Image

"കാന "യുടെ സ്‌നേഹസ്പര്‍ശമായി "കലവറ" ഒരുക്കി ഒരു ദൈവത്തിന്റെ മാലാഖ

അനില്‍ പെണ്ണുക്കര Published on 14 December, 2018
"കാന "യുടെ സ്‌നേഹസ്പര്‍ശമായി "കലവറ" ഒരുക്കി ഒരു ദൈവത്തിന്റെ മാലാഖ
വഴിമുട്ടിയ ജീവിതവുമായി ആയിരങ്ങള്‍ അലയുന്നുണ്ട് നമുക്കുചുറ്റും. പണത്തിനു വേണ്ടിയുള്ള ഓട്ടപ്പാച്ചിലില്‍ നമ്മള്‍ കാണാതെ പോകുന്ന ഒരുപക്ഷെ കണ്ടില്ലെന്നു നടിക്കുന്ന ആയിരങ്ങള്‍. പണം കടം ചോദിക്കുന്ന സുഹൃത്തുക്കളോട് പോലും വീട്, കുടുംബം, കുഞ്ഞുങ്ങള്‍, ബാധ്യത.... അങ്ങനെയുള്ള പ്രാരബ്ധകഥകള്‍ പറഞ്ഞ് മനം മടുപ്പിക്കുന്ന നമുക്ക് അന്യന്റെ വിശപ്പും പട്ടിണിയും ഇല്ലായ്മയും ഒരു മുള്ളുകൊണ്ട വേദനപോലും ഉണ്ടാക്കില്ല.

എന്നാല്‍ ബിന്ദു ഫെര്ണാണ്ടസിന് ഇത്തരം കാഴ്ചകള്‍ ഹൃദയം നുറുങ്ങുന്ന വേദന നല്‍കുന്നു. കാരണം അന്യന്റെ വേദനയെ സ്വന്തം വേദനയായി കണ്ട്, ആ മുറിവിന് മരുന്നുവെച്ചു സുഖപ്പെടുത്തുന്ന, ദൈവത്തിന്റെ മാലാഖയാണ് ബിന്ദു ഫെര്‍ണാണ്ടസ് . ഹൂസ്റ്റണില്‍ നഴ്‌സും സാമൂഹ്യപ്രവര്‍ത്തകയുമായ ബിന്ദു ഫെര്‍ണാണ്ടസിന്റെ സഹായഹസ്തങ്ങള്‍ക്ക് നിരവധിപേരുടെ വേദന ശമിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

കോഴിക്കോട് ഗവണ്മെന്റ് സര്‍വീസില്‍ നഴ്‌സായി തുടങ്ങിയ കരിയര്‍ ജീവിതം അമേരിക്കയിലെ ഹൂസ്റ്റണില്‍ വരെ എത്തിയതിനു പിന്നില്‍ ബിന്ദു ഫെര്‍ണാണ്ടസിന്റെ കഠിനാധ്വാനം മാത്രമല്ല ബിന്ദുവിന്റെ സഹായപ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന ആയിരക്കണക്കിന് ജനങ്ങളുടെ പ്രാര്‍ത്ഥനകൊണ്ട് കൂടിയാണ്. കാന (ഇഅഞകചഏ അചഉ ചഛഡഞകടഒകചഏ അഇഠകഢകഠകഋട ) എന്ന കൂട്ടായ്മക്ക് രൂപം കൊടുത്ത് സമൂഹത്തിലെ പാവപ്പെട്ടവന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിന്ദു അത്യധികം പരിശ്രമിക്കുന്നുണ്ട്.

ബിന്ദു ഫെര്‍ണാണ്ടസ് എന്ന ഒറ്റയാള്‍ പ്രവര്‍ത്തകയും നിയമങ്ങളോ ചട്ടക്കൂടുകളോ നിബന്ധനകളോ ഇല്ലാത്ത കാന എന്ന തുറന്ന കൂട്ടായ്മയുമാണ് ഇന്ന് മലയാളികളുടെ കണ്ണുതുറപ്പിക്കുന്നത്. പ്രളയവും ഉരുള്‍ പൊട്ടലും ഉണ്ടായി കേരളം വിറങ്ങലിച്ചു നിന്നപ്പോള്‍ മലയോര മേഖലയില്‍ പ്രളയക്കെടുതികള്‍ക്ക് ശേഷം താമസം സാധ്യമാകാതെ വന്നപ്പോള്‍ കുറച്ചു കുടുംബങ്ങള്‍ക്ക് താമസിക്കുന്നതിനായിവീടുകള്‍ വാടകയ്‌ക്കെടുത്തു നല്‍കുകയുണ്ടായി കാനാ കൂട്ടായ്മ.എല്ലാം നഷ്ടപ്പെട്ട് ഒരു വാടക വീട്ടിലേക്ക് വന്നപ്പോള്‍ പലരുടെയും കയ്യില്‍ ഒന്നുമുണ്ടായിരുന്നില്ല .അങ്ങനെ ആണ് പുതിയ ഒരാശയത്തിനു ബിന്ദു രൂപം നല്‍കുന്നു
"കലവറ ".....
കോഴിക്കോട് നഗരത്തില്‍ ഒരു വീട് വാടകയ്‌ക്കെടുത്ത് ഒരു "കലവറ" ഒരുക്കുന്നു .ഓരോ വീട്ടിലെയും ആവശ്യമില്ലാത്ത എന്നാല്‍ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ സാധനങ്ങള്‍ കാനയുടെ കലവറ സംഭാവനയായി സ്വീകരിക്കുന്നു. ഇല്ലായ്മയുടെ വല്ലായ്മയില്‍ അവശരായവര്‍ക്ക് ആ സാധനങ്ങള്‍ പുത്തന്‍കോടിയായി കാനയുടെ യുടെ പ്രവര്‍ത്തകര്‍ എത്തിക്കും .ഒരു സോപ്പ് മുതല്‍ എന്തുമാകാം .തെരുവില്‍ തണുത്തുവിറച്ചു കിടന്നുറങ്ങുന്ന ഒരു ഭിക്ഷാടകന് തണുപ്പ് മാറ്റാന്‍ ഒരു പുതപ്പ് .അങ്ങനെ മനുഷ്യന് ആവശ്യമുള്ളതെല്ലാം കാന സ്വീകരിക്കുന്നു .അവ കലവറയില്‍ സൂക്ഷിക്കുകയും ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുകയും ചെയ്യും .

ഒരു ദുരന്തമുണ്ടാകുമ്പോള്‍ അവിടെ ഓടിയെത്തുവാന്‍ "കാന" യുണ്ടാകുമെന്നു ബിന്ദു ഫെര്‍ണാണ്ടസ് നമുക്ക് ഉറപ്പു തരുന്നു .
ഒരു അമേരിക്കന്‍ മലയാളി വനിത സ്വന്തം ജീവിതത്തോടൊപ്പം ഒട്ടനേകം പേര്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉണ്ടാക്കിക്കൊടുക്കാനും കാണിക്കുന്ന ഈ മനസ്സ് മതി മലയാളികള്‍ക്ക് സ്വന്തം സ്വാര്‍ത്ഥത മനസ്സിലാക്കിക്കൊടുക്കാന്‍.

കാന കൂട്ടായ്മ മറ്റു കൂട്ടായ്മകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. മതപരവും രാഷ്ട്രീയപരവുമായ ബന്ധങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി രേഖകളും രേഖപ്പെടുത്തലുകളുമില്ലാത്ത, സ്ഥിര അംഗങ്ങളോ ഓഫീസോ രൂപീകരിക്കാത്ത, പൂര്‍ണ്ണ സ്വതന്ത്രമായ ഒരു കൂട്ടായ്മയാണിത്. സോഷ്യല്‍ മീഡിയയിലൂടെ കാന കൂട്ടായ്മയിലേക്ക് അംഗമായി വന്നവര്‍ തങ്ങളുടെ വേതനത്തില്‍ നിന്നും ഇഷ്ടമുള്ള ഒരു പങ്ക് കൂട്ടായ്മയിലേക്ക് നല്‍കുന്നു. അവിടെ മെമ്പര്‍ഷിപ്പ് വേണമെന്ന നിബന്ധനകളൊന്നും തന്നെയില്ല. അനാഥമന്ദിരങ്ങള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ സ്കൂളുകള്‍, വൃദ്ധസദനകള്‍, ആദിവാസി മേഖലകള്‍, എന്‍ഡോസള്‍ഫാന്‍ ബാധിതപ്രശ്‌നങ്ങള്‍.... അങ്ങനെ തുടങ്ങി ഈയിടെ കേരളം നേരിട്ട പ്രളയദുരന്തത്തില്‍ അനാഥരായവര്‍ക്കും കാന കൂട്ടായ്മ സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്.

അമേരിക്കയിലിരുന്നുകൊണ്ട് കാന കൂട്ടായ്മയെ നിയന്ത്രിക്കുന്നതും ഒപ്പം കേരളത്തിലെ കാനയുടെ പ്രവര്‍ത്തനങ്ങളെ നോക്കിനടത്തുന്നതും ബിന്ദു ഫെര്‍ണാണ്ടസ് എന്ന മാലാഖ തന്നെയാണ്.സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും പര്യായമായി നിലകൊള്ളുകയാണ് കാന കൂട്ടായ്മ. ഒപ്പം ആ കൂട്ടായ്മയിലെ കെടാവിളക്കായി ഈ മാലാഖയും .ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയിലൂടെ മാത്രം ബന്ധപ്പെട്ട് കാനയ്ക്ക് സഹായവുമായി എത്തിയവരും കൂടി കൂടുമ്പോഴാണ് ഈ കൂട്ടായ്മ പൂര്‍ണമാകുന്നത്.

മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഇന്നത്തെ സമൂഹത്തില്‍ ബിന്ദു ഫെര്ണാണ്ടസിനെ പോലെയുള്ളവരെ അംഗീകരിക്കാന്‍ പലര്‍ക്കും ബുന്ധിമുട്ടായിരിക്കും. അപ്പോഴും അന്യന്റെ സഹായം പ്രതീക്ഷിച്ച് കഴിയുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ ഇതേ സമൂഹത്തിലുണ്ടെന്ന് നമ്മള്‍ മറന്നു പോകുന്നു.എന്നാല്‍ നമ്മള്‍ ഓര്‍ക്കേണ്ട ഒന്നുണ്ട് വിശപ്പിനു പണക്കാരെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വേര്‍തിരിവില്ല. ഒരുനേരത്തെ ആഹാരം മുടങ്ങുമ്പോള്‍ വയറുഴിഞ്ഞു വിശപ്പു പ്രകടിപ്പിക്കുന്ന നമ്മള്‍ ദിവസങ്ങളോളം പട്ടിണി കിടക്കുന്നവരെക്കുറിച്ചു ചിന്തിക്കണം. അവരുടെ വയറും മനസും നിറക്കുന്ന ബിന്ദുവിനെപ്പോലുള്ളവരെക്കുറിച്ചും !

കലവറയിലേക്ക് സഹായമെത്തിക്കുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും ഈ മെയിലില്‍ ബന്ധപ്പെടാവുന്നതാണ്
binduveetil@ hotmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക