Image

2019ല്‍ കോണ്‍ഗ്രസ് നേടണമെങ്കില്‍ ഇനിയും ഏറെ ദൂരം പോകണം

കലാകൃഷ്ണന്‍ Published on 11 December, 2018
2019ല്‍ കോണ്‍ഗ്രസ് നേടണമെങ്കില്‍ ഇനിയും ഏറെ ദൂരം പോകണം

ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ നേടിയ വിജയം കോണ്‍ഗ്രസിനെ ആവേശത്തിലാക്കിയിരിക്കുന്നു. എന്നാല്‍ ഈ ആവേശം നിലനില്‍ക്കുമ്പോഴും കാണാതെ പോകരുതാത്ത ചില യാഥാര്‍ഥ്യങ്ങളുണ്ട്. അത് കോണ്‍ഗ്രസിന്‍റെയും പൊതുവില്‍ പ്രതിപക്ഷത്തിന്‍റെയും മുന്നോട്ടുള്ള യാത്രയില്‍ ഏറെ പ്രധാനപ്പെട്ടതാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം ബിജെപിയെ അടി പതറിച്ചു എങ്കിലും വലിയ പരാജയത്തിലേക്ക് ബിജെപി പോയില്ല എന്നതാണ് ഇവിടെ പ്രതിപക്ഷം ആലോചിച്ച് മനസിലാക്കേണ്ട വസ്തുത. 

രാജസ്ഥാനെയും മധ്യപ്രദേശിനെയും താരതമ്യം ചെയ്യുമ്പോള്‍ ചെറിയ സംസ്ഥാനമായ ഛത്തീസ്ഗഡ്ഡിലാണ് കോണ്‍ഗ്രസ് വലിയ മുന്നേറ്റം നടത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് വലുതായി പ്രതീക്ഷിച്ചിരുന്ന രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഫലങ്ങള്‍ കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ ഏറെയൊന്നും വകനല്‍കുന്നില്ല. 

രാജസ്ഥാനില്‍ ബിജെപി 74 സീറ്റാണ് നേടിയത്. കോണ്‍ഗ്രസ് 98 സീറ്റും. ഇവിടെ പരാജയപ്പെട്ടെങ്കിലും ബിജെപി നേടിയ 74 സീറ്റുകള്‍ ബിജെപിയെ തന്നെ ഞെട്ടിക്കുന്നതാണ്. ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഏറ്റവും അധികം ഭരണവിരുദ്ധ വികാരമുണ്ടായിരുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. കര്‍ഷക പ്രക്ഷോഭങ്ങളുടെ നീണ്ടനിരയും പശുസംരക്ഷകരുടെ അക്രമങ്ങളും നടമാടിയ സംസ്ഥാനം. ഇവിടെ മുഖ്യമന്ത്രി വസുന്ധര രാജസിന്ധ്യ ബിജെപി ദേശിയ നേതൃത്വത്തോടെ തുറന്ന കലഹത്തിലുമായിരുന്നു. മോദിയുടെ എതിരാളിയെന്ന പോലെയായിരുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം. അവരുടെ താന്‍  പോരിമയിൽ  മനംമടുത്ത് ആര്‍എസ്എസും ബിജെപിയും രാജസ്ഥാന്‍ ഉപേക്ഷിച്ച മട്ടായിരുന്നു. ഇതുകൂടാതെ രാജസ്ഥാന്‍ ബിജെപിയില്‍ വസുന്ധരയ്ക്കെതിരെ പാളയത്തില്‍ പടയുമായിരുന്നു. ഇത്രയും പ്രതികൂല കാലാവസ്ഥയിലും ബിജെപി നേടിയ 74 സീറ്റുകള്‍ അമ്പരപ്പിക്കുന്നതാണ്. 

ഇത് തന്നെയാണ് മധ്യപ്രദേശിലെയും അവസ്ഥ. 15 വര്‍ഷമായി തുടര്‍ന്ന് വന്ന ബിജെപിയുടെ ഭരണത്തില്‍ ജനം മടുത്തിരുന്നു. എന്നിട്ടും മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. 

തെലങ്കാനയില്‍ കോണ്‍ഗ്രസ് വെറും 18-ല്‍ ഒതുങ്ങി. ടി.ആര്‍.എസ്സിന്‍റെ മുമ്പില്‍ നിഷ്പ്രഭമായിപ്പോയി. മിസോറാമില്‍ ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ് ഇത്തവണ വെറും അഞ്ച് സീറ്റിലേക്ക് ചുരുങ്ങിയത് വലിയ തിരിച്ചടിയാകുകയും ചെയ്തു. 

2014ല്‍ ബിജെപി നേടിയ വലിയ വിജയം ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിനെ തകര്‍ത്ത് കളഞ്ഞിരുന്നു. തുടര്‍ന്ന് യു.പിയിലും മഹാരാഷ്ട്രയിലുമെല്ലാം ബിജെപി തൂത്തു വാരിയപ്പോള്‍ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായിരുന്നു എന്ന് വേണം പറയാന്‍. മോദി പ്രഭാവത്തോട് മുട്ടി നില്‍ക്കാന്‍ രാഹുലിന് കഴിഞ്ഞിരുന്നുമില്ല. അതുകൊണ്ടാണ് ഇപ്പോള്‍ ലഭിച്ച വിജയം വലുതായി കോണ്‍ഗ്രസിനും രാഷ്ട്രീയ നിരീക്ഷകര്‍ക്കും അനുഭവപ്പെടുന്നത്. 

കോണ്‍ഗ്രസിന്‍റെ തകര്‍ച്ച വെച്ച് കണക്കാക്കുമ്പോള്‍ ഇപ്പോള്‍ ലഭിച്ച വിജയം തീരെ ചെറുതായി കാണേണ്ടതില്ല. പക്ഷെ വിജയത്തില്‍ ഊര്‍ജ്ജം സംഭരിച്ച് പ്രതിപക്ഷ നിരയെ ശക്തിപ്പെടുത്തുകയാണ് കോണ്‍ഗ്രസ് ഇനി ചെയ്യേണ്ടത്. ഇപ്പോള്‍ ഉള്ളതിന്‍റെ ഇരട്ടി ശക്തി നേടിയാല്‍ മാത്രമേ അടുത്ത ലോക്സഭയില്‍ കോണ്‍ഗ്രസിന് ജയിച്ചു കയറുക സാധ്യമാകു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക