Image

നിഷേധിക്കപ്പെട്ട നീതിയ്ക്കായി മരണം വരെ തെരുവില്‍, ശ്രീജിത്ത്

Published on 12 December, 2018
നിഷേധിക്കപ്പെട്ട നീതിയ്ക്കായി മരണം വരെ തെരുവില്‍, ശ്രീജിത്ത്

 മഴവും വെയിലും പാതയോരത്തെ പൊടിയും സഹിച്ച്‌ മൂന്ന് വര്‍ഷമായി ഈ യുവാവ് സെക്രട്ടേറിയറ്റിനുമുന്നില്‍ സമരത്തിലാണ്. അനുജന്‍ ശ്രീജീവിന്റെ ഘാതകരായ പൊലീസുകാരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ ശ്രീജിത്ത് തുടങ്ങിയ സമരം അനന്തമായി നീളുകയാണ്. നിഷേധിക്കപ്പെട്ട നീതിയ്ക്കായി മരണം വരെ തെരുവില്‍ കിടക്കുമെന്ന നിലപാടിലാണ് ശ്രീജിത്ത്

സമരം രണ്ടുവര്‍ഷത്തിലേറെ ആരാലും ശ്രദ്ധിക്കാതെപോയി. ഒടുവില്‍ സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ ഇടപെട്ടതോടെ സമരത്തിന് പുതിയ മുഖം കൈവന്നു. സര്‍ക്കാരിന് ഉണരേണ്ടിവന്നു. അങ്ങനെ ശ്രീജിത്തിന്റെ ഒന്നാമത്തെ ആവശ്യം അംഗീകരിച്ച്‌ കേസ് അന്വേഷണം സി.ബി.ഐ യ്ക്ക് വിട്ടു.പക്ഷേ പൊലീസുകാര്‍ക്കെതിരെ മാത്രം നടപടി ഉണ്ടായില്ല .

ശ്രീജീവിനെ കൊന്നതല്ലെങ്കില്‍ പിന്നെന്ത് ?

2014 മെയ് 19 നാണ് നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്ബ് പുതുവല്‍പുത്തന്‍വീട്ടില്‍ ശ്രീജീവെന്ന 25 കാരനെ മോഷണ കുറ്റം ചുമത്തി പാറശാല പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ലോക്കപ്പില്‍ വിഷം കഴിച്ചെന്ന പേരില്‍ ഇയാളെ ആശുപത്രിയിലെത്തിച്ചു. ശ്രീജീവ് മരിച്ചെന്ന വിവരമാണ് ശ്രീജിത്ത് അടക്കമുള്ള ബന്ധുക്കളെ പിറ്റേന്ന് പൊലീസ് അറിയിച്ചത്. പൊലീസുകാരായ പ്രതികള്‍ക്കെതിരെ കേസുമായിപോകാന്‍ പേടിച്ച കുടുംബം പൊലീസ് കംപ്ലയിന്റ് അതോറിറ്റിയില്‍ പരാതി നല്‍കി.ശ്രീജീവ് ലോക്കപ്പില്‍ വിഷം കഴിച്ചതാണെന്ന പൊലീസുകാരുടെ കഥ അന്നത്തെ കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ തള്ളി.പാറശാല എസ് .ഐ ആയിരുന്ന ഗോപകുമാര്‍,എ.എസ്.ഐ ഫിലിപ്പോസ്, രണ്ടുപൊലീസുകാര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി.ശ്രീജീവിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നല്‍കാനും പൊലീസുകാര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാനും വിധിയുണ്ടായി .പക്ഷേ പൊലീസുകാര്‍ക്കെതിരെയുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നില്ല.

ഞാന്‍ കിടക്കുന്നത് അര്‍ഹതപ്പെട്ട നീതിക്ക് വേണ്ടി

ഞാന്‍ ഒരു പൊലീസുകാരനെ കൊന്നാല്‍ ഒരന്തി വീട്ടില്‍ കിടന്ന് ഉറങ്ങാന്‍ കഴിയുമോ.പിന്നെന്തിനാണ് ഇതേ കുറ്റം ചെയ്ത പൊലീസുകാര്‍ക്ക് മറ്റൊരു നീതി? . പ്രഖ്യാപിച്ച സി.ബി.ഐ അന്വേഷണം നടക്കുന്നുണ്ടോ എന്നുപോലും ഇപ്പോള്‍ സംശയമാണ് . കുറ്റവാളികളെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നതിലൂടെ തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തുകൊടുക്കുകയാണിപ്പോള്‍ . തെറ്റുകാരെ ശിക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാകണം .അത് മറ്റു പോലീസുകാര്‍ക്ക് പാഠമായി തീരും. -ശ്രീജിത്ത് പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക