Image

കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Published on 09 December, 2018
 കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

അവയവദാനത്തിനായി കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കൊല്ലം സ്വദേശിയും ഡോക്ടറുമായ എസ് ഗണപതി ആണ് സുപ്രിം കോടതിയെ സമീപിച്ചിരുന്നത്.


ഈ ഹര്‍ജി സംബന്ധിച്ച്‌ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള മൂന്ന് അംഗ ബെഞ്ച് കേരളത്തോട് വിശദീകരണം തേടിയിരുന്നു. ഈ ഹര്‍ജിക്ക് നല്‍കിയ മറുപടി സത്യവാങ് മൂലത്തിലാണ് കേരളത്തില്‍ അവയവ ദാനത്തിനായി മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.


കേരള ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം മസ്തിഷ്‌ക്ക മരണം സ്ഥിരീകരിക്കുന്നതിനായി കേരളത്തില്‍ പ്രത്യേക മാര്‍ഗ്ഗ രേഖ പുറത്ത് ഇറക്കിയിട്ടുണ്ട് എന്ന് സത്യവാങ്മൂലം ചൂണ്ടിക്കാട്ടുന്നു. നാല് ഡോക്ടര്‍മാര്‍ അടങ്ങുന്ന സമിതിയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കേണ്ടത്. ഇതില്‍ മൂന്ന് ഡോക്ടര്‍മാര്‍ രോഗിയുടെ ചികിത്സയുമായി നേരിട്ട് ബന്ധം ഇല്ലാത്തവരാകണം. രണ്ട് ഡോക്ടര്‍മാര്‍ സര്‍ക്കാരിന്റെ വിദഗ്ത പാനലില്‍ ഉള്‍പെട്ടവരും ആകണം. ആറു മണിക്കൂര്‍ ഇടവിട്ട് ഈ സംഘം നടത്തുന്ന പരിശോധനയുടെ അടിസ്ഥാനത്തില്‍ ആകണം മസ്തിഷ്‌ക മരണം സ്ഥിരീകരിക്കേണ്ടത് എന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.


1994 ലെ അവയവദാന നിയമത്തിന്റെ വ്യവസ്ഥകള്‍ കര്‍ശനമായി സംസ്ഥാനത്തെ ആശുപത്രികളില്‍ പാലിക്കുന്നുണ്ട് എന്നും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചില സ്വകാര്യ ആശുപത്രികളില്‍ സാമ്ബത്തിക ലാഭം വച്ചുള്ള ക്രമക്കേടുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ ഈ ദുഷ് പ്രവണതകള്‍ മസ്തിഷ്‌ക്ക മുറിവുകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാത്രം അല്ല എന്നും, മറ്റ് ചികത്സാ രീതികളിലും പ്രകടം ആണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക