Image

വജ്രം വാങ്ങൂ,വഞ്ചിതരാവൂ, ഡയമണ്ട് ആഭരണങ്ങളിലെ ചതിക്കുഴികള്‍ (ശിവകുമാര്‍)

Published on 04 December, 2018
വജ്രം വാങ്ങൂ,വഞ്ചിതരാവൂ, ഡയമണ്ട് ആഭരണങ്ങളിലെ ചതിക്കുഴികള്‍ (ശിവകുമാര്‍)
വജ്രം അമൂല്യമാണ്, നല്ല ഒരു നിക്ഷേപമാണ്, അന്തസ്സിന്റെ പ്രതീകമാണ്. അതു കൊണ്ട് തന്നെ ആട് തേക്ക് മാഞ്ചിയം തുടങ്ങിയ തട്ടിപ്പിന്റെ കൂടെ വജ്രത്തെ ഉപമിച്ചത് ശരിയായില്ല, എന്ന് എന്റെ മുൻപിലത്തെ പോസ്റ്റ് വായിച്ച ചിലർ പറഞ്ഞിരുന്നു.

ഒന്നു ചോദിക്കട്ടെ, 50 മുതൽ 70 ശതമാനം വരെ ഡിസ്ക്കൗണ്ട് നൽകി ഡയമണ്ട് ആഭരണങ്ങൾ വിൽക്കുന്നത് കാണുമ്പോഴും നിങ്ങൾക്ക് ഒന്നും മനസ്സിലായില്ലെങ്കിൽ നിങ്ങൾ ടിപ്പിക്കൽ മലയാളി ആണെന്ന് വേണം കരുതാൻ. യാഹൂ ലോട്ടറിയോ നൈജീര്യൻ ലോട്ടറിയോ കിട്ടി എന്നു ആരെങ്കിലും പറയുമ്പോൾ കുഴിയിൽ ചാടുന്ന ശരാശരി മലയാളി.

നിങ്ങൾ ഡയമണ്ട് ആഭരണങ്ങൾ വാങ്ങിയിട്ടുള്ള ആളോ, അല്ലെങ്കിൽ വാങ്ങാൻ ഉദ്ധേശിക്കുന്ന ആളോ അല്ലെങ്കിൽ ഇതിലെ തട്ടിപ്പ് സാധ്യതകളെക്കുറിച്ചറിയാൻ താൽപര്യമുള്ള ആളോ ആണെങ്കിൽ, ഈ കുറിപ്പ് നിങ്ങൾക്കുള്ളതാണ്.

50 മുതൽ 70 ശതമാനം വിലക്കുറവ് നൽകിയാലും മുതലാളിക്ക് ലാഭം ഉണ്ടെങ്കിൽ അതിന്റെ യഥാർത്ഥ മൂല്യം ആലോചിക്കാമല്ലോ. 1000 രൂപ വിലയിട്ടിട്ടുള്ള സാധനം 300 രൂപക്ക് വിറ്റാലും ലാഭം. അപ്പോൾ ടാഗ് പ്രൈസിന് വിറ്റാലോ?

ഈ ഡയമണ്ട് വ്യാപാരം സാധാരണക്കാരുടെ ഇടയിൽ എത്തിയിട്ട് കുറച്ചു കാലമേ ആയുള്ളൂ. കൃത്യമായി പറഞ്ഞാൽ ഇന്ത്യാ ഗവൺമെൻറ് 91.6 ഹാൾമാർക്ക് മുദ്ര നിർബന്ധമാക്കിയതിനു ശേഷം. കാരണം നിങ്ങൾ ഉദ്ധേശിച്ചത് തന്നെ. സ്വർണ്ണത്തിൽ തട്ടിപ്പിനുള്ള അവസരം കുറഞ്ഞപ്പോൾ എല്ലാ സ്വർണ്ണ കച്ചവടക്കാരും ഡയമണ്ടിലേക്ക് തിരിഞ്ഞു ജനങ്ങളെ മണ്ടൻമാരാക്കാൻ തുടങ്ങി.

ഇതെങ്ങിനെയാണ് നടക്കുന്നത് എന്നു നോക്കാം. നിങ്ങൾ സ്വർണ്ണം ഒരു പവൻ വാങ്ങിയാലും 10 പവൻ വാങ്ങിയാലും ഒരു പവൻ സ്വർണ്ണത്തിന്റെ വില അതാത് ദിവസത്തെ റേറ്റ് ആയിരിക്കും. (കൂടെ ചിലപ്പോൾ കഴുത്തറുപ്പൻ പണിക്കൂലി കാണുമായിരിക്കാം) അതായത് സ്വർണ്ണത്തിന്റെ വില ഏത് കടയിൽ ആയാലും ഒന്നു തന്നെയായിരിക്കും. വിൽക്കേണ്ടി വന്നാലും ഏത് കടയിൽ ആയാലും കിട്ടുന്നത് ആ ദിവസത്തെ സ്വർണ്ണവിലയായിരിക്കും. ഇക്കാര്യം എല്ലാവർക്കും അറിയാവുന്നതാണ്.

എന്നാൽ ഡയമണ്ട് ആഭരണങ്ങൾ വിൽക്കുന്നത്, തൂക്കത്തിനുസരിച്ചല്ല. അവിടെ പീസ് റേറ്റ് ആണുള്ളത്. വില നിശ്ചയിക്കുന്നത് വിൽപ്പനക്കാർ അവരുടെ ഇഷ്ടത്തിനനുസരിച്ചാണ്. ഒരു ലക്ഷം രൂപ കൊടുത്ത് വാങ്ങുന്ന വജ്രാഭരണം പണത്തിന് ആവശ്യം വന്നാൽ വാങ്ങിയ കടയിൽ തന്നെ തിരിച്ചു കൊടുത്താൽ പോലും പണം കിട്ടില്ല. അപ്പോൾ മറ്റുള്ള കടകളുടെ കാര്യം എടുത്ത് പറയേണ്ടതില്ലല്ലോ? എന്ത് സർട്ടിഫിക്കറ്റ് ഉണ്ടായിട്ടും കാര്യമില്ല. പണം പോയി എന്നു കരുതിയാൽ മതി. ചില കടക്കാർ തങ്ങൾ വിറ്റ പഴയ ആഭരണം തിരിച്ചെടുത്ത് കൂടിയ വിലയ്ക്കുള്ള ആഭരണമായി മാറ്റി നൽകാറുണ്ട്. വീണ്ടും അവർ പറയുന്ന അധിക പണം നൽകണം. ബുദ്ധിമുട്ട് വരുമ്പോൾ പണയമായി ആരും എടുക്കുകയുമില്ല. ചുരുക്കത്തിൽ വജ്രാഭരണം വാങ്ങുന്നത് ഒരു നിക്ഷേപമല്ല, പണം കളയുന്ന ഏർപ്പാട് തന്നെയാണ്. വിൽക്കുമ്പോൾ മൂല്യമില്ലാത്തത് കൊണ്ട് പണം പോയി എന്നു കരുതിയാൽ മതി. മറ്റുള്ളവരെ കാണിക്കാൻ മാത്രമാണ് വാങ്ങുന്നതെങ്കിൽ, അങ്ങിനെ കളയാൻ പണമുണ്ടെങ്കിൽ, നിങ്ങളുടെ ഇഷ്ടം.

ഇവിടെ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യം, സ്വർണ്ണം പോലെ എളുപ്പത്തിൽ ആർക്കും മനസ്സിലാവുന്ന ഒന്നല്ല ഡയമണ്ട് ഇടപാട് എന്നതാണ്.. 22 കാരറ്റ്, 24 കാരറ്റ് എന്നൊക്കെ പറഞ്ഞാൽ സ്വർണ്ണത്തിന്റെ പരിശുദ്ധിയും വിലയും എല്ലാവർക്കും മനസ്സിലാക്കാം.

എന്നാൽ കാഴ്ചയിൽ ഒരു പോലിരിക്കുന്ന, ഒരേ തൂക്കമുള്ള വജ്രക്കല്ലുകൾക്ക് 100 കടകളിൽ 150 വിലയായിരിക്കും. അത് തന്നെ ആഭരണമാക്കിയാൽ വിൽപ്പനക്കാർ അവരുടെ ഇഷ്ടത്തിന് നിശ്ചയിക്കുന്നതാണ് അതിന്റെ വില.

സ്വർണ്ണത്തിൽ നിന്നും വ്യത്യസ്തമായി ഡയമണ്ടിന്റെ പരിശുദ്ധിയും ക്വാളിറ്റിയും വിലയും നിശ്ചയിക്കുന്നത്, അതിന്റെ കളർ, ക്ലാരിറ്റി, കട്ട്, കാരറ്റ്, ഷേപ്പ് എന്നിവയുടെ അടിസ്ഥാനത്തിൽ ആണ്. ഇതൊരു പ്രശ്നമാണോ എന്ന് ചോദിക്കാൻ വരട്ടെ.

ഒരു ഡയമണ്ടിന്റെ വില കണക്കാക്കാൻ ഒരു പാട് കാര്യങ്ങൾ അറിയണം.

ഒരു പോലിരിക്കുന്ന ഡയമണ്ട് കല്ലുകളിൽ D മുതൽ Z വരെ 23 വ്യത്യസ്ത കളറുകൾ ഉണ്ട്. കണ്ണ് കൊണ്ട് നോക്കിയാൽ മിക്കതിനും വ്യത്യാസം മനസ്സിലാവില്ല. കളർ മാറുന്നതിന് അനുസരിച്ച് വില കൂടുകയും കുറയുകയും ചെയ്യും..

11 തരം ക്ലാരിറ്റിയിൽ, എന്നു വച്ചാൽ I3 മുതൽ FL( Flawless) വരെ വിവിധ തരത്തിലുള്ള ഡയമണ്ട് മാർക്കറ്റിൽ ഉണ്ട്. ലെൻസും മൈക്രോസ്കോപ്പും ഇല്ലാതെ ഒരു വിദഗ്ദന് പോലും ഒന്നും മനസ്സിലാവില്ല. പിന്നെയല്ലേ പരസ്യം കണ്ട് ഭാര്യയുടെ നിർബന്ധം കൊണ്ട് ആഭരണം വാങ്ങാൻ പോകുന്ന സാധാരണക്കാരന്. ഏറ്റവും താഴെയുള്ള I3 ക്വാളിറ്റിയുടെ വില 1000 രൂപയാണെങ്കിൽ അതേ സാധനം മികച്ച ഗ്രേഡായ FL ക്വാളിറ്റിക്ക് 30,000 രൂപ കൊടുക്കണം.

പിന്നെ കട്ട് ചെയ്ത തരം, Poor മുതൽ Signature വരെ 6 തരത്തിൽ ഉണ്ട്. കട്ട് ചെയ്യുന്ന ഷേപ്പ് ആണെങ്കിലോ Princess മുതൽ Cushion വരെ 10 തരത്തിലുമുണ്ട്. ഇതിൽ വരുന്ന മാറ്റം അനുസരിച്ച് ഒരു സാധനത്തിന്റെ വില 60 വ്യത്യസ്ത തരത്തിലാവും.

ഇവയെല്ലാം കണക്കിലെടുത്താണ് നിങ്ങൾ വാങ്ങുന്ന വജ്രത്തിന്റെ വില കണക്കാക്കേണ്ടത്. ഈ കാര്യങ്ങളിൽ ഉണ്ടാവുന്ന മാറ്റങ്ങൾ വൻ വില വ്യത്യാസമാണ് ഉണ്ടാക്കുന്നത്. നിങ്ങളുടെ പണം കൊടുത്ത് നിങ്ങൾ വാങ്ങുന്ന സാധനത്തിന്റെ വില കണ്ടു പിടിക്കാൻ രണ്ടു വിദഗ്ദരെ ജോലിക്ക് വച്ചാലും നഷ്ടമുണ്ടാവില്ല. കാരണം ഡയമണ്ടിനെ കുറിച്ച് ഒന്നുമറിയാതെ നിങ്ങൾ വാങ്ങുമ്പോഴുണ്ടാകുന്ന നഷ്ടം അതിലും വലുതായിരിക്കും.

ഏറ്റവും കൂടുതൽ പണം കളയുന്ന കാര്യം ഇനിയുള്ളതാണ്. 2 കാരറ്റ് (1 കാരറ്റ് =200 mg ) തൂക്കമുള്ള ഒരു ഡയമണ്ടിന് 1 ലക്ഷം രൂപയാണെങ്കിൽ അതിന്റെ പകുതി തൂക്കമുള്ള 1 കാരറ്റ് ഡയമണ്ടിന് പതിനായിരമേ വില വരൂ.

ഡയമണ്ട് ചെറുതാവുമ്പോൾ വില ചിന്തിക്കാവുന്നതിനപ്പുറം കൂപ്പു കുത്തും എന്ന് സാരം.

ഇക്കാര്യം അറിയാതെ നിറയെ കുഞ്ഞു രത്നങ്ങൾ ഉള്ള ആഭരണം വാങ്ങി കുഴിയിൽ ചാടിയവർ നിരവധിയാണ്.

നമ്മുക്ക് കിട്ടുന്ന സർട്ടിഫിക്കറ്റിൽ ഇതൊക്കെ ഉണ്ടാവും. പക്ഷെ എങ്ങിനെ മനസ്സിലാക്കും ഒരു ആഭരണത്തിലെ എല്ലാ രത്നങ്ങളും ഗുണനിലവാരം ഉള്ളതാണെന്ന്? അഥവാ സർട്ടിഫിക്കറ്റിൽ പറയുന്ന ക്വാളിറ്റി ആണെങ്കിലും ശരിയായ വിലയാണോ നമ്മൾ കൊടുക്കുന്നതെന്ന് ?

അവസാന വാക്ക്: ആട് തേക്ക് മാഞ്ചിയം തട്ടിപ്പുകൾ നിയമവിരുദ്ധമായിരുന്നെങ്കിൽ വജ്ര വ്യാപാരത്തിൽ ജ്വല്ലറികൾ നിയമ വിധേയമായി വിവരമില്ലാത്തവരെ മാത്രം പറ്റിക്കുന്നു എന്നു മാത്രം. അവരെ നിയമപരമായി ഒന്നും ചെയ്യാൻ സാദ്ധ്യമല്ല. നമ്മൾ സൂക്ഷിക്കുക. അത്ര തന്നെ.

മേൽ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും മനസ്സിലാക്കിയിട്ടാണ് നിങ്ങൾ വജ്രാഭരണം വാങ്ങുന്നതെങ്കിൽ കുഴപ്പമില്ല.

PS: ഇനി ഡയമണ്ട് തന്നെ വേണം എന്ന നിർബന്ധമുള്ളവർ 1 കാരറ്റിന് മുകളിലുള്ള Solitaire Diamond വാങ്ങുക.(ഒറ്റക്കല്ല്). 2013 മുതൽ ഡയമണ്ടിന് വില കൂടുന്നില്ലെങ്കിലും വിറ്റാൽ വില കിട്ടും. പക്ഷെ മേൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുക.
വജ്രം വാങ്ങൂ,വഞ്ചിതരാവൂ, ഡയമണ്ട് ആഭരണങ്ങളിലെ ചതിക്കുഴികള്‍ (ശിവകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക