Image

നഷ്ടങ്ങളുടെ പങ്കുപറ്റാന്‍ ആരും വരില്ലെന്ന ബോധ്യത്തിലാണ് ഞാനിപ്പോള്‍: ദീപ നിശാന്ത്

Published on 12 December, 2018
നഷ്ടങ്ങളുടെ പങ്കുപറ്റാന്‍ ആരും വരില്ലെന്ന ബോധ്യത്തിലാണ് ഞാനിപ്പോള്‍: ദീപ നിശാന്ത്
ശാന്തമായിരിക്കുമ്പോള്‍ മാത്രമേ നമുക്ക് പക്വതയോടെ പെരുമാറാനും എഴുതാനും കഴിയൂ എന്ന ബോധ്യമുണ്ട്. അശാന്തമായ മനസ്സോടെ ഇതെഴുന്നതിലുള്ള ആശങ്കയുമുണ്ട്. എനിക്ക് ചുറ്റുമുള്ള ഓരോരുത്തരും ഓരോ കോടതി മുറികളായി മാറുന്ന കാഴ്ച ഞാന്‍ കാണുന്നുണ്ട്. നീതിമാന്മാരുടെ ഒരു ലോകത്ത് ഏകകുറ്റവാളിയായി നില്‍ക്കുന്ന എന്നെ അവിടെ എനിക്കു കാണാം.. ഞാനെത്രയോ തവണ ഏറ്റുപറഞ്ഞ എന്റെ പിഴവിനെ വീണ്ടും വീണ്ടും ഇഴകീറി പരിശോധിച്ച് ഞാന്‍ പറഞ്ഞ മാപ്പിന്റെ 'ഗ്രാവിറ്റി' അളക്കുന്ന നിരവധി പേര്‍.. ആരോടും പരാതിയില്ല. പ്രതിഷേധവുമില്ല. എന്റെ നേട്ടങ്ങളില്‍ എന്റെ കൂടെയുണ്ടായിരുന്ന പലരും ഇപ്പോള്‍ അപ്രത്യക്ഷരാണ്. എന്റെ നേട്ടങ്ങളിലേ പങ്കാളികളുള്ളൂ... നഷ്ടങ്ങളുടെ പങ്കുപറ്റാന്‍ ആരും വരില്ലെന്ന ബോധ്യത്തിലാണ് ഞാനിപ്പോള്‍ മുന്നോട്ടു നീങ്ങുന്നത്..

ഇന്നലെ സംസ്ഥാനകലോത്സവവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയില്‍ മേല്‍പ്പറഞ്ഞ വിവാദം ഞാന്‍ ക്ഷണിച്ചു വരുത്തിയതാണെന്നും അതൊഴിവാക്കാമായിരുന്നുവെന്നുമുള്ള അഭിപ്രായങ്ങള്‍ പലതും കണ്ടു. ആരോഗ്യകരമായ എല്ലാ വിമര്‍ശനങ്ങളേയും ഞാന്‍ സ്വാഗതം ചെയ്യുന്നു. അതിനു പിന്നിലെ ചേതോവികാരം മാനിക്കുന്നു.

രണ്ടാഴ്ച മുന്‍പാണ് കലോത്സവ ജൂറിയിലേക്ക് എന്നെ ക്ഷണിച്ചു കൊണ്ടുള്ള അറിയിപ്പ് കിട്ടിയത്. ഞാനത് സ്വീകരിക്കുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ചക്കാലമായുള്ള വിവാദപശ്ചാത്തലത്തില്‍ വിധികര്‍ത്താവിന്റെ വേഷത്തില്‍ നിന്നും വിട്ടു നില്‍ക്കാമെന്ന എന്റെ അഭിപ്രായം എന്നെ ക്ഷണിച്ചവരോട് നേരത്തെ തന്നെ ഞാനറിയിച്ചിരുന്നു. പൊതുമണ്ഡലത്തില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള തീരുമാനം അബദ്ധമാണെന്നും, ഈയൊരൊറ്റ വിവാദം കൊണ്ട് നശിച്ചുപോകേണ്ടതല്ല എന്റെ ഭാവി പ്രവര്‍ത്തനങ്ങളെന്നും പറഞ്ഞത് ആ തീരുമാനത്തോട് ശക്തമായ വിയോജിപ്പ് അറിയിച്ചതനുസരിച്ചാണ് ഞാന്‍ ആലപ്പുഴയിലേക്ക് പോയത്. ഓഫ് സ്റ്റേജ് മത്സരയിനമായതിനാല്‍ ഇത് വലിയ ചര്‍ച്ചയാകില്ലെന്നും കവിതയുമായി ബന്ധപ്പെട്ട വിവാദം ഇതുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും ഒഴിഞ്ഞു മാറിയാലാണ് അത് ചര്‍ച്ചയാവുകയെന്നും പറഞ്ഞപ്പോള്‍ ഞാനാ വാക്കുകള്‍ മാനിച്ചു. ഉത്തരവാദിത്തപ്പെട്ട ഒരുദ്യോഗസ്ഥനില്‍ നിന്നുമുണ്ടായ, എനിക്ക് മാനസികമായി ഊര്‍ജം പകര്‍ന്ന ആ വാക്കുകളെ ഞാന്‍ കൃതജ്ഞതയോടെ തന്നെ ഇപ്പോഴും ഓര്‍ക്കുന്നു.

ആലപ്പുഴയിലെത്തിയപ്പോള്‍, സംഭവം വിവാദമായ സന്ദര്‍ഭത്തില്‍ എന്നെ വിളിച്ച് , ഞാന്‍ സ്വമേധയാ മടങ്ങിപ്പോകുകയാണെന്ന് മാധ്യമപ്രവര്‍ത്തകരെ അറിയിക്കാന്‍ പറഞ്ഞപ്പോള്‍ എനിക്കത് അപമാനകരമായി തോന്നി. പാതിരാത്രി ഒരു കാറില്‍ ആലപ്പുഴയിലേക്ക് പുറപ്പെട്ടത് ജൂറിയായിരിക്കാനുള്ള മോഹം കൊണ്ടല്ല. എന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തം തീര്‍ക്കണമെന്ന കര്‍ത്തവ്യ ബോധമുള്ളതുകൊണ്ട് മാത്രമാണ്. ഞാന്‍ ആ അഭിപ്രായത്തോട് വിയോജിച്ചു. സ്വമേധയാ ഞാനൊഴിയില്ലെന്നും എന്നെ ഒഴിവാക്കണമെങ്കില്‍ ആവാമെന്നും പറഞ്ഞു. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ എന്നെ വിളിച്ച് വിധി നിര്‍ണയം ആരംഭിച്ചോളാന്‍ അറിയിച്ചതനുസരിച്ച് ഞാന്‍ എന്നെ ഏല്‍പ്പിച്ച ജോലിയിലേര്‍പ്പെട്ടു. അത് ഭംഗിയായി തീര്‍ക്കുകയും ചെയ്തു.

അതേ ദിവസം തന്നെ ഉച്ചയ്ക്ക് 3 30 ന് ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഒരു പാലിയേറ്റീവ് സംഗമത്തിന്റെ ഉദ്ഘാടനവും ഏറ്റിരുന്നു. ആ പരിപാടിയുടെ മുഖ്യ സംഘാടകനായ ശ്രീ റിയാസിനോട് ഞാന്‍ ഇത്തരമൊരു വിവാദ പശ്ചാത്തലത്തില്‍ ആ പരിപാടിയില്‍ ഞാന്‍ പങ്കെടുക്കേണ്ടതുണ്ടോ എന്ന് ചോദിച്ചിരുന്നു. ഒഴിവാകാന്‍ പരമാവധി ശ്രമിച്ചിരുന്നതുമാണ്. ഇച്ഛാശക്തിയുള്ള ആ സംഘാടകരുടെ നിര്‍ബന്ധമാണ് ആ പരിപാടിയില്‍ പങ്കെടുക്കാനുള്ള കാരണം. വളരെ ഭംഗിയായി സംഘടിപ്പിക്കപ്പെട്ട ആ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ഏറെ ആഹ്ലാദകരമായ അനുഭവം തന്നെയായിരുന്നു. അതിന് അവസരമൊരുക്കിയതിന് ഞാന്‍ പി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ സംഘാടകരോട് നന്ദി പറയുന്നു.

മറ്റൊന്നും പറയാനില്ല.

ഒഴുക്കിലൂടെ നീന്തുകയാണ്..

പൊങ്ങിക്കിടക്കുന്ന ഒരു മരക്കമ്പു പോലെ...

എവിടെ വരെയെത്തുമോ അവിടെ വരെ!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക