Image

ഇന്ത്യയില്‍ ദാരിദ്ര്യ നിരക്ക്‌ ഗണ്യമായി കുറഞ്ഞു: ഷാനിമോള്‍ ഉസ്‌മാന്‍

Published on 09 April, 2012
ഇന്ത്യയില്‍ ദാരിദ്ര്യ നിരക്ക്‌ ഗണ്യമായി കുറഞ്ഞു: ഷാനിമോള്‍ ഉസ്‌മാന്‍
ദുബായ്‌ : ഇന്ത്യയില്‍ ദേശീയ ദാരിദ്ര്യ നിരക്ക്‌ ഗണ്യമായി കുറയുകയാണെന്നും ഇത്‌ യുപിഎ സര്‍ക്കാറിന്റെ നേട്ടമാണെന്നും എഐസിസി സെക്രട്ടറി അഡ്വ.ഷാനിമോള്‍ ഉസ്‌മാന്‍ പറഞ്ഞു. ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ചറല്‍ കോണ്‍ഗ്രസ്‌ എറണാകുളം ജില്ലാ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവര്‍. 2004 ല്‍ 37.2 ശതമാനമുള്ളത്‌ ടെണ്ടുല്‍ക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ മാനദണ്‌ഡങ്ങള്‍ക്ക്‌ അനുസൃതമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌ ഇപ്പോഴത്തെ ദാരിദ്ര്യ നിരക്ക്‌ 29.8 ശതമാനമായി കുറഞ്ഞു എന്നതാണ്‌. 7.3 ശതമാനമാണ്‌ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കുറവ്‌ ഉണ്ടായിട്ടുള്ളത്‌. നിശ്‌ചയമായും മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി അടക്കം നടപ്പിലാക്കി മുന്നോട്ടു പോകുന്ന യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെയും പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്റെയും ഇച്‌ഛാശക്‌തിയുടെ പ്രതിഫലനമാണിത്‌-ഷാനിമോള്‍ പറഞ്ഞു.

എറണാകുളം ഡിസിസി.പ്രസിഡന്റ്‌ വി.ജെ.പൗലോസ്‌ അധ്യക്ഷത വഹിച്ചു. അംഗത്വ ക്യാംപെയിനിന്റെ ഉദ്‌ഘാടനം ചാള്‍സ്‌ ഡയസ്‌ എംപി നിര്‍വഹിച്ചു. എസ്‌.പ്രസാദ്‌, നെയ്യാറ്റിന്‍കര നൗഷാദ്‌ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സി.ആര്‍.ജി. നായര്‍, പുന്നക്കന്‍ മുഹമ്മദലി, എ.കെ. സേതുനാഥ്‌,അഡ്വ.വൈ.എ. റഹീം, പ്രസിഡന്റ്‌ വില്ലറ്റ്‌ കറിയ, ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്ത്യയില്‍ ദാരിദ്ര്യ നിരക്ക്‌ ഗണ്യമായി കുറഞ്ഞു: ഷാനിമോള്‍ ഉസ്‌മാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക