Image

ഇലക്ഷനില്‍ രാഹുല്‍ ഗാന്ധിയുടെ താരോദയം

Published on 11 December, 2018
ഇലക്ഷനില്‍ രാഹുല്‍ ഗാന്ധിയുടെ താരോദയം
ചത്തിസ്ഗഡില്‍ ബി.ജെ.പിയുടെ തകര്‍ച്ച ഞെട്ടിപ്പിക്കുന്നതാണ്. മധ്യപ്രദേശ് കൈവിട്ടുപോവുന്നത് ബി.ജെ.പിയുടെ ഉറക്കം കെടുത്തും.

രാജസ്ഥാനില്‍ രക്ഷയില്ലെന്ന് ബി.ജെ.പിക്കറിയാമായിരുന്നു.

മധ്യപ്രദേശിലായിരുന്നു ബി.ജെ.പിയുടെ അഭിമാനപ്പോരാട്ടം. ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും ശക്തമായ തട്ടകമാണിത്. മദ്ധ്യപ്രദേശില്‍ ബി.ജെ.പി. പരാജയപ്പെട്ടാല്‍ ആത്യന്തികമായി മോദിയോ ശിവ് രാജ്സിങ് ചൗഹാനോ അല്ല ആര്‍.എസ്.എസ്. തന്നെയാവും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരിക.

ബി.ജെ.പിയുടെ ഹിന്ദുത്വയെ നേരിടാന്‍ രാഹുലിന്റെ ശിവഭക്തി കോണ്‍ഗ്രസ് ആയുധമാക്കിയത് വെറുതെയല്ല. എല്ലാ ഗ്രാമത്തിലും ഗോശാലകള്‍ തീര്‍ക്കുമെന്നതാണ് കോണ്‍ഗ്രസിന്റെ ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം. പശുസംരക്ഷണത്തിനായി മാത്രം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ശിവ്രാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍ ചെലവാക്കിയത് 45 കോടി രൂപയാണെന്നത് വിസ്മരിക്കരുത്. വനവാസക്കാലത്ത് ശ്രീരാമന്‍ നടന്നതായി കരുതപ്പെടുന്ന വഴികള്‍ വികസിപ്പിച്ചെടുക്കാനുള്ള പദ്ധതിയും കോണ്‍ഗ്രസ് മുന്നോട്ടുവെച്ചു. അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ബി.ജെ.പി. മുഖ്യ അജണ്ടയാക്കുമ്പോള്‍ രാമനെ കൈവിട്ടുള്ള ഒരു കളിക്ക് മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സും തയ്യാറല്ലെന്നര്‍ത്ഥം.

ഈ അഞ്ചു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിന്റെ മുഖ്യതാരം രാഹുല്‍ ഗാന്ധിയായിരുന്നു. നരേന്ദ്ര മോദിക്ക് തങ്ങളുടെ ബദല്‍ രാഹുല്‍ തന്നെയാണെന്ന മുദ്രാവാക്യമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. ഇനിയിപ്പോള്‍ പപ്പുവില്ല. പപ്പുവിന്റെ അസ്തമനവും രാഹുലിന്റെ ഉദയവുമാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

രാജസ്ഥാനില്‍ വസുന്ധര വീണിരിക്കുന്നു. മധ്യപ്രദേശില്‍ ചൗഹാന്‍ പുറത്തേക്ക് പോവുന്നു. ചത്തീസ്ഗഡില്‍ രമണ്‍ സിങ് നിലംപരിശായിരിക്കുന്നു. ഇന്ദ്രപ്രസ്ഥത്തില്‍ മോദിക്ക് കസേരയില്‍ നിന്നിറങ്ങേണ്ട സമയം ആഗതമായിരിക്കുന്നു എന്ന മുദ്രാവാക്യമായിരിക്കും ഇനി കോണ്‍ഗ്രസ് ഉയര്‍ത്തുക. (Mathrubhumi)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക