Image

എന്തിന് ഈ ഹര്‍ത്താല്‍, ഇത് ബിജെപിയുടെ നാണംകെട്ട മുതലെടുപ്പ്

കലാകൃഷ്ണന്‍ Published on 13 December, 2018
എന്തിന് ഈ ഹര്‍ത്താല്‍, ഇത് ബിജെപിയുടെ നാണംകെട്ട മുതലെടുപ്പ്

സത്യന്‍ അന്തിക്കാടിന്‍റെ സന്ദേശം സിനിമയില്‍ ഹാര്‍ട്ട് അറ്റാക്ക് വന്ന് മരണപ്പെട്ട വ്യക്തിയെ രക്ഷസാക്ഷിയും ബലിദാനിയുമാക്കി ഏറ്റെടുക്കുന്നതിന് ശവശരീരത്തിനായി തെരുവില്‍ തല്ലുന്ന രാഷ്ട്രീയ കഥാപാത്രങ്ങളെ കാണാം. എന്നാല്‍ എല്ലാ സീമകളു ലംഘിച്ച് ഉളുപ്പിലായ്മയെപോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ ഹര്‍ത്താല്‍ നടത്താനൊരുങ്ങുകയാണ് ബിജെപി. 
സെക്രട്ടറിയേറ്റിലെ ബിജെപി സമരപ്പന്തലിന് മുന്നില്‍ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വേണുഗോപാലന്‍ നായരുടെ മരണമൊഴിയും ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നു. ജീവിതം തുടരാന്‍ താത്പര്യമില്ലെന്ന നിരാശയില്‍ അയാള്‍ ചെയ്തതാണെന്ന് മരണമൊഴിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ അയാള്‍ കൃത്യത്തിന് തിരഞ്ഞെടുത്തത് ബിജെപിയുടെ സമരപ്പന്തലായിരുന്നു. അവിടേക്ക് ഓടിക്കയറാന്‍ ശ്രമിച്ച വേണുഗോപാലനെ ബിജെപിക്കാര്‍ തന്നെ തടഞ്ഞ് അകറ്റി. അയാള്‍ ബിജെപിക്കാരനായിരുന്നില്ല. നാമജപഘോഷയാത്രയില്‍ പങ്കെടുത്ത ആളായിരുന്നില്ല. ആയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത് എന്തെങ്കിലും മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നില്ല. 
എന്നിട്ടും ആ ആത്മഹത്യയെ ഏറ്റെടുക്കുകയാണ് ബിജെപി. വേണുഗോപാലന്‍ നായര്‍ ശബരിമല വിഷയത്തില്‍ മനംനൊന്ത് മരണപ്പെട്ടുവെന്നാണ് കണ്ടെത്തല്‍. അയാളുടെ കുടുംബം പോലും ഉന്നയിക്കാത്ത ആരോപണം ഏറ്റെടുക്കുന്നു ബിജെപി. 
രാഷ്ട്രീയ ലാഭത്തിന് വേണ്ടി കേവലരാഷ്ട്രീയം കളിക്കുന്ന പാര്‍ട്ടികളെ എപ്പോഴും കാണാവുന്നതാണ്. ശബരിമല സ്ത്രീപ്രവേശനം രാഷ്ട്രീയ അവസരമാക്കാന്‍ ബിജെപിയും കോണ്‍ഗ്രസും കിണഞ്ഞ് ശ്രമിക്കുന്നുമുണ്ടായിരുന്നു. എന്നാല്‍ ഒരു മരണം പോലും തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നതിനെ എന്ത് പേരിട്ട് വിളിക്കണം. ഇത് തികഞ്ഞ കുറ്റകരമായ നിലപാട് തന്നെയാണ്. 
ഇനി നിലപാടിലെ ഇരട്ടത്താപ്പ് പോലും നോക്കണം. 
ശബരിമല വിഷയത്തില്‍ മനംനൊന്ത് വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്തു എന്നാണ് ബിജെപിയുടെ ആരോപണം. അതിനാണ് ഹര്‍ത്താല്‍ പ്രഖ്യാപനം. എന്നാല്‍ ഹര്‍ത്താലില്‍ നിന്ന് സൂപ്പര്‍താരത്തിന്‍റെ സിനിമയെ ഒഴിവാക്കിയിരിക്കുന്നു. തെമ്മാടിത്തരം കാണിക്കുന്നതിലും ഇരട്ടത്താപ്പ് കാണിക്കുന്നവരെ ഇനി എന്ത് പേരിട്ട് വിളിക്കും. 
ഹര്‍ത്താലില്‍ ഏതെങ്കിലും പാവപ്പെട്ടവന്‍ ഓട്ടോറിക്ഷ ഇറക്കിയാല്‍ അത് തല്ലിപ്പൊളിക്കും. ഹോസ്പിറ്റലില്‍ പോകുന്ന കാറിന്‍റെ കാറ്റ് അഴിച്ചു വിടും. ഏതെങ്കിലും ഓണംകേറാ മൂലയിലെങ്ങാനും വല്ല മുറുക്കാന്‍ കടയും തുറന്നുപോയാല്‍ അത് അടിച്ചു തകര്‍ക്കും. അത്രയ്ക്കാണ് ഹര്‍ത്താലിനോടുള്ള ധാര്‍മ്മികത. പക്ഷെ സൂപ്പര്‍താരത്തിന്‍റെ സിനിമക്ക് ഹര്‍ത്താലില്ല. മരണത്തില്‍ പ്രതിഷേധിച്ച് നടത്തുന്ന ഹര്‍ത്താലില്‍ എന്‍റര്‍ടെയിന്‍മെന്‍റിന് ഇളവ് നല്‍കുന്നു. 
നാണക്കേടേന്ന് ഇതിനെ വിളിച്ചാല്‍ ആ വാക്കിന് തന്നെ നാണക്കേടാവും. അത്രയ്ക്ക് പരിഹാസ്യമാണിത്. 
സൂപ്പര്‍താരത്തിന്‍റെ ഫാന്‍സിനെ ബിജെപിക്ക് ഭയമാണ് എന്നതാണ് സത്യം.് അവര്‍ ഇളകിയാല്‍ ഹര്‍ത്താല് നടത്താന്‍ പോകുന്ന വഴി നല്ല ഇടികിട്ടുമെന്ന് അറിയാം. സാധാരണക്കാരന്‍റെ നെഞ്ചത്ത് കയറിയാല്‍ ആരും ചോദിക്കാന്‍ വരില്ലല്ലോ . തികച്ചും ഒരു ബാര്‍ബേറിയന്‍ സൊസൈറ്റിയില്‍ നടക്കുന്ന കാര്യങ്ങളാണിതെല്ലാം എന്ന് പറയാതെ വയ്യ. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക