Image

ആകാംക്ഷയോടെ ഇന്ത്യ, സെമി ഫൈനല്‍ വിധിക്ക് ഇനി മണിക്കൂറുകള്‍ ബാക്കി

Published on 10 December, 2018
ആകാംക്ഷയോടെ ഇന്ത്യ, സെമി ഫൈനല്‍ വിധിക്ക് ഇനി മണിക്കൂറുകള്‍ ബാക്കി
വരാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ സെമി ഫൈനലായി ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കാണുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം നാളെ. മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ചത്തീസ്ഗഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലമാണ് നാളെ പുറത്തു വരുക. ബിജെപിയെ സംബന്ധിച്ചിടത്തോളം മോദിയുടെയും കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം രാഹുലിന്‍റെയും വരാന്‍ പോകുന്ന പ്രതിപക്ഷകൂട്ടായ്മയുടെയും മുന്നോട്ടുള്ള സാധ്യതകള്‍ ഈ തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കും. 
രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് ഫലത്തിലാണ് കോണ്‍ഗ്രസ് ഏറ്റവും പ്രതീക്ഷ വെയ്ക്കുന്നത്. നിലവില്‍ ഭരണവിരുദ്ധ വികാരം ഏറെയുള്ള രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വ്യക്തമായ മുന്നേറ്റം നടത്താന്‍ സാധിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ യുവരക്തം സച്ചിന്‍റെ പൈലറ്റിന്‍റെ നേതൃത്വത്തില്‍ രാജസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. രാജസ്ഥാന്‍ പിടിക്കാന്‍ സാധിച്ചാല്‍ തന്നെ കോണ്‍ഗ്രസിന് അത് ദേശിയ തലത്തില്‍ വലിയ മുന്നേറ്റമായിരിക്കും നല്‍കുക. 
മധ്യപ്രദേശാണ് ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനം. മുഖ്യമന്ത്രി ശിവ്രാജ് സിംങ് ചൗഹനാണ് ബിജെപിയുടെ പകരക്കാരനില്ലാത്ത നേതാവ്. 13 വര്‍ഷമായി മുഖ്യമന്ത്രിയാണ് ശിവ്രാജ് സിംങ്. ശക്തനായ നേതാവിനെ അവതരിപിച്ച് ശിവരാജ് സിംങിന് വെല്ലുവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടല്ല എന്നത് ദൗര്‍ബല്യമാണ്. എന്നാലും ജ്യോതിരാജ സിന്ധ്യയുടെ നേതൃത്വത്തില്‍ പതിവിലും മെച്ചപ്പെട്ട പ്രകടനം കോണ്‍ഗ്രസിന് സാധ്യമായെന്ന് വിലയിരുത്തലുണ്ട്. എങ്കിലും കോണ്‍ഗ്രസിന് അനുകൂലമായി അത്ഭുതങ്ങളൊന്നും രാഷ്ട്രീയ നിരീക്ഷകര്‍ മധ്യപ്രദേശില്‍ പ്രതീക്ഷിക്കുന്നില്ല. 
ബിജെപിയുടെ ഉരുക്കുകോട്ടയായ ചത്തീസ്ഗഡ്ഡില്‍ യാതൊരു മാറ്റവും ആരും പ്രതീക്ഷിക്കുന്നില്ല. 2003 മുതല്‍ ബിജെപി നേതാവ് രമണ്‍സിംങ് മുഖ്യമന്ത്രിയായി തുടരുന്നു. ചോദ്യം ചെയ്യാന്‍ കഴിയാത്ത ശക്തിയാണ് അദ്ദേഹം സംസ്ഥാനത്ത്. അതുകൊണ്ടു തന്നെ യാതൊരു വെല്ലുവിളിയും ബിജെപിക്ക് മുമ്പില്‍ പ്രകടിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധ്യമായിട്ടില്ല. രമണ്‍സിംങ് സര്‍ക്കാരിനോട് ജനങ്ങള്‍ക്കും കാര്യമായ പ്രതിഷേധങ്ങളില്ല എന്നത് കോണ്‍ഗ്രസിന്‍റെ സാധ്യതകളെ ഇല്ലാതാക്കുന്നു. 
തെലുങ്കാനയില്‍ അവസാന റൗണ്ടില്‍ കോണ്‍ഗ്രസ് നേരിയ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. തെലങ്കാന രാഷ്ട്രസമിതി തന്നെ തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടുമെന്നായിരുന്നു വിലയിരുത്തലെങ്കിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക