Image

മൂന്നുകല്ലടുപ്പുകള്‍ (കവിത: രമ പ്രസന്ന പിഷാരടി)

Published on 11 December, 2018
മൂന്നുകല്ലടുപ്പുകള്‍ (കവിത: രമ പ്രസന്ന പിഷാരടി)
മൂന്ന് കല്ലടുപ്പിന്റെ കനലന്തികള്‍ക്കുള്ളില്‍
ഭൂമിയെപ്പോലെ ജ്വലിച്ചവരങ്ങിരിക്കുന്നു
അമ്മയുണ്ടമ്മൂമ്മയുണ്ടാരവങ്ങളില്ലാതെ
അന്യോന്യം സ്‌നേഹിച്ചാര്‍ദ്രവിളക്കായ് തിളങ്ങിയോര്‍
ഗര്‍ഭപാത്രത്തിന്‍ നീന്തല്‍ക്കുളത്തില്‍ നിന്നും
ഞാനെന്‍ നിത്യനിദ്രയെ കടന്നുണര്‍ന്നു വന്നീടവെ
ജൂണ്‍ മഴയ്ക്കുള്ളില്‍ നിന്നും കുരുന്നു റോസാപ്പൂക്കള്‍
ഞാനന്റെ കൈകള്‍ക്കുള്ളില്‍ വിടര്‍ത്തിയെടുക്കവെ
പുകഞ്ഞും മഴയ്ക്കുള്ളില്‍ മൂന്നുകല്ലടുപ്പിന്റെ
ഇരുണ്ട നീറ്റല്‍ കണ്ടും അമ്മമാര്‍ നീങ്ങീടവെ;

മിഴിയില്‍ ലോകാലോകമത്ഭുതം കണ്ടേറിയ
ദിഗന്തങ്ങളെ നോക്കി ഋതുക്കള്‍ മന്ത്രിക്കവെ!
മുറ്റത്തെയരിമുല്ലപ്പൂക്കളില്‍, കൗമാരത്തിന്‍
നിത്യഗന്ധര്‍വ്വന്മാര്‍ വന്നു പാടുന്ന രാവോരത്തില്‍
ചെമ്പകപ്പൂക്കള്‍ കൊഴിഞ്ഞീറനാം നിലാവിന്റെ
സന്ധ്യകള്‍ മേഘങ്ങളില്‍ മയങ്ങിക്കിടക്കവെ
എന്റെ കണ്ണിലും മൂന്ന് കല്ലടുപ്പുകള്‍ പുക
തിങ്ങിയ വാതില്‍ തുറന്നെത്തുന്നതറിഞ്ഞു ഞാന്‍.

മണ്ണിന്റെ സുഗന്ധമാര്‍ന്നിഴനെയ്തീടും മാവിന്‍
ചില്ലയില്‍ നിന്നും കവര്‍ന്നെടുത്ത മാമ്പൂക്കളില്‍
കൊറ്റിയും, മാടപ്രാവും പറന്ന പാടങ്ങളില്‍
കൊയ്ത്തുകാലങ്ങള്‍ തീര്‍ത്ത പുനെല്ലിന്‍ സുഗന്ധത്തില്‍
എന്റെ കൈക്കുടന്നയില്‍ ഉരലില്‍ പടര്‍ന്നൊരു
കല്ലിന്റെ നോവാം തഴമ്പറിയും കാലങ്ങളില്‍
അതിരില്‍ ഗ്രാമം വളര്‍ന്നവിടെ ചേക്കേറിയ
പുതുപൂക്കളില്‍ നിന്ന് നഗരം തിരിഞ്ഞുപോയ്
എന്റെ യൗവനം കണ്ട വാഗ്ദത്തസൗധങ്ങളില്‍
കല്ലടുപ്പിരുളൊരു പഴയ പുരാണമായ്
ഞാന്‍ നടന്നെത്തി പുതു നഗരങ്ങളില്‍ യന്ത്ര
വേഗതീരങ്ങള്‍ നിത്യവിസ്മയം കൊരുക്കവെ
ദൃശ്യമായദൃശ്യത ഭീതിത നാളങ്ങളില്‍
നിത്യവും അടുക്കളയ്ക്കുള്ളില്‍ വന്നുദിക്കുമ്പോള്‍

പുതിയ സൗധങ്ങള്‍ തന്‍ ശില്പശാലയില്‍
പണിക്കിറങ്ങും ജന്മങ്ങള്‍ തന്‍ കുടിലിന്നൊരറ്റത്ത്
മൂന്നുകല്ലടുപ്പുകള്‍ ഗ്രാമമായ് വീണ്ടും വന്നു
ജീവനെ സ്പര്‍ശിക്കുന്ന നിഗൂഢനഗരത്തില്‍
അമ്മയെ കണ്ടു കരിപടര്‍ന്ന മണ്‍ഗന്ധത്തില്‍,
ചില്ലുജാലകത്തിലെയുലഞ്ഞ സൂര്യന്നുള്ളില്‍!
അമ്മൂമ്മയുണ്ട് മൂന്ന് കല്ലടുപ്പുകള്‍ക്കുള്ളില്‍
തിങ്ങിയ പുകയേറ്റ തിമിരക്കണ്ണിന്നുള്ളില്‍
എന്റെ സ്റ്റീലടുപ്പുകള്‍ പുകയുന്നില്ല പക്ഷെ
മങ്ങുന്നതെന്താണെന്റെ പ്രാണന്റെ കാഴ്ച്ചയ്ക്കുള്ളില്‍.
Join WhatsApp News
വിദ്യാധരൻ 2018-12-12 18:51:17
കണ്ടിട്ടുണ്ടുഞാനുമെൻ  
മാതാവിൻ കണ്ണിലും 
കണ്ണീർ കണങ്ങൾ 
നീർചാലു കീറുന്നെ 
മൂന്നു കല്ലുള്ളടുപ്പിനു-
ള്ളിൽ നിന്നൂതി ഉയർത്തിയ 
പുകയാണ് കാരണം
വൈദ്യുതി വാതക 
അടുപ്പില്ലാത്ത  കാലത്ത്
മഴയിൽ കുതിർന്ന  
വിറകുകൊള്ളികൂട്ടി
പാതകത്തിലെ മൂന്നു കല്ലടുപ്പിൽ 
കത്തിക്കാൻ പാടുപെടുന്നേരമമ്മ
ഉച്ഛ്വസിച്ച പുകയാൽ 
ചുമച്ചോരാ ചുമയിന്നും 
നെഞ്ചു കുലുക്കുന്നറിയാതെന്റെ. 
ഒട്ടും  പരാതികളൊന്നുമില്ലാതവരന്നു
മൂന്നു കല്ലുള്ളടുപ്പിൽ വച്ച് 
ഊതി കത്തിച്ചു തിളപ്പിച്ചു തന്നു 
സ്നേഹത്തിൻ ചൂടുള്ള ഭോജ്യങ്ങൾ 
മൂന്നു കല്ലടുപ്പിൻ കവിത വായിച്ചനേരത്ത്  
ഓർത്തുപോയിഞാനാ പോയകാലത്തെ 

(സന്ദര്‍ഭോചിതമായ ചിത്രങ്ങൾകൊണ്ട് 
വിഷയത്തിന് ദൃശ്യാവിഷ്‌ക്കാരം   നല്കുന്നവർക്കും  
അഭിനന്ദനങ്ങൾ)  

Sweet Memories. 2018-12-12 19:18:39

Sweet, sweet memories

I remember we had a very small kitchen attached to the main house. Firewood was always stocked outside. Ha! Early morning getting outside in the foggy cold morning and blowing and blowing to lit the fire- it was a good exercise. When the fire was lit, it was enchanting to sit close and warm up rewarded by the hot coffee.

andrew

Sudhir Panikkaveetil 2018-12-12 17:55:20
കവിത വളരെ ഇഷ്ടമായി. ഗൃഹാതുരത്വം 
മനോഹരമായ  ഭാഷയിൽ കറന്നെടുത്തപ്പോൾ 
അതിൽ കൽക്കണ്ടം ചേർത്തപോലെയായി 
അതിലെ വിവരണങ്ങൾ . ആധുനിക സൗകര്യങ്ങളിൽ ഒരു പോരായ്മയുണ്ട് 
അതിൽ ഒരു സുരക്ഷകുറവുണ്ടെന്നും വിവക്ഷിക്കുന്നില്ലേ?കവിക്ക് ഭാവുകങ്ങൾ.
pisharorody rema 2018-12-14 12:44:40
Thank you for reading my poetry .. and for the good wordls...

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക