Image

പ്രളയ ചിന്തകളും മാധ്യമ ധര്‍മ്മവും - (ബാബു പാറയ്ക്കല്‍)

ബാബു പാറയ്ക്കല്‍ Published on 08 December, 2018
പ്രളയ ചിന്തകളും മാധ്യമ ധര്‍മ്മവും - (ബാബു പാറയ്ക്കല്‍)
കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ച് സംഹാര താണ്ഡവമാടി പ്രളയം കടന്നു പോയിട്ട് ഏതാണ്ടു നാലു മാസങ്ങളാകുന്നു. ഈ ദുരന്തത്തില്‍ മരിച്ചുപോയ നൂറുകണക്കിനാളുകളുടെ കുടുംബാംഗങ്ങള്‍, വീടുകള്‍ പൂര്‍ണ്ണമായി നശിച്ചുപോയ ആയിരക്കണക്കിനാളുകള്‍, വീടുണ്ടെങ്കിലും വീട്ടിനുള്ളിലെ സര്‍വ്വസാധനങ്ങളും നശിച്ചുപോയവര്‍ തുടങ്ങി പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ എത്രയോ ആയിരങ്ങളാണ്! ഇവരൊക്കെ ഇപ്പോള്‍ എവിടെയാണ്? ഇവര്‍ക്കൊക്കെ സര്‍ക്കാര്‍ പറഞ്ഞ സഹായങ്ങളൊക്കെ കിട്ടിയോ? ഇല്ലെങ്കില്‍ എന്താണതിനു കാരണം? ജീവന്‍ പണയം വച്ച് സ്വാര്‍ത്ഥ ലാഭമില്ലാതെ നൂറുകണക്കിനാളുകളെ രക്ഷപ്പെടുത്തിയ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കേടുപറ്റിയ ബോട്ടുകളൊക്കെ ആരെങ്കിലും കേടുപാടുകള്‍ മാറ്റി സഹായിച്ചോ? നഷ്ടപ്പെട്ടുപോയ ബോട്ടുകള്‍ക്കുപകരം പുതിയ ബോട്ടുകള്‍ വാങ്ങി നല്‍കിയോ? ഇനിയും ഇങ്ങനെ ഒരു പ്രളയമുണ്ടാകാനുള്ള സാധ്യത എത്രയാണ്? ഉണ്ടായാല്‍ അതിനെ നേരിടാന്‍ എന്തൊക്കെ പരിപാടികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നത്? കേരളത്തിന്റെ മുഖഛായ മാറ്റുന്ന നവകേരള സൃഷ്ടി എവിടെ വരെയായി? ഇതുവരെ എത്രസഹാം ലഭിച്ചു? ലഭിച്ചത് എങ്ങനെയൊക്കെ ഉപയോഗിച്ചു? ഇങ്ങനെ എത്രഎത്ര ചോദ്യങ്ങളാണ് നാടിനെപ്പറ്റി ചിന്തിക്കുന്ന ഒരു ശരാശരി മലയാളിയുടെ മനസ്സില്‍കൂടി പൊയ്‌ക്കൊണ്ടിരിക്കുന്നത്? ആരാണ് ഇതിനൊക്കെ ഉത്തരങ്ങള്‍ നല്‍കാന്‍ ബാധ്യതപ്പെട്ടോര്‍?

സര്‍ക്കാരാണ് മേല്‍പ്പറഞ്ഞ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം തരേണ്ടത്. അതു തരാന്‍ പല കാരണങ്ങള്‍കൊണ്ടും അവര്‍ക്കു സാധിക്കാതെ വരുമ്പോള്‍ പൊതുജനങ്ങള്‍ക്കുവേണ്ടി ഇതൊക്കെ അന്വേഷിച്ചു കണ്ടുപിടിച്ചു കാര്യങ്ങള്‍ പുറത്തു കൊണ്ടു വരേണ്ടവരാണ് മാധ്യമപ്രവര്‍ത്തകര്‍. പക്ഷം ചോരാതെ സത്യസന്ധമായി കാര്യങ്ങള്‍ അറിയിക്കുക എന്നതാണ് അന്തസ്സുറ്റ പത്രപ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. എന്നാല്‍ ഇന്ന് എന്താണ് സംഭവിയ്ക്കുന്നത്? നാം എങ്ങോട്ടാണു പോകുന്നത്? ഇന്നു മാധ്യമ പ്രവര്‍ത്തനം യാതൊരു പ്രതിബദ്ധതയും പ്രബുദ്ധതയുമില്ലാതെ കച്ചവടം മാത്രം ലക്ഷ്യമാക്കി നെട്ടോട്ടമോടുകയാണ്. റേറ്റിംഗിനുവേണ്ടി അവര്‍ എന്തും ചെയ്യും? രാഷ്ട്രീയ പ്രബുദ്ധത എന്നത് കേട്ടുകേഴ് വി മാത്രമായി മാറി. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരുടെയും സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും കാര്യങ്ങള്‍ അന്വേഷിക്കേണ്ടവര്‍ ശബരിമലയില്‍ തമ്പടിച്ചിരിക്കുകയാണ്.

രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ വോട്ടുബാങ്കു വീര്‍പ്പിക്കാനായി ജനങ്ങളെ തമ്മിലടിപ്പിക്കയാണ്. കേരളത്തിന്റെ മണ്ണില്‍ വേരിറക്കാന്‍ സാധിക്കാത്ത ബി.ജെ.പി. എങ്ങനെയെങ്കിലും വേരു കുത്തിയിറക്കാന്‍ നോക്കുമ്പോള്‍ കോണ്‍ഗ്രസ് ആ മണ്ണ്  അവര്‍ക്കു നനച്ചുകൊടുക്കുന്ന ദയനീയമായ കാഴ്ചയാണു നാം കാണുന്നത്. ഇവര്‍ രണ്ടുകൂട്ടരും ഇത്രയും യോജിച്ചു തോളോടുതോള്‍ ചേര്‍ന്ന് പൊതുജനത്തെ വിഡ്ഢികളാക്കുന്നത് ചരിത്രത്തിലാദ്യമായിട്ടാണു കാണുന്നത്. ഇതു കേരളത്തില്‍ രാഷ്ട്രീയധ്രുവീകരണത്തിനു വഴി തുറന്നേക്കാം.

പ്രളയ ദുരന്തത്തില്‍ മുഖ്യധാരാ മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളുമെല്ലാം നാടിനുവേണ്ടി കര്‍മ്മനിരതരായി. അന്നു ദൃശ്യ മാധ്യമങ്ങള്‍ പരസ്യം പോലും വേണ്ടെന്നു വച്ച് ദിവസങ്ങള്‍ തുടര്‍ച്ചയായി ജനത്തോടൊപ്പം നിന്നു. എന്നാല്‍ ഇന്ന് അവരെല്ലാവരും ശബരിമല സന്നിധാനത്തില്‍ കിടന്നുരുളുകയാണ്. ആ്ര്‍ത്തവമുള്ള സ്ത്രീകളെ ചൊല്ലി. സാമൂഹികപ്രശ്‌നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ ഒരു കാര്യം മാത്രം മതി. മതരപരമായ വിഷയങ്ങള്‍ അവര്‍ക്കു മുമ്പാകെ ഇട്ടുകൊടുക്കുക. പട്ടി എല്ലിന്റെ പുറകെ പോകുന്നതുപോലെ അവര്‍ അതിനു പുറകെ പൊയ്‌ക്കൊള്ളും. നായ്ക്കളെപ്പോലെ അവര്‍ അന്യോന്യം കടിച്ചു കീറും. ഇങ്ങനെയുള്ള അവസരങ്ങളിലാണ് മാധ്യമ പ്രവര്‍ത്തകര്‍ അതിനെതിരെ പ്രതകരിക്കേണ്ടത്. സങ്കടകരമെന്നു പറയട്ടെ, ഇവിടത്തെ മാധ്യമ പ്രവര്‍ത്തകരൊന്നും ഇതിനെതിരേ ഇതുവരെ പ്രതികരിച്ചു കണ്ടില്ല. 

അസോസിയേഷനുകളുണ്ടാകുകയും കോണ്‍ഫ്രറന്‍സ് നടത്തുകയും അതിന്റെ പേരില്‍ അവാര്‍ഡുകളും പൊന്നാടകളും നല്‍കി അന്യോന്യം പുറംചൊറിയുക മാത്രമല്ല മാധ്യമധര്‍മ്മം. പ്രളയാനന്തര പ്രവര്‍ത്തനങ്ങളുടെ ആവശ്യകത മറന്ന് പൊതുജനത്തെ വിഡ്ഢികളാക്കി ശബരിമല വിഷയം ഉയര്‍ത്തി പിടിച്ച് ആഘോഷിക്കുന്ന സര്‍ക്കാരിനോടും എന്തുവിലകൊടുത്തും ഈ വിഷയം ആളിക്കത്തിച്ചു നിര്‍ത്താന്‍ പാടുപെടുന്ന രാഷ്ട്രീയപാര്‍ട്ടികളോടും പണത്തിനുവേണ്ടി അവര്‍ക്കു ചൂട്ടുപിടിച്ചുകൊടുക്കുന്ന പ്രബുദ്ധത നഷ്ടപ്പെട്ട മുഖ്യധാരാ ദൃശ്യ പത്രമാധ്യമങ്ങളോടും അവര്‍ കര്‍ത്തവ്യം മറക്കുന്നു എന്നു ചൂണ്ടിക്കാണിക്കാന്‍ ധൈര്യമില്ലാത്ത പത്രപ്രവര്‍ത്തകരേ, എന്തു പ്രബുദ്ധതയാണ് നിങ്ങള്‍ക്കു സമൂഹത്തോടുള്ളത്. ആണ്ടിലൊരിക്കലുള്ള പ്രസ് ക്ലബ് മീറ്റിംഗുകളും അവാര്‍ഡുവിതരണവും മതിയോ? കേരളത്തില്‍ ചൊവ്വേനേരെ നിയമമസഭ ഒന്നു കൂടിയിട്ടു നാളെത്രെയായി? ശബരിമലയുടെ പേരില്‍ ബഹളം വച്ചും വോക്കൗട്ടു നടത്തിയും സത്യഗ്രഹം നടത്തിയും ഹര്‍ത്താല്‍ നടത്തിയും സഭ സ്തംഭിപ്പിച്ചും ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കുന്ന രാഷ്ട്രീയ നേതാക്കന്‍മാരെ ഇവിടെ കൊണ്ടുവന്ന് തോളില്‍കേറ്റി കൊണ്ടു നടന്ന് ് സൗഹൃദം കാത്തു സൂക്ഷിക്കുന്ന മലയാളി സംഘടനാ നേതാക്കളെ നിങ്ങള്‍ക്ക് ഒരു ഫോണ്‍കോള്‍ ചെയ്‌തെങ്കിലും അവരോടു പ്രതിഷേധം അറിയിക്കാമായിരുന്നല്ലോ! ഒന്നുമല്ലെങ്കില്‍ കൂടെ നിന്ന് കുറെ ഫോട്ടോ എടുത്തിട്ടുള്ളതല്ലേ, ഓര്‍ക്കാതിരിക്കില്ലല്ലോ!

പ്രളയത്തില്‍ നമുക്കു ജാതിയും മതവുമില്ലായിരുന്നു. മനുഷ്യത്വം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്നു ജാതിയും മതവുമേ ഉള്ളൂ. മനുഷ്യത്വം ഇല്ലാതായി. പ്രളയത്തില്‍ കേരളം ഒന്നായിനിന്നു. ഇപ്പോള്‍ തമ്മിലടിപ്പിക്കുന്ന മനുഷ്യരെ ഒന്നാക്കി നിര്‍ത്താന്‍ ഇനി ഒരു പ്രളയത്തിനു സാധിച്ചെന്നുവരില്ല, ഒരു പക്ഷേ, ഭൂകമ്പം തന്നെ വേണ്ടിവരും. നമുക്കു കാത്തിരിക്കാം!

പ്രളയ ചിന്തകളും മാധ്യമ ധര്‍മ്മവും - (ബാബു പാറയ്ക്കല്‍)
Join WhatsApp News
ചിന്ത കൊള്ളാം 2018-12-08 07:28:48

‘’കാര്യം അത് അങ്ങ് പറഞ്ഞു പിരിഞ്ഞു, വര്യം അത് പിന്നേം മുന്നോ പോലെ.’’

എന്ന മട്ടില്‍ ആണ് കേരളം. ന്യൂ യോര്‍കില്‍ ഇരുന്നു അവരെക്കുറിച്ച് വ്യകുലപെട്ടിട്ടു കാര്യം ഇല്ല.

നാരദന്‍ 

Eldtho Kuriakose 2018-12-08 11:48:36
വളെരെ സ്തുത്യര്ഹമായ ഒരു എഴുത്തു .
എല്ലാ നേതാക്കന്മാരും ഇതൊന്നു വായിച്ചാൽ നന്നായിരുന്നു
Sudhir Panikkaveetil 2018-12-08 15:00:00
അമ്പലത്തിലെ വിഗ്രഹത്തിന്റെ ബ്രഹ്മചര്യം 
കാത്തുസൂക്ഷിക്കുന്നതാണ് പരമ പ്രധാനമായ 
കർമ്മം.  അതിനായി നാട്ടിലും ഇവിടെയും 
ജനങ്ങൾ നിറത്തിൽ ഇറങ്ങുന്നു. പ്രളയവും 
ദുരിതവും ആർക്കും അന്വേഷിക്കേണ്ട. നിങ്ങളുടെ 
ലേഖനം ശക്തമാണ്. ഇവിടെയും ഒരു പ്രശ്‍നം .
എത്ര പേര് വായിക്കും??  

പിന്നെ പ്രളയത്തിൽ എല്ലാവരും ഒത്തുചേർന്നു. എന്നാൽ 
ഇപ്പോൾ വിഗ്രഹത്തിനുവേണ്ടി ചേരി തിരിയുന്നു.
തച്ചൻ കൊത്തിമിനുക്കിയ അല്ലെങ്കിൽ മൂശാരി 
ഉണ്ടാക്കിയ വിഗ്രഹങ്ങൾ ബ്രാഹ്മണന്റെ 
കയ്യിൽ വന്നാൽ പിന്നെ പ്രസ്തുത ആൾക്കാർ 
വിഗ്രഹത്തിന്റെ ഏഴ് അയല്പക്കത്ത് വരരുത് .
അതേപോലെ പ്രളയം കഴിഞ്ഞു ഇനി ജാതി മത ഭേദങ്ങൾ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക