Image

ഡല്‍ഹിയില്‍ ആര്‍ഭാട കല്യാണങ്ങള്‍ക്ക്‌ വിലക്കു വരുന്നു

Published on 14 December, 2018
ഡല്‍ഹിയില്‍ ആര്‍ഭാട കല്യാണങ്ങള്‍ക്ക്‌ വിലക്കു വരുന്നു
.
ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ പരിധി വിട്ട ആര്‍ഭാട കല്യാണങ്ങള്‍ക്ക്‌ വിലക്കു വരുന്നു.  ഏറ്റവും അധികം ദരിദ്രരുള്ള ഉത്തരേന്ത്യയില്‍, ഏറ്റവുമധികം ഭക്ഷണം പാഴാക്കുന്ന ഡല്‍ഹിയില്‍ പരിധി വിട്ട ആഢംബരങ്ങള്‍ക്ക്‌ വിലക്കു വരുന്നു.

സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കല്‍, ശുചിത്വം സിലബസില്‍ ചേര്‍ക്കല്‍, സി ബി എസ്‌ ഇ സ്‌കൂളുകളിലടക്കം ഡൊണേഷന്‍ എടുത്തുകളയല്‍ എന്നിങ്ങനെ ഒട്ടനവധി പുരോഗമനപരമായ പരിഷ്‌കാരങ്ങള്‍ക്ക്‌ തുടക്കം കുറിച്ച ഡല്‍ഹിയിലെ ആം ആദ്‌മി സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശമാണിത്‌.

അമിതമായി ഭക്ഷണം പാഴാക്കുന്നതിനും അപ്രതീക്ഷിതമായി ട്രാഫിക്‌ ജാമുകള്‍ സൃഷ്ടിക്കപ്പെടുന്നതിനും പരിഹാരമെന്നുള്ള നിലയ്‌ക്ക്‌ ആഘോഷങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുവെന്ന്‌ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരിക്കുകയാണ്‌ അരവിന്ദ്‌ കെജ്രിവാള്‍ സര്‍ക്കാര്‍.

ജനത്തിന്‌ കുടിക്കാന്‍ വെള്ളമില്ലാത്ത ഡല്‍ഹിയില്‍ കല്യാണപാര്‍ട്ടികളിലെ ജലധൂര്‍ത്തും പട്ടിണിമരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന നഗരത്തില്‍ ഭക്ഷണം വന്‍തോതില്‍ പാഴാക്കുന്നതും അംഗീകരിക്കാനാവില്ലെന്ന്‌ സുപ്രീം കോടതി കഴിഞ്ഞ ആറിന്‌ വ്യക്തമാക്കിയിരുന്നു.

ലഫ്‌റ്റനന്റ്‌ ഗവര്‍ണറുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നും ഇത്‌ സംബന്ധിച്ച്‌ സമവായത്തിലെത്തിയിട്ടുണ്ടെന്നും ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതിഥികളെ നിയന്ത്രിക്കുന്നതിനും ദരിദ്രമേഖലയില്‍ ഭക്ഷണം വിതരണം ചെയ്യുന്ന എന്‍ ജി ഒ കളുമായും കാറ്ററിംഗ്‌ സ്ഥാപനങ്ങളുമായും ഇക്കാര്യം ചര്‍ച്ച ചെയ്‌തിട്ടുണ്ടെന്നും ഡല്‍ഹി ചീഫ്‌ സെക്രട്ടറി വിജയ്‌ കുമാര്‍ ദേവ്‌ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക