Image

2019 ഒരു ത്രില്ലര്‍ സിനിമയായിരിക്കും (ശ്രീജിത്ത് ശ്രീകുമാര്‍)

Published on 12 December, 2018
2019 ഒരു ത്രില്ലര്‍ സിനിമയായിരിക്കും (ശ്രീജിത്ത് ശ്രീകുമാര്‍)
എല്ലാവരും രാഹുല്‍ഗാന്ധിയെ പൊക്കിയടിക്കുന്ന തിരക്കില്‍ ആണ്. ബിജെപി തകര്‍ന്നു എന്നൊക്കെയാണ് പറയുന്നത്. സത്യത്തില്‍ ഇപ്പോഴും രാഹുല്‍ ഒരു വലിയ സ്വാധീനം ചെലുത്തുന്ന നേതാവൊന്നും ആയിട്ടില്ല എന്നാണ് തോന്നുന്നത്, കോണ്‍ഗ്രസ്സുകാരുടെ ഇടയില്‍ അല്ല മൊത്തത്തില്‍. ഈ വിജയം ഒരു രാഹുല്‍ തരംഗമൊന്നും ആയി കാണാന്‍ കഴിയില്ല അങ്ങനെയാണെങ്കില്‍ മിസോറാമും, തെലുങ്കാനയും കോണ്‍ഗ്രസ്സ് തൂത്തുവാരിയേനെ.

രാജസ്ഥാനില്‍ അത്യാവശ്യം നല്ല ഒരു പങ്ക് ക്രെഡിറ്റ് സച്ചിന്‍ പൈലറ്റിന് കൊടുക്കണം, അദ്ദേഹത്തെപോലൊരു വിദ്യാഭ്യാസമുള്ള, നല്ല െ്രെഡവ് ഉള്ള (രാജസ്ഥാന്‍ മൊത്തം ഓടി നടന്നു പാര്‍ട്ടിക്ക് ജീവന്‍ കൊടുക്കുന്നതില്‍, ഏകോപിപ്പിക്കുന്നതില്‍) യുവ നേതാവിനെ കോണ്‍ഗ്രസ്സിന്റെ ചുക്കാന്‍ ഏല്‍പ്പിച്ച രാഹുല്‍ഗാന്ധിക്കും പങ്കില്ല എന്നല്ല. കുറേ പഴഞ്ചന്‍ നേതാക്കള്‍ക്കിടയില്‍ കോണ്‍ഗ്രസ്സിന് ഏറ്റവും വലിയ ഒരു അസറ്റ് ആണ് പൈലറ്റ്. ഒരു മോഡേണ്‍ ഇന്ത്യക്ക് പറ്റിയ നേതാവ്. ഇവിടെയും കര്‍ഷകരുടെ സ്വിങ് ഉണ്ടായിട്ടുണ്ട് അത് മനസ്സിലാക്കാന്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളുടെ വിജയം കൂടി ചേര്‍ത്ത് വായിക്കണം.ഒപ്പം ഓര്‍ക്കേണ്ട മറ്റൊരു കാര്യം തൊണ്ണൂറുകള്‍മുതല്‍ കേരളം മാതിരി അഞ്ചുകൊല്ലം കൂടുമ്പോള്‍ മാറുന്ന ഒരു രീതിയും ഉണ്ട് അവിടെ എന്നതാണ്.

15 കൊല്ലത്തിനു ശേഷവും മധ്യപ്രദേശില്‍ ബിജെപി ഒപ്പത്തിനൊപ്പം ആണ്. ഒരു കണക്കിന് അവിടത്തെ ബിജെപി പിന്നില്‍ നിന്നതു മോദിക്ക് നല്ലതും ആണ് കാരണം ജയിച്ചിരുന്നുവെങ്കില്‍ 2019ല്‍ പുള്ളിയുടെ പ്രധാനമന്ത്രി പദവിക്ക് വരുമായിരുന്ന ഒരു പൊട്ടന്‍ഷ്യല്‍ എതിരാളി ഇല്ലാതായി. ഇപ്പോഴും 2019ല്‍ നല്ലവണ്ണം ഇന്‍ഫ്‌ലുവെന്‍സ് ചെയ്യാന്‍ കഴിയുന്ന നേതാവാണ് ശിവ്!രാജ് സിങ് ചൗഹാന്‍. മുസ്‌ലിം സമുദായത്തില്‍ അടക്കം അത്യാവശ്യം സ്വീകാര്യനായ നേതാവാണ് അദ്ദേഹം. കര്‍ഷകരുടെ അവസ്ഥയും, കര്‍ഷക പ്രക്ഷോഭങ്ങളും, അവരുടെ കടങ്ങള്‍ എഴുതിത്തള്ളാം തുടങ്ങിയ വാഗ്ദാനങ്ങളും കൂടിയാണ് കോണ്‍ഗ്രസ്സിന് ഇവിടെ സഹായകരമായത്. ഇനി കമല്‍ നാഥ്, ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി മോഹികളെ എങ്ങനെ അനുനയിപ്പിക്കും എന്നും നോക്കികാണേണ്ട ഒന്നാണ്. ഇവിടത്തെ ഏറ്റവും നല്ല തമാശ, ബിജെപിക്ക് മനസ്സിലാവുമെങ്കില്‍, പശുമന്ത്രിയുടെ പരാജയം ആണ്.

ചത്തീസ്ഗഡില്‍ ആണ് തിരഞ്ഞെടുപ്പിന് വളരെ മുന്‍പേ വലിയ വാഗ്ദാനങ്ങളുമായി പ്രകടന പത്രിക ഇറക്കി കോണ്‍ഗ്രസ്സ് പ്രവര്‍ത്തനം ശരിക്കും ഫലം കണ്ടത്. കാരണം ബിജെപി ഇവിടെ ജനങ്ങളെ നേരിട്ടത് ആ വാഗ്ദാനങ്ങളില്‍ വിശ്വസിക്കരുത് എന്ന് പറഞ്ഞാണ്. ഇവിടേയും നോട്ടു നിരോധനത്തില്‍ നടുവൊടിഞ്ഞ കര്‍ഷകര്‍ നിര്‍ണ്ണായകമായ ഒരു ഘടകം ആയിരുന്നു. എന്നാലും ഇത്രക്കുള്ള കോണ്‍ഗ്രസ്സ് വിജയം ഒരു സര്‍െ്രെപസ് ആയിരുന്നു.

രാഹുലിലേക്ക് നോക്കുമ്പോള്‍ കാണുന്ന, മൂപ്പര്‍ക്ക് ഗുണമുള്ള ഒന്നാമത്തെ കാര്യം മൂപ്പര്‍ അല്ലാതെ വേറൊരു ഓപ്ഷന്‍ ബിജെപി ഇതര കക്ഷികള്‍ക്ക് ഒന്നിച്ചു നില്‍ക്കുമ്പോള്‍ ഇപ്പോള്‍ ഇല്ല എന്നതാണ്. കോണ്‍ഗ്രസ്സിന് ഗാന്ധി കുടുംബം എന്ന ഫാമിലി സെറ്റപ്പ് കാര്യങ്ങള്‍ കണ്‍ട്രോള്‍ ചെയ്തില്ലെങ്കില്‍ എന്ന് പണി പൂട്ടി എന്ന് ചോദിച്ചാല്‍ മതി. രണ്ടാമത്തെ കാര്യം അത്യാവശ്യം ഹിന്ദു കാര്‍ഡ് കളിക്കാന്‍ അമ്പല വിസിറ്റുകളും മറ്റുമായി രാഹുലും പഠിച്ചു അഥവാ ബിജെപി രാഹുലിനെ പഠിപ്പിച്ചു എന്നതാണ്. കഴിഞ്ഞ നവംബറില്‍ ഗുജറാത്തില്‍ ഞാനൊരു ശിവ ഭക്തനാണ് എന്ന് തുടങ്ങിയ രാഹുല്‍ ഈ നവംബറില്‍ ഞാനൊരു കൗള്‍ ബ്രാഹ്മണന്‍ ആണ് ദത്തത്രേയ ഗോത്രക്കാരനാണ് എന്ന് വരെ പറഞ്ഞാണ് ബിജെപി ആരോപണങ്ങളെ നേരിട്ടത്. അതുകൊണ്ടു തന്നെ വ്യക്തിപരമായി വളരെ നല്ല ഒരു മനുഷ്യന്‍ ആണെങ്കിലും രാഹുല്‍ നയിക്കുന്ന കോണ്‍ഗ്രസ്സ് അവസ്ഥയും നെഹ്രുവിന്റെ കോണ്‍ഗ്രസ്സും തമ്മില്‍ വ്യത്യാസം ഉണ്ട്. അതുകൊണ്ട് സെക്കുലര്‍ ഇന്ത്യ തിരിച്ചുവരുന്നു എന്ന ഡയലോഗൊക്കെ നാട്ടില്‍ ഇരുന്നു കണ്ണടച്ച് ഇരുട്ടാക്കി കുളിര്‍ കോരിയിടാന്‍ നല്ലതാണ്. സംഗതി ചില്ലറ മൃദു ഹിന്ദുത്വം കൂട്ടികുഴച്ച ഐറ്റം തന്നെ. അത് വേണം താനും ബിജെപിയോടു കളി ജയിക്കാന്‍.ഇതൊന്നും കാണാതെ ഇന്ത്യയിലെ ജനങ്ങള്‍ സെകുലര്‍ ആയി എന്നൊക്കെ പറയുന്നത് കേള്‍ക്കാന്‍ തന്നെ നല്ല തമാശയാണ്.

ഇനി ഈ വിജയത്തിനെക്കുറിച്ചാണെങ്കില്‍ അത് മറ്റൊന്നും ഇല്ലാത്തതിനാല്‍ ബിജെപിക്ക് പകരം കോണ്‍ഗ്രസ്സിനെ വീണ്ടും നോക്കാം എന്ന് കരുതി നോട്ടു നിരോധനം മൂലം നടുവൊടിഞ്ഞ അങ്ങ് ഡെല്‍ഹിവരെ പോയി തങ്ങളുടെ ഗതികേട് ബോധ്യപ്പെടുത്താന്‍ ശ്രമിച്ച കര്‍ഷകരുടെ, മറ്റു സാധാരണക്കാരുടെ ജനാധിപത്യത്തിനുള്ളില്‍ നിന്നുകൊണ്ടുള്ള അതിജീവന ശ്രമങ്ങളുടെ ആകെ ചെയ്യാനുള്ള പരീക്ഷണം എന്ന ഗതികേടിന്റെ പ്രതിഫലനം മാത്രമാണ്. പ്രതീക്ഷ എന്ന ഒരൊറ്റ കച്ചിത്തുരുമ്പില്‍ നിവര്‍ത്തിയില്ലാത്തതുകൊണ്ട് പോയി കുത്തുന്നതാണ് ഒരു പുതിയ വാഗ്ദാനപെരുമഴക്ക് മുന്നില്‍.

എന്തായാലും വിജയം വിജയമാണ്. ഇതുകൊണ്ട് രാഹുലിനെ കൂടുതല്‍ ആളുകള്‍ കേള്‍ക്കാന്‍ തുടങ്ങും. കോണ്‍ഗ്രസ്സിന് ഒരു കോണ്‍ഫിഡന്‍സ് വരും. പ്രിയങ്കയേയും കളത്തില്‍ ഇറക്കാവുന്നതാണ്, പഴയ ഇന്ദിരാ ഓര്‍മ്മകളുമായി കൂട്ടിക്കെട്ടി മാര്‍ക്കറ്റ് ചെയ്താല്‍ ചില വോട്ടുകള്‍ ആ വഴിക്കും കിട്ടും. അതിനോടൊപ്പം കൂടുതല്‍ പ്രാദേശിക കക്ഷികളുമായി തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാക്കാതെ ഇപ്പോള്‍ തന്നെ കൂട്ടുപിടിച്ചു പണി തുടങ്ങിയാല്‍ 2019ല്‍ ഒരു പ്രതീക്ഷ വെക്കാം.

അല്ലാതെ ബിജെപി തകര്‍ന്നിടിഞ്ഞു,എന്നൊക്കെ കരുതി 2019ല്‍ നമ്മള്‍ കയറും എന്നൊക്കെ സ്വപനം കണ്ടിരിക്കാന്‍ ഒന്നുകില്‍ അന്തമില്ലാത്ത ഒരു കോണ്‍ഗ്രസ്സ് ആരാധകന്‍ ആയിരിക്കണം. സെകുലര്‍ ഇന്ത്യ പാഞ്ഞുവരുന്നു എന്നൊക്കെ കരുതാന്‍ അന്ധമായി ബിജെപിയോട് അവരുടെ ഹിന്ദുത്വ രാഷ്ട്രീയത്തോട് വെറുപ്പുള്ള ആളായിരിക്കണം.

ഒരു കാര്യത്തില്‍ ബിജെപിക്ക് 2019ലേക്ക് നോക്കുമ്പോള്‍ ആശ്വസിക്കാം വലിയ സംസ്ഥാനങ്ങളില്‍ ഒരു കോണ്‍ഗ്രസ്സ് ഏകപക്ഷീയവിജയം ഉണ്ടായില്ല എന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും നല്ല ഒരു ഫൈറ്റ് കൊടുക്കാന്‍ കഴിഞ്ഞു. പതിനഞ്ചുകൊല്ലത്തെ തുടര്‍ച്ചയായ ഭരണത്തിന് ശേഷം സംഭവിക്കാവുന്ന മിശേശിരൗായലിര്യയുടെ പരിധിയില്‍പെടുത്താവുന്ന കാര്യങ്ങള്‍ മാത്രമേ മധ്യപ്രദേശിലും, ഛത്തീസ്ഗഡിലും സംഭവിച്ചിട്ടുള്ളു.ഒപ്പം മറ്റൊന്നുകൂടി അവര്‍ മനസ്സിലാക്കിയിരിക്കും, മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മുന്നില്‍ തള്ളലുകള്‍ ഒന്നും വിലപ്പോവില്ല അധികം. അടുപ്പുപുകയാന്‍ ബുദ്ധിമുട്ടുമ്പോള്‍ സാധാരണക്കാരന് എന്ത് ജിഡിപി? എന്ത് സ്‌റ്റോക്ക് മാര്‍ക്കറ്റ്? എന്ത് രാമരാജ്യം?

കോണ്‍ഗ്രസ്സിന് രാഹുല്‍ ഗാന്ധിക്ക് ഇത് ഒരു നല്ല തുടക്കം ആണ് 2019നെ കൂടുതല്‍ ആത്മവിശ്വാസത്തോടെ നേരിടാന്‍. ഇപ്പൊഴേ ആവശ്യമുള്ളവരുമായി സഖ്യമുണ്ടാക്കിപ്പോയാല്‍ 2019ല്‍ ബി ജെ പിയെ തളയ്ക്കല്‍ ഒരു വലിയ സാധ്യതതന്നെയാണ്. ഇനി തിരിച്ചു വരുമ്പോള്‍ തങ്ങള്‍ എങ്ങനെ പുറത്തായി എന്ന് ഓര്‍മ്മയുണ്ടായാല്‍ കൂടുതല്‍ നല്ലത്.

ചെറുകക്ഷികള്‍, ഒറ്റ സംസ്ഥാന കക്ഷികള്‍ കോണ്‍ഗ്രസ്സ് അതോ ബി ജെ പി എന്ന ഒരു കുടയ്ക്ക്കീഴില്‍ അണിനിരക്കുന്ന ഒരു രാഷ്ട്രീയ സ്ഥിതിയും കാണുന്നു.

2019 ഒരു ത്രില്ലര്‍ സിനിമയായിരിക്കും
2019 ഒരു ത്രില്ലര്‍ സിനിമയായിരിക്കും (ശ്രീജിത്ത് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക