Image

മനസ്സിലെ കഥകള്‍ (വാസുദേവ് പുളിക്കല്‍)

Published on 13 December, 2018
മനസ്സിലെ കഥകള്‍ (വാസുദേവ് പുളിക്കല്‍)
അതെ, മനസ്സിലാണ് കഥകള്‍ നാമ്പിടുന്നത്. അത് വളര്‍ന്ന് പന്തലിച്ച് പുഷ്പിക്കുമ്പോള്‍ ആ പുഷ്പങ്ങള്‍ ഭാവനയുടെ വാക്കുകളായി ഉതിര്‍ന്ന് കഥ രൂപവല്‍ക്കരിക്കപ്പെടുന്നു. ബാബു പാറയ്ക്കലിന്റെ മനസ്സിലും കഥകള്‍ രൂപം കൊണ്ടു. ബാബു പാറയ്ക്കലിനെ ഒരു നോവലിസ്റ്റായൊ ചെറുകഥാകൃത്തായോ കാണാം. ചെറുകഥ ആവിഷ്ക്കരിക്കാനുള്ള ചാതുര്യമാണ് അദ്ദേഹത്തില്‍ മുന്തിനില്‍ക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ "മനസ്സില്‍ സൂക്ഷിച്ച കഥകള്‍'' എന്ന് കഥാസമാഹാരത്തിലെ കഥകള്‍ അവലോകനം ചെയ്യുമ്പോള്‍ മനസ്സിലാകുന്നത്. സ്വന്തം ജീവിതാനുഭവങ്ങളോടൊപ്പം ചുറ്റുപാടുമുള്ളവരുടെ ജീവിതം സൂക്ഷ്മമായി നിരീക്ഷിക്ലതിന്റെ ഫലമാണ് ഈ കഥകള്‍. കഥാപാത്രങ്ങള്‍ക്ക് വായനക്കാരുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോകാത്ത വിധം കരുത്ത് പകര്‍ന്നുകൊണ്ട് ലളിതമായ ഭാഷയിലുള്ള ഒരു ആവിഷ്ക്കരണ രീതിയാണ് കഥാകൃത്ത് സ്വീകരിച്ചിരിക്കുന്നത്.

ഈ സമാഹാരത്തിലെ പല കഥകളും കുടിയേറ്റക്കാരുടെ ജീവിതം പ്രതിപാദിക്കുന്നതാണ്. മലയാളി കുടിയേറ്റക്കാരുടെ കഥയക്ലെങ്കിലും, കുടിയേറ്റമണ്ണില്‍ നടക്കുന്ന കഥയാണ് "കാത്തിരിപ്പ്''. വിയറ്റ്‌നാം യുദ്ധത്തില്‍ തടവുകാരനാക്കപ്പെട്ട് ജയില്‍ ശിക്ഷയനുഭവിച്ച് തിരിച്ചെത്തി, ഭാര്യയും ഒരേ ഒരു മകളും നഷ്ടപ്പെട്ട് ശൂന്യതയില്‍ ജീവിക്കുന്ന ഒരു ഹതഭാഗ്യന്റെ വേദനിപ്പിക്കുന്ന കഥയാണ് കാത്തിരിപ്പില്‍ അനാവൃതമാകുന്നത്. ന്യുയോര്‍ക്ക് സിറ്റിയിലെ സബ് വെ സ്‌റ്റേഷനെ ചുറ്റിപ്പറ്റി നടക്കുന്ന ഗൗരവമുള്ള കഥയായതിനാല്‍ വര്‍ണ്ണക്കഴ്ചകള്‍ക്ക് പ്രസക്തിയില്ലെന്ന് കഥാകാരന്‍ മനസ്സിലാക്കുന്നു. അതുകൊണ്ട് സൗകുമാര്യപദങ്ങളോ മധുരോദരമായ പദങ്ങളോ ഉപയോഗിച്ചുള്ള വര്‍ണ്ണനത്തിന് സ്ഥാനമില്ലെന്ന് കഥാകരനറിയാം. കഥാനായകന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ അതിന്റെ എല്ലാ ഭാവങ്ങളോടെ മൗലികമായ മിതഭാഷയില്‍ ആവിഷ്ക്കരിക്കുന്നതിനാണ് കഥാകാരന്‍ പ്രാധന്യം നല്‍കിയിരിക്കുന്നത്. ചീത്ത കൂട്ടുകെട്ടിലേര്‍പ്പെട്ട് അമിതമായി മയക്കുമരുന്നു കഴിച്ച് മരിച്ചു പോയ തന്റെ മകള്‍ കാതറിനെ ഓര്‍ത്ത് പിതാവ് റിച്ചാര്‍ഡിന്റെ ജീവിതം തറുമാറായിപ്പോയി. യുവതലമുറയുടെ ചീത്ത കൂട്ടുകെട്ടും മയക്കുമരുന്നും അമേരിക്കന്‍ സമൂഹത്തിന് പുത്തരിയക്ലെങ്കിലും അത് കണ്ട് സമനിലെ തെറ്റുന്ന മനസ്സുകള്‍ വിരളമാണ്. അങ്ങനെ മനോവൈകല്യം സംഭവിച്ച ഒരു മനസ്സിന്റെ, മരിച്ചു പോയ മകള്‍ക്കുവേണ്ടിയുള്ള കാത്തിരിപ്പാണ് ഈ കഥയുടെ പുതുമ. പ്രിയപ്പെട്ടവരുടെ മരണം അംഗീകരിക്കാന്‍ സ്‌നേഹമുള്ളവര്‍ക്ക് ബുദ്ധിമുട്ടാണ്. മരിച്ചു പോയ തന്റെ മകള്‍ തിരിച്ചു വരുമെന്നും മകാളോടൊപ്പം ക്രിസ്മസ് ആഘോഷിക്കാമെന്നും മാനസിക വിഭ്രാന്തിയില്‍ നിന്നുണ്ടാകുന്ന പ്രതീക്ഷയില്‍ മകളുടെ മരണസമയത്ത് മാധ്യമങ്ങളുടെ വിഭിന്ന ഭാവവികാരങ്ങളോടെ പ്രസിദ്ധീകരിക്കപ്പെട്ട പത്രവാര്‍ത്തകള്‍ മകളെ കാണിച്ച് ലോകം നുണ പറയുകയായിരുന്നു എന്ന് മകളെ ബോധ്യപ്പെടുത്താന്‍ വര്‍ഷങ്ങളോളം പഴക്കമുള്ള മകളുടെ മരണത്തെപ്പറ്റിയുള്ള കഥകളെഴുതിയ പത്രക്കടലാസുകള്‍ മാറാപ്പിലേറ്റി നടക്കുന്ന പിതാവിന്റെ ചിത്രം വായനക്കാരുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോയെന്നു വരില്ല. സൃഷ്ടിയില്‍ ലോകം ശുദ്ധവും സത്യസന്ധവു ആയിരുന്നു. പിന്നീട് മനുഷ്യരുടെ ജീവിതരീതിയുടെ ദുഷിപ്പുകൊണ്ട് ലോകം മലിനമായി.

കാത്തിരിപ്പിലെ പോലെ മടക്കയാത്ര എന്ന കഥയിലും കഥാനായകന്‍ തീവൃമായ മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. കാത്തിരിപ്പില്‍ മാനസികസംഘര്‍ഷം നായകനെ അനിശ്ചിതത്വത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും കൊണ്ടെത്തിക്കുന്നുവെങ്കില്‍ മടക്കയാത്രയില്‍ കഥനായകന്‍ മാനസിക സംഘര്‍ഷത്തില്‍ നിന്ന് കര്‍ത്തവ്യനിര്‍വ്വഹണം എന്ന പാഠം പഠിക്കുന്നു, സ്വന്തം കാര്യസാദ്ധ്യതക്കായി കര്‍ത്തവ്യത്തില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ അത് മറ്റുള്ളവരില്‍ ഉണ്ടാക്കുന്ന വേദനയും അസ്വസ്ഥതയും മനസ്സിലാക്കുന്നില്ല. പലരുടേയും, പ്രത്യേകിച്ച് ജീവിതമാര്‍ഗ്ഗം തേടി നാടുവിടുന്നവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒന്നാണ് ഈ ഉത്തരവദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടം. സ്വന്തം സൗകര്യങ്ങളൊന്നും ഉപേക്ഷിക്കാന്‍ തയ്യാറാകാതെ മതാപിതാക്കളെ ശ്രുശ്രൂഷിക്കുന്നതില്‍ നിന്ന് വിട്ടുമാറി അവരെ വൃദ്ധസദനത്തിലാക്കി കയ്യൊഴിയുന്നു. അതുകൊണ്ട് മതാപിതാക്കള്‍ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദത്തെപറ്റി അവര്‍ ചിന്തിക്കുന്നതേയില്ല. ഈ ഒരു പാശ്ചത്തലത്തിലാണ് മടക്കയാത്ര എന്ന കഥ ആവിഷ്ക്കരിക്കപ്പെടുന്നത്. നേഴ്‌സിനെ വിവാഹം ചെയ്ത് അമേരിക്കയില്‍ ജീവിതം സുഖസമൃദ്ധമാക്കി, രോഗിയായ അമ്മയെ പരിചരിക്കാന്‍ തയ്യാറാകാതെ അമ്മയെ വൃദ്ധസദനത്തിലാക്കാന്‍ തീരുമാനിച്ച് നാട്ടിലേക്ക് പോകുന്ന ജോബിയുടെ മാനസിക സംഘര്‍ഷവും പരിവര്‍ത്തനവും കഥാകാരന്‍ ആവിഷ്ക്കരിക്കുന്നു. കഥയുടെ തുടക്കത്തില്‍ സംഭവങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു വിവരണമാണോ എന്ന ചിന്ത വായനക്കാരിലുണ്ടാക്കിയേക്കാമെങ്കിലും മുന്നോട്ടു പോകുമ്പോള്‍ കഥ സര്‍ഗ്ഗാത്മകവും ഭാവനാസമ്പന്നവുമാകുന്നത് കാണാം. തന്നെ വൃദ്ധസദനത്തിലാക്കുന്നു എന്ന വാര്‍ത്ത കേട്ട് അമ്മയുടെ കണ്ണു നിറഞ്ഞതല്ലാതെ മറുത്തൊന്നും പറയുന്നില്ല അമ്മ ഉന്നയിച്ചത് തന്നെ ഭര്‍ത്താവിന്റെ കുഴിമാടത്തിനടുത്തു സംസ്കരിക്കണമെന്ന ഒരാവശ്യം മാത്രം. മരണം വരെ ഭര്‍ത്താക്കന്മാര്‍ കൂടെത്തന്നെ ഉണ്ടാകണമെന്നുള്ളതാണ് പതിവൃതമാരായ ഭാര്യമാരുടെ അഭിലാഷം. "ഭര്‍ത്തവിന്റെ കൂടെ നടക്കുമ്പോള്‍ എത്രയും കൂര്‍ത്തുമൂര്‍ത്ത കല്ലും മുള്ളുകളും പുഷ്പാസ്തരണ'' തുല്യമാണ് എന്നു കരുതുന്നവരണാവര്‍. ആഘോഷിക്കാനായി മദ്യക്കുപ്പികളുമായി കസിന്‍ ഡോ. ഷാജിയുടെ വീട്ടിലെത്തിയ ജോബിയെ ആഘോഷം പിന്നീടാകമെന്ന് പറഞ്ഞ് ഡോ. ഷാജി നടത്തിക്കൊണ്ടിരിക്കുന്ന ഒരു അനാഥാലയത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. മുന്നൂറില്‍ പരം കുട്ടിളെ സംരക്ഷിക്കുന്ന അനാഥാലയത്തിനോട് അനുബന്ധിച്ച് ഒരു വൃദ്ധസദനവുമുണ്ട്. ആ കുട്ടികളുടെ കഷ്ടപ്പാട് നിറഞ്ഞ ജീവിതവും വൃദ്ധസദനത്തിലെ നിസ്സഹായരായവരേയും കുറിച്ചുള്ള ചിന്തയും ജോബിയുടെ മനസ്സില്‍ സംഘര്‍ഷങ്ങളുടെ ഒരു വേലിയേറ്റം തന്നെയുണ്ടാക്കി. നിങ്ങള്‍ മദ്യത്തിനായി ചിലവാക്കിയ പണം അവരുടെ ഒരു ദിവസത്തെ ഭക്ഷണത്തിനു മതിയാകുമെന്ന ഷാജിയുടെ വാക്കുകള്‍ ജോബിയുടെ മനസ്സില്‍ കൂരമ്പു പോലെ തറച്ചു കാണും. ഒരു തരം കുറ്റബോധം അയാളെ വേട്ടയാടിയിട്ടുണ്ടാകും. ജോബി മദ്യപിച്ചുള്ള ആഘോഷം വേണ്ടെന്നു വച്ചു. മടക്കയാത്രയില്‍ ആകാശത്തിന്റെ മുകള്‍ത്തട്ടിലൂടെ പറക്കുന്ന വിമാനത്തിന്റെ വിന്റൊ സീറ്റിലിരുന്നു ആകാശനീലിമയിലേക്ക് നോക്കി അമ്മ തന്റെ മകന്റെ മനം മാറ്റത്തില്‍ സംതൃപ്തയാകുന്നതായി ജോബി മനസ്സിലാക്കുന്നു. അമ്മയുടെ ആത്മസംതൃപ്തിയില്‍ ജോബിയും സംതൃപ്തനാണ്. ജോബിക്ക് തന്റെ കര്‍ത്തവ്യം നിര്‍വ്വഹിച്ചതിലുള്ള അഭിമാനവും സന്തോഷവുമാണ്. കര്‍ത്തവ്യം എന്തെന്ന് മനസ്സിലാക്കാതെ വരുമ്പോള്‍ ഉണ്ടാകുന്ന വിഷമതകള്‍ ചിത്രീകരിച്ചുകൊണ്ട് ആരും സ്വന്തം കര്‍ത്തവ്യത്തില്‍ നിന്ന് വ്യതിചലിക്കരുത് എന്ന സന്ദേശം കഥാകാരന്‍ നല്‍കുന്നു.

മടക്കയാത്രയോട് ഏതാണ്ട് സാമ്യമുള്ള കഥയാണ് വഴിയമ്പലം. വൃദ്ധസദനത്തിന്റെ സ്ഥാനത്ത് വഴിയമ്പലം. കേരളത്തിന് വെളിയിലും അമേരിക്കയിലും മുറ്റും താമസിക്കുന്നവരുടെ ഉപേക്ഷിക്കപ്പെട്ട മതാപിതാക്കളുടെ കഥ പറയുന്ന വഴിയമ്പലത്തില്‍ നവീനമായ ആശയത്തിന്റെയൊ ഭാവനയുടേയോ ലക്ഷണം അത്രക്കൊന്നും കാണാനില്ല. ഒരു വിവരണം എന്നേ ഈ കഥയെ വിലയിരുത്താന്‍ കഴിയൂ. അമേരിക്കയിലേക്കുള്ള മലയാളി കുടിയേറ്റക്കാരുടെ ജീവിതത്തിലെ അഭികാമ്യമല്ലാത്ത അനുഭവങ്ങളൂടെ ചിത്രീകരനമാണ് "മോചനത്തിന്റെ ബലിമൃഗങ്ങള്‍''. ചെറുപ്പത്തില്‍ മാതാപിതാക്കളോടൊപ്പം അമേരിക്കയില്‍ എത്തി ഉന്നത വിദ്യാഭ്യാസം നേടി ജോലി സമ്പാദിച്ച്് മതാപിതാക്കളുടെ നിര്‍ദ്ദേശപ്രകാരം നാട്ടില്‍ പോയി വിവാഹം കഴിക്ല് രണ്ടു കുട്ടികളായപ്പോള്‍ വിവാഹമോചനത്തിലെത്തി കഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയുടെ വായനക്കാരെ മാനസികമായി അസ്വസ്ഥമാക്കുന്ന കഥ. രണ്ടു കുട്ടികളെ വളര്‍ത്തുന്ന ബുദ്ധിമുട്ടില്‍, പതിനഞ്ചു വയസ്സായപ്പോള്‍ സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെട്ട് നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന കാഴ്ച ആ അമ്മയ്ക്ക് താങ്ങാനാവുന്നതിലുമപ്പുറമായിരുന്നു. ഒരു പതിനഞ്ചുകാരിയുടെ വികാരങ്ങള്‍ കാടുകയറുന്നതും മൗനഭാവത്തില്‍ അമ്മയില്‍ നിന്ന് അകന്നു പോകുന്നതും അവളുടെ ലോകത്തിലേക്ക് കൂപ്പുകുത്തുന്നതും കഥാകാരന്‍ ചിത്രീകരിക്കുമ്പോള്‍ അതില്‍ പൊതുവെ ഒരു തരത്തില്‍ അക്ലെങ്കില്‍ മറ്റൊരു തരത്തില്‍ റ്റീനേജേസില്‍ വരുന്ന സ്വഭാവമാറ്റത്തിന്റെ ഭാവപ്പകര്‍ച്ച കാണാം. സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെടുന്നവര്‍ അതില്‍ തന്നെ ഉറച്ചുനില്‍ക്കാനാണ് സാധ്യതയെങ്കിലും ഇവിടെ മകള്‍ തന്റെ കൂട്ടു കെട്ടില്‍ നിന്ന് പിന്മാറാന്‍ തയ്യാറാകുന്നത് അമ്മയ്ക്ക് ആശ്വാസമായി. ഭാര്യാഭര്‍ത്താക്കന്മാര്‍ അവരവരുടെ ഈഗോ കോംപ്ലക്‌സ് മുറുകെ പിടിച്ചുകൊണ്ട് പരസ്പരം പിരിയുമ്പോള്‍ രണ്ടു പേരുടേയും സ്‌നേഹം ലഭിക്കാതിരിക്കുന്ന അവസ്ഥയില്‍ കുട്ടികള്‍ പല വഴിക്ക് പോകുന്ന കാഴ്ച സമൂഹത്തില്‍ കാണാം. തിന്മയില്‍ നിന്ന് നന്മയിലേക്കുള്ള ആരോഹണണം ആഗ്രഹിക്കുന്ന കഥാകാരന്‍ സമൂഹം തിന്മയിലേക്ക് വഴുതി വീഴാതിരിക്കാന്‍ നടത്തുന്ന ഒരു ബോധനവല്‍ക്കരണം കൂടിയാണ് ഈ കഥയില്‍ പ്രതിഫലിക്കുന്നത് എന്നു മനസ്സിലാക്കാന്‍ വിഷമമില്ല. കഥാകാരന്റെ സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടുന്നുവെങ്കില്‍ തീര്‍ച്ചയായും ലോകം നന്നാകും.

അമേരിക്കയില്‍ എത്താനുള്ള ഉപകരണമായി പെണ്‍കുട്ടികളെ കാണുന്നവര്‍ നാട്ടിലുണ്ട്. ഇന്നല്ലെങ്കില്‍ നാളെ അവര്‍ വിവാഹമോചനത്തിന് വഴിയൊരുക്കും. അതിനിടക്ക് കുട്ടികള്‍ ജനിക്കുന്നത് സ്വാഭാവികം. ഭാരതീയ സംസ്കാരം അമേരിക്കന്‍ സംസ്കാരവുമായി ഇണങ്ങിച്ചേരാത്തുതുകൊണ്ടും ഇത്തരം വിവാഹങ്ങള്‍ തകര്‍ന്നു പോകാറുണ്ട്. അതുകൊണ്ട് അറേ ജ്ഡ് മാര്യേജിന് ഒരു വെല്ലുവിളിയായി. അമേരിക്കന്‍ സംസ്കാരത്തില്‍ ജുനിച്ചു വളര്‍ന്നവരാരും തന്നെ നാട്ടില്‍ പോയി വിവാഹം കഴിക്കാന്‍ തയ്യാറാകുന്നില്ല. മാതാപിതാക്കന്മാര്‍ സ്വന്തം സംസ്കാരത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച് കുട്ടികളെ അതിലേക്ക് വലിച്ചിഴക്കാതെ അവര്‍ ജനിച്ചു വളര്‍ന്ന സംസ്കാരത്തിന് പ്രാധാന്യം നല്‍കാന്‍ അവരെ അനുവദിക്കേണ്ടതാണ് എന്ന് കഥാകാരന്‍ പരോക്ഷമായി ഓര്‍മ്മപ്പെടുത്തുമ്പോള്‍ തന്നെ മലയാളി പയ്യനുമായുള്ള അറേയ്ജ്ഡ് മാര്യേജിനെ നിന്ദിക്കുകയും മലയാളികളുടെ ജീവിതരീതിയെ പുച്ഛിക്കുകയും ചെയ്ത തന്റെ സുഹൃത്തിന്റെ മകള്‍ തനിക്ക് ഇഷ്ടപ്പെട്ട ഒരു വെള്ളക്കാരനെ വിവാഹം കഴിച്ച് കുടുംബജീവിതം ആരംഭിക്ലപ്പോഴുണ്ടായ ദുരന്തവും കഥാകാരന്‍ നിരീക്ഷിച്ചറിഞ്ഞത് "വിലങ്ങുകള്‍'' എന്ന കഥയില്‍ ആവിഷ്കരിക്കുന്നുണ്ട്. കൈക്കുഞ്ഞുമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ സുഹൃത്തിന്റെ മകളെ കണ്ടപ്പോള്‍ കഥാകാരന്റെ ഉള്ളു പിടച്ചു. സാമൂഹ്യനീതിയേയും കുടുബസ്ഥാപനത്തിന്റെ മഹത്വത്തേയും മാനിച്ച് മാനസികബന്ധങ്ങള്‍ക്ക് പ്രധാന്യം നല്‍കി അറേജ്ഡ് മാര്യേജില്‍ ഏര്‍പ്പെടുന്നവര്‍ കുടുംബഭദ്രത ഉറപ്പു വരുത്താനായി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുമ്പോള്‍ വിവാഹ മോചനം വിരളമായേ സംഭവിക്കാറുള്ളു. അവര്‍ക്ക് മാതൃകയായി പുരാണത്തിലെ ഏകപത്‌നീവൃതം അനുഷ്ഠിച്ച രാമനും പാതിവൃത്യവൃതമനുഷ്ഠിച്ച സീതയുമുണ്ടല്ലോ. പാശ്ചാത്യ സംസ്കാരത്തില്‍ ദാമ്പത്യത്തിന്റെ നിലനില്‍പ്പ് ലൈഗീകതയാണ്. മാനസികമായ അടുപ്പത്തേക്കാള്‍ അവര്‍ പ്രധാന്യം കല്‍പ്പിക്കുന്നത് ശാരീരിക വേഴ്ചയിലാണ്. ശാരീകമായ ആവശ്യങ്ങളുടെ നിറവേറ്റലിന് വീഴ്ച സംഭവിക്കുമ്പോള്‍ പിന്നെ അവര്‍ എത്തുന്നത് വിവാഹമോചനത്തിലാണ്. വാല്മീകിക്ക് ഇണപ്പക്ഷികളില്‍ ഒന്നിനെ അമ്പെയ്തു വീഴ്ത്തിയ കാട്ടാളനെ ശപിക്കാനല്ലാതെ അയാളെ ആ ക്രൂരകൃത്യത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സാധിക്കാതിരുന്നതുകൊണ്ട് ഇണപ്പക്ഷി വിധിക്ക് വിധേയമായതു പോലെ ഏതു തരത്തിലുള്ള വിവാഹമായാലും വിധിക്ക് വിട്ടു കൊടുത്ത് സമാധാനിക്കാനേ നിവൃത്തിയുള്ളു.

അമേരിക്കന്‍ സമ്പന്നതയുടെ നടുവില്‍ മതിമറക്കുന്ന ജീവിതം ആവിഷ്ക്കരിക്കുമ്പോഴും സ്വന്തം
സംസ്ക്കാരത്തെ ഉയര്‍ത്തിപ്പിടിക്കുന്ന, പാശ്ചാത്യ സംസ്ക്കാരത്തിലേക്ക് യുവതലമുറ വഴുതിപ്പോകരുത് എന്നാഗ്രഹിക്കുന്ന, അമേരിക്കന്‍ സൗഭാഗ്യത്തെ പുറം തള്ളി മകളേയും കൊണ്ട് നാട്ടിലേക്ക് തിരിച്ചു പോകുന്ന ജോയിയുടെ കുടുംബകഥയുടെ ആവിഷ്ക്കരണമാണ് "മാലാപറമ്പിലെ കണ്ണാന്തളിപ്പൂക്കള്‍''. ഗ്രാമത്തിന്റെ പ്രശാന്തതയും സൗന്ദര്യയും മറികടക്കാന്‍ മറ്റൊന്നിനും സാധിക്കുകയില്ല എന്ന് വായനക്കാരെ വിശ്വസിപ്പിക്കത്തക്കവണ്ണം ഗൃഹാതുരത്വത്തിന്റെ നൊമ്പരങ്ങള്‍ ഉണര്‍ത്തത്തിക്കൊണ്ട് മനോഹരമായ ഒരു വയനാടന്‍ മലയോര ഗ്രാമം വായനക്കാരുടെ മുന്നില്‍ അവതരിപ്പിക്കുന്നു. വായനശാലയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ എഴുത്തുകാരന്‍ മാത്യൂസിനെ വായനശാലയുടെ സെക്രട്ടറി ജോയിയുടെ മകള്‍ ഷെറി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. ഷെറിയുടെ അമ്മ നിര്‍മ്മലയെ കണ്ടപ്പോള്‍ മത്യൂസിന്റെ ചിന്ത പിറകോട്ടു പോയി. കോളേജു ജീവിതത്തിലെ തന്റെ പ്രിയസുഹൃത്ത്. ഞങ്ങള്‍ പ്രേമിച്ച് നടക്കുകയായിരുന്നില്ല എന്ന് മാത്യൂസ് ജോയിയോട് പറയുന്നുണ്ടെങ്കിലും അയാളുടെ ഹൃദയത്തില്‍ നിര്‍മ്മലക്കുണ്ടായിരുന്ന സ്ഥാനം ഒരു കുട്ടുകാരിയുടേതായിരുന്നില്ല എന്ന് മനസ്സിലാക്കാം. അയാളുടെ ഹൃദയത്തിന്റെ വിങ്ങല്‍ സംസാരംദ്ധ്യ ജോയിയോട് ഞങ്ങള്‍ പ്രേമിച്ച് നടക്കുകയായിരുന്നില്ലെന്നും, ഇനി ഒരു വിവാഹം കഴിച്ച് കുട്ടികളുമായി കുടുംബ ജീവിതം നയിക്കണം എന്ന് നിര്‍മ്മല ആഭിപ്രായപ്പെപ്പ്രോള്‍ എനിക്കൊരു മകളുണ്ടല്ലോ, ഷെറി എന്നും ചുരുങ്ങിയ വാക്കുകളിലുടെ വെളിപ്പെടുത്തുന്ന കഥാകാരന്റെ കൗശലം മനസ്സിലാക്കാന്‍ വായനക്കാര്‍ക്ക് സാധിക്കും. പരിപാടി കഴിഞ്ഞ് തിരിച്ചു പോകുമ്പോള്‍ നീള്‍മിഴികളുടെ നീലിമയുമായ് എന്റെ മനസ്സിന്റെ കവാടം തുറന്ന് പുഞ്ചിരി തൂകി നിന്ന അപ്‌സരസ്സേ, എന്‍ വികാരം അറിയിച്ചില്ലല്ലോ നിന്നെ ഞാന്‍ എന്നയാള്‍ വ്യസനിച്ചു. അവളുടെ മുഖം അയാളുടെ മനസ്സില്‍ തെളിഞ്ഞു നിന്നു. അത്യന്തം ഹൃദയസ്പൃക്കായ കഥ.

കുടിയേറ്റക്കാരുടെ ജീവിതത്തെ സ്പര്‍ശിച്ചു പോകുന്ന കഥകള്‍ക്കെല്ലാം തന്നെ ആശയസമാനതയുള്ളതായി കാണുന്നു. ആശയങ്ങള്‍ക്ക് സമാനതയുണ്ടെങ്കിലും പ്രവാസജീവിതത്തിന്റെ വ്യത്യസ്ഥ മുഖങ്ങളാണ് സ്വന്തം രചനാ ശൈലിയില്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. അമേരിക്കന്‍ ജീവിതത്തിന്റെ സ്ഫുരണങ്ങള്‍ നാട്ടിലെ വായനക്കാരുടെ മനസ്സില്‍ പതിക്കാന്‍ പര്യാപതമായ കഥകള്‍ക്കാണ് പ്രാധാന്യമെങ്കിലും മറ്റു വിഷയങ്ങളും ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്. വ്യത്യസ്തമായ ആശയാവിഷ്ക്കരണത്തോടെയുള്ള കഥളായിരിക്കാം അനുവാചകരെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. കഥാകാരന് ഭാവുകങ്ങള്‍ നേരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക