Image

സംവിധായകന്‍ തോപ്പില്‍ അജയന്‍ അന്തരിച്ചു

Published on 13 December, 2018
സംവിധായകന്‍ തോപ്പില്‍ അജയന്‍ അന്തരിച്ചു


തിരുവനന്തപുരം: സംവിധായകന്‍ അജയന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 'പെരുന്തച്ചന്‍' എന്ന ഒറ്റ സിനിമയുടെ സംവിധാനത്തിലൂടെ ശ്രദ്ധേയനായ അജയ്‌ വിഖ്യാത നാടകകാരന്‍ തോപ്പില്‍ ഭാസിയുടെയും അമ്മിണിയമ്മയുടേയും മകനാണ്‌.ഡോ.സുഷമയാണ്‌ ഭാര്യ. പാര്‍വ്വതി, ലക്ഷ്‌മി എന്നിവരാണ്‌ മക്കള്‍. സംസ്‌കാരം നാളെ നടക്കും.

1990ല്‍ പുറത്തിറങ്ങിയ പെരുന്തച്ചന്റെ രചന എം ടി വാസുദേവന്‍ നായരുടേതാണ്‌. പെരുന്തച്ചനിലുടെ നവാഗത സംവിധായകനുള്ള സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌. അരവിന്ദന്‍, കെ ജി ജോര്‍ജ്‌, ഭരതന്‍, പത്മരാജന്‍, എന്നിവര്‍ക്കൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

അഡയാര്‍ ഫിലിം ടെക്‌നോളജിയില്‍ ഡിപ്ലോമ നേടിയ ശേഷം സിനിമയിലെത്തിയ അജയന്‍ അച്ഛന്‍ തോപ്പില്‍ ഭാസിയ്‌ക്കൊപ്പം അസോസിയേറ്റ്‌ ഡയറക്ടറായി പ്രവര്‍ത്തനം തുടങ്ങി. ഭരതനും പത്മരാജനും ഒപ്പം പ്രവര്‍ത്തിച്ചു. നിരവധി ഡോക്യുമെന്ററികളും സംവിധാനം ചെയ്‌തിട്ടുണ്ട്‌.

 57 ദിവസംകൊണ്ടാണ്‌ പെരുന്തച്ഛന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്‌. ഒരു സിനിമയ്‌ക്ക്‌ 50-60 ലക്ഷം രൂപ വേണ്ടിവരുമായിരുന്ന അക്കാലത്ത്‌ പെരുന്തച്ചന്‌ ചെലവായത്‌ വെറും 32 ലക്ഷവും.ഭാവചിത്രയുടെ ബാനറില്‍ ജയകുമാര്‍ നിര്‍മ്മിച്ച്‌ തിയേറ്ററുകളിലെത്തിച്ച പെരുന്തച്ചന്‍ മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായി. ഏറ്റവും മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ പുരസ്‌കാരം അജയന്‌ ഈ ചിത്രം നേടിക്കൊടുത്തു.

മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്‌ ആദ്യമായി തിലകന്‌ ലഭിക്കുന്നത്‌ ഈ ചിത്രത്തിലെ പ്രകടനത്തിനാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക