Image

പ്രവാസി വോട്ട്: നിയമ ഭേദഗതി ബില്‍ അടുത്തയാഴ്ച രാജ്യസഭയില്‍

Published on 07 December, 2018
പ്രവാസി വോട്ട്: നിയമ ഭേദഗതി ബില്‍ അടുത്തയാഴ്ച രാജ്യസഭയില്‍
ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് വിദേശത്തുവച്ചുതന്നെ സ്വന്തം മണ്ഡലത്തില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന ജനപ്രാതിനിധ്യ നിയമ ഭേദഗതി ബില്‍ അടുത്തയാഴ്ച തുടങ്ങുന്ന ശീതകാല സമ്മേളനത്തില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഈ ആവശ്യമുന്നയിച്ച് ദുബായിലെ സംരംഭകന്‍ ഡോ.വി.പി. ഷംസീര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ജനുവരിയില്‍ പരിഗണിക്കാന്‍ മാറ്റി.

ബില്‍ ലോക്‌സഭ പാസാക്കിയെന്നും രാജ്യസഭ കൂടി പാസാക്കിയാല്‍ തുടര്‍നടപടികള്‍ വൈകില്ലെന്നും കേന്ദ്ര സര്‍ക്കാരിനുവേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ആത്മാറാം നദ്കര്‍ണി വ്യക്തമാക്കി. തുടര്‍ന്നാണ്, ജഡ്ജിമാരായ മദന്‍ ബി.ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് കേസ് ജനുവരിയിലേക്കു മാറ്റിയത്. ഹര്‍ജിക്കാരനുവേണ്ടി ഹാരീസ് ബീരാനും തിരഞ്ഞെടുപ്പു കമ്മിഷനുവേണ്ടി മോഹിത് റാമും ഹാജരായി.

കഴിഞ്ഞ ഓഗസ്റ്റിലാണ് ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയത്. പ്രവാസിക്ക് പകരക്കാരെ (പ്രോക്‌സി) ഉപയോഗിച്ച് സ്വന്തം മണ്ഡലത്തില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നതാണ് നിയമഭേദഗതി. 2014 ലാണ് ഡോ. ഷംസീര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക