Image

ക്രൂരതയുടെ കാര്യത്തില്‍ മുന്‍ഗാമികളെ കവച്ചുവയ്ക്കുകയാണ് യുപി ബിജെപി സര്‍ക്കാരും മുഖ്യമന്ത്രി യോഗി ആദിത്യനാഥും: ഡോ. തോമസ് ഐസക്.

Published on 05 December, 2018
ക്രൂരതയുടെ കാര്യത്തില്‍ മുന്‍ഗാമികളെ കവച്ചുവയ്ക്കുകയാണ് യുപി ബിജെപി സര്‍ക്കാരും മുഖ്യമന്ത്രി യോഗി ആദിത്യനാഥും:  ഡോ. തോമസ് ഐസക്.
ക്രൂരതയുടെ കാര്യത്തില്‍ മുന്‍ഗാമികളെ കവച്ചുവയ്ക്കുകയാണ് യുപി ബിജെപി സര്‍ക്കാരും മുഖ്യമന്ത്രി യോഗി ആദിത്യനാഥും:  ഡോ. തോമസ് ഐസക്.
 
കുറിപ്പിന്റെ പൂര്‍ണരൂപം:

ക്രൂരതയുടെ കാര്യത്തില്‍ മുന്‍ഗാമികളെ കവച്ചുവയ്ക്കുകയാണ് ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരും മുഖ്യമന്ത്രി യോഗി ആദിത്യനാഥും. ബുലന്ദ്ഷഹറില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിങ്ങിനെ കൊലപ്പെടുത്തിയ സംഭവത്തിന് ഉത്തരവാദികളെ കണ്ടെത്തുക എന്നതു സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രഥമ പരിഗണനാവിഷയമായില്ല എന്നതു രാജ്യത്തെ ഞെട്ടിക്കുന്ന സൂചനയാണ്. ഒരു നിരപരാധിയെയും ജനക്കൂട്ടം കൊലപ്പെടുത്തിയിരുന്നു.

ഈ സംഭവത്തിനു പിന്നാലെ പുറത്തുവന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍, കൊല ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെക്കുറിച്ചൊരു വാക്കുപോലും പരാമര്‍ശിച്ചില്ലെന്നു മാത്രമല്ല, ഗോഹത്യയ്ക്ക് ഉത്തരവാദികളായ സകലരെയും ഉടന്‍ അറസ്റ്റു ചെയ്യണമെന്ന കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തു. രാജ്യമാകെ വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്നാണു സുബോധ്കുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കുമെന്നു പ്രസ്താവിക്കാനും കുടുംബത്തിനു ധനസഹായം പ്രഖ്യാപിക്കാനും മുതിര്‍ന്നത്. പക്ഷേ, അതിനകം സംഘപരിവാറിന്റെ അജണ്ട യോഗി ആദിത്യനാഥിലൂടെ പുറത്തു വന്നു കഴിഞ്ഞിരുന്നു.

അതീവ ഗുരുതരമാണ് ഉത്തര്‍പ്രദേശിലെ സ്ഥിതി. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യമാകെ സംഘപരിവാര്‍ അഴിച്ചുവിടാന്‍ പോകുന്ന കലാപശ്രമങ്ങളുടെ എല്ലാ സൂചനകളും ബുലന്ദ്ഷഹര്‍ സംഭവത്തിലുണ്ട്. ദുരൂഹമായ സാഹചര്യത്തിലാണു പശുവിന്റെ അവശിഷ്ടങ്ങള്‍ ഗ്രാമത്തില്‍ കണ്ടെത്തിയത് എന്ന കാര്യം പ്രധാന മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ടു ചെയ്യുന്നു. വര്‍ഗീയ സംഘര്‍ഷം കുത്തിപ്പൊക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ സ്വീകരിക്കുന്ന പതിവുരീതികളുടെ മുദ്രകളെല്ലാം ഈ സംഭവത്തിലുണ്ടെന്നാണു നിരീക്ഷകര്‍ ഏകസ്വരത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

ആള്‍ക്കൂട്ടത്തെ ഇളക്കിവിട്ട യോഗേഷ് രാജ് എന്ന ബജ്റങ്ദള്‍ നേതാവ് അപ്രത്യക്ഷനായെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്യുന്നത്. പതിനൊന്നും പന്ത്രണ്ടും വയസ്സു പ്രായമുള്ള രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ഏഴു പേരുടെ പേരില്‍ ഇയാള്‍ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഇതില്‍ നാലുപേരുകള്‍ വ്യാജമാണെന്നും വാര്‍ത്ത ചൂണ്ടിക്കാണിക്കുന്നു. ഈ കുട്ടികളടക്കമുള്ളവര്‍ക്കു നേരെ പൊലീസ് വേട്ട ആരംഭിച്ചുകഴിഞ്ഞു.

ഫ്രിജില്‍ ഗോമാംസം സൂക്ഷിച്ചെന്നാരോപിച്ചു ജനക്കൂട്ടം കൊലപ്പെടുത്തിയ മുഹമ്മദ് അഖ്ലാഖിന്റെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ കൊല്ലപ്പെട്ട സുബോധ്കുമാര്‍. സുബോധ്കുമാറിനെ വകവരുത്താന്‍ വേണ്ടി ആസൂത്രണം ചെയ്ത സംഭവമാണോ എന്നും വ്യാപകമായി സംശയം ഉയരുന്നുണ്ട്.

സംസ്ഥാനത്താകെ വര്‍ഗീയ സംഘര്‍ഷം ഇളക്കിവിടാന്‍ പ്രകോപനം സൃഷ്ടിക്കുന്ന പ്രസംഗങ്ങളിലൂടെ മുഖ്യമന്ത്രി ആദിത്യനാഥ് തന്നെ നേതൃത്വം നല്‍കുന്നു എന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ ആരോപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി തന്നെ നേരിട്ട് കലാപശ്രമങ്ങള്‍ നടത്തുമ്പോള്‍, തങ്ങള്‍ ശിക്ഷിക്കപ്പെടില്ല എന്നു കലാപകാരികള്‍ ചിന്തിക്കുക സ്വാഭാവികം. 2002ല്‍ ലോകത്തെ ഞെട്ടിച്ച വംശീയകലാപമുണ്ടായ ഗുജറാത്തില്‍ നിലനിന്നതിനു സമാനമായ സ്ഥിതിയാണ് ഉത്തര്‍പ്രദേശില്‍.

രാജ്യമാകെ സംഘപരിവാറിന്റെ ഹീനശ്രമങ്ങള്‍ക്കെതിരെ ജാഗരൂകമാകണം. എവിടെയും ഏതു നിമിഷവും കലാപവും അതിലൂടെ വര്‍ഗീയ ചേരിതിരിവും സൃഷ്ടിക്കാനാണു സംഘപരിവാര്‍ ശ്രമിക്കുന്നത്. വരുന്ന തിരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തണമെങ്കില്‍ എന്തു ചെയ്തും വര്‍ഗീയത ആളിക്കത്തിച്ചേ തീരൂ എന്ന അവസ്ഥയിലാണ് സംഘപരിവാര്‍. മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി നിന്നുകൊണ്ടല്ലാതെ ഈ നീക്കങ്ങളെ ചെറുക്കാനാവില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക