Image

നിയമനിര്‍മ്മാതാക്കളുടെ നിയമലംഘന കേസ് (പി.വി.തോമസ് : ദല്‍ഹികത്ത് )

ദല്‍ഹികത്ത് Published on 07 December, 2018
നിയമനിര്‍മ്മാതാക്കളുടെ നിയമലംഘന കേസ് (പി.വി.തോമസ് : ദല്‍ഹികത്ത് )
ഇത് വളരയേറെ പ്രധാനപ്പെട്ട ഒരു ചോദ്യം ആണ്. അതുകൊണ്ടാണ് സുപ്രീം കോടതി ഇതില്‍ ഡിസംബര്‍ നാലാം തീയതി കര്‍ശനമായി ഇടപ്പെട്ടത്.

ഇന്‍ഡ്യയിലെ രാഷ്ട്രീയക്കാരും ഭരണാധികാരികളും നിയമനിര്‍മ്മാതാക്കളും വളരെയേറെ പരിരക്ഷിക്കപ്പെട്ട ഒരു വര്‍ഗ്ഗം ആണ്. നിയമത്തിന് മുമ്പില്‍ പോലും ഇവര്‍ക്ക് പ്രത്യേക സംരക്ഷണകവചം ഉണ്ട്. ഇവര്‍ക്കെതിരായി കേസുകള്‍ കോടതി മുമ്പാകെ വന്നാലും അവയൊന്നും ദശകങ്ങളോളം ചാര്‍ജ്ജ് ഷീറ്റ് ചെയ്യപ്പെടാറില്ല. വിചാരണ ചെയ്യപ്പെടാറില്ല. അവയുടെ ഒക്കെ വിധിതീര്‍പ്പ് അന്തമില്ലാതെ നീണ്ട് പോവുകയും ചെയ്യും. ഇനി അഥവാ വിധി ഉണ്ടായാല്‍ തന്നെയും അവര്‍ കുറ്റവിമുക്തരാകും. അങ്ങനെയാണ് പോലീസ് സി.ബി.ഐ. ക്കും പ്രോസിക്യൂഷനും ഈ വക കേസുകള്‍ കെട്ടി ചമക്കുന്നത്. ഇതിന് ചുരുക്കം ചില അപവാദങ്ങളും ഉണ്ട്.

അങ്ങനെ അന്തമായി നീണ്ടുപോകുന്ന നിയമനിര്‍മ്മാതാക്കളുടെ കേസ് വിചാരണയില്‍ ആണ് സുപ്രീം കോടതി ഇടപെട്ടത്. സുപ്രീം കോടതിയുടെ അഭിപ്രായത്തില്‍ ഇത് തികച്ചും അന്യായം ആണ്. കോടതി-ചീഫ് ജസ്റ്റീസ് രഞ്ചന്‍ ഗോഗോയി, ജസ്റ്റീസുമാരായ എ.സ്.കെ.കൗള്‍, കെ.എം. ജോസഫ്- ഈ നേതാക്കന്മാരുടെ ക്രിമിനല്‍ കേസുകള്‍ക്ക് സമയബന്ധിതമായ പരിഹാരം ഉണ്ടാകണം. അവരുടെ കേസുകളുടെ വിചാരണ ഇന്‍ഡ്യയിലെ ജില്ലകളിലെ സെഷന്‍സ്-മജിസ്‌ട്രേറ്റ് കോടതികള്‍ അടിയന്തിരമായി നടത്തണം. അവര്‍ക്ക് എത്രയും വേഗം തീരുമാനം ഉണ്ടാകണം. ഇത് സംസ്ഥാനങ്ങളിലെ കീഴ്‌കോടതികളോട് ഉള്ള സുപ്രീം കോടതിയുടെ ഉത്തരവ് ആണ്.

എന്താണ് ഇതിന് കാരണം. അത് സൂക്ഷ്മമായി പരിശോധിക്കണം. 4122 ക്രിമിനല്‍ കേസുകള്‍ ആണ് സ്ഥാനം വഹിക്കുന്ന എം.പി.മാര്‍ക്കും എം.എല്‍.എ.മാര്‍ക്കും മുന്‍ എം.പി.മാര്‍ക്കും എം.എല്‍.എ.മാര്‍ക്കും എതിരായി ഇന്ന് ഇന്‍ഡ്യയിലെ വിവിധ കോടതികളില്‍ നിലവില്‍ ഉള്ളത്. ഇതില്‍ വളരെയേറെ കേസുകള്‍ പല ദശകങ്ങളായി തീരുമാനം ആകാതെ നടന്നുകൊണ്ടിരിക്കുന്നവ ആണ്. ഈ 4122 ക്രിമിനല്‍ കേസുകളില്‍ 2324 കേസുകള്‍ നിലവിലുള്ള എം.പി.മാര്‍ക്കും, എം.എല്‍.എമാര്‍ക്കും എതിരെയാണ്. അവരാണ് ഇന്‍ഡ്യയുടെ നിയമനിര്‍മ്മാണം നടത്തുന്നത്. രാഷ്ട്രീയത്തിന്റെയും നിയമനിര്‍മ്മാണ സഭകളുടെയും അധോലോകവല്‍ക്കരണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും പൗരസമൂഹ സംഘടനകളും കുരിശുയുദ്ധം നടത്തുമ്പോഴാണ് ഇത് നടക്കുന്നതെന്ന് ഓര്‍ക്കണം.

ഈ കുറ്റാരോപണ വിധേയരായ ഭരണാധികാരികളില്‍ പഞ്ചാബ്, കര്‍ണ്ണാടക മുഖ്യമന്ത്രിമാരായ അമരീന്ദര്‍ സിംങ്ങും(കോണ്‍ഗ്രസ്) എച്ച്.ഡി. കുമാര സ്വാമിയും(ജനതദള്‍-സെക്യൂലര്‍) ഉള്‍പ്പെടുന്നു.

2017 മെയ് 16-ന് ആണ് കുമാരസ്വാമിക്ക് എതിരെ ജീവപര്യന്തം തടവുവരെ ലഭിക്കാവുന്ന ഒരു കേസ് കര്‍ണ്ണാടക ലോകായുക്ത പോലീസ് ഫയല്‍ ചെയ്തത്. പക്ഷേ, കേസിന് ഒരു അന്തവും കുന്തവും ഇല്ല ഇതു വരെ. കുമാരസ്വാമി മുഖ്യമന്ത്രി ആയി വിരാജിക്കുന്നു. കോണ്‍ഗ്രസിന്റെ അവശേഷിക്കുന്ന ഒരേയൊരു വലിയ സംസ്ഥാനത്തിലെ മുഖ്യമന്ത്രി ആയ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംങ്ങിന് എതിരെ അഴിമതി കുംഭകോണം ഉള്‍്‌പ്പെടെ ഇന്‍ഡ്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഒരു എഫ്.ഐ.ആര്‍. ഫയല്‍ ചെയ്തത്. 2007 മാര്‍ച്ച് 23 ന് ആണ്. പക്ഷേ ഇന്നേ വരെ വിചാരണ കോടതി ഒരു ചാര്‍ജ്ജ്ഷീറ്റ് പോലും ഫ്രെയിം ചെയ്തിട്ടില്ല! നേതാക്കന്മാര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകളില്‍(4,122)/191 കേസുകളില്‍ ഇതുവരെയും ചാര്‍ജ്ജ് ഷീറ്റ് ഫയല്‍ ചെയ്തിട്ടില്ല. ഇതിന്റെയൊക്കെ പ്രധാനകാരണം പോലീസും-രാഷ്ട്രീയക്കാരും തമ്മിലുള്ള അവിഹിതബന്ധം ആണ്. കോടതികള്‍ക്കും ഒരു പരിധിവരെ ഇതില്‍ പങ്കുണ്ട്. ഈ നെക്‌സസിനെ തകര്‍ക്കുവാന്‍ ആണ് സുപ്രീം കോടതി ശ്രമിക്കുന്നത്. 

നേതാക്കന്മാര്‍ക്കെതിരെയുള്ള 430 കേസുകളില്‍ 180 പേര്‍ക്ക് വധശിക്ഷയും ജീവപര്യന്തം തടവും ലഭിക്കുവാന്‍ പര്യാപ്തമായ ഗൗരവമായവയാണ്. എന്നിട്ടും ഇവരൊക്കെ ഇപ്പോഴും സൈ്വര വിഹാരം നടത്തുന്നു നിയമനിര്‍മ്മാണ പ്രക്രിയയിലും പൊതുരംഗത്തും. അവര്‍ പറയുന്നതാണ് നാടിന്റെ ഭരണവ്യവസ്ഥയുടെ വേദവാക്യം. ഇതിനെതിരെയാണ് സുപ്രീം കോടതി നടപടി എടുത്തിരിക്കുന്നത്. വൈകിട്ടാണെങ്കിലും ഇത് വളരെ പ്രധാനപ്പെട്ട ഒരു നിലപാട് ആണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതില്‍ കുറ്റവാളികള്‍ ആണ്. ഇവര്‍ വിജയസാദ്ധ്യത മണത്തറിഞ്ഞ് മാഫിയ ഡോണുകള്‍ക്കും അവരുടെ പിണയാളുകള്‍ക്കും തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കും. അവരെ എം.പി.മാരും എം.എല്‍.എ.മാരും മന്ത്രിമാരും ആക്കും. ഇങ്ങനെയാണ് ജനാധിപത്യത്തിന്റെ അധോലോകവല്ക്കരണവും അധോലോകത്തിന്റെ ജനാധിപത്യവല്‍ക്കരണവും ഇന്‍ഡ്യയില്‍ നടക്കുന്നത്, നടന്നുകൊണ്ടിരിക്കുന്നത് ഇനിയും നടക്കുവാന്‍ പോകുന്നതും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം എന്ന് നമുക്ക് ഇനിയും അഭിമാനിക്കാം.

കണക്കുകള്‍ പ്രകാരം ഉത്തര്‍പ്രദേശില്‍ ആണ് ഏറ്റവും കൂടുതല്‍ കേസുകള്‍ എം.പി.മാര്‍ക്കും എം.എല്‍.എ.മാര്‍ക്കും, മുന്‍ എം.പി.മാര്‍ക്കും മുന്‍ എം.എല്‍.എ.മാര്‍ക്കും എതിരെ വിവിധ കോടതികളില്‍ നിലവിലുള്ളത്(990). ഇതില്‍ 308 കേസുകള്‍ ഇപ്പോഴുള്ള ജനപ്രതിനിധികള്‍ക്കെതിരെയാണ്. 682 കേസുകള്‍ മുന്‍ ജനപ്രതിനിധികള്‍ക്ക് എതിരെയും. സംസ്ഥാനതലത്തില്‍ ഇത് പരിശോധിച്ചാല്‍ ചിത്രം രസകരം ആണ്. ഒഡീഷ(331), മഹാരാഷ്ട്ര(328), കേരളം(323), ബീഹാര്‍(304), തമിഴ്‌നാട്(303), ബംഗാള്‍(262), ഝാര്‍ഖണ്ഡ്(167), കര്‍ണ്ണാടകം(161). ഇതില്‍ ഒട്ടേറെ കേസുകളില്‍ ചാര്‍ജ്ജ് ഷീറ്റ് ഫയല്‍ ചെയ്തിട്ട് പോലും ഇല്ല. മറ്റ് കേസുകളില്‍ വിചാരണ ആരംഭിച്ചിട്ടുമില്ല. അതെല്ലാം അങ്ങനെ ഇഴഞ്ഞ് നീങ്ങുകയാണ്.

ബാബരി മസ്ജിദ് തകര്‍ത്തിട്ട് 26 വര്‍ഷം കഴിഞ്ഞു(1992 ഡിസംബര്‍ 6). ഇന്നും ആ കേസിന്റെ വിചാരണ എങ്ങും എത്തിയിട്ടില്ല. എല്‍.കെ.അദ്വാനിയും ഉമാഭാരതിയും, അശോക് സിങ്കാളും എല്ലാം ഇതിലെ പ്രതികള്‍ ആണ്. അശോക് സിങ്കാള്‍ മരിച്ചു. അദ്വാനി പ്രതിപട്ടികയില്‍ നിന്നും ഇന്‍ഡ്യയുടെ ഉപപ്രധാനമന്ത്രി പദം വരെ ഉയര്‍ന്നു. രാഷ്ട്രീയക്കാര്‍ക്കെതിരെയുള്ള കേസുകള്‍ ഒരു തരം പ്രഹസനം ആയിക്കൊണ്ടിരിക്കുകയാണ്. അതിനെതിരെ ആണ് സുപ്രീംകോടതി ആഞ്ഞടിച്ചിരിക്കുന്നത്. ജയലളിതക്കെതിരെയുള്ള അഴിമതികേസും വിചാരണയും വിടുതലും ചരിത്രം ആണ്. 2-ജി സ്‌പെക്ട്രം  കേസും പരാമര്‍ശാര്‍ഹം ആണ്. സുഖ്‌റാമും (ടെലകോം അഴിമതി-കോണ്‍ഗ്രസ്), ലാലുപ്രസാദ് യാദവും(കാലിത്തീറ്റ കുംഭകോണം, രാഷ്ട്രീയ ജനതാദള്‍) ശിക്ഷ ലഭിച്ചിട്ടും വീട്ടിലും ബയിലിലും ജയിലിലും ആയി കഴിയുന്നു. മുസഫര്‍ നഗര്‍ വര്‍ഗ്ഗീയ കലാപത്തിലെ(2013) പ്രധാനപ്രതിയായ സംഗീത് സോമിനെ ബി.ജെ.പി. ഉത്തര്‍പ്രദേശില്‍ എം.എല്‍.എ.ആയി വാഴിച്ചു. ദാദ്രി പശു ഇറച്ചികേസില്‍ കൊലചെയ്യപ്പെട്ട അഖലാക്കിന്റെ പ്രതികളില്‍ ഒരാള്‍ 2019-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന്് പ്രഖ്യാപിച്ചിരിക്കുകയാണ്. ബാക്കിയുള്ള പ്രതികള്‍ ജാമ്യത്തിലിറങ്ങി സാധാരണ ജീവിതം നയിക്കുന്നു.

ഇന്‍ഡ്യയുടെ ശിക്ഷാ നിയമവും ജൂഡീഷറിയും ജനപ്രതിനിധീകരണ നിയമവും വരെ ഒരു പരിധിവരെ ഈ വക കുറ്റാരോപിതര്‍ക്കും മാഫിയ ഡോണുകള്‍ക്കും താങ്ങായി നിലകൊള്ളുന്നുവെന്നതാണ് സത്യം. അടുത്ത കാലം വരെ രണ്ട് വര്‍ഷത്തിലേറെ ശിക്ഷിക്കപ്പെട്ട കുറ്റവാളികള്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാം എന്നായിരുന്നു നിയമം. അവര്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കിയാല്‍ മതി ഉയര്‍ന്ന കോടതിയില്‍. വിധി വരുന്നതു വരെ അവര്‍ക്ക് അയോഗ്യത ഇല്ല.(ജനപ്രതിനിധി നിയമം, വകുപ്പ് എട്ട്). ഈ വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. കോടതി ശിക്ഷിച്ചാല്‍ പ്രതി അയോഗ്യന്‍ ആണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ അര്‍ഹനല്ല. അ്പ്പീല്‍ ഇവിടെ വിഷയം അല്ല. ഇതിനെ മറികടക്കുവാന്‍ യു.പി.എ. നിയമം കൊണ്ടുവരുവാന്‍ ശ്രമിച്ചെങ്കില്‍ രാഹുല്‍ ഗാന്ധിയുടെ പരസ്യമായ എതിര്‍പ്പിലൂടെ അത് നിലച്ചു. ലാലുപ്രസാദ് യാദവിനെ രക്ഷിക്കുകയും പിന്തുണ ഉറപ്പ് വരുത്തുകയും ആയിരുന്നു മന്‍മോഹന്‍ സിംങ്ങിന്റെയും സോണിയ ഗാന്ധിയുടെയും രാഷ്ട്രീയ ലക്ഷ്യം. ഏതായാലും അത് നടന്നില്ല. പാളയത്തില്‍ തന്നെ പട ഉണ്ടായി.

ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകളുടെ ധൃതവിചാരണക്ക് സുപ്രീം കോടതി ഇടപ്പെട്ട് ഉത്തരവിറക്കിയത് ഇന്‍ഡ്യയുടെ ജനാധിപത്യ വ്യവസ്ഥക്ക് നല്ലതാണ്. നീതിനിര്‍മ്മാതാക്കള്‍ കുറ്റാരോപിതര്‍ ആയിരിക്കരുത്. അവരുടെ നിരപരാധിത്വം ഉടന്‍ തെളിയിക്കപ്പെടണം. ചാര്‍ജ്ജ് ഷീറ്റ് ഫയല്‍ ചെയ്യുന്നതിലും വിചാരണയിലും വിധിയിലും ഉള്ള കാലവിളംബം പരിഹരിക്കപ്പെടണം. ഇതിന്റെ പിറകിലുള്ള മാഫിയ കൂട്ടുകെട്ട് അവസാനിപ്പിക്കണം. സുപ്രീകം കോടതിക്ക് അത് സാധിക്കുമോ?

നിയമനിര്‍മ്മാതാക്കളുടെ നിയമലംഘന കേസ് (പി.വി.തോമസ് : ദല്‍ഹികത്ത് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക