Image

മാധ്യമങ്ങളെ കൂച്ചു വിലങ്ങിടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് രമേശ് ചെന്നിത്തല

Published on 06 December, 2018
മാധ്യമങ്ങളെ കൂച്ചു വിലങ്ങിടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് രമേശ് ചെന്നിത്തല

 മാധ്യമങ്ങളെ കൂച്ചു വിലങ്ങിടാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യകേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ മാധ്യമങ്ങള്‍ക്കെതിരെ ഇത്തരമൊരു നടപടി ഉണ്ടായിട്ടില്ലെന്നും ഇത് തികച്ചും ഏകാധിപത്യഭരണത്തിന്റെ നടപടിയാണെന്നും ചെന്നിത്തല പറഞ്ഞു.

കേരളം പോലെ ഉയര്‍ന്ന സാക്ഷരതാ നിലവാരമുള്ള സംസ്ഥാനത്ത് മാധ്യമനിയന്ത്രണ സര്‍ക്കുലര്‍ ഇറക്കിയത് എന്തിനാണെന്ന് മനസിലാകുന്നില്ല. രാഷ്ട്രീയനേതാക്കളേയോ സാമൂഹികസംഭാവനകള്‍ നല്‍കിയ വ്യക്തികളെയോ കാണാന്‍ പിആര്‍ഡിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന സര്‍ക്കുലര്‍ ഇറക്കിയ ആളുടെ തല പരിശോധിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. വ്യാപക പ്രതിഷേധമുയര്‍ന്നിട്ടും സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതെന്താണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. നിയമസഭ സമ്മേളനത്തിനിടെ മാധ്യമനിയന്ത്രണ സര്‍ക്കുലറിനെ കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

അതേസമയം സെക്രട്ടേറിയറ്റിലെയും പൊതുവേദികളിലെയും മാധ്യമ വിലക്ക് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. മാധ്യമ നിയന്ത്രണ സര്‍ക്കുലറിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യണമെന്ന ആവശ്യമുന്നയിച്ച്‌ പ്രതിപക്ഷമാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കെ.സി ജോസഫാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള പത്രസമ്മേളനംപോലും ഒഴിവാക്കിയെന്നും കെ.സി. ജോസഫ് പറഞ്ഞു.

മാധ്യമങ്ങള്‍ക്കു സര്‍ക്കാര്‍ ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്നു മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി ഇ.പി. ജയരാജന്‍ മറുപടി നല്‍കി. മാധ്യമപ്രവര്‍ത്തനത്തിനു കൂടുതല്‍ ശക്തി പകരുന്നതിനും പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുമാണു നിര്‍ദേശങ്ങളിറക്കിയത്. എല്ലാ മാധ്യമങ്ങള്‍ക്കും വാര്‍ത്ത ലഭിക്കുന്നതിനാണു പുതിയ ക്രമീകരണം. വിവരം അറിയിക്കാന്‍ പിആര്‍ഡിയെയാണു ചുമതലപ്പെടുത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏതു സമയത്തും വാര്‍ത്തകളില്‍ പ്രതികരണം തേടി മന്ത്രിമാരെ സമീപിക്കാമെന്നും പ്രതിഷേധമുണ്ടായ സാഹചര്യത്തില്‍ ആഭ്യന്തരവകുപ്പ് ഇറക്കിയ ഉത്തരവില്‍ ഭേദഗതി വരുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കുലര്‍ പൂര്‍ണമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സര്‍ക്കുലര്‍ സഭയില്‍ കീറിയെറിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക