ണു തുറന്നു. കണ്ടത് സ്വപ്നമായിരുന്നില്ല! ഝടുതിയില്‍ അവളുടെ കൈകള്‍ തന്നില്‍ പതിഞ്ഞുറങ്ങിയിരുന്ന കുഞ്ഞിനെ തേടി. ഞെട്ടലോടെ അവളറിഞ്ഞു. കുഞ്ഞ് തന്റെയരികിലില്ല!

ഒരു നിമിഷം അമ്മ പകച്ചു നിന്നു. ഒന്നും തിരിയാതെ, അര്‍ത്ഥമറിയാതെ തുറിച്ചു നോക്കി. പിന്നെ, വേപഥു പൂണ്ട് ആ മരവിപ്പ് വാവിട്ട് നിലവിളിക്ക് വഴിമാറി.

ആളുകള്‍ ഓടിക്കൂടി. കുഞ്ഞിനെ എടുത്തവള്‍ക്ക് കൂസലില്ല. ഒന്ന് ഏവരും പറഞ്ഞു. കുഞ്ഞ് അവളുടേതല്ല.! ചോദ്യമായി, ഭര്‍ത്സനങ്ങളായി, നെഞ്ചു തുളയുന്ന പരുഷ വാക്കുകള്‍ അസ്ത്രങ്ങളായി ചീറി വന്നു.

ചോദ്യശരങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയപ്പോള്‍ അവള്‍ പറഞ്ഞു.

'കുഞ്ഞ് എന്റെയല്ല.'

ഹാവൂ! പെറ്റമ്മക്ക് സമാധാനമായി. കുഞ്ഞിനെ അവള്‍ക്ക് തിരികെ കിട്ടി. ഇനി അവള്‍ക്കൊന്നും അറിയേണ്ടതില്ല. കണ്ണൊന്ന് പാളിയപ്പോള്‍ കൈമോശം വന്ന അവളുടെ കുഞ്ഞു സ്വര്‍ഗ്ഗം വീണ്ടും അവളെ തേടിയെത്തി. അവള്‍ക്കതു മതി. കുഞ്ഞിനെ തെരുതെ ഒര ഉമ്മ വച്ച് അവള്‍ തിരിഞ്ഞു നോക്കാതെ പതുക്കെ അവളുടെ ലോകത്തിന്റെ പടികള്‍ കയറി.

പക്ഷെ, ജനം വിടുമോ? ചോദ്യശരങ്ങള്‍ നെഞ്ചകം തുളച്ച് ചോര കിനിയുമെന്നായപ്പോള്‍ അവള്‍ വീണ്ടും പറഞ്ഞു.

'ഞാന്‍ സമ്മതിച്ചു. കുഞ്ഞ് എന്റേതല്ല ' എനിക്ക് ശത്രുക്കളുണ്ട്. അവരാണ് ആഘോഷിക്കുന്നത്. ആര്‍പ്പുവിളിക്കുന്നത് '

പിന്നെ? ജനത്തിനറിയണം. എന്തിനാ കുഞ്ഞിനെയെടുത്തു? സ്വന്തമാണെന്ന് ഒരിക്കലെങ്കിലും ഭാവിച്ചു? എന്തിന് നാട്ടുകാരെ വിളിച്ചു കാണിച്ചു? നീയുമൊരമ്മയല്ലേ?

നാട്ടുകാര്‍ക്ക് ന്യായങ്ങളുണ്ട്. ഇനിയും ഇവിടെ പ്രസവങ്ങള്‍ നടക്കും. കുഞ്ഞുങ്ങളുണ്ടാകും. ഓമനത്തമുള്ള കുഞ്ഞുങ്ങള്‍! വേവലാതിപൂണ്ട് നെഞ്ചോടടുക്കി ഉറക്കം കളഞ്ഞ് തള്ളമാര്‍ക്ക് കഴിയാന്‍ വയ്യ. അതു കൊണ്ട് നീയതു പറഞ്ഞേ പറ്റൂ. എന്തിന്? എങ്ങിനെ? ആരാണ് കംസന്‍?

അവള്‍ പതറുന്നുണ്ട്. ആന്തര സംഘര്‍ഷം മുഖമപ്പാടെ കാളിമയേറ്റിയിട്ടുണ്ട്. തുടക്കത്തിലെ നിസ്സംഗത ദൈന്യത്തിന് വഴിമാറിയിട്ടുണ്ട്. എങ്കിലും അവള്‍ പറയുന്നു.

' നടന്നത് തെറ്റാണ്. ആ അമ്മയുടെ കുട്ടിയാണതെന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു. അവളോട് ക്ഷമ ചോദിക്കുന്നു. 
പക്ഷെ, ഇതിനു പിന്നിലെ കഥയെനിക്ക് പറയാന്‍ കഴിയില്ല. ഞാനതു പറയില്ല.'

ശ്ശെടാ, ജനം ക്ഷുഭിതരാകുന്നു. ചെറിയൊരു പക്ഷം പക്ഷെ അപ്പോഴും അവള്‍ക്കു വേണ്ടി വാദിക്കാനുണ്ടായി.

'അവളൊരു സ്ത്രീയല്ലേ? അമ്മയല്ലേ? അവളതു ചെയ്‌തെങ്കില്‍ അവളെ ചതിച്ചതാകും. പാവമാണ്. ഒരു സ്ത്രീയായതുകൊണ്ട് നിങ്ങളവരെ കുരിശിലേറ്റുകയാണ്. ഒരു തെറ്റു ക്ഷമിച്ചു കൂടെ?

ഇത്രയും പറഞ്ഞ് വേതാളം രാജാവിനോട് ചോദിച്ചു.

രാജന്‍, എന്തായിരിക്കും അവള്‍ പറയാന്‍ മടിക്കുന്ന കാരണം. ഇത്രയും കല്ലുകള്‍ ചീറി വന്ന് ദേഹം മുറിഞ്ഞ് ചോരയൊഴുകിയിട്ടും എന്താണവള്‍ ആ കാരണം പറഞ്ഞ് രക്ഷപെടാത്തത്?

വിക്രമാദിത്യന്‍ ചിന്തയിലായിരുന്നു. രാജാവിന് ഉത്തരമറിയില്ലെന്ന് വേതാളം മനസ്സിലാക്കി. രാജാവിന്റെ കഴുത്തില്‍ നിന്നിറങ്ങി അത് വൃക്ഷത്തിനു നേരെ നടന്നു.

കുഞ്ഞ് എന്റെയല്ല (നാരായണന്‍ രാമന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക