Image

ജോര്‍ജ് എച്ച് ബുഷ് 41, വൈമാനികനില്‍ നിന്നും വൈറ്റ്‌ഹൌസിന്റെ അമരക്കാരന്‍ വരെ...(ജോസഫ് പടന്നമാക്കല്‍)

Published on 14 December, 2018
ജോര്‍ജ് എച്ച് ബുഷ് 41, വൈമാനികനില്‍ നിന്നും വൈറ്റ്‌ഹൌസിന്റെ അമരക്കാരന്‍ വരെ...(ജോസഫ് പടന്നമാക്കല്‍)
ജോര്‍ജ് ഹെര്‍ബെര്‍ട് വാള്‍ക്കര്‍ ബുഷ് ' 1989 മുതല്‍ 1993 വരെ അമേരിക്കയുടെ നാല്പത്തിയൊന്നാം പ്രസിഡന്റായിരുന്നു. അമേരിക്കന്‍ പ്രസിഡന്റുമാരില്‍ അദ്ദേഹത്തെപ്പോലെ റെസ്യുമെയുള്ള(ഞലൗൊല) മറ്റൊരു പ്രസിഡന്റ് ചരിത്രത്തിലില്ല. ഇരുപതാം വയസുമുതല്‍ രാഷ്ട്രത്തിനുവേണ്ടി തുടങ്ങി വെച്ച സേവനം വിശ്രമമില്ലാതെ 94 വയസില്‍ മരിക്കുന്നവരെ തുടര്‍ന്നുകൊണ്ടിരുന്നു.
ഇറാക്കിനെതിരെ യുദ്ധകാല സമാനമായ ഒരു കാലഘട്ടത്തില്‍ അദ്ദേഹം രാജ്യത്തെ ധീരതയോടെ നയിച്ചു. 'സമാധാനത്തിലധിഷ്ഠിതമായ ഒരു ലോകം കണ്ടുകൊണ്ട് രാഷ്ട്ര നന്മയ്ക്കായി അമേരിക്കയെ ബലവത്താക്കുമെന്നും' പ്രസിഡന്റായ ദിവസം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

ജോര്‍ജ് എച്ച് ബുഷ് മസ്സാച്ചുസ്സിലുള്ള മില്‍ട്ടണില്‍ 1924 ജൂണ്‍ പന്ത്രണ്ടാം തിയതി ജനിച്ചു. രാഷ്ട്രീയമായി പേരും പെരുമയും പാരമ്പര്യവുമുള്ള ഒരു ധനിക കുടുംബത്തിലാണ് ബുഷ് ജനിച്ചു വളര്‍ന്നത്. പിതാവ് 'പ്രെസ്‌കോട്ട് ബുഷ്' അമേരിക്കയുടെ സെനറ്ററായിരുന്നു. അമ്മ 'ഡൊറോത്തി വാക്കര്‍' ഒരു ബാങ്കറുടെ മകളായിരുന്നു. ബാലനായിരുന്ന സമയത്ത് ബുഷിന് മരണകരമായ ഒരു രോഗം പിടിപെടുകയും രക്ഷപെടുകയും ചെയ്തു. രോഗംമൂലം സ്കൂളില്‍ ഒരു വര്‍ഷം നഷ്ടപ്പെട്ടതിനാല്‍ വീണ്ടും അതേ ക്ലാസ്സില്‍ പിറ്റേ വര്‍ഷവും പഠനം ആവര്‍ത്തിക്കേണ്ടി വന്നു. മസാച്ചുസിലുള്ള ആന്‍ഡോവറില്‍ വളരെ പ്രസിദ്ധമായ ഫിലിപ്‌സ് ഹൈസ്കൂളിലാണ് ജോര്‍ജ് ബുഷ് പഠിച്ചിരുന്നത്. അവിടെ പഠിക്കുന്ന കാലം മുതല്‍ തന്റെ ഭാവി വധു ബാര്‍ബറായുമായി പ്രേമബന്ധത്തിലായിരുന്നു. 1941ല്‍ അവരൊന്നിച്ച് ഒരു ക്ലബില്‍ ക്രിസ്തുമസ് ഡാന്‍സ് ചെയ്ത ശേഷമാണ് സുഹൃത്തുക്കളായത്. അന്ന് അദ്ദേഹത്തിനു പതിനേഴും ബാര്‍ബറായ്ക്ക് പതിനാറും വയസ് പ്രായമുണ്ടായിരുന്നു.

'ഫിലിപ്‌സ് അക്കാദമിയില്‍' ജോര്‍ജ് ബുഷ് മുതിര്‍ന്ന ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് അമേരിക്ക ജപ്പാനില്‍ 'പേള്‍ റിവറില്‍' ബോംബിട്ടു. അന്നുമുതല്‍ രാജ്യസേവനം ലക്ഷ്യമിട്ട് അമേരിക്കന്‍ സേനയില്‍ പ്രവര്‍ത്തിക്കണമെന്ന ആഗ്രഹമുണ്ടായി. 1941ല്‍ ബുഷ് പട്ടാളത്തില്‍ ചേരാന്‍ തീരുമാനിച്ചു. യേല്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം ലഭിച്ചെങ്കിലും പഠനം മുമ്പോട്ട് തുടരാന്‍ ആഗ്രഹിച്ചില്ല. സ്വന്തം പിതാവ് പഠനം നിര്‍ത്തുന്നതില്‍ എതിര്‍ത്തെങ്കിലും പതിനെട്ടു വയസു തികയുന്ന ദിവസം നേവിയില്‍ ചേരാന്‍ അദ്ദേഹം സ്വയം തീരുമാനമെടുത്ത് ഒപ്പിടുകയാണുണ്ടായത്. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തു. നേവിയില്‍ ആയിരുന്ന സമയം വിമാനം പറപ്പിക്കാനുള്ള യോഗ്യതകള്‍ നേടി. അദ്ദേഹം അന്ന് അമേരിക്കന്‍ നേവിയിലെ വിമാനം പറപ്പിക്കുന്ന പൈലറ്റുമാരില്‍ ഏറ്റവും പ്രായം കുറഞ്ഞ യുവാവായിരുന്നു.

1944ല്‍ അദ്ദേഹത്തിന്‍റെ വിമാനം ജപ്പാന്‍ വെടി വെച്ചിട്ടു. ജപ്പാന്‍ ബോട്ടുകള്‍ അദ്ദേഹത്തെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും തന്ത്രപൂര്‍വം വെള്ളത്തില്‍ക്കൂടി രക്ഷപ്പെടുകയായിരുന്നു. അന്നത്തെ ഘോരമായ ദുരിത ദിനത്തെ ബുഷ് തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. "ഞാന്‍ നരകത്തിനുള്ളില്‍ നീന്തുന്നപോലെ കൈകാലുകള്‍ കുഴഞ്ഞ് ഉറക്കെയുറക്കെ കരയുന്നുണ്ടായിരുന്നു. രക്ഷപെടുമെന്ന പ്രതീക്ഷകളും നശിച്ചിരുന്നു. ജീവനുവേണ്ടിയുള്ള ആ നീന്തലില്‍ തനിക്ക് ഒളിമ്പിക് മെഡല്‍ കിട്ടാന്‍ വരെ യോഗ്യനായിരുന്നു. അമേരിക്കന്‍ സബ്മറയിന്‍ അദ്ദേഹത്തെ കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു. വീണ്ടും ജപ്പാന്റെ തീരത്തേക്ക് അദ്ദേഹത്തെ യുദ്ധത്തിനായി അയച്ചെങ്കിലും അതിനു മുമ്പ് തന്നെ ജപ്പാന്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ കീഴടങ്ങുകയാണുണ്ടായത്. യുദ്ധത്തില്‍ ധീരമായ സേവനത്തിന് മെഡലുകള്‍ നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധകാലത്ത് യുദ്ധവിമാനവുമായി 58 പ്രാവിശ്യം ശത്രു സങ്കേതങ്ങളെ ലക്ഷ്യമാക്കി പറന്നിരുന്നു.

യുദ്ധം അവസാനിക്കുകയും ബുഷ് നേവിയില്‍നിന്ന് പിരിഞ്ഞു പോവുകയും ചെയ്തു. യുദ്ധസേവനം കഴിഞ്ഞു മടങ്ങി വന്നപ്പോള്‍ അദ്ദേഹത്തിന് വീണ്ടും പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നില്ല. ഏതെങ്കിലും ജോലി സമ്പാദിക്കണമെന്നുള്ളതായിരുന്നു ലക്ഷ്യം. എന്നാല്‍ അദ്ദേഹത്തിന്റെ പിതാവ് അതിന് സമ്മതിക്കില്ലായിരുന്നു. ഒടുവില്‍ നിര്‍ബന്ധത്തിനു വഴങ്ങി 'യേല്‍ യൂണിവേഴ്‌സിറ്റി'യില്‍ ചേര്‍ന്നു. ഒപ്പം സ്വന്തം കുടുംബം പരിപാലിക്കാനുള്ള ഉത്തരവാദിത്വവും ഉണ്ടായിരുന്നു. 1945 ജനുവരിയില്‍ ബാര്‍ബറ പിയേഴ്‌സിനെ വിവാഹം ചെയ്തു. ജോര്‍ജ്, റോബിന്‍, ജോണ്‍ (ജെബ്), നീല്‍, മാര്‍വിന്‍, ഡൊറോത്തി എന്നിങ്ങനെ ആറുമക്കള്‍ ജനിച്ചു. ഇവരില്‍ റോബിന്‍ കുഞ്ഞായിരുന്നപ്പോള്‍ തന്നെ ലുക്കീമിയ വന്നു മരിച്ചുപോയിരുന്നു.യേല്‍യുണിവേഴ്‌സിറ്റിയില്‍ പഠിച്ചിരുന്ന കാലത്താണ് മൂത്ത മകന്‍ ജോര്‍ജ് ഡബ്‌ള്യു ബുഷ് ജനിച്ചത്.

യേല്‍ യൂണിവേഴ്‌സിറ്റിയില്‍ പഠനത്തോടൊപ്പം സ്‌പോര്‍ട്‌സിലും അദ്ദേഹം സമര്‍ത്ഥനായിരുന്നു. ബേസ് ബാള്‍ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. കുഞ്ഞുനാളില്‍ ബുഷിനെ വിളിച്ചിരുന്നത് 'പോപ്പി'യെന്നായിരുന്നു. ബേസ്‌ബോള്‍ കളിക്കാരനായ നാളുകളില്‍ ദേശീയ ലെവലില്‍ പോലും അറിഞ്ഞിരുന്നത് ആ പേരിലായിരുന്നു. രണ്ടര വര്‍ഷം കൊണ്ട്! യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമെടുത്തു.

ബിരുദത്തിനു ശേഷം എന്ത് ചെയ്യണമെന്ന് അദ്ദേഹത്തിന്റെ മനസ് ചാഞ്ചല്യപ്പെടുന്നുണ്ടായിരുന്നു. നിരവധി കമ്പനികളില്‍ നിന്നും ജോലിക്കായുള്ള ഓഫറുകളും ലഭിച്ചു. അദ്ധ്യാപക ജോലിക്കും ക്ഷണിച്ചിരുന്നു. അവസാനം അദ്ദേഹം ടെക്‌സാസിലുള്ള ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനിയില്‍ ജോലി തുടങ്ങി. ഒരു കോര്‍പറേറ്റ് കമ്പനിയില്‍ താണ ജോലിക്കാരനായി 'എക്യുപ്‌മെന്റ് ക്ലര്‍ക്കിന്റെ' ജോലിയായിരുന്നു ആദ്യം ചെയ്തിരുന്നത്. പിന്നീട് സ്വന്തം ഓയില്‍ കമ്പനി തുടങ്ങുകയായിരുന്നു.

ബുഷ് അക്കാലത്തെ ടെക്‌സാസിലെ താമസകാലത്തെപ്പറ്റി ആത്മകഥയില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെ, "തന്റെ വീട് അന്നു വളരെ ചെറിയതും ഒറ്റ ടോയ്‌ലെറ്റ് മുറിയോടുള്ളതുമായിരുന്നു. ടോയ്‌ലെറ്റ് മുറി അടുത്തുള്ള അയല്‍പ്പക്കക്കാരുമായി പങ്കിടണമായിരുന്നു. ഒരു സ്ത്രീയും മകളും അതേ ടോയിലറ്റും ബാത്ത്‌റൂമും ഉപയോഗിച്ചിരുന്നു. രാത്രി കാലങ്ങളില്‍ അനേക പുരുഷന്മാരും ഇതേ ടോയിലറ്റ് ഉപയോഗിച്ചിരുന്നതിനാല്‍ മിക്കസമയവും അകത്തുനിന്നു പൂട്ടി കിടക്കുമായിരുന്നു. അതുമൂലം പ്രാഥമിക ആവശ്യങ്ങള്‍ നടത്താന്‍ സാധിക്കാതെ നന്നേ ബുദ്ധിമുട്ടിയിട്ടുണ്ട്."

ജോര്‍ജ് ബുഷിന്റെ പിതാവ് 'പ്രെസ്‌കോട്ട് ബുഷ്' കണക്റ്റികട്ടില്‍ സെനറ്ററായി സേവനം ചെയ്തിരുന്നു. പിതാവിന്റെ കാലടികള്‍ പിന്തുടര്‍ന്നുകൊണ്ടു തന്നെ 1952ല്‍ കണക്റ്റികട്ടില്‍ ജോര്‍ജ് ബുഷ് സെനറ്ററായി മത്സരിച്ചു ജയിച്ചു. അതിനുശേഷം അദ്ദേഹം പൊതുജനസേവനത്തിനും രാഷ്ട്രീയത്തിലും തല്പരനായി. ടെക്‌സാസ്സില്‍നിന്നും കോണ്‍ഗ്രസ്സ് പ്രതിനിധിയായി അദ്ദേഹത്തെ രണ്ടുപ്രാവശ്യം തിരഞ്ഞെടുത്തു. പിന്നീട് രണ്ടു പ്രാവിശ്യം തുടര്‍ച്ചയായി സെനറ്റില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല. രാഷ്ട്രീയത്തിലെ നേതൃസ്ഥാനത്തിരുന്നുകൊണ്ട് ജനസേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകി, നിരവധി സ്ഥാനമാനങ്ങളും ചുമതലകളും വഹിച്ചിരുന്നു. യുണൈറ്റഡ്‌നേഷന്‍ അംബാസിഡര്‍, റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മറ്റിയുടെ ചെയര്‍മാന്‍ എന്നിങ്ങനെ ഔദ്യോഗിക ഭാരവാഹിത്വങ്ങളും വഹിച്ചിരുന്നു. ചൈനയുടെ അംബാസഡറായും സി.ഐ.എ ഡയറക്ടറായും പ്രവര്‍ത്തിച്ചു.

റിച്ചാര്‍ഡ് നിക്‌സന്‍റെ കാലത്ത് 1968ല്‍ വൈസ് പ്രസിഡന്റായി മത്സരിക്കാന്‍ ബുഷിനെ പരിഗണിച്ചിരുന്നു. ബുഷ് കുടുംബത്തിന്റെ സുഹൃത്തായിരുന്ന ബില്ലി ഗ്രഹാമും ഇങ്ങനെ ഒരു സാധ്യതയെപ്പറ്റി ആരാഞ്ഞിരുന്നു. 1974ആഗസ്റ്റ് ആറാം തിയതി നിക്‌സണ്‍ ഒരു ക്യാബിനറ്റ് മീറ്റിങ്ങ് വിളിച്ചു കൂട്ടി. അന്ന് റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ ബുഷായിരുന്നു. വാട്ടര്‍ഗേറ്റ് സംഭവം ചൂടുപിടിച്ചിരുന്ന കാലവുമായിരുന്നു. വിവാദപരമായ ചര്‍ച്ചകളില്‍ ബുഷിന് പ്രസംഗിക്കാന്‍ അവസരം കിട്ടി. 'വാട്ടര്‍ഗേറ്റ് സംഭവം മൂലം നിക്‌സണു ജനപിന്തുണ നഷ്ടപ്പെട്ടെന്നും അതുകൊണ്ടു രാജിവെക്കണമെന്നും' പ്രസംഗത്തിനിടെ ബുഷ് ആവശ്യപ്പെട്ടു.ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രസിഡന്റ് നിക്‌സണ്‍ രാജി വെയ്ക്കുകയും ചെയ്തു.

ജെറാള്‍ഡ് ഫോര്‍ഡ് പ്രസിഡന്റായ ശേഷം ബുഷ് ചൈനയിലെ നയതന്ത്ര പ്രതിനിധിയായി ചുമതലകള്‍ വഹിച്ചു. അവിടുത്തെ സേവനം മതിയാക്കിയശേഷം മടങ്ങി വന്നു ക്യാബിനറ്റ് റാങ്കില്‍ സ്ഥാനം ആവശ്യപ്പെട്ടു. എന്നാല്‍ ജെറാള്‍ഡ് ഫോര്‍ഡ് അദ്ദേഹത്തെ സി.ഐ.എ ഡയറക്ടര്‍ ആയി നിയമിച്ചു. 1976 ജനുവരി മുപ്പതുമുതല്‍ 1977 ജനുവരി ഇരുപതുവരെ ബുഷ് ആ സ്ഥാനത്ത് തുടര്‍ന്നു. അമേരിക്കന്‍ ചരിത്രത്തില്‍ 'സി.ഐ.എ ഹെഡ്' എന്ന സ്ഥാനം അലങ്കരിച്ച ശേഷം പ്രസിഡന്റായ ഒരു വ്യക്തി ബുഷ് മാത്രമേയുള്ളൂ.

1980ല്‍ െ്രെപമറിയില്‍ റീഗനെതിരെ പ്രസിഡന്റായി ബുഷ് മത്സരിച്ചിരുന്നെങ്കിലും നോമിനേഷന്‍ കിട്ടിയില്ല. എങ്കിലും റൊണാള്‍ഡ് റീഗന്റെ സ്ഥാനാര്‍ത്ഥിത്വത്തിനൊപ്പം വൈസ് പ്രസിഡന്റായി മത്സരിക്കാന്‍ സാധിച്ചു. വിജയിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ബുഷിന് നിരവധി ചുമതലകളുണ്ടായിരുന്നു. ആഭ്യന്തര കാര്യങ്ങളിലും മയക്കുമരുന്നു മാഫിയാകളെ ഒതുക്കുന്നതിലും നിര്‍ണ്ണായകമായ പങ്ക് വഹിച്ചിരുന്നു. അക്കാലങ്ങളില്‍ നിരവധി വിദേശ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്.

1980ല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി 'ബുഷ്' നോമിനേഷന്‍ കൊടുത്തപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഫണ്ട് തികയാതെ വന്നു. അദ്ദേഹത്തിനുവേണ്ടി പ്രവര്‍ത്തിച്ചവരില്‍ ഭൂരിഭാഗവും പ്രതിഫലം ഇല്ലാതെയും പകുതി പ്രതിഫലത്തിലും ജോലി ചെയ്യാന്‍ സന്നദ്ധരായിരുന്നു. അദ്ദേഹം അപ്രാവിശ്യം മത്സരത്തില്‍നിന്നു പിന്‍വാങ്ങിയപ്പോള്‍ സ്വന്തം തിരഞ്ഞെടുപ്പ് പ്രവര്‍ത്തകര്‍ക്കു നന്ദി പറയുകയും മൂന്നുമാസത്തോളം കൊടുക്കാനുണ്ടായിരുന്ന കുടിശിഖയും മുഴുവന്‍ പ്രതിഫലവും സ്വന്തം ഖജനാവില്‍നിന്നു അയക്കുകയും ചെയ്തു.

റൊണാള്‍ഡ് റീഗന്‍ വെടിയേറ്റ സമയം ബുഷിനോട് വൈസ് പ്രസിഡന്റെന്ന നിലയില്‍ വൈറ്റ് ഹൌസ് ചുമതലകള്‍ ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം നിരസിക്കുകയാണുണ്ടായത്. പകരം അദ്ദേഹം പ്രസിഡന്റിന്റെ ഓഫീസ് ചുമതലകളേറ്റെടുക്കാതെ വൈസ് പ്രസിഡന്റെന്ന നിലയില്‍ സ്വന്തം ഓഫിസില്‍ ഹാജരാവുയാണുണ്ടായത്.

1988ല്‍ ജോര്‍ജ് ബുഷിനു പ്രസിഡന്റ് മത്സരത്തിനായുള്ള നോമിനേഷന്‍ ലഭിച്ചു. ഇന്‍ഡ്യാനയിലെ സെനറ്റര്‍ 'ഡാന്‍ ഖുയലിനെ' ഒപ്പം വൈസ് പ്രസിഡന്റായി മത്സരിപ്പിക്കാനും തീരുമാനിച്ചു. മസാച്യുസ് ഗവര്‍ണര്‍ മൈക്കിള്‍ ഡ്യൂക്കാക്കിസിനെ പരാജയപ്പെടുത്തികൊണ്ട് പൊതുതിരഞ്ഞെടുപ്പില്‍ അമേരിക്കയുടെ നാല്പത്തിയൊന്നാം പ്രസിഡന്റായി വിജയിക്കുകയും ചെയ്തു. 150 വര്‍ഷത്തെ അമേരിക്കന്‍ ചരിത്രത്തില്‍ നിലവിലുള്ള ഒരു വൈസ് പ്രസിഡന്റ്, പ്രസിഡന്റായി മത്സരിച്ചു ജയിക്കുന്നത് ആദ്യത്തെ സംഭവമായിരുന്നു. 1836ലെ പ്രസിഡണ്ട് 'മാര്‍ട്ടിന്‍ വാന്‍ ബ്യുറ 'നു ശേഷം അമേരിക്കയില്‍ വൈസ് പ്രസിഡന്റ് പദവിയില്‍ നിന്ന് പ്രസിഡന്റായ വ്യക്തി ബുഷ് മാത്രമാണ്. പ്രസിഡന്റായപ്പോള്‍ അദ്ദേഹത്തിന്റ മുന്‍ഗാമികളായ നിക്‌സണ്‍, ഫോര്‍ഡ്, കാര്‍ട്ടര്‍, റീഗന്‍ എന്നിവര്‍ക്ക് പ്രത്യേകം സുരക്ഷിതമായ ടെലിഫോണ്‍ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. തന്മൂലം ഏതു സമയത്തും മുന്‍ പ്രസിഡന്റുമാരുമായി പ്രധാന കാര്യങ്ങളില്‍ ആലോചിച്ചു ചര്‍ച്ച ചെയ്യാന്‍ സാധിക്കുമായിരുന്നു. അവരുടെ ഉപദേശങ്ങള്‍ വളരെ വിലയേറിയതെന്നും ബുഷ് മനസിലാക്കിയിരുന്നു.

ഭൂമിശാസ്ത്രപരമായും രാഷ്ട്രീയപരമായും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട ഒരു ലോകത്തെയായിരുന്നു പ്രസിഡന്റെന്ന നിലയില്‍ ബുഷിന് അഭിമുഖീകരിക്കേണ്ടി വന്നത്. കയ്‌പ്പേറിയ നാല്‍പ്പതു വര്‍ഷത്തിനുശേഷം ശീതസമരം അവസാനിച്ചിരുന്ന നാളുകളുമായിരുന്നു. ബര്‍ലിന്‍ വാള്‍ ഇടിച്ചു താഴെയിട്ടു. സോവിയറ്റ് സാമ്രാജ്യം ചിതറി നാമാ വിശേഷമായി. ബുഷ് പിന്തുണച്ചിരുന്ന സോവിയറ്റ് ഭരണാധികാരി ഗോര്‍ബച്ചോവ് സോവിയറ്റ് യൂണിയന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു രാജി വെക്കുകയും ചെയ്തു. സോവിയറ്റ് യൂണിയന്‍ പല രാജ്യങ്ങളായി അറിയപ്പെട്ടു. പുതിയതായി രൂപം കൊണ്ട രാജ്യങ്ങളില്‍ ജനാധിപത്യം നടപ്പാക്കാന്‍ ബുഷ് ഭരണകൂടം പിന്തുണ നല്കുന്നുണ്ടായിരുന്നു.

വിദേശ നയത്തില്‍ പ്രസിഡന്റ് ബുഷ് പനാമായില്‍ അഴിമതി നിറഞ്ഞ 'ജനറല്‍ നോറിഗായെ' സൈനിക ഇടപെടലില്‍ക്കൂടി അധികാരത്തിനിന്നും പുറത്താക്കി. ആ രാജ്യത്തെ ആഭ്യന്തര യുദ്ധത്തിന് ശമനം വരാന്‍ പനാമയിലേക്ക് അമേരിക്കന്‍ സൈന്യത്തെ അയച്ചു. 'ജനറല്‍നോറിഗാ' പനാമ കനാലിന്റെ ഭദ്രതയ്ക്കും അവിടെ താമസിക്കുന്ന അമേരിക്കകാരുടെ സുരക്ഷിതത്വത്തിനും തടസമായിരുന്നു. മയക്കുമരുന്നു കച്ചവടം പനാമയില്‍ ശക്തമായിരുന്നു. മയക്കുമരുന്നുകളുടെ വില്‍പ്പന കമ്പോളത്തിലെ മാഫിയ സാമ്രാട്ടായിരുന്ന നോറിഗായേ അറസ്റ്റു ചെയ്തു കൊണ്ടുവന്നതും ചരിത്ര സംഭവമായിരുന്നു.

സദാം ഹുസ്സയിന്‍ കുവൈറ്റ് ആക്രമിച്ചപ്പോഴായിരുന്നു ബുഷ് ഏറ്റവുമധികം പരീക്ഷണങ്ങള്‍ക്ക് വിധേയമായത്. സൗദി അറേബിയായ്ക്കും സദാം ഒരു ഭീഷണിയായിരുന്നു. കുവൈറ്റിനെ സ്വതന്ത്രമാക്കാന്‍ ബുഷിന്റെ അനുഗ്രഹത്തോടെ യുണൈറ്റഡ് നാഷന്റെ മുമ്പില്‍ റാലികള്‍ സംഘടിപ്പിക്കുന്നുണ്ടായിരുന്നു. അമേരിക്ക നാലു ലക്ഷത്തി ഇരുപത്തി അയ്യായിരം പട്ടാളക്കാരെ ഇറാക്ക് യുദ്ധ മേഖലകളില്‍ എത്തിച്ചുകൊണ്ടിരുന്നു. കൂടാതെ ഐക്യകക്ഷി ഭരണകൂടങ്ങളും ഒരു ലക്ഷത്തി പതിനെണ്ണായിരം പട്ടാളക്കാരെ ഇറാക്കിലയച്ചു.

ബുഷ് പറഞ്ഞു, "ഇറാക്കുമായുള്ള സര്‍വ്വവിധ സമാധാന യത്‌നങ്ങളും തികച്ചും പരാജയപ്പെട്ട ശേഷമാണ് അമേരിക്ക ഒരു യുദ്ധത്തിനു തയ്യാറായത്. സദാമിനെയും പട്ടാളത്തെയും കുവൈറ്റില്‍ നിന്നു പുറത്തു ചാടിക്കേണ്ടത് അമേരിക്കയുടെയും ലോകത്തിന്റെയും താല്പര്യമായിരുന്നു. നാം പരാജയപ്പെടില്ല. സദാമിന്റെ ന്യൂക്ലിയര്‍ ശേഖരത്തെ തകര്‍ക്കാന്‍ അമേരിക്ക തീരുമാനിച്ചു കഴിഞ്ഞു. അവരുടെ കൈവശമുള്ള എല്ലാ കെമിക്കല്‍ ആയുധങ്ങളും നാം തകര്‍ക്കും."

ആഴ്ചകളോളം ഇറാക്കില്‍ ബോംബുകള്‍ അമേരിക്ക വര്‍ഷിച്ചുകൊണ്ടിരുന്നു. അമേരിക്കയും ഇറാക്കുമായുള്ള നൂറു മണിക്കൂര്‍ യുദ്ധം കൊണ്ട് ഇറാക്കിന്റെ സൈന്യത്തെ തോല്‍പ്പിക്കാനും സാധിച്ചു. 1991ല്‍ ഇറാക്ക് യുദ്ധത്തിനുശേഷം ബുഷിന്റെ ജനപിന്തുണ 89 ശതമാനത്തോളം വര്‍ദ്ധിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഭരണനിപുണതകളെ വിലയിരുത്തുന്ന ചരിത്രത്തില്‍ അതൊരു മികച്ച രേഖപ്പെടുത്തിയ റിക്കോര്‍ഡായിരുന്നു. എന്നാല്‍ അടുത്ത ജൂലൈ ആയപ്പോള്‍ അദ്ദേഹത്തിന്‍റെ ജനപിന്തുണ 29 ശതമാനമായി കുറഞ്ഞു. തൊഴിലില്ലായ്മ വര്‍ദ്ധിച്ചതും വ്യവസായങ്ങള്‍ തകര്‍ന്നതും രാജ്യത്തിന്റെ സാമ്പത്തിക നിലവാരം താണതുമായിരുന്നു കാരണങ്ങള്‍. ആഭ്യന്തര തലങ്ങള്‍ മുഴുവന്‍ കുഴഞ്ഞു കിടന്നതുകൊണ്ടു ബുഷിന്റെ ജനസമ്മിതിയും കുറയാന്‍ തുടങ്ങി. അമേരിക്കന്‍ പട്ടണങ്ങളില്‍ അസ്വസ്ഥതകള്‍ അവിടെയും ഇവിടെയും പൊട്ടിപുറപ്പെടാനും ആരംഭിച്ചിരുന്നു. സാമ്പത്തിക അപര്യാപ്തയും അനുഭവപ്പെട്ടിരുന്നു. യുദ്ധോപകരണങ്ങളും പട്ടാളാവശ്യത്തിനുമായി ചെലവാക്കാന്‍ പണം ഇല്ലെന്നായി. 1992ല്‍ ബില്‍ക്ലിന്റനോട് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും മത്സരത്തില്‍ പരാജയപ്പെടുകയും ചെയ്തു.

ജോര്‍ജ് എച്ച് ബുഷ് (സീനിയര്‍) നിരവധി അവാര്‍ഡുകളും ആഗോള തലങ്ങളിലുള്ള സര്‍വ്വകലാശാലകളില്‍ നിന്നു ഹോണററി ബിരുദങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി, കണക്റ്റികട്ട്, മയാമി യൂണിവേഴ്‌സിറ്റികള്‍, നാഷണല്‍ ഇന്റലിജന്‍സ് യൂണിവേഴ്‌സിറ്റി, വാഷിംഗ്ടണ്‍ കോളേജ് എന്നിവകള്‍ അദ്ദേഹത്തിന് അവാര്‍ഡുകള്‍ കൊടുത്ത യുണിവേഴ്‌സിറ്റികളാണ്. 1990ല്‍ ടൈം മാഗസിന്റെ 'മാന്‍ ഓഫ് ദി ഇയര്‍' (ങമി ീള വേല ്യലമൃ) അവാര്‍ഡ് ലഭിച്ചത് ബുഷിനായിരുന്നു. 1991ല്‍ യുഎസ് മെമ്മോറിയല്‍ ഫൗണ്ടേഷന്റെ നാവിക അവാര്‍ഡ് ലഭിച്ചു. 1993ല്‍ എലിസബത്ത് രാജ്ഞിയില്‍ നിന്നും വിശിഷ്ട അവാര്‍ഡും നേടിയിരുന്നു.

വൈറ്റ്‌ഹൌസില്‍ മകന്‍ ജോര്‍ജ് ഡബ്‌ള്യു ബുഷിന്റെ പ്രസിഡന്റ് സ്ഥാനാരോഹണ വേളയില്‍ 'തന്നെ ഇനിമേല്‍ പ്രസിഡന്റ് '41' എന്ന നമ്പര്‍ കൂട്ടി വിളിച്ചുകൊള്ളുകയെന്ന്' ബുഷ് പറഞ്ഞത് സദസില്‍ നര്‍മ്മം തുളുമ്പിയിരുന്നു. സെനറ്റിലും കോണ്‍ഗ്രസിലും മകനെതിരെയുള്ള അമിത വിമര്‍ശനങ്ങള്‍ പിതാവായ ബുഷിനെ അസ്വസ്ഥനാക്കുമായിരുന്നു. ഒരിക്കല്‍ 'ലൗറ ബുഷ്' അമ്മായി അപ്പനോട് 'അമിതമായ ടെലിവിഷന്‍ കാണുന്നത്! നിര്‍ത്തൂ' എന്ന് ഉപദേശിച്ചു. 'താന്‍ പ്രസിഡന്റായിരുന്ന കാലത്തേക്കാളും മകന്‍ ബുഷ് അമിതമായി വിമര്‍ശനങ്ങള്‍ അഭിമുഖീകരിക്കുന്ന' കാര്യവും പിതാവായ ബുഷ് വാര്‍ത്താ റിപ്പോര്‍ട്ടര്‍മാരെ ഓര്‍മ്മിപ്പിച്ചിരുന്നു.

ജോര്‍ജ് ഡബ്ല്യൂ ബുഷ് പ്രസിഡന്റായപ്പോള്‍ മകനെ പിന്തുണച്ചുകൊണ്ട് പിതാവായ ബുഷ് നിരവധി തവണകള്‍ പൊതുജനങ്ങളുടെ മദ്ധ്യേ വരുമായിരുന്നു. തന്നെപ്പോലെ അമേരിക്കയുടെ സര്‍വ്വസൈന്യാധിപനായി തീര്‍ന്ന മകനില്‍ അദ്ദേഹം അഭിമാനിയായിരുന്നു. എല്ലാ സുപ്രധാന രാഷ്ട്രീയ തീരുമാനങ്ങള്‍ക്കും അദ്ദേഹം എന്നും മകനൊപ്പമായിരുന്നു. ഇറാക്കിനെ സദാം ഭരണത്തില്‍നിന്നു മോചിപ്പിക്കുന്നതിനായുള്ള യുദ്ധത്തെപ്പറ്റി പിതാവായ ജോര്‍ജ് എച്ച് ബുഷ്, മകനായ പ്രസിഡന്റ് ബുഷിനെഴുതി "ഈ തീരുമാനം ഏറ്റവും ഉചിതമാണ്. ഇന്നുവരെ എടുത്തിട്ടുള്ള തീരുമാനങ്ങളില്‍ ക്രിയാത്മകവും രാജ്യതന്ത്രവുമാണ്. രാജ്യതാല്‍പ്പര്യത്തിനും രാജ്യനന്മയ്ക്കുമായുള്ള ഉറച്ച തീരുമാനവുമാണിത്. യുദ്ധത്തില്‍ അമേരിക്ക വിജയിച്ചേ തീരൂ!"

1944ല്‍ ബുഷ് ഓടിച്ചിരുന്ന വിമാനം ജപ്പാന്‍കാര്‍ വെടി വെച്ചിട്ട ശേഷം പില്‍ക്കാലങ്ങളില്‍ അദ്ദേഹം എട്ടുപ്രാവശ്യത്തോളം പാരച്യൂട്ട് വഴി വിമാനത്തില്‍ നിന്നും ചാടിയിട്ടുണ്ട്. എല്ലാം സ്വയം താല്‍പ്പര്യത്തിനും വിനോദത്തിനുവേണ്ടിയും ചാടിയതായിരുന്നു. എഴുപത്തിയഞ്ചാം വയസുമുതല്‍ അഞ്ചുവര്‍ഷം ഇടവിട്ടുള്ള നാല് ജന്മനാളുകളില്‍ (75,80,85,90) ജന്മദിനങ്ങള്‍ ആഘോഷിക്കാനായി അദ്ദേഹം ആകാശത്തുനിന്നു പാരച്യൂട്ട് വഴി ചാടിയിരുന്നു. അവസാനകാലം വരെ തമാശകള്‍ പറഞ്ഞും മറ്റുള്ളവരെ ചിരിപ്പിച്ചും ജീവിതം ആസ്വദിച്ചുകൊണ്ടിരുന്നു. ലൂയിസിയാനയിലും മിസിസിപ്പിയിലും 'കത്രീന' കൊടുങ്കാറ്റ് വന്നപ്പോള്‍ ബില്‍ ക്ലിന്റനുമൊത്ത് ജോര്‍ജ് എച്ച് ബുഷ് രാഷ്ട്രീയ വ്യത്യാസമില്ലാതെ സാധുക്കളെ സഹായിക്കാനായി പ്രവര്‍ത്തിച്ചിരുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ നൂറു മില്യണ്‍ ഡോളറില്‍ കൂടുതല്‍ കത്രീന ദുരിതാശ്വാസ ഫണ്ടിലേക്ക് ഇവര്‍ ഇരുവരുംകൂടി സംഭാവന പിരിക്കുകയൂം ചെയ്തു.

2018 നവംബര്‍ മുപ്പതാം തിയതി ടെക്‌സാസില്‍ ഹ്യൂസ്റ്റനില്‍ വെച്ച് അമേരിക്കയുടെ നാല്പത്തിയൊന്നാം പ്രസിഡന്റായിരുന്ന 'ജോര്‍ജ് എച്ച് ബുഷ്' മരണമടഞ്ഞു. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 94 വയസ്സ് പ്രായമുണ്ടായിരുന്നു. മകന്‍ ജോര്‍ജ് ബുഷ്, പിതാവിന്റെ മരണവിവരം ലോകത്തെ അറിയിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു, "ഒരു മകള്‍ അല്ലെങ്കില്‍ മകനു കിട്ടാവുന്നത്ര സ്‌നേഹം ഞങ്ങളുടെ ഡാഡിയില്‍ നിന്നും ലഭിച്ചിരുന്നു. അദ്ദേഹം ലോകത്തിലേക്കും വെച്ച് ഏറ്റവും നല്ല ഡാഡിയായിരുന്നു. നാല്പത്തിയൊന്നാമന്റെ ആ സ്‌നേഹത്തിനു മുമ്പില്‍, ആദര്‍ശം നിറഞ്ഞ കര്‍മ്മ നിരതമായ ആ ജീവിതത്തിനു മുമ്പില്‍ പകരം വെക്കാന്‍ മറ്റാരുമില്ല. ഞങ്ങള്‍ കുടുംബം മുഴുവനും മരണപ്പെട്ട ധന്യനായ പിതാവിനോട് എന്നും കടപ്പെട്ടിരിക്കുന്നു." അമേരിക്കയിലെ ഓരോ പൗരനും അയച്ച അനുശോചന സന്ദേശത്തില്‍ ഞങ്ങള്‍ കൃതജ്ഞതയുള്ളവരാണെന്നും" മകന്‍ ജോര്‍ജ് ഡബ്‌ള്യു ബുഷ് പറഞ്ഞു.

ബുഷിന്റെ കുടുംബവും പ്രസിഡന്റ് ട്രമ്പുമായി ഏറെക്കാലം ശത്രുതയുണ്ടായിരുന്നെങ്കിലും തന്റെ പിതാവിന്റെ സംസ്ക്കാര ചടങ്ങുകളില്‍ ട്രംപ് സംബന്ധിക്കാന്‍ ബുഷ് ജൂനിയര്‍ ആഗ്രഹിച്ചിരുന്നു. എല്ലാ ശത്രുതയും അവസാനിപ്പിച്ച് ട്രംപ് ചടങ്ങുകളില്‍ സംബന്ധിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ജൂനിയര്‍ ബുഷ് അറിയിച്ചിരുന്നു. ബാര്‍ബറാ ബുഷ് മരിച്ചപ്പോള്‍ ട്രംപ് ശവസംസ്ക്കാര ചടങ്ങുകളില്‍ സംബന്ധിച്ചിരുന്നില്ല. അമേരിക്കയിലെ രണ്ടു പ്രബലമായ രാഷ്ട്രീയ ധനിക കുടുംബങ്ങള്‍ തമ്മിലുള്ള മത്സരമെന്ന് അന്ന് എല്ലാവരും കരുതിയിരുന്നു. 2016ലെ തിരഞ്ഞെടുപ്പില്‍ ട്രംപ് സ്ത്രീകളെപ്പറ്റി അപകീര്‍ത്തികരമായി പറഞ്ഞതും തന്നെപ്പറ്റിയും ഭര്‍ത്താവിനെപ്പറ്റിയും മക്കളെപ്പറ്റിയും പറഞ്ഞതും ബാര്‍ബറായെ അരിശം കൊള്ളിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പുകാലത്ത് 'ജെബ്' ബുഷിനെപ്പറ്റി 'യാതൊരു കഴിവുമില്ലാത്തയാളെന്നു' ട്രംപ് വിശേഷിപ്പിച്ചപ്പോള്‍ ബുഷ് കുടുംബത്തിന് അസ്വസ്ഥതയുണ്ടാക്കിയിരുന്നു. െ്രെപമറി തിരഞ്ഞെടുപ്പില്‍ 'ജെഫ് ബുഷിനെ' ട്രംപ് പരാജയപ്പെടുത്തുകയുമുണ്ടായി.

ബുഷിന്റെ മരണവാര്‍ത്ത അറിഞ്ഞയുടന്‍ അര്‍ജന്റീനയില്‍ ആയിരുന്ന ട്രംപ് ഉടന്‍തന്നെ ജോര്‍ജ് ഡബ്ലിയു ബുഷും ജെഫ് ബുഷുമായും സംസാരിച്ചിരുന്നു. അനുശോചനം അറിയിക്കുകയും ചെയ്തു. ബുഷിനെ അമേരിക്കയിലെ ചരിത്രപുരുഷനായും മാനുഷിക മൂല്യങ്ങളെ മുറുകെപ്പിടിച്ചിരുന്ന മഹാനായ പ്രസിഡന്റായും ട്രംപ് വിശേഷിപ്പിക്കുകയും ചെയ്തു. മെലേനയും ട്രംപും ശവസംസ്ക്കാര ചടങ്ങുകളില്‍ സംബന്ധിക്കുമെന്നും വൈറ്റ് ഹൌസ് അറിയിക്കുകയുണ്ടായി. അതനുസരിച്ച് ട്രംപും ഭാര്യയും അമേരിക്കയുടെ നാല്പത്തിയൊന്നാം പ്രസിഡന്റ് ബുഷിന് ഗുഡ് ബൈ പറയുകയും ഉപചാരങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു.

ബുഷിന്റെ ജീവിതവും പ്രതിയോഗി ട്രംപിന്റെ ജീവിതവുമായി യാതൊരു സാമ്യവുമില്ല. ഇറാഖ് യുദ്ധത്തില്‍ ബുഷിന്റെ നിലപാടുകളെ കൂടെക്കൂടെ ട്രംപ് വിമര്‍ശിച്ചതും യുദ്ധങ്ങള്‍ അമേരിക്കയെ തകര്‍ത്ത വസ്തുതകളും ട്രംപ് ആവര്‍ത്തിച്ചു പറഞ്ഞതു ബുഷ് കുടുംബത്തില്‍ വിരോധമുണ്ടാക്കിയിരുന്നു. ഒരിക്കല്‍ സീനിയര്‍ ബുഷ്, ട്രംപിനെ ആത്മപ്രശംസ നടത്തുന്ന പൊങ്ങച്ചക്കാരനെന്നും വിശേഷിപ്പിച്ചു. സീനിയര്‍ ബുഷും ബാര്‍ബറാ ബുഷും 2016ല്‍ ട്രംപിന് വോട്ടു ചെയ്യാതെ ഹില്ലരി ക്ലിന്റനാണ് വോട്ടു ചെയ്തത്. മരണാനന്തര ചടങ്ങുകളില്‍ ട്രംപ് സംബന്ധിച്ചതില്‍ ബുഷ് കുടുംബം അഭിനന്ദിക്കുകയും ചെയ്തു
ജോര്‍ജ് എച്ച് ബുഷ് 41, വൈമാനികനില്‍ നിന്നും വൈറ്റ്‌ഹൌസിന്റെ അമരക്കാരന്‍ വരെ...(ജോസഫ് പടന്നമാക്കല്‍)ജോര്‍ജ് എച്ച് ബുഷ് 41, വൈമാനികനില്‍ നിന്നും വൈറ്റ്‌ഹൌസിന്റെ അമരക്കാരന്‍ വരെ...(ജോസഫ് പടന്നമാക്കല്‍)ജോര്‍ജ് എച്ച് ബുഷ് 41, വൈമാനികനില്‍ നിന്നും വൈറ്റ്‌ഹൌസിന്റെ അമരക്കാരന്‍ വരെ...(ജോസഫ് പടന്നമാക്കല്‍)ജോര്‍ജ് എച്ച് ബുഷ് 41, വൈമാനികനില്‍ നിന്നും വൈറ്റ്‌ഹൌസിന്റെ അമരക്കാരന്‍ വരെ...(ജോസഫ് പടന്നമാക്കല്‍)ജോര്‍ജ് എച്ച് ബുഷ് 41, വൈമാനികനില്‍ നിന്നും വൈറ്റ്‌ഹൌസിന്റെ അമരക്കാരന്‍ വരെ...(ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക