Image

സര്‍ക്കാര്‍ വാഗ്‌ദാനം പാലിച്ചില്ല; സനല്‍കുമാറിന്റെ കുടുംബം അനിശ്ചിതകാല സമരം തുടങ്ങി

Published on 10 December, 2018
സര്‍ക്കാര്‍ വാഗ്‌ദാനം പാലിച്ചില്ല; സനല്‍കുമാറിന്റെ കുടുംബം അനിശ്ചിതകാല സമരം തുടങ്ങി


തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡി.വൈ.എസ്‌.പി കാറിന്‌ മുന്നിലേക്ക്‌ തള്ളിയിട്ട്‌ കൊന്ന സനല്‍കുമാറിന്റെ കുടുംബം സെക്രട്ടറിയേറ്റിന്‌ മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങി. ഭാര്യയും രണ്ടുകുട്ടികളും അമ്മയുമാണ്‌ സത്യഗ്രഹ സമരം തുടങ്ങിയത്‌.

സനല്‍ കുമാറിന്റെ മരണത്തെ തുടര്‍ന്ന്‌ സര്‍ക്കാര്‍ വാഗ്‌ദാനം നല്‍കിയ ജോലിയും നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചില്ലെന്ന്‌ ആരോപിച്ചാണ്‌ സമരം. സര്‍ക്കാരില്‍നിന്നും നീതി ലഭിക്കുന്നത്‌ വരെ സമരം തുടരുമെന്ന്‌ സനല്‍കുമാറിന്റെ കുടുംബം പറഞ്ഞു.



കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന സനല്‍കുമാര്‍ കൊല്ലപ്പെട്ടിട്ട്‌ ഒരു മാസം കഴിഞ്ഞു. കുടുംബത്തിന്‌ സഹായവും ഭാര്യ വിജിക്ക്‌ ജോലിയും നല്‍കണമെന്നാവശ്യപ്പെട്ട്‌ ആദ്യ ഘട്ടത്തില്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച്‌ പ്രതിഷേധം ശക്തമാക്കിയിരുന്നു.

കുടുംബത്തിന്‌ അര്‍ഹമായ സഹായം നല്‍കുമെന്ന്‌ മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഉറപ്പ്‌ നല്‍കുകയും ചെയ്‌തിരുന്നു. എന്നാല്‍ പ്രതിയായ ഡി.വൈ.എസ്‌.പി ഹരികുമാര്‍ ജീവനൊടുക്കിയതോടെ നടപടികള്‍ നിലച്ചു.

കടബാധ്യത മൂലം പിടിച്ചു നില്‍ക്കാനാവാത്ത സ്ഥിതിയാണെന്ന്‌ സനലിന്റെ കുടുംബം പറയുന്നു. വായ്‌പാ തിരിച്ചടവ്‌ മുടങ്ങിയതോടെ വീട്‌ ജപ്‌തി ഭീഷണിയിലുമാണ്‌.

വീട്‌ നിര്‍മിച്ചതുമായി ബന്ധപ്പെട്ട്‌ 25 ലക്ഷം രൂപയുടെ കടബാധ്യതയുണ്ട്‌. സനലിന്റെ വരുമാനത്തില്‍നിന്നാണു ലോണ്‍ അടച്ചിരുന്നത്‌. ഇപ്പോള്‍ ആഹാരത്തിനുപോലും ബുദ്ധിമുട്ടുന്ന അവസ്ഥയാണ്‌. ആര്‍ക്കും നേരിട്ടുവന്നു കണ്ടു മനസിലാക്കാം. മൂന്നു മന്ത്രിമാര്‍ വീട്ടില്‍വന്നു വാഗ്‌ദാനം നല്‍കിയെങ്കിലും ഒന്നും നടന്നില്ലെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.

വിജിക്ക്‌ സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ശുപാര്‍ശ ഡി.ജി.പി ലോക്‌നാഥ്‌ ബെഹ്‌റ സര്‍ക്കാരിന്‌ നല്‍കിയിരുന്നു.

വാഗ്വാദത്തിനിടെയാണ്‌ സനല്‍കുമാറിനെ ഡി.വൈ.എസ്‌.പി കാറിനടിയിലേക്കു തള്ളിയിട്ടത്‌. സംഭവത്തില്‍ ഡി.വൈ.എസ്‌.പിയെയും നെയ്യാറ്റിന്‍കര പൊലീസ്‌ സ്റ്റേഷനിലെ രണ്ടു പൊലീസുകാരെയും സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക