Image

ജനവിധി 2018 അടുത്ത വര്‍ഷത്തെ മഹാഭാരത യുദ്ധത്തിന്റെ ഫലസൂചന ആണോ? (ദല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 14 December, 2018
ജനവിധി 2018 അടുത്ത വര്‍ഷത്തെ മഹാഭാരത യുദ്ധത്തിന്റെ ഫലസൂചന ആണോ? (ദല്‍ഹികത്ത്  : പി.വി.തോമസ് )
അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വിധി ബി.ജെ.പി..ക്ക്  കനത്ത ആഘാതം ആയിരിക്കുകയാണ്(0-5). ഇത് 2019 ല്‍ നടക്കുവാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പ് എന്ന മഹാഭാരതയുദ്ധത്തിന്റെ മുന്നോടി ആയിട്ടുള്ള സൂചിക ആണോ?  ജനവിധി 2018-ന്റെ തുടര്‍ച്ച ആയിരിക്കണം 2019 എന്ന് യാതൊരു നിര്‍ബന്ധവും ഇല്ല. ആയിക്കൂട എന്നും ഇല്ല. പക്ഷേ, ഈ അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധി മോഡി-ഷാ കമ്പനിക്കും ബി.ജെ.പി.ക്കും ഒരു താക്കീത് ആണ് എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവും ഇല്ല. എന്നാല്‍ മദ്ധ്യപ്രദേശ്, ഛത്തീസ്ഘട്ട്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ പരാജയം 2019-ല്‍ ബി.ജെ.പി.ക്ക് ആവര്‍ത്തിക്കപ്പെടുവാന്‍ സാദ്ധ്യത ഇല്ലെന്ന് പറയുവാന്‍ ചില വസ്തുകള്‍, ഉണ്ട്. ബി.ജെ.പി.യുടെ ഭരണ-തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന മുതിര്‍ന്ന നേതാവും ധനമന്ത്രിയും ആയ അരുണ്‍ ജയ്റ്റലി അവകാശപ്പെടുന്നതു മാതിരി 2003 ഡിസംബറില്‍ ബി.ജെ.പി. ഈ മൂന്ന് സംസ്ഥാന തെരഞ്ഞെടുപ്പുകളും ജയിച്ചതാണ്. പക്ഷേ, 2004-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ഇവിടെയും ബി.ജെ.പി. തോറ്റു. അതുപോലെ തന്നെ 2008-ല്‍ ബി.ജെ.പി. മദ്ധ്യപ്രദേശ്, ഛത്തീസ്ഘട്ട് എന്നീ സംസ്ഥാനങ്ങള്‍ ജയിച്ചതാണ്. പക്ഷേ, അടുത്ത വര്‍ഷം നടന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഈ സംസ്ഥാനങ്ങളിലും തോറ്റു. അതുകൊണ്ട് ജയ്റ്റലിയും ബി.ജെ.പി.യിലെ മറ്റ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞരും പറയുവാന്‍ ആഗ്രഹിക്കുന്നത് 2018 2019 ല്‍ ആവര്‍ത്തിക്കണമെന്ന് നിര്‍ബ്ബന്ധം ഇല്ല എന്നാണ്. മാത്രവും അല്ല ബി.ജെ.പി.യുടെയും കോണ്‍ഗ്രസിന്റെയും വോട്ട് വിഹിതവും ഈ സംസ്ഥാനങ്ങളില്‍ അതായത് മദ്ധ്യപ്രദേശിലും രാജസ്ഥാനിലും, ബലാബലം ആയിരുന്നു. ഛത്തീസ്ഘട്ടില്‍ കോണ്‍ഗ്രസ് വളരെ മുമ്പില്‍ ആയിരുന്നു. മദ്ധ്യപ്രദേശില്‍ തോറ്റുപോയ ബി.ജെ.പി.യുടെ വോട്ട് വിഹിതം ജയിച്ച കോണ്‍ഗ്രസിനെക്കാല്‍ 80.1 ശതമാനം കൂടതല്‍ ആയിരുന്നു. അതായത് ബി.ജെ.പി. 41 ശതമാനവും കോണ്‍ഗ്രസ് 40.9 ശതമാനവും. അതുപോലെ തന്നെ രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തെങ്കിലും വെറും 0.5 ശതമാനം വോട്ട് വിഹിതത്തിന് മുമ്പില്‍ ആണ് ഭരണകക്ഷി. പക്്ഷേ, കോണ്‍ഗ്രസ് എവിടെനിന്നും എവിടെ എത്തി എന്നതാണ് വിഷയം. അതു പോലെ ബി.ജെ.പി. എവിടെ നിന്നും എവിടേക്ക് മൂക്ക്കുത്തി എന്നതും പഠനാര്‍ഹം ആണ്. അതുപോലെ തന്നെ എന്ത് കൊണ്ട് അത് സംഭവിച്ചു എന്നും. മദ്ധ്യപ്രദേശില്‍ ബി.ജെ.പി.ക്ക് മൈനസ് 54 ശതമാനവും രാജസ്ഥാനില്‍ മൈനസ് 41 ശതമാനവും പതനം ആണ് സംഭവിച്ചത്. അതാണ് ഇവിടെ കണക്കുകളുടെ കാര്യത്തിലുള്ള വസ്തുത. ഇത് 2019-ല്‍ ബി.ജെ.പി.ക്ക് ചുരുങ്ങിയ മൂന്നോ നാലോ മാസങ്ങള്‍കൊണ്ട് ഭരണം നഷ്ടപ്പെട്ട സാഹചര്യത്തില്‍ തിരിച്ചുപിടിക്കുവാന്‍ സാധിക്കുമോ? കണ്ടറിയണം.

ശരിയായ ഒരു തെരഞ്ഞെടുപ്പ് വിശകലനത്തിലേക്ക് വരണമെങ്കില്‍ അക്കങ്ങളുടെ അങ്കം പഠിക്കേണ്ടിയിരിക്കുന്നു. മദ്ധ്യപ്രദേശില്‍ ആകെയുള്ള 230 സീറ്റുകളില്‍ 114 സീറ്റുകള്‍ കോണ്‍ഗ്രസും 109 സീറ്റുകള്‍ ബി.ജെ.പി.യും നേടി. ബഹുജന്‍ സമാജ് പാര്‍ട്ടി രണ്ടും. തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കുന്നതില്‍ കോണ്‍ഗ്രസും ബി.എസ്.പി.യും പരാജയപ്പെട്ടതിനാല്‍ ആ വോട്ട് വിഹിതം നഷ്ടപ്പെട്ടത് കോണ്‍ഗ്രസിനാണ്. കോണ്‍ഗ്രസിന്റെ 114 സീറ്റുകള്‍ എന്നത് പതിനഞ്ച് വര്‍ഷം ആയി തുടര്‍ച്ചയായി അധികാരത്തിന് വെളിയില്‍ നില്‍ക്കുന്ന ഒരു പാര്‍ട്ടി എന്ന നിലയില്‍ വലിയ ഒരു തിരിച്ചു വരവാണ്. 2013-ല്‍ 165 സീറ്റുകള്‍ (45 ശതമാനം വോട്ട്) ആണ് ബി.ജെ.പി. നേടിയത്. കോണ്‍ഗ്രസ് വെറും 58 സീറ്റുകളും(36 ശതമാനം വോട്ട്). ഇവിടെ ആണ് ഈ തെരഞ്ഞെടുപ്പിന്റെ വ്യത്യാസം. എന്നിട്ടും കോണ്‍ഗ്രസിന് കേവലഭൂരിപക്ത്തിന് രണ്ടു സീറ്റുകള്‍ കുറവാണ്.

ഇനി രാജസ്ഥാന്‍. ഇവിടെ ആകെയുള്ള 200 സീറ്റുകളില്‍ കോണ്‍ഗ്രസ് നേടിയത് 99 സീറ്റുകള്‍ ആണ്. കേവല ഭൂരിപക്്ഷത്തിന് രണ്ട് സീറ്റുകള്‍ കുറവ്. ബി.ജെ.പി. ആകട്ടെ 73 സീറ്റുകള്‍ നേടി. ബഹുജന്‍ സമാജ്പാട്ടി ആറ് സീറ്റുകളിലും വിജയിച്ചു. 2013-ല്‍ ബി.ജെ.പി. 163 സീറ്റുകളില്‍ വിജയിച്ചതാണ്(45 ശതമാനം വോട്ട്). കോണ്‍ഗ്രസ് ആകട്ടെ വെറും 21 സീറ്റുകളും(33 സതമാനം വോട്ട്). രാജസ്ഥാന്‍ കഴിഞ്ഞ 25 വര്‍ഷമായി എല്ലാ അഞ്ച് വര്‍ഷം കൂടുമ്പോഴും ഭരണകക്ഷിയെ മാറുന്ന സ്വഭാവം ഉള്ള ഒരു സംസ്ഥാനം ആണ്. കേരളം പോലെ. അതിന്റെ ഭാഗം ആയിട്ട് ഇതിനെ കണ്ടാല്‍ തന്നെയും ഇവിടെയും ബി.ജെ.പി.യുടെ പരാജയം ഒരു വന്‍ പരാജയം തന്നെ ആണ്. 2013-ലെ അസംബ്ലി തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം 2014-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ 25-ല്‍ 25 ലോകസഭ സീറ്റുകളും ഇവിടെ ബി.ജെ.പി. കൊയ്തത് ആണ്. വിളവ് നൂറുമേനി.
അടുത്തത് ഛാത്തീസ്ഘട്ട്. ഇവിടെയുള്ള 90 സീറ്റുകളില്‍ 68 സീറ്റുകളും കോണ്‍ഗ്രസ്സ്  നേടി. മദ്ധ്യപ്രദേശിലെ പോലെ തന്നെ 15 വര്‍ഷം ആയി തുടര്‍ച്ചയായി ബി.ജെ.പി. അധികാരത്തിലിരുന്ന ഒരു സംസ്ഥാനം ആണ് ഛാത്തീസ്ഘട്ട്. ഇവിടെ കോണ്‍ഗ്രസിന്റെ തൂത്തുവാരല്‍ ആണ് നടന്നത്. ബി.ജെ.പി.ക്ക് ലഭിച്ചത് വെറും 15 സീറ്റുകള്‍. ബഹുജന്‍ സമാജ് പാര്‍ട്ടി ഏഴ് സീറ്റുകള്‍ നേടി. കോണ്‍ഗ്രസ് വിമതനും മുന്‍മുഖ്യമന്ത്രിയും ആയ അജിത് ജോഗി കോണ്‍ഗ്രസിന്റെ കുറെയേറെ വോട്ടുകള്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ സഖ്യത്തില്‍ നേടി. അത് ബി.ജെ.പി.യെ സഹായിച്ചു. അല്ലെങ്കില്‍ ബി.ജെ.പി.യുടെ നില ഇതിലും പരിതാപകരം ആകുമായിരുന്നു. 2013-ല്‍ ബി.ജെ.പി. 49 സീറ്റുകളില്‍ വിജയിച്ചത് ആണ് ഇവിടെ. കോണ്‍ഗ്രസ് 39-0. വോട്ട് ശതമാനത്തില്‍ വെറും ഒരു ശതമാനത്തിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ ബി.ജെ.പി.യും(41 ശതമാനം) കോണ്‍ഗ്രസും(40 ശതമാനം)തമ്മില്‍.

മിസോറാമിലും തെലുങ്കാനയിലും പ്രാദേസിക പാര്‍ട്ടികളുടെ വിജയം ആണ് കണ്ടത്. മിസോറാമില്‍ ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസിന്റെ പരാജയം അതി ദയനീയം ആയിരുന്നു. മിസോറാമിലും തോറ്റതോടെ ഇന്‍ഡ്യയുടെ വടക്ക് - കിഴക്കന്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ അവസാനത്തെ താവളവും കോണ്‍ഗ്രസിന് ന്ഷ്ടമായി. മറ്റ് സംസ്ഥാനങ്ങളില്‍ എല്ലാം ബി.ജെ.പി.യും സഖ്യകക്ഷികളും ആണ് ഭരിക്കുന്നത്. 24 ലോകസഭ സീറ്റുകള്‍ ആണ് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആകെയുള്ളത്. മിസോറാമില്‍ ആകെയുള്ള 40 സീറ്റുകളില്‍ 26 എണ്ണം മിസോ നാഷ്ണല്‍ ഫ്രണ്ട് നേടി. കോണ്‍ഗ്രസ് വെറും 5 സീറ്റുകളും. ഒരു സീറ്റോടെ ബി.ജെ.പി. ഈ ക്രിസ്ത്യന്‍ മേധാവിത്വ സംസ്ഥാനത്ത് തുടക്കം കുറിച്ചു. 2013-ല്‍ കോണ്‍ഗ്രസ് 34/ 45 ശതമാനം സീറ്റുകള്‍ നേടി അടക്കി വാണത് ആണ് മിസോറാം. മിസോ നാ്്ഷ്ണല്‍ ഫ്രണ്ടിന് വെറും അഞ്ച് സീറ്റുകള്‍ മാത്രം(29 ശതമാനം) ആണ് അന്ന് ലഭിച്ചത്. പ്രകടമായ മാത്രം ആണ് മിസോറാം രാ്ഷ്ട്രീയത്തില്‍ ഇക്കുറി കണ്ടത്. കോണ്‍ഗ്രസിനുള്ള ശക്തമായ സന്ദേശം ആണ് മിസോറാം മലകളില്‍ നിന്നും വന്നത്.

തെലുങ്കാന ഇന്‍്ഡ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനം ആണ്. അവിടെ പ്രാദേശിക കക്ഷിയായ തെലുങ്കാന രാഷ്ട്രസമിതിയുടെ വന്‍വിജയം ആണ് പ്രകടമായത്. രണ്ടാമത്തെ നിയമസഭ തെരഞ്ഞെടുപ്പിലും. കോണ്‍ഗ്രസ്-തെലുഗുദേശം പാര്‍ട്ടി-സി.പി.ഐ. സഖ്യം ഉണ്ടായിരുന്നുവെങ്കിലും പച്ചപിടിച്ചില്ല. കോണ്‍ഗ്രസ്-തെലുഗുദേശം പാര്‍ട്ടി സഖ്യം എന്ന് പറയുന്നത് വിരോധാഭാസം ആണ്. തെലുഗുദേശം തെലുങ്കാനയുടെ രൂപീകരണത്തിനെതിരെ നിലകൊണ്ട ഒരു പാര്‍ട്ടി ആണ്. കോണ്‍ഗ്രസ് ആകട്ടെ അനുകൂലമായും. 1983-ല്‍ എന്‍.റ്റി. രാമറാവുവിന്റെ നേതൃത്വത്തില്‍ തെലുഗുദേശം പാര്‍ട്ടി രൂപീകരിക്കപ്പെടുന്നതുതന്നെ കോണ്‍ഗ്രസിനെ ഏകീകൃത ആന്ധ്രപ്രദേശില്‍ നിന്നും തുരുത്തുവാന്‍ ആയിരുന്നു. കാലം മാറി എന്ന് ചന്ദ്രബാബു നായ്ഡു പറഞ്ഞ് തടതപ്പുവാന്‍ ശ്രമിച്ചെങ്കിലും ഈ സഖ്യത്തെ അവസരവാദപരമായ സഖ്യം എന്ന് ആന്ധ്ര-തെലുങ്കാന സാഹചര്യത്തില്‍ വിധിയെഴുതി തള്ളി. 119 സീറ്റുകളില്‍ 88 എണ്ണവും നേടി തെലുങ്കാന രാഷ്ട്രസമതി തൂത്തുവാരി. കോണ്‍ഗ്രസ് സഖ്യത്തിന് ലഭിച്ചത് വെറും 19 സീറ്റുകള്‍ ആണ്. ബി.ജെ.പി.ക്ക് അഞ്ചു സീറ്റുകള്‍ ലഭിച്ചതാണ് (7 ശതമാനം വോട്ട്). 2013-ല്‍ തെലുങ്കാന രാഷ്ട്രസമിതിക്ക് 63 സീറ്റുകളും(34 ശതമാനം വോട്ട്) കോണ്‍ഗ്രസിന് 21 സീറ്റുകളും(25 ശതമാനം വോട്ടുകള്‍) ലഭിച്ചതാണ്. എല്ലാം മാറിമറിഞ്ഞു. മിസോറാമും തെലുങ്കാനയും ബി.ജെ.പി.യെ സംബന്ധിച്ചിടത്തോളം അത്ര പ്രധാനം അല്ല. കാരണം അവിടെ അതിന് കാര്യമാത്രപ്രസക്തമായ സാന്നിദ്ധ്യം ഇല്ല. കോണ്‍ഗ്രസിന് ഉണ്ട് താനും. അതുകൊണ്ട് അത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ക്ഷീണം ആണ്.

ഹിന്ദി ഹൃദയഭൂമി അല്ലെങ്കില്‍ പശുരാഷ്ട്രീയ കേന്ദ്രമായ മദ്ധ്യപ്രദേശിലെയും രാജസ്ഥാനിലെയും ഛത്തീസ്ഘട്ടിലെയും പരാജയം ബി.ജെ.പി.ക്ക് 2019-ല്‍ വളരെ പ്രശ്‌നം സൃഷ്ടിക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല. 2013-ല്‍ ഈ മൂന്ന് സംസ്ഥാനങ്ങളിലും ജയിച്ചുകൊണ്ടാണ് മോഡിയും ബി.ജെ.പി.യും 2014 ലോകസഭ തെരഞ്ഞെടുപ്പില്‍ തരംഗം സൃഷ്ടിച്ചത്. ഈ മൂന്ന് സംസ്ഥാനങ്ങളിലെ 65 ലോകസഭ സീറ്റുകളില്‍ 62 എണ്ണവും ബി.ജെ.പി.നേടിയെടുത്തു. കോണ്‍ഗ്രസിന് ലഭിച്ചത് വെറും മൂന്നെണ്ണം മാത്രം. അവിടെയാണ് 2019-ല്‍ ഈ സംസ്ഥാനങ്ങളുടെ പ്രസക്തി.
ഈ മൂന്ന് സംസ്ഥാനങ്ങളിലെ ബി.ജെ.പി.യുടെ പരാജയത്തിന് ഒട്ടേറെ കാരണങ്ങള്‍ ചൂണ്ടികാണിക്കുവാന്‍ ആകും. ഭരണവിരുദ്ധവികാരം ആണ് അതില്‍ ഒന്ന്. അത് ഒരു പരിധിവരെ ശരിയുമാണ്. ഒരു പരിധിവരെ മാത്രം. അത് ശിവരാജ് സിംങ്ങ് ചൗഹാനും (മുഖ്യമന്ത്രി- മദ്ധ്യപ്രദേശ്) രമന്‍ സിംങ്ങും (ഛത്തീസ്ഘട്ട്) ഏറ്റെടുത്തുകഴിഞ്ഞു. വിജയരാജെ(രാജസ്ഥാന്‍) ഒന്നും ഉരിയാടികേട്ടില്ല. പക്ഷേ അത് ഭോപ്പാലിലോ ജയ്പ്പൂരിലോ റെയ്പ്പൂരിലോ തീരുന്നില്ല. ദല്‍ഹിക്ക് ഇതില്‍ വലിയ പങ്കുണ്ട്. മോഡിക്കും-അമിത്ഷാക്കും പങ്കുണ്ട്. രാജ്യത്താകമാനം ഈ മൂന്ന് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ഒരു ഭരണവിരുദ്ധ വികാരം ഉണ്ട്. ജനങ്ങള്‍ അസംതൃപ്തരാണ്. രോക്ഷാകുലര്‍ ആണ്. കാര്‍ഷീക മേഖല പ്രതിഷേധം കൊണ്ട് കത്തുകയാണ്. തൊഴിലവസരങ്ങള്‍ സൃ്്ഷ്ടിക്കപ്പെടാത്തതില്‍ യുവജനങ്ങള്‍ അസ്വസ്വഥര്‍ ആണ്. സാമ്പത്തിക രംഗത്ത് മാന്ദ്യത ആണ്. നാണയ നിര്‍വ്വീര്യകരണവും ചരക്ക് സേവന നികുതിയുടെ തെറ്റായ നടപ്പാക്കലും വന്‍ പ്രത്യാഘാതങ്ങള്‍ ആണ് സൃ്ഷ്ടിച്ചിരിക്കുന്നത്. സുപ്രീംകോടതി മുതല്‍ റിസര്‍വ്വ്ബാങ്ക്-സി.ബി.ഐ. വരെ ഗുരുതരമായ പ്രതിസന്ധിയില്‍ ആണ്. ഇതിനിടക്ക് ആണ് തീവ്ര ഹിന്ദുത്വരാഷ്ട്രീയത്തിന്റെ അടയാളമായ പശുസംരക്ഷകരുടെ അഴിഞ്ഞാട്ടവും ആള്‍ക്കൂട്ടകൊലയും രാമക്ഷേത്രനിര്‍മ്മാണത്തിനായിട്ടുള്ള മുറവിളിയും. തീവ്രഹിന്ദുത്വക്ക് ഏറ്റ തിരിച്ചടി ആണ് മദ്ധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഘട്ടും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെപ്പോലുള്ള ബി.ജെ.പി.യുടെ തീവ്രഹിന്ദുത്വ തെരഞ്ഞെടുപ്പ് പ്രചാരകരുടെ വിഭാഗീയത കലര്‍ന്ന, വിഷംവമിക്കുന്ന ആക്രോശങ്ങള്‍ക്ക് ഏറ്റ തിരിച്ചടിയും ആയിരുന്നു ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍. മോഡിയുടെ പ്രചാരണം നെഹ്‌റു-ഗാന്ധി കുടുംബത്തെ മാത്രം ഉന്നം വച്ചുള്ളതായിരുന്നു. ഷായും നെഗറ്റീവ് രാഷ്ട്രീയമാണ് കളിച്ചത്. മോഡി സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ വോട്ട്ബാങ്ക് രാഷ്ട്രീയത്തിനായി രാ്ഷ്ട്രീയവല്‍ക്കരിച്ചതിനെ മുന്‍ സൈനീക മേധാവികള്‍ വരെ അപലപിക്കുകയുണ്ടായി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മൃദുഹിന്ദുത്വവും പൂണൂല്‍ രാഷ്ട്രീയവും എത്രഗുണം ചെയ്താലും അത് രാഷ്ട്രീയമായി അവസരവാദപരം ആണ് കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധവും ആണ്. ദീര്‍ഘകാലത്തില്‍ അത് ദോഷം ചെയ്യും.

ജനവിധി 2018 അടുത്ത വര്‍ഷത്തെ മഹാഭാരത യുദ്ധത്തിന്റെ ഫലസൂചന ആണോ? (ദല്‍ഹികത്ത്  : പി.വി.തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക