Image

എന്തിനാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി, കുടുംബപ്രശ്‌നങ്ങള്‍ കാരണം മനംനൊന്ത് ആത്മഹത്യ ചെയ്തതാണ് വേണുഗോപാലന്‍ നായര്‍

Published on 14 December, 2018
എന്തിനാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി, കുടുംബപ്രശ്‌നങ്ങള്‍ കാരണം മനംനൊന്ത് ആത്മഹത്യ ചെയ്തതാണ് വേണുഗോപാലന്‍ നായര്‍
തുടര്‍ച്ചയായ ഹര്‍ത്താലിന് പിന്നാലെ ബിജെപിയുടെ ഇന്നത്തെ ഹര്‍ത്താലിനെ കളിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയുടേത് അപഹാസ്യമായ ഹര്‍ത്താല്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്തിനാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് ബിജെപി വ്യക്തമാക്കണം. കുടുംബപ്രശ്‌നങ്ങള്‍ കാരണം മനംനൊന്താണ് ആത്മഹത്യയെന്ന് വേണുഗോപാലന്‍ നായര്‍ മരണമൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മജിസ്‌ട്രേറ്റ് മരണമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ബിജെപി കേന്ദ്ര നേതൃത്വം നയം വ്യക്തമാക്കണമെന്നും പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ബിജെപി ഹര്‍ത്താല്‍ ജനം തള്ളിക്കളഞ്ഞെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രതികരിച്ചു. മരിച്ച വേണുഗോപാലന്‍ നായര്‍ക്ക് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയോട് ആഭിമുഖ്യം ഉള്ളതായി ആര്‍ക്കും അറിയില്ല. വേണുഗോപാലന്‍ നായരുടെ കുടുംബം ഇടത് പക്ഷത്തിനൊപ്പം നില്‍ക്കുന്നവരെന്നും കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

കുടുംബവുമായി താന്‍ സംസാരിച്ചു. വേണുഗോപാലന്‍ നായര്‍ മാനസികമായി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു വെന്നും ദേവസ്വം മന്ത്രി പറഞ്ഞു. ബിജെപിയുടേത് ഭ്രാന്തമായ നിലപാടാണ്. ഹര്‍ത്താലിനെതിരെ ജനകീയ മുന്നേറ്റം വേണം. തീര്‍ത്ഥാടകര്‍ പല സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു, പിന്നെ എങ്ങനെയാണ് തീര്‍ത്ഥാടകരെ ഒഴിവാക്കിയെന്ന് ബിജെപി പറയുന്നത്.ഏത് വിധേനയും ബലിദാനികളെ സൃഷ്ടിക്കുകയാണ് ബിജെപിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ശബരിമല സമരം പൊളിഞ്ഞതിലെ ജാള്യത മറച്ച്‌ വയ്ക്കാനാണ് ആത്മഹത്യയുടെ മറവില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. ബിജെപി ആഹ്വാനം ചെയ്ത അപ്രതീക്ഷിത ഹര്‍ത്താല്‍ ജനദ്രോഹമാണ്, തുടര്‍ച്ചയായി അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച്‌ ബിജെപി സംസ്ഥാനത്തെ ജനങ്ങളെ ദ്രോഹിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക