Image

തട്ടിപ്പ്: ഒളിവിലായിരുന്ന ബാങ്ക് മാനേജരും ഭര്‍ത്താവും കീഴടങ്ങി

Published on 13 December, 2018
 തട്ടിപ്പ്: ഒളിവിലായിരുന്ന ബാങ്ക് മാനേജരും ഭര്‍ത്താവും കീഴടങ്ങി
ആലുവ: ബാങ്ക് ലോക്കറില്‍നിന്നു പണയംവച്ച രണ്ടരക്കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നശേഷം മുക്കുപണ്ടം പകരം വച്ചു മുങ്ങിയ കേസില്‍ പ്രതികളായ ദമ്പതികള്‍ ഒരു മാസത്തോളം ഒളിവില്‍ കഴിഞ്ഞശേഷം കീഴടങ്ങി.

യൂണിയന്‍ ബാങ്ക് ആലുവ ശാഖയിലെ അസിസ്റ്റന്‍റ് മാനേജര്‍ അങ്കമാലി കറുകുറ്റി സ്വദേശിനി സിസ് മോള്‍ (36), ഭര്‍ത്താവ് കളമശേരി സ്വദേശി സജിത്ത് (40) എന്നിവര്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനു സമീപമാണു പോലീസിനു കീഴടങ്ങിയത്. ഇന്നലെ രാത്രിയോടെ ആലുവയിലെത്തിച്ച ഇരുവരെയും വിശദമായി ചോദ്യംചെയ്തു വരികയാണ്. കഴിഞ്ഞ നവംബര്‍ 16നാണ് ലോക്കറില്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി ബാങ്കിലെ മറ്റു ജീവനക്കാര്‍ അറിയുന്നത്. ലോക്കറിന്‍റെ ചുമതലയുണ്ടായിരുന്ന സിസ് മോള്‍ പലപ്പോഴായി സ്വര്‍ണം കവര്‍ന്നതായാണു സൂചന.

128 പേരുടെ 8,852 ഗ്രാം സ്വര്‍ണമാണു സിസ്‌മോള്‍ പലതവണയായി ലോക്കറില്‍നിന്നായി കൈക്കലാക്കിയത്. സ്വര്‍ണം പണയം വച്ചും വിറ്റും സമ്പാദിച്ച പണം ഭര്‍ത്താവ് സജിത്ത് ഷെയര്‍ മാര്‍ക്കറ്റ് ബിസിനസില്‍ നിക്ഷേപിക്കുകയായിരുന്നുവെന്നു പോലീസ് പറയുന്നു. മോഷ്ടിച്ചെടുത്ത സ്വര്‍ണം ജില്ലയിലെ വിവിധ ബാങ്കുകളില്‍ പണയം വച്ചാണ് ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചത്.

കവര്‍ച്ചയ്ക്കു പ്രേരിപ്പിച്ചതിനും കവര്‍ച്ച ചെയ്ത പണം ഉപയോഗിച്ചതിനുമാണു ഭര്‍ത്താവിനെതിരേ കേസെടുത്തത്. ബംഗളൂരു, മംഗളൂരു, കോയമ്പത്തൂര്‍ ഭാഗങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. പ്രതികളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയ ശേഷം ആലുവ കോടതിയില്‍ ഹാജരാക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക