Image

കാത്തിരിപ്പ് (കവിത- സുജിത്ത് സുരേന്ദ്രന്‍ )

സുജിത്ത് സുരേന്ദ്രന്‍ Published on 14 December, 2018
കാത്തിരിപ്പ് (കവിത- സുജിത്ത് സുരേന്ദ്രന്‍ )
കുഞ്ഞേടത്തി 
പറഞ്ഞുതന്ന 
ഉച്ചവെയില്‍ 
വെള്ളംകുടിക്കാന്‍ 
പെട്ടന്നുപോയിട്ടു 
തിരികെയിതുവരെ 
വന്നില്ല.!

ഞാനാ 
ഉച്ചയ്ക്ക് 
വക്കുപൊട്ടിയ 
ചോറ്റുപാത്രവുമായി 
കഞ്ഞിപ്പുരയിലേക്ക് 
നടന്നുനീങ്ങുന്നുണ്ട്. 

എടുക്കാന്‍ 
മറന്ന 
ശീലകീറിയ പുള്ളികുട 
എന്നെയും 
കാത്തു, കാത്തിരുന്ന് 
ഉച്ചമയക്കത്തിലേക്ക് 
വീണിരുന്നുവോ.? 

ഞാനാ 
ഉച്ചയ്ക്ക് 
വാറുപൊട്ടിയ 
ചെരുപ്പുമായ്. 

ഒരു കുടപോലുമില്ലാതെ 
മഴ നനഞ്ഞു നിന്നുപോകുന്നുണ്ട്. 

ഇനിയെപ്പോഴാണാവോ 
കൂട്ടുകാര്‍ പറയുംപോലെ 
ആ കുറുക്കന്റെ കല്യാണത്തിന് 
മഴയും, വെയിലും 
ഒന്നിച്ചെത്തി, 
എന്നെയും 
ക്ഷണിച്ചു കൊണ്ടുപോയി 
വയറുനിറച് 
ഭക്ഷണം വിളമ്പിതരുന്നത്...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക