Image

സര്‍ദാര്‍ പട്ടേലിനെ ആദരിക്കുക: ഗാന്ധിയേയും നെഹ്റുവിനേയും മറക്കരുത് (ജോര്‍ജ് എബ്രഹാം)

Published on 08 December, 2018
സര്‍ദാര്‍ പട്ടേലിനെ ആദരിക്കുക: ഗാന്ധിയേയും നെഹ്റുവിനേയും മറക്കരുത് (ജോര്‍ജ് എബ്രഹാം)
ഇന്ത്യന്‍ സ്വതന്ത്ര്യപോരാളിയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രിയുമായ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ, അദ്ദേഹത്തിന്റെ 143-ാം ജന്മദിനത്തില്‍, പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച് ഇന്ത്യയെ ഒരു റിപ്പബ്ലിക് ആക്കി മാറ്റുന്നതില്‍ പട്ടേലിന്റെ അശ്രാന്ത പരിശ്രമത്തെ മുന്‍നിര്‍ത്തി, 'ഏകതയുടെ പ്രതിമ' എന്നു പേരിട്ടിരിക്കുന്ന ഈ സ്മാരകം നിര്‍മ്മിക്കുന്നതിന്, 3000 കോടിയാണ് ട്രഷറി ഫണ്ടില്‍ നിന്നും മോദി ചെലവഴിച്ചിരിക്കുന്നത്.

നമ്മുടെ ചരിത്രപുരുഷന്മാരെയും നായകന്മാരെയും സ്മരിക്കുക എന്നത് നമ്മുടെ കടമയാണ്; അവരുടെ പൈതൃകമാണ് നമ്മെ മുന്നോട്ടു നയിക്കുന്ന പ്രേരകശക്തി. നാം ഇന്ന് ആസ്വദിക്കുന്ന സ്വാതന്ത്ര്യവും നമ്മുടെ ജീവിതം തന്നെയും അവരുടെ നിസ്വാര്‍ത്ഥ സേവനത്തിലും കഷ്ടപ്പാടുകളിലും പണിതുയര്‍ത്തപ്പെട്ടതാണ്.

സര്‍ദാര്‍ പട്ടേലിനെ ആദരിക്കുന്നതിന്റെ നന്മയെ ഇന്ത്യയിലെ ജനങ്ങള്‍ ചോദ്യം ചെയ്യുകയില്ല. എന്നാല്‍ ഭക്ഷണസുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ഒരു രാജ്യത്ത് ഇത്തരം ആര്‍ഭാടം സാദ്ധ്യമാകുന്നതെങ്ങനെയെന്നു മാത്രം പിടികിട്ടുന്നില്ല. ജനങ്ങള്‍ക്ക് ആഹാരം ലഭിക്കുന്നതിനുള്ള 'ദാരിദ്ര്യ' പട്ടികയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച്, 119 രാജ്യങ്ങളില്‍, 100-മതാണ് ഇന്ത്യ.

ഇറാക്ക്, ബംഗ്ലാദേശ്, ഉത്തരകൊറിയ എന്നീ രാജ്യങ്ങളേക്കാള്‍ പോലും പിന്നില്‍ എന്നത് പരിതാപകരമായ സത്യം. മാത്രമല്ല, നമ്മുടെ ചരിത്രപുരുഷന്മാരില്‍ ആര്‍ക്കെങ്കിലുവേണ്ടി ഏറ്റവും വലിയ പ്രതിമ നിര്‍മ്മിക്കാന്‍ നാം തീരുമാനിക്കുന്നു എങ്കില്‍, ഏറ്റവും ഒന്നാമതായി പരിഗണിക്കേണ്ട വ്യക്തി, നമ്മുടെ രാഷ്ട്രപിതാവും, തന്റെ അഹിംസാ സിദ്ധാന്തം കൊണ്ട് ലോകപ്രശസ്തനുമായി തീര്‍ന്ന മഹാത്മാഗാന്ധി തന്നെയാണ്.

നെല്‍സണ്‍ മണ്ടേല, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് തുടങ്ങി പല ലോകനേതാക്കള്‍ക്കും പ്രചോദനവും ഗുരുവുമായ ഗാന്ധിയുടെ പ്രതിമ ലോകരാഷ്ട്രങ്ങളുടെ തലസ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്.

മറ്റൊരാള്‍ ആദ്യപ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവാണ്; നവഭാരത ശില്പിയായ അദ്ദേഹം ഒരു ദശാബ്ദ കാലത്തോളം ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടീഷ് ജയിലുകളില്‍ കഴിയുകയും സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പോരാളിയായി വര്‍ഷങ്ങളോളം പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയാണ്. പട്ടേലിന്റെ ദേശിയോദ്ഗ്രഥന പരിശ്രമങ്ങള്‍ നെഹ്റുവിന്റെ ശിഷ്യത്വത്തിലായിരുന്നു എന്നോര്‍ക്കുന്നത് നന്ന്.

80% ജനങ്ങള്‍ക്ക് രണ്ടു നേരത്തെ ആഹാരം സാദ്ധ്യമല്ലാത്ത, 20% മാത്രം സാക്ഷരതയുള്ള, 41 വര്‍ഷം ശരാശരി ആയുസ്സുള്ള ഒരു ജനതയെയാണ് നെഹ്റു പിതൃസ്വത്തായി സ്വീകരിച്ചത്.

കൂടാതെ, ജാതി-മത-ദേശം-വിശ്വാസങ്ങള്‍ക്ക് അതീതമായി, ഓരോ ഇന്ത്യന്‍ പൗരനും വേണ്ടി സ്വാതന്ത്ര്യം, നീതി, അവസരം തുടങ്ങിയവ നിലനിര്‍ത്തുന്നതിനുവേണ്ടി ബി.ആര്‍. അംബേദ്കറോടൊപ്പം പ്രസ്ഥാനങ്ങള്‍ പണിതുയര്‍ത്തിയത് നെഹ്റുവാണ്. എന്നാല്‍, അദ്ദേഹത്തിന്റെ പൈതൃകം ഇല്ലാതാക്കുകയും എല്ലാവരേയും ഉള്‍ക്കൊള്ളുന്ന അദ്ദേഹത്തിന്റെ മതേതര തത്വങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന എതിര്‍പ്രചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണിന്ന് ബി.ജെ.പി.

സംഘര്‍ഷത്തിന്റെയും കലാപത്തിന്റെയും കാലഘട്ടത്തില്‍, ഒരു ജനാധിപത്യ സമൂഹത്തെ കെട്ടിപ്പടുക്കുകയും അതിന് ലക്ഷ്യവും മാര്‍ഗവും നല്‍കുകയും ചെയ്യുന്നതില്‍ -സ്വാതന്ത്ര്യാനന്തരം- വഹിച്ച നിര്‍ണ്ണായകമായ പങ്ക് നാം മറന്നാല്‍ അത് അനീതി തന്നെയായിരിക്കും.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മൂല്യങ്ങളെയും ആദര്‍ശങ്ങളെയും ജീവിതകാലം മുഴുവനും സ്വാതന്ത്ര്യ സമരകാലത്തു പിന്നീട് സര്‍ക്കാരിലും മുറുകെപിടിച്ച തികഞ്ഞ ഒരു കോണ്‍ഗ്രസ്സുകാരനായിരുന്നു സര്‍ദാര്‍ പട്ടേല്‍. നാലുവര്‍ഷം മുമ്പ് കേന്ദ്രത്തില്‍ അധികാരത്തില്‍ കയറിയതുമുതല്‍, തങ്ങളുടെ പാര്‍ട്ടിയ്ക്ക് അന്യമായ ബിംബങ്ങളെയും പാരമ്പര്യങ്ങളെയും കൈവശപ്പെടുത്തി ശ്രദ്ധാപൂര്‍വ്വം മെനഞ്ഞെടുത്ത തന്ത്രമാണ് ബി.ജെ.പി. പ്രയോഗിക്കുന്നത്. തങ്ങള്‍ക്ക് ഇല്ലാത്ത ആഭിജാത്യത്തെകുറിച്ചുള്ള ഇച്ഛാഭംഗം മൂലം അവര്‍ സ്വന്തമായി ഒരു ചരിത്രം സൃഷ്ടിക്കാന്‍ പോലും തയ്യാറാവുകയാണെന്നു വേണം കരുതാന്‍.

മഹാത്മാഗാന്ധി വധിക്കപ്പെട്ടതിനുശേഷം, ആര്‍ എസ്.എസ്സിനെ വിലക്കിയതില്‍ പ്രധാന പങ്കു വഹിച്ചത് സര്‍ദാര്‍ പട്ടേലാണ്. ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് അദ്ദേഹം 1948 സെപ്തംബര്‍ 11 ന് ഗൊല്‍വല്‍ക്കര്‍ക്ക് ഇങ്ങനെ എഴുതി: ആര്‍.എസ്.എസിനേയും ഹിന്ദു മഹാസഭയേയും സംബന്ധിച്ച് പറയുകയാണെങ്കില്‍, ഈ രണ്ടു വിഭാഗത്തിന്റെയും, പ്രത്യേകിച്ച് ആദ്യത്തേതിന്റെ, പ്രവര്‍ത്തനങ്ങള്‍ മൂലം രാജ്യത്ത് ഒരു ദാരുണ ദുരന്തം സാദ്ധ്യമാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നു എന്ന് ഞങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു.

സ്വാതന്ത്ര്യസമരകാലത്ത് ആര്‍.എസ്.എസ്. താല്‍പര്യമില്ലാതെ ഒഴിഞ്ഞുനിന്ന കാര്യം ഏവര്‍ക്കും അറിയുന്ന വസ്തുതയാണ്. ദിവസേന നൂറുകണക്കിന് ജനങ്ങള്‍ സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ച് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തപ്പോള്‍, ആര്‍.എസ്.എസ്. അതില്‍ പങ്കാളികള്‍ ആയില്ല എന്നു മാത്രമല്ല, ആവശ്യഘട്ടങ്ങളില്‍ അവര്‍ ബ്രിട്ടീഷുകാരുടെ ഒപ്പം യോജിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തുവെന്നാണു ചരിത്രം; ആര്‍.എസ്.എസ്സിന്റെയും ബി.ജെ.പി.യുടെയും മുന്‍കാല നേതാക്കന്മാരുടെ വാക്കുകളും പ്രവര്‍ത്തികളും ഈ ചരിത്രസത്യം സാക്ഷ്യപ്പെടുത്തുന്നു.

ആര്‍.എസ്.എസ്. കരുതലോടെ നിയമസംഹിതയ്ക്കുള്ളില്‍ നില്‍ക്കുകയും ആഗസ്റ്റ് 1942-ല്‍ പൊട്ടിപുറപ്പെട്ട ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുകയും ചെയ്തുവെന്ന് ബ്രിട്ടീഷുകാര്‍ തന്നെ സമ്മതിക്കുന്നു.
ആയതിനാല്‍, ഒരു സ്വാതന്ത്ര്യസമരസേനാനിയും വിശ്വസ്തനായ കോണ്‍ഗ്രസ്സ്ുകാരനും അതിലുപരി ഗുജറാത്തിയുമായ ഒരാളെ ആദരിക്കുന്നതിന് പ്രധാനമന്ത്രിയ്ക്കുണ്ടായ മനോവികാരം എന്തെന്ന് ഒരു ശരാശരി ഭാരതീയന് മനസ്സിലാകുന്നില്ല, പ്രത്യേകിച്ചും അതിനേക്കാള്‍ മഹാനായ ഗുജറാത്തിയെ മറികടന്ന്- മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ !

എന്നാല്‍, ഗാന്ധി, നെഹ്റു, പട്ടേല്‍ എന്നിവര്‍ സ്വാത്്രന്ത്യത്തിന്റെയും നീതിയുടെയും ബിംബങ്ങളായി എന്നും ലോകത്തിനു മുമ്പില്‍ നിലനില്‍ക്കും, അവരുടെ മഹിമയെ ഒരു വിധത്തിലും പ്രതിമകളുടെ ഉയരം കുറച്ചുകളയില്ല.
സര്‍ദാര്‍ പട്ടേലിനെ ആദരിക്കുക: ഗാന്ധിയേയും നെഹ്റുവിനേയും മറക്കരുത് (ജോര്‍ജ് എബ്രഹാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക