Image

മൂന്നാമത് ഹിന്ദു -ക്രിസ്ത്യന്‍ അന്താരാഷ്ട്ര ചര്‍ച്ച ഡിസംബര്‍ 17-19 തീയതികളില്‍ തിരുപ്പതിയില്‍

ജോര്‍ജ് തുമ്പയില്‍ Published on 09 December, 2018
മൂന്നാമത് ഹിന്ദു -ക്രിസ്ത്യന്‍ അന്താരാഷ്ട്ര ചര്‍ച്ച ഡിസംബര്‍ 17-19 തീയതികളില്‍ തിരുപ്പതിയില്‍
മൂന്നാമത് ഹിന്ദു ക്രിസ്ത്യന്‍ അന്താരാഷ്ട്ര ചര്‍ച്ചാ സമ്മേളനം ഡിസംബര്‍ 17 മുതല്‍ 19 വരെ ഇന്ത്യയിലെ തിരുപ്പതിയില്‍ വച്ച് നടക്കുന്നു. വിശുദ്ധര്‍, സന്യാസികള്‍, ആചാര്യന്‍മാര്‍, പ്രവാചകന്‍മാര്‍, പരിഷ്‌കര്‍ത്താക്കള്‍ എന്ന വിഷയത്തെകുറിച്ചാണ് ഇത്തവണത്തെ ചര്‍ച്ചകള്‍. റവ. ഡോ. സെല്‍വം റോബര്‍ട്സണ്‍(പ്രൊട്ടസ്റ്റന്റ്), ഡോ.വിന്‍സന്റ് ശേഖര്‍(കാത്തലിക്), ഫാ. ജോസഫ് വര്‍ഗീസ് (ഓര്‍ത്തഡോക്സ് യു എസ് എ) എന്നിവര്‍ ചര്‍ച്ചാ സമ്മേളനത്തില്‍ ക്രിസ്ത്യന്‍ സംഘടനകളെ പ്രതിനിധീകരിക്കുമ്പോള്‍ ഹൈന്ദവ സംഘടനകളെ ഡോ. ജഗന്‍ നിവാസ് പാലേട്ടി(ശ്രീ വൈഷ്ണവ), ഷോണാകാ റിഷിദാസ(ചൈതന്യ വൈഷ്ണവ) എന്നിവരാണ് പ്രതിനിധീകരിക്കുക. 

ആന്ധ്രപ്രദേശില്‍ സമതലങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രനഗരിയാണ് തിരുപ്പതി. ഈ സമതലങ്ങളെ ചുറ്റി ഏഴ് കുന്നുകളും മലഞ്ചരിവുകളുമുണ്ട്. ഈ മലനിരകള്‍ക്ക് മേലെയായാണ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തവും സമ്പത്തില്‍ ലോകത്ത് വത്തിക്കാന് താഴെ രണ്ടാമതുമായ ആധ്യാത്മികകേന്ദ്രം സ്ഥിതി ചെയ്യുന്നത്. വെങ്കടേശ്വര ഭഗവാന്റെ പേരില്‍ പ്രസിദ്ധമായ ഈ മതകേന്ദ്രം തിരുവെങ്കടം എന്ന പേരില്‍ പ്രശസ്തമാണ്. വൈഷ്ണവ ഹിന്ദു കേന്ദ്രം എന്ന പേരില്‍ 1300ലേറെ വര്‍ഷങ്ങളായി കവിതകളിലും മറ്റും പ്രകീര്‍ത്തിക്കപ്പെടുന്ന ഈ മതകേന്ദ്രത്തിലാണ് വൈഷ്ണവ കവി ആല്‍വാറും മറ്റും ആത്മീയവഴികളില്‍ ജീവിതം ഈശ്വരന് സമര്‍പ്പിച്ച് ജീവിച്ചതെന്ന് കരുതപ്പെടുന്നു. 

ഡയലോഗിന്റെ കോ സ്പോണ്‍സേഴ്സായ ISKCON തന്നെ ആണ് ഇന്റര്‍ റിലിജിയസ് ഡയലോഗിന് ആതിഥ്യം വഹിക്കുന്നത്. സ്ഥാപക സ്വാമി പ്രഭുപാദ 1965ല്‍ അമേരിക്കയിലെത്തിയപ്പോള്‍ നടത്തിയ പ്രസംഗത്തില്‍ ഭഗവാന്‍ കൃഷ്ണന്റെ സന്ദേശം പങ്കുവച്ചിരുന്നു. 

വൈഷ്ണവ സന്ദേശം പങ്കുവയ്ക്കുന്ന ബംഗാളില്‍ നിന്നുള്ള സംഘടനയായ ISKCON ഉം കൃഷ്ണ മാഹാത്മ്യം പ്രകീര്‍ത്തിക്കുന്ന സംഘടനയാണ്.
ഇന്ത്യയിലെ നിലവിലെ പ്രത്യേക രാഷ്ട്രീയസാഹചര്യത്തില്‍ ഇത്തരമൊരു ഡയലോഗിന് ഏറെ പ്രസക്തിയുണ്ടെന്ന് ഓര്‍ത്തഡോക്സ് സഭകളെ പ്രതിനിധീകരിക്കുന്ന ഫാ. ജോസഫ് വര്‍ഗീസ് പറഞ്ഞു. 

മതങ്ങള്‍ തമ്മില്‍ സമാധാനപരമായ സഹവര്‍ത്തിത്വം സാധ്യമാകുമെന്നിരിക്കെ ഭരിക്കുന്ന രാഷ്ട്രീയകക്ഷി ഹൈന്ദവികതയെ രാഷ്ട്രീയലാഭത്തിനുവേണ്ടി ദുരുപയോഗിച്ച് ദുരന്തം വിതക്കുന്ന ഇന്ത്യയിലെ സാഹചര്യത്തില്‍, ന്യൂനപക്ഷങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് വടക്ക്, കിഴക്കന്‍ പ്രദേശങ്ങളിലെ ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കിടയില്‍ വ്യാപകമായിരിക്കുന്ന ഭയവും ഭീതിയും അകറ്റുന്നതിന് ഇത്തരം ഡയലോഗ് വളരെ അത്യാവശ്യമാണന്ന് ഫാ. ജോസഫ് വര്‍ഗീസ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക