Image

ഗൂഗിള്‍ മനസ് വായിക്കുമ്പോള്‍ (ജോര്‍ജ് തുമ്പയില്‍)

Published on 06 December, 2018
ഗൂഗിള്‍ മനസ് വായിക്കുമ്പോള്‍ (ജോര്‍ജ് തുമ്പയില്‍)
നമ്മള്‍ മനസില്‍ കാണുമ്പോള്‍; ആരൊക്കെയോ മരത്തേല്‍ കാണുന്ന പ്രവണത നമുക്കറിയാം. ഗൂഗിള്‍ ഇപ്പോള്‍ മുന്‍കൂട്ടികാണുന്നതും അതുതന്നെ. ചില ഗൂഗിള്‍ വിചാരങ്ങളിലേക്ക്. ഗൂഗിളിന്റെ ആനുവല്‍ ഡവലപ്പര്‍ കോണ്‍ഫറന്‍സില്‍ ജി മെയിലിലേക്കായി ഗൂഗിള്‍ അനൗണ്‍സ് ചെയ്ത സ്മാര്‍ട് കമ്പോസ് ഫീച്ചറിനെകുറിച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണം. സമയം ലാഭിക്കുന്നതിന് ഗൂഗിളിന്റെ സ്മാര്‍ട് കമ്പോസ് ഉപകരിക്കുമെന്ന് തത്വത്തില്‍ വാദിക്കാമെങ്കിലും അത് ഒരുതരത്തില്‍ ഉപഭോക്താക്കളുടെ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണന്നു തന്നെ പറയണം.

ഇമെയില്‍ ടൈപ്പ് ചെയ്ത് തുടങ്ങുമ്പോള്‍ മുതല്‍ സ്മാര്‍ട് കമ്പോസ് നമുക്കൊപ്പം ചേര്‍ന്ന് വാചകങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് പുതിയ ഫീച്ചര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങളുടെ വാചകം നിങ്ങള്‍ ആഗ്രഹിക്കുന്ന വിധത്തില്‍ പൂര്‍ത്തീകരിക്കാന്‍ ബാക് ഗ്രൗണ്ടില്‍ തെളിയുന്ന സന്ദേശങ്ങള്‍ പലപ്പോഴും ഉപകാരപ്രദമാകും. അതുകൊണ്ടുതന്നെ വളരെ വേഗത്തില്‍ മെയില്‍ പൂര്‍ത്തീകരിക്കാനാവും. ജിമെയില്‍ നമ്മുടെ മനസ് വായിക്കുന്നതുപോലെ തോന്നും ബാക് ഗ്രൗണ്ടില്‍ തെളിയുന്ന വാചകങ്ങള്‍ കാണുമ്പോള്‍. ഗ്രാമര്‍, സ്‌പെല്ലിംഗ് തെറ്റുകള്‍ ഇല്ലാതാക്കുന്നതിന് ഗൂഗിളിന്റെ സ്മാര്‍ട് കമ്പോസ് ഫീച്ചര്‍ സഹായിക്കുമെന്നത് ശരി തന്നെ.

എഴുതുന്നതിന്റെ തുടര്‍ച്ചയായി നിങ്ങള്‍ക്ക് താല്‍പര്യമുള്ളെ വാചകങ്ങള്‍ ബാക് ഗ്രൗണ്ടില്‍ കണ്ടാല്‍ ടാബ് ബട്ടന്‍ അമര്‍ത്തിയാല്‍ മാത്രം മതി, അവിടെ വാചകങ്ങള്‍ തെളിഞ്ഞുവരും. വേ എന്ന് നമ്മള്‍ ടൈപ്പ് ചെയ്യുമ്പോഴേക്കും താങ്ക്‌സ് എന്ന് പറഞ്ഞ് മനസ് വായിച്ചതുപോലെ ജിമെയ്ല്‍ ആ വാചകം നമുക്കുവേണ്ടി പൂര്‍ത്തിയാക്കുന്നു. സന്ദര്‍ഭം പോലും മനസിലാക്കിയാണ് ജി മെയ്ല്‍ സന്ദേശങ്ങള്‍# തെളിയുക. ഒരു വെള്ളിയാഴ്ചയാണ് നിങ്ങള്‍ മെയ്ല്‍ അയക്കുന്നതെന്ന് കരുതുക, സന്ദേശം അവസാനിപ്പിക്കുമ്പോള്‍ അവിടെ തെളിഞ്ഞുവരും "ഹാവ് എ ഗ്രേറ്റ് വീക്ക് എന്‍ഡ്' എന്ന്.

ആശയവിനിമയമെന്നത,് ഭിന്നതകള്‍ മറന്ന് ആളുകളെ പരസ്പരം ഒന്നിച്ചുചേര്‍ക്കുന്നതില്‍ വളരെ പ്രധാനപ്പെട്ടതാണ്. തൊട്ടടുത്തിരിക്കുന്ന ആളോട് പോലും പര്‌സപരം സംസാരിക്കാന്‍ ഇഷ്ടപ്പെടാതെ ടെക്സ്റ്റുകളും ഇമോജികളും അയച്ച് ആശയവിനിമയം നടത്തുന്നതാണ് ഇന്നത്തെ രീതി. വാക്കുകളില്‍ നിന്ന് നമ്മള്‍ അകറ്റപ്പെടുമ്പോള്‍ വ്യക്തികളും പരസ്പരം അകറ്റപ്പെടുകയാണ്. ടെക്‌നോളജിയാണ് ഇന്ന് ലോകത്തെ ഭരിക്കുന്നത്. ഒരു ഫോണ്‍ നമ്പര്‍ പോലും ഇന്ന് മനസില്‍ സൂക്ഷിക്കേണ്ട കാര്യമില്ല. മനോവ്യാപാരങ്ങളിലേക്ക് പോലും ടെക്‌നോളജിയുടെ കടന്നുകയറ്റെമത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും ചെയ്യുന്നതെല്ലാം യാന്ത്രികമാകുന്നു.

ടെക്സ്റ്റുകളും ഇമോജികളുമെല്ലാം പെട്ടന്നുതന്നെ മനസിലുള്ളതിനെ ആശയവിനിമയം നടത്തി എത്തേണ്ടവരിലേക്ക് സന്ദേശമെത്തിക്കുന്നു. ഇത്തരം സാങ്കേതികവിദ്യകള്‍ക്ക് ഡേറ്റാ സ്റ്റോര്‍ചെയ്യുന്നതിനുള്ള കപ്പാസിറ്റി വളരെ മികച്ചതാണ്. മനസ് വായിക്കുകയാണ് ഗൂഗിള്‍, അത് എല്ലാവരുടെ ചിന്തകളും അറിയുന്നു. തലച്ചോറിന്റെ വ്യാപാരങ്ങള്‍ക്ക് ഇവിടെ പ്രസക്തിയില്ലാതാവുകയാണ്. ടെക്‌നോളജി മാനസികവ്യാപാരങ്ങളെ പോലും സ്വാധീനിക്കുന്നത് പ്രോത്സാഹിക്കപ്പെടാവുന്ന കാര്യമല്ല.

എഴുതുന്നതിലേക്ക് നമ്മുടെ മനസും ചിന്തകളുമെത്തിയെങ്കിലേ അതിന് ആത്മാര്‍ഥത വരൂ എന്നാണ് എന്റെ പക്ഷം. അല്ലെങ്കില്‍ അത് യാന്ത്രികമായി പോകും. ഒരു റോബോട്ടിന് പോലും ഇന്ന് എഴുത്ത്കുത്തുകള്‍ നടത്താനാകും, നമ്മള്‍ വിചാരിക്കുന്നതുപോലെ. പക്ഷേ സൗകര്യത്തിന്റെയും സമയലാഭത്തിന്റെയും പേര് പറഞ്ഞ് എല്ലാം യാന്ത്രികമാകുന്നത് മാനുഷികബന്ധങ്ങളെ സംബന്ധിച്ച് തികച്ചും ശരിയല്ല.

ടെക്‌നോളജി നല്ലതുതന്നെ. നല്ലതിനായി വിശക്കൂ എന്ന് പിണറായി സര്‍ക്കാരിന്റെ പരസ്യം പോലെ ടെക്‌നോളജിയിലെ നല്ല കാല്‍വെയ്പുകള്‍ക്കായി വിശക്കാം എന്ന് മാത്രമേ ഇപ്പോള്‍ പറയുവാന്‍ തോന്നുന്നുള്ളൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക