Image

ഇലക്ഷന്‍ സെമി ഫൈനലില്‍ പാഠം പഠിച്ചത് മോദിയെങ്കില്‍ 2019ല്‍ ആര് വിജയിക്കും

കലാകൃഷ്ണന്‍ Published on 12 December, 2018
ഇലക്ഷന്‍ സെമി ഫൈനലില്‍ പാഠം പഠിച്ചത് മോദിയെങ്കില്‍ 2019ല്‍ ആര് വിജയിക്കും

മധ്യപ്രദേശിലും, രാജസ്ഥാനിലും, ചത്തീസ്ഗഡിലും ഭരണം നേടിയതിന്‍റെ വിജയ ആഹ്ലാദപ്രകടനത്തിലാണ് കോണ്‍ഗ്രസ്. മിസോറാമിലും തെലങ്കാനയിലും കോണ്‍ഗ്രസിന്‍റേത് ദയനീയ പ്രകടനമായിരുന്നുവെങ്കിലും ഹിന്ദിഹൃദയഭൂമിയിലെ വലിയ വിജയങ്ങള്‍ രാജ്യമെമ്പാടുമായി കോണ്‍ഗ്രസിനെ ആവേശത്തിലാക്കിയിരിക്കുന്നു. 2019ലെ ഇലക്ഷനില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ യുപിഎ ഗവണ്‍മെന്‍റ് അധികാരത്തില്‍ എത്തുമെന്നും പ്രധാനമന്ത്രിയായി രാഹുല്‍ഗാന്ധിയുടെ കടന്നു വരവ് ഉറപ്പാണെന്നും കോണ്‍ഗ്രസ് ഇന്ന് ആവേശം കൊള്ളുന്നു. 
എന്നാല്‍ അത്രയധികം ആവേശം കൊള്ളേണ്ടേ സ്ഥിതിയുണ്ടോ കോണ്‍ഗ്രസിന് എന്നതാണ് പ്രധാന ചോദ്യം. 
ഓരോ സംസ്ഥാനങ്ങളിലെയും വോട്ട് ഷെയര്‍ പരിശോധിച്ചാല്‍ കോണ്‍ഗ്രസിന്‍റെ നില അത്രമേല്‍ ഭദ്രമല്ല എന്നത് വ്യക്തമാണ്. ലോക്സഭയിലേക്ക് ഏറ്റവും കൂടുതല്‍ എം.പിമാരെ സംഭാവന ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്നായ മധ്യപ്രദേശിലെ വോട്ടിന്‍റെ ശതമാന കണക്ക് പരിശോധിച്ചാല്‍ ചിത്രം വ്യക്തമാകുന്നതാണ്. 114 സീറ്റ് നേടിയ കോണ്‍ഗ്രസിന് 49.6 ശതമാനം വോട്ട് ഷെയരാണ് അവിടെ ലഭിച്ചത്. അതേ സമയം 109 സീറ്റുകള്‍ നേടിയ ബിജെപിക്ക് അവിടെ 47.4 ശതമാനം വോട്ട് ഷെയറുണ്ട്. അതായത് രണ്ട് ശതമാനത്തില്‍ താഴെ മാത്രമാണ് ഇരു പാര്‍ട്ടികളുടെയും വോട്ട് ഷെയറിലുള്ള വിത്യാസം. 15 വര്‍ഷമായി തുടര്‍ച്ചയായി ഭരിക്കുന്ന ബിജെപി ഗവണ്‍മെന്‍റിനോട് കടുത്ത ഭരണ വിരുദ്ധ വികാരമുണ്ടായിരുന്ന സംസ്ഥാനത്തെ സ്ഥിതിയാണിത്. വെറും അഞ്ച് സീറ്റിന്‍റെയും രണ്ട് ശതമാനം വോട്ടിന്‍റെയും മേല്‍ക്കൈയാണ് കോണ്‍ഗ്രസിന് ഇവിടെ ലഭിച്ചത്. 
ഇനി അടുത്ത വലിയ സംസ്ഥാനമായ രാജസ്ഥാനിലേക്ക് വന്നാല്‍ കോണ്‍ഗ്രസിന്‍റെ വോട്ട് ഷെയര്‍ 49.5 ശതമാനമാണ്. ബിജെപി 36.5 ശതമാനം വോട്ട് ഷെയര്‍ നേടുകയുണ്ടായി. ബിജെപി രാജസ്ഥാനില്‍ അമ്പേ പരാജയപ്പെടുമെന്ന് ബിജെപി തന്നെ കരുതിയ സ്ഥാനത്താണ് 36.5 ശതമാനം വോട്ട് ഷെയര്‍ ലഭിക്കുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയോടുള്ള പാര്‍ട്ടിക്കുള്ളിലെ പട, ജനങ്ങളുടെ രോഷം, ബിജെപി കേന്ദ്രഘടകവുമായി അവര്‍ക്കുള്ള അധികാര തര്‍ക്കങ്ങള്‍, മോദിയെ അംഗീകരിക്കാത്ത മുഖ്യമന്ത്രിയുടെ പെരുമാറ്റം എന്നിവയെല്ലാം ഉള്ളതുകൊണ്ടു തന്നെ അമ്പേ പരാജയപ്പെടുമെന്ന് കരുതിയിടത്ത് എന്തുകൊണ്ട് 36.5 ശതമാനം വോട്ട് ഷെയര്‍ വന്നു. അതിന് കാരണം ഇലക്ഷന്‍റെ അവസാന റൗണ്ടില്‍ മോദിയും ഷായും നേരിട്ടിറങ്ങി നടത്തിയ രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചരണമാണ്. 
ഇനി ചത്തീസ്ഗഡിലേക്ക് നോക്കിയാല്‍ കോണ്‍ഗ്രസ് ഒരു യഥാര്‍ഥ വിജയം നേടിയത് ഇവിടെയാണ്. വോട്ട് ഷെയറിന്‍റെ 75.6 ശതമാനം കോണ്‍ഗ്രസ് നേടി. തൊണ്ണൂറില്‍ 68 സീറ്റുകള്‍ സ്വന്തമാക്കി. ബിജെപി വെറും പതിനഞ്ച് സീറ്റിലൊതുങ്ങി. വോട്ട് ഷെയര്‍ വെറും 16.7 ശതമാനം. എന്നാല്‍ ചത്തീസ്ഗഡ് കോണ്‍ഗ്രസിന്‍റെ വിജയ പട്ടികയില്‍ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. വ്യക്തമായി പറഞ്ഞാല്‍ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം ചത്തീസ്ഗഡിനെ പരിഗണിച്ചതേയില്ല. 15 വര്‍ഷം തുടര്‍ച്ചയായി ബിജെപി ഭരിക്കുന്ന ചത്തീസ്ഗഡിനെ കോണ്‍ഗ്രസിന് ലഭിക്കുമെന്ന് രാഹുല്‍ഗാന്ധി പോലും സ്വപ്നം കണ്ടിരുന്നില്ല. ജനങ്ങളുടെ ഭരണ വിരുദ്ധ വികാരം കോണ്‍ഗ്രസ് പോലും മിനക്കെടാതെ കോണ്‍ഗ്രസിന് അനുകൂലമായി വരുകയായിരുന്നു. 
ചത്തീസ്ഗഡില്‍ നിന്ന് മിസോറാമില്‍ എത്തുമ്പോള്‍ കോണ്‍ഗ്രസിന് വന്‍ പരാജയമാണ് നേരിടുന്നത്. 65 ശതമാനം വോട്ട് ഷെയര്‍ നേടി എം.എന്‍.എഫ് എന്ന പ്രാദേശിക കക്ഷി വിജയം കൊയ്തു. കോണ്‍ഗ്രസിന്‍റെ വോട്ട് ഷെയര്‍ വെറും 12.5 ശതമാനം മാത്രം. 
വീണ്ടും തെലങ്കാനയിലേക്ക് വരുമ്പോള്‍ കോണ്‍ഗ്രസിന് ദയനീയ പരാജയമാണ് നേരിടുന്നത്. ബിജെപിക്ക് കാര്യമായ പ്രസക്തിയില്ലാത്ത തെലങ്കാനയില്‍ കോണ്‍ഗ്രസും ടിആര്‍എസുമാണ് പ്രധാന രാഷ്ട്രീയ കക്ഷികള്‍. ഇവിടെ ടി.ആര്‍.എസ് 73.9 ശതമാനം വോട്ട് ഷെയര്‍  നേടി സുവര്‍ണ്ണ വിജയമാണ് നേടിയത്. എന്നാല്‍ കോണ്‍ഗ്രസ് വെറും 16 ശതമാനം വോട്ടുമായി കളത്തില്‍ നിന്ന് തന്നെ പുറത്തായി. 
തെലങ്കാനയിലെയും മിസോറാമിലെയും വിജയികള്‍ എന്‍.ഡി.എ മുന്നണിയിലേക്ക് കൂട്ടുചേര്‍്ക്കപ്പെടാന്‍ ഒരു പ്രയാസവുമില്ലാത്തവര്‍ തന്നെയാണ്. 
നേട്ടമുണ്ടാക്കാന്‍ എല്ലാ അവസരവും ഉണ്ടായിരുന്നിടത്ത് പോലും കോണ്‍ഗ്രസിന് തങ്ങളുടെ മിടുക്ക് പുറത്തെടുക്കാന്‍ കഴിഞ്ഞില്ല എന്നതാണ് ഇവിടെ മനസിലാക്കേണ്ടത്. മധ്യപ്രദേശ് പറയുന്നത് അതാണ്. മാത്രമല്ല പരാജയപ്പെട്ടിടത്ത് പരശതം പരാജയവുമായി കോണ്‍ഗ്രസ്. 
ഇവിടെ ഏറ്റവും കൂടുതല്‍ പാഠം പഠിക്കേണ്ടത് കോണ്‍ഗ്രസാണ്. ഇലക്ഷന്‍റെ ശതമാന കണക്കില്‍ പിടിച്ചു നില്‍ക്കാന്‍ ഭരണ വിരുദ്ധ വികാരത്തിനിടയിലും ബിജെപിക്ക് കഴിയുന്നുണ്ടെങ്കില്‍ അത് അവരുടെ രാഷ്ട്രീയ മിടുക്കാണ് എന്നതാണ്. വിഭജന രാഷ്ട്രീയത്തിനും അമിത ദേശിയ വാദത്തിനും ഇനിയും വോട്ട് നേടാന്‍ കഴിയുമെന്നത് യഥാര്‍ഥ്യവുമാകുന്നു. ഇലക്ഷന്‍ വിജയിക്കാന്‍ എന്തും ചെയ്യുക ഏത് കുതിരക്കച്ചവടവും നടത്തുക എന്നതാണ് ബിജെപിയുടെയും അമിത് ഷായുടെയും രീതി എന്നത് കര്‍ണ്ണാടകയിലും മറ്റും കണ്ടതാണ്. ഹിന്ദുത്വരാഷ്ട്രീയത്തിന്‍റെ വെറുപ്പിന്‍റെ ഫാക്ടറികളില്‍ നിന്നാണ് അവര്‍ വോട്ട് ഷെയര്‍ കണ്ടെത്തുന്നത്. 
സെമിഫൈനലിലെ ഇലക്ഷന്‍ റിസള്‍ട്ട് എവിടെ കൂടുതല്‍ ഇറങ്ങി കളിക്കണം എന്ന തിരിച്ചറിവാണ് മോദിക്കും കൂട്ടര്‍ക്കും നല്‍കുന്നതെങ്കില്‍ കോണ്‍ഗ്രസ് 2019ലെ ഇലക്ഷനില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല. മറിച്ച് ബിജെപിയുടെ വെറുപ്പിന്‍റെ രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് ജനങ്ങളിലേക്ക് കൂടുതല്‍ കൂടുതലായി ഇറങ്ങിച്ചെല്ലുകയാണ് വേണ്ടത്. ഒപ്പം പ്രതിപക്ഷ ഐക്യനിരയിലേക്ക് മതേതര കക്ഷികളെ കൂടുതല്‍ കൂട്ടുചേര്‍ക്കുകയും വേണം. എങ്കില്‍ മാത്രമേ 2019 ലോക്സഭാ ഇലക്ഷനില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ വെക്കാന്‍ കഴിയു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക