Image

കേരളത്തിന്റെ നവോത്ഥാനവും ക്രൈസ്തവ സഭയും: ഒരോര്‍മ്മപ്പെടുത്തല്‍ (ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം)

Published on 14 December, 2018
കേരളത്തിന്റെ നവോത്ഥാനവും ക്രൈസ്തവ സഭയും: ഒരോര്‍മ്മപ്പെടുത്തല്‍ (ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം)

ലോകത്തിലെ തന്നെ അതിപുരാതന സംസ്‌കാരങ്ങളിലൊന്നാണ് ഇന്ത്യന്‍ സംസ്‌കാരം. നോഹയുടെ കാലത്തെ ജലപ്രളയത്തിനു ശേഷം ജനങ്ങള്‍ സംസാരിച്ചിരുന്നത് ഒരേ ഭാഷയിലായിരുന്നു. ബാബിലോണ്‍ നഗരം സ്ഥിതി ചെയ്യുന്ന ശിനാര്‍ ഉള്‍പ്പെടെയുള്ള നിരവധി ദേശങ്ങളില്‍നിന്ന് പ്രവാസികളായ യഹോവയുടെ ഉടമ്പടിജനം മടങ്ങിവരുന്നതിനെ കുറിച്ച് വിശുദ്ധ വേദപുസ്തകം സാക്ഷിക്കുന്നുണ്ട്. (യെശയ്യാവു 11:11). വേട്ടക്കാരന്‍ എന്ന നിലയില്‍ ഒതുങ്ങികഴിഞ്ഞുകൂടിയിരുന്ന മനുഷ്യന്‍ ഒരിടത്തും സ്ഥിരമായി താമസിക്കാതെ ഊടാടി സഞ്ചരിച്ചുകൊണ്ടിരുന്നു. നവീനശിലായുഗ കാലഘട്ടത്തില്‍ത്തന്നെ മനുഷ്യന്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും അധിവാസഗ്രാമങ്ങള്‍ ഉണ്ടാക്കുവാന്‍ ശ്രമിച്ചിരുന്നു. അന്ന് സംഘടിത സമൂഹങ്ങളായിട്ടായിരുന്നു മനുഷ്യന്‍ ജീവിച്ചിരുന്നത്. വെങ്കലയുഗകാലത്തായിരുന്നു ഇന്നിന്റെ വളര്‍ച്ചക്ക് കാരണമായ ആധുനികസംസ്‌കാരത്തിന്റെ ആരംഭം. എന്നാല്‍ അവര്‍ ശിനാര്‍ ദേശത്ത് ഒരു നഗരവും ആകാശം വരെയെത്തുന്ന ഒരു ഗോപുരവും നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചു. മനുഷ്യരുടെ ഈ പ്രവൃത്തിയെ വലിയൊരു ധിക്കാരമായിട്ടാണ് ദൈവം വിലയിരുത്തിയത്. ഈ ധിക്കാരത്തിനു ശിക്ഷയായി മനുഷ്യര്‍ക്കിടയില്‍ പരസ്പരം ആശയവിനിമയം നടത്താന്‍ സാധിക്കാത്ത വിധത്തില്‍ വിവിധ ഭാഷകള്‍ സൃഷ്ടിക്കുകയും ചെയ്തു. അതോടെ നഗരത്തിന്റെ പണി പൂര്‍ത്തിയാക്കുവാന്‍ കഴിയാതെ വിവിധ ദേശങ്ങളിലേക്കു ഊടാടി സഞ്ചരിക്കുന്ന സമൂഹങ്ങള്‍ക്ക് തുടക്കമായി. പിന്നീട് മെസപ്പൊട്ടേമിയയില്‍ തുടങ്ങി വ്യത്യസ്ത കേന്ദ്രങ്ങളിലായി പരിഷ്‌കൃതസമൂഹങ്ങള്‍ രൂപം പ്രാപിക്കുകയും തങ്ങളുടെ സ്വയംഭരണാവകാശം നിലനിര്‍ത്തിക്കൊണ്ട് ഓരോ രാജ്യങ്ങളായി രൂപപ്പെടുകയും ചെയ്തു. ബി.സി. 550 മുതല്‍ ഉപഭൂഖണ്ഡത്തിലാകെ ഒട്ടേറെ രാജ്യങ്ങള്‍ പിറവിയെടുത്തു. വെള്ളക്കൂറുള്ള നദീതടങ്ങളില്‍ സ്ഥിരതാമസമാക്കിത്തുടങ്ങിയ പ്രാചീന മനുഷ്യന്‍ സൃഷ്ടിച്ചെടുത്ത അധിനിവേശത്തിന്റെ കഥകള്‍ പറയുന്ന സവിശേഷ സംസ്‌കാരങ്ങളാണ് നദീതട സംസ്‌കാരങ്ങള്‍. ഇന്നിന്റെ ലോക നെറുകയില്‍ കാണുന്ന ഒട്ടുമിക്ക സംസ്‌കാരങ്ങളുടെയും ഉറവിടം നദീതടങ്ങളായിരുന്നു എന്ന് നിസംശയം പറയാം. ഗോത്രജീവിതത്തില്‍ നിന്നും ആസൂത്രിതമായ ഒരു നാഗരിക ജീവിതത്തിലേക്കും മൗലികമായ സാംസ്‌കാരികധാരകളിലേക്കും മാനവസമൂഹം വഴിമാറിയതും നദീതടങ്ങളില്‍ വച്ചായിരുന്നു. പില്‍ക്കാലത്ത് സിന്ധുനദിയുടെ പാര്‍ശ്വങ്ങളിലേക്ക് കുടിയേറി പാര്‍ത്തവര്‍ സിന്ധുക്കളെന്നും പിന്നീട് പേര്‍ഷ്യന്‍ സമൂഹം അവരെ ഹിന്ദുക്കളെന്നും വിളിച്ചു.

ആദിമ കാലങ്ങളില്‍ ജനവിഭാഗങ്ങള്‍ ഗോത്രം ഗോത്രമായി വികാസം പ്രാപിക്കുകയായിരുന്നു. കാലി മേയ്ക്കലും കൃഷിയുമായി ഗോത്രങ്ങള്‍ വികസിച്ചു. ഇത്തരം ഗോത്രങ്ങള്‍ക്ക് ഗോത്രതലവന്‍ ഉണ്ടായിരുന്നു. കാലി മേയ്ക്കുന്നവരില്‍ പ്രമുഖനോ ഏറ്റവും അധികം ഗോക്കള്‍ ഉള്ളയാളോ ആയിരിക്കും ഗോത്രതലവന്‍. ഗോത്രത്തിനും കീഴിലുള്ള ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നതും ക്ഷേമം നോക്കിയിരുന്നതും ഇയാളോ ഇയാള്‍ക്കൊപ്പമുള്ള ആള്‍ക്കാരോ ആയിരിക്കാം. ഗോത്രങ്ങള്‍ വളര്‍ന്നപ്പോള്‍ ഇത് ചെറിയ ഘടകങ്ങള്‍ ആയി വിഭജിച്ച് കൂടുതല്‍ ഗോത്രത്തലവന്മാര്‍ ഉണ്ടാകുകയും ഈ ഗോത്രങ്ങളുടെ എല്ലാം തലവന്മാരുടെ തലവനെ ഗോക്കളുടെ അധിപന്‍ എന്ന് വിളിച്ചിരിക്കാം. പിന്നീട് അത് 'ഗോപന്‍' അല്ലെങ്കില്‍ 'കോന്‍' എന്ന് ചുരുക്കി രാജാവിനെ സംബോധന ചെയ്തു വന്നു. 'കോന്‍' എന്ന പദത്തിന് 'ഇടയന്‍' എന്നൊരു അര്‍ത്ഥവുമുണ്ട് . കോന്‍ അല്ലെങ്കില്‍ കോല്‍ എന്നതുമായി ഇതിന് ബന്ധമുണ്ടാകാം. ഒരുപക്ഷെ ചെങ്കോല്‍ എന്നത് ആട്ടിടയന്മാരുടെ കോല്‍ എന്നതിന്റെ ഒരു പ്രതീകമാവാം. കാലികളാണ് സമ്പത്തിന്റെ ആധാരം എന്ന് ഒരു മാനദണ്ഡം അന്നുണ്ടായിരുന്നു. വ്യാപകമായി കാലികവര്‍ച്ചയും ഗോത്രങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്നു. ഇത് മൂലം പല വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. അങ്ങനെ ഗോത്രങ്ങള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നവരായിരുക്കണം പില്‍ക്കാലത്ത് രാജാക്കന്മാരായി അറിയപ്പെട്ടതെന്നും അഭിപ്രായമുണ്ട്. ഇങ്ങനെ ഗോത്ര വ്യവസ്ഥ ശക്തിപെട്ട് മുന്നോ നാലോ രാജസ്ഥാനങ്ങള്‍ ഉടലെടുത്തു. ചേരര്‍, ചോഴര്‍, പാണ്ട്യര്‍ എന്നിവരും മലനാട് എന്നതുമാണ് അത്. ഇതില്‍ മലനാട് പിന്നീട് ഒരു സ്വതന്ത്ര്യ രാഷ്ട്രപദവി നഷ്ടപ്പെട്ട് മറ്റു രാജ്യങ്ങളുടെ ഭാഗമായിത്തീര്‍ന്നു എന്നതാണ് ചരിത്രം.

പ്രാകൃതങ്ങളായ ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുന്ന ദ്രാവിഡ ആചാരങ്ങള്‍ ആയിരുന്നു പ്രാചീന കേരളീയര്‍ പിന്തുടര്‍ന്നത്. കുലദൈവങ്ങളേയും നദികളേയും വൃക്ഷങ്ങളേയും അവര്‍ ആരാധിച്ചു പോന്നു. ഋഗ്വേദ കാലത്ത് രണ്ടു വര്‍ണ്ണങ്ങളേ ഇന്ത്യയില്‍ ഉണ്ടായിരുന്നുള്ളു എന്നാണ് ചരിത്രം സാക്ഷിക്കുന്നത്. ആര്യവര്‍ണ്ണവും, ദാസവര്‍ണ്ണവും. വേദിക് വര്‍ഗ്ഗങ്ങള്‍ തങ്ങള്‍ സ്വയം ആര്യന്മാര്‍ അതായത് ഉന്നത കുലജാതര്‍ എന്നു സ്വയം കരുതി. മത്രമല്ല ഇക്കൂട്ടര്‍ എതിര്‍വര്‍ഗ്ഗങ്ങളെ ദാസ, ദസ്യു അല്ലെങ്കില്‍ പാണി എന്നൊക്കെ വിളിച്ചു.വേദകാലത്ത് വര്‍ണ്ണത്തെ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെ നാലായി തരംതിരിച്ചിരുന്നു. ദളിതര്‍ എക്കാലവും ഈ വര്‍ണ്ണവ്യവസ്ഥയില്‍നിന്നും പുറത്താക്കിയിരിക്കുന്നു. ഇന്നലെകളില്‍ ഇവരെ അയിത്തജാതിക്കാര്‍ ആയി അകറ്റിനിര്‍ത്തിയിരിക്കുന്നു.

കാലത്തിന്റെ കടന്നൊഴുക്കില്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന ആശയത്തോടെ ക്രൈസ്തവ മിഷനറിമാര്‍ ആരംഭിച്ച പള്ളിക്കൂടങ്ങള്‍ മറ്റൊരു സാമൂഹിക വിപ്ലവത്തിന് വഴിതെളിച്ചു. ഇന്ത്യയിലെ വിദ്യാഭ്യാസചരിത്രം പഠിക്കുമ്പോള്‍ വൈദിക കാലഘട്ടത്തിലാരംഭിച്ച ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തോടെയായിരുന്നു തുടക്കം എന്ന് പറയാം. ഗുരുവിന്റെ കൂടെ താമസിച്ച് ഗുരുവിനെ സഹായിച്ചും ഗുരുവിന്റെ ജീവിതം നിരീക്ഷിച്ചുമായിരുന്നു ശിഷ്യര്‍ വിദ്യ അഭ്യസിച്ചിരുന്നത്. ആധ്യാത്മിക കാര്യങ്ങള്‍ പഠിക്കുന്നതോടൊപ്പം സഹിഷ്ണുത, എളിമ, സേവനമനോഭാവം, തൊഴിലിനോടുള്ള ആഭിമുഖ്യം, സഹജീവിസ്നേഹം തുടങ്ങിയ ജീവിതമൂല്യങ്ങളും ശിഷ്യര്‍ ഗുരുകുലങ്ങളില്‍നിന്ന് അഭ്യസിച്ചിരുന്നു.എന്നാല്‍ ഉയര്‍ന്ന ജാതിയില്‍ പെട്ടവര്‍ക്ക് മാത്രമേ ഗുരുകുല വിദ്യാഭ്യാസത്തിനു അര്‍ഹത ഉണ്ടായിരുന്നുള്ളു. ശൂദ്രര്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസം നിഷേധിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു അത്.

കേരളത്തിലെ നവോത്ഥാനപാരമ്പര്യങ്ങളെക്കുറിച്ച് പഠിക്കുന്നവര്‍ 1599 -ല്‍ നടന്ന ഉദയംപേരൂര്‍ സുന്നഹദോസില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ വിസ്മരിക്കരുത്. ഹൈന്ദവ സംസ്‌കാരത്തില്‍ വേരുന്നിയ ഇന്ത്യന്‍ ക്രൈസ്തവരെ കോളനിവത്കരിച്ച ഒരു നീക്കമായിരുന്നു ഉദയംപേരൂര്‍ സൂനഹദോസ് എന്ന് വിലയിരുത്തുന്നവരും ഉണ്ട്. അയ്യന്‍കാളിക്കും ശ്രീനാരായണ ഗുരുവിനും മുന്നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പേ കേരളത്തില്‍ നിലനിന്നിരുന്ന ദുരാചാരങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്താന്‍ ഉദയംപേരൂര്‍ സുന്നഹദോസിന് കഴിഞ്ഞു എന്നത് തര്‍ക്കമറ്റ സംഗതിയാണ്. സ്വത്തു തര്‍ക്കം, ദത്തെടുക്കല്‍ വസ്ത്രധാരണരീതി, മന്ത്രവാദം, ജ്യോതിഷം, അയിത്താചരണം, തീണ്ടല്‍, തൊടീല്‍, സാമൂഹിക വിവേചനങ്ങള്‍, ബഹുഭാര്യത്വം, ബഹുഭര്‍തൃത്വം, ക്ഷുദ്രക്രിയകള്‍, കൂടോത്രം, ആഭിചാരക്രിയകള്‍, എന്നിവയ്ക്കെതിരെ ശക്തമായ നിലപാടെടുത്തുകൊണ്ടു കേരള സമൂഹത്തിന് പുത്തന്‍ ദിശാബോധം നല്‍കിയ ഒന്നായിരുന്നു ഉദയംപേരൂര്‍ സൂനഹദോസ്.ആ സൂന്നഹദോസിലെ തീര്‍പ്പുകള്‍ ക്രൈസ്തവരെ മാത്രമല്ല ഇതര സമുദായങ്ങളെയും സ്വാധീനിച്ചു.

ഇംഗ്ലീഷ് വിദ്യാഭ്യാസം കേരളത്തില്‍

പതിനാലാം നൂറ്റാണ്ട് മുതല്‍ കേരളത്തിലെത്തിയ പോര്‍ച്ചുഗീസുകാര്‍ കൊടുങ്ങല്ലൂര്‍, കൊച്ചി, വൈപ്പിന്‍കോട്ട എന്നീ സ്ഥലങ്ങളില്‍ ക്രിസ്തീയമത വിദ്യാഭ്യാസത്തിനായി സെമിനാരികള്‍ സ്ഥാപിച്ചു. 1805 -ല്‍ റവ. മീഡിന്റെ നേതൃത്വത്തില്‍ നാഗര്‍കോവിലില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും സ്ത്രീവിദ്യാഭ്യാസത്തിനും പ്രോത്സാഹനം നല്‍കികൊണ്ട് സെമിനാരികള്‍ സ്ഥാപിച്ചു. 1806-ല്‍ കേരളത്തിലേക്ക് വന്ന പ്രൊട്ടസ്റ്റന്റ് മിഷനറി റവ. വില്യം ട്രോബിസ് റിംഗിള്‍ടോബ് ആണ് ആദ്യത്തെ ഇംഗ്ലീഷ് സ്‌കൂള്‍ കേരളത്തില്‍ സ്ഥാപിച്ചത്. എല്ലാ വിഭാഗത്തിലുംപെട്ട പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഈ ഇംഗ്ലീഷ് സ്‌കൂളില്‍ പ്രവേശനം നല്‍കി. 1813-ല്‍ റിംഗിള്‍ ടോബിന്റെ മേല്‍നോട്ടത്തില്‍ ആറ് വിദ്യാലയങ്ങള്‍ ആരംഭിച്ചു. അന്നത്തെ തിരുവിതാംകൂറിലെ റാണി ലക്ഷ്മീഭായി സാമ്പത്തിക സഹായമുള്‍പ്പെടെ പല സഹായങ്ങളും നല്‍കികൊണ്ട് റിംഗിള്‍ടോബിന്റെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ബഹുഭാഷാ പഠനകേന്ദ്രവും ബഹുവിഷയ പഠനകേന്ദ്രവുമാണ് '''പഠിത്തവീട്''' എന്നറിയപ്പെടുന്ന കോട്ടയം പഴയ സെമിനാരി 1815 -ല്‍ സ്ഥാപിതമായി. വൈദിക വിദ്യാര്‍ത്ഥികളുടെ പഠനത്തോടൊപ്പം പൊതുവിദ്യാഭ്യാസവും ഒന്നിച്ചു കൊണ്ടുപോകുക എന്ന ഉദ്ദേശ്യത്തോടെ സുറിയാനി സമുദായത്തിലെ വൈദികനേതൃസ്ഥാനത്തുണ്ടായിരുന്ന പുലിക്കോട്ടില്‍ ഇട്ടൂപ്പ് റമ്പാന്‍ (ജോസഫ് മാര്‍ ദിവന്നാസ്യോസ് രണ്ടാമന്‍), ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണല്‍ മണ്‍റോ, തിരുവിതാംകൂര്‍ റാണി ലക്ഷ്മിഭായി എന്നിവരുടെ സഹായ സഹകരണത്തോടെ പഴയ സെമിനാരി സ്ഥാപിച്ചത്. കോട്ടയത്ത് ഗോവിന്ദപുരം കരയില്‍ മീനച്ചിലാറിന്റെ തീരത്ത് പഴമയുടെ പ്രൗഡിയോടൊപ്പം ഏറെ പുതുമകളോടെയും 16 ഏക്കര്‍ സ്ഥലത്ത് പഴയ സെമിനാരി മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഹൃദയമായി ഇന്നും പരിലസിക്കുന്നു. ഇഗ്‌ളീഷ് വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ച പഴയ സെമിനാരി കേരളത്തിന്റെ വിദ്യാഭ്യാസപരമായ ഉന്നതിയുടെ ആദ്യ നാഴികകല്ലായി മാറി എന്നത് ആര്‍ക്കും നിഷേധിക്കാനാവാത്ത ചരിത്ര യാഥാര്‍ഥ്യമാണ്. 1813 ഫെബ്രുവരി 15 ന് തറക്കല്ലിട്ടു പണി ആരംഭിച്ച സെമിനാരി 1815 ല്‍ പണി പൂര്‍ത്തിയാക്കി. തുടര്‍ന്ന് അച്ചടിശാല സ്ഥാപനം, പുസ്തക പ്രസിദ്ധീകരണം, പത്രപ്രവര്‍ത്തനം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപനം തുടങ്ങി ബഹുവിധ പ്രവര്‍ത്തനങ്ങളിലൂടെ സഭയ്ക്കും സമൂഹത്തിനും വലിയ നന്മകള്‍ ചെയ്ത മാര്‍ ദിവന്നാസ്യോസ് രണ്ടാമനാണ് മലയാള മനോരമ എന്ന പത്ര സ്ഥാപനത്തിന് തുടക്കമിട്ടത്. വൈദിക വിദ്യാര്‍ത്ഥികളുടെ പഠനത്തോടൊപ്പം പൊതുവിദ്യാഭ്യാസവും ഒന്നിച്ചു കൊണ്ടുപോകുക എന്ന ഉദ്ദേശ്യത്തോടെ സ്ഥപിതമായ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ 'പഠിത്തവീട് 1816-ല്‍ ചര്‍ച്ച് മിഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പുരോഹിതന്മാര്‍ക്കുവേണ്ടി കോട്ടയത്ത് സ്ഥാപിച്ച സി.എം.എസ്.കോളേജിന്റെ തുടക്കത്തിനും കാരണമായി. ഇതോടുകൂടി തിരുവിതാംകൂര്‍ പ്രദേശത്തെ ഉന്നതവിദ്യാഭ്യാസത്തിനു പ്രാരംഭം കുറിച്ചു. കേരളത്തിലെ മിഷനറി പ്രവര്‍ത്തകര്‍ പലേടത്തും സെമിനാരികള്‍ സ്ഥാപിച്ചു എന്നത് മാത്രമല്ല അവയോടനുബന്ധിച്ചുകൊണ്ട് പള്ളിയോട് ചേര്‍ന്ന് പള്ളികൂടങ്ങളും നടത്തിവന്നിരുന്നു. 1866-ല്‍ ഈ സ്‌കൂള്‍ കോളജായി ഉയര്‍ത്തപ്പെട്ടു. കേരളത്തിലെ ആദ്യ കോളേജാണ് സി.എം.എസ്. കോളേജ്. കോട്ടയം പഴയ സെമിനാരിയില്‍ ആരംഭം കുറിച്ച ഈ പള്ളിക്കൂടം പിന്നീട് കോട്ടയം നഗരാതിര്‍ത്തിയില്‍ ബേക്കര്‍ ജങ്ഷനു സമീപം ചാലുകുന്നിലേക്ക് മാറ്റിയതോടെ ദക്ഷിണേന്ത്യയിലെ ആദ്യത്തെ കോളേജിന് തുടക്കമായി. ഇന്ന് നാം കാണുന്ന ആധുനിക രീതിയിലുള്ള കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ ആരംഭംകുറിച്ചത് കോട്ടയം പഴയ സെമിനാരിയോടനുബന്ധിച്ചു തുടക്കമായ സി. എം. എസ്. കോളജിന്റെ സ്ഥാപനത്തോടുകൂടിയാണ്.

1817-ല്‍ ലണ്ടന്‍മിഷന്‍ സൊസൈറ്റിയുടെ പ്രതിനിധിയായി കേരളത്തില്‍ വന്ന റവ. ചാള്‍സ് സ്മിത്തും കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തു സ്തുത്യര്‍ഹമായ സേവനം നല്‍കി. കേരളത്തിന്റെ പല ഭാഗത്തും വിദ്യാലയങ്ങള്‍ സ്ഥാപിച്ച ഇദ്ദേഹം സ്ത്രീകള്‍ക്കിടയില്‍ വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിനു വിലപ്പെട്ട സംഭാവനകള്‍ നല്‍കുകയുണ്ടായി. 1817-ല്‍ റാണി പാര്‍വതീഭായിയുടെ ഭരണകാലത്ത് വിദ്യാഭ്യാസച്ചുമതല ഗവണ്‍മെന്റ് ഏറ്റെടുത്തതോടെ പുതിയൊരു മാറ്റത്തിന് തുടക്കമായി.

കേരളത്തില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് അടിസ്ഥാനമിട്ടതും ക്രിസ്ത്യന്‍ മിഷനറിമാരാണ്. 1820-ല്‍ ചാള്‍സ് സ്മിത്ത് നാഗര്‍കോവിലിലാരംഭിച്ച വ്യവസായ സ്‌കൂളില്‍ കലകള്‍, പ്രിന്റിംഗ്, ബുക്ക് ബൈന്റിംഗ്, ലതര്‍ നിര്‍മാണം എന്നിവയില്‍ പരിശീലനം നല്‍കിയിരുന്നു. നെച്ചൂര്‍ എന്ന സ്ഥലത്താരംഭിച്ച വ്യവസായ സ്‌കൂളില്‍ പേപ്പര്‍ നിര്‍മാണം, നെയ്ത്ത്, പട്ടുനൂല്‍പുഴു വളര്‍ത്തല്‍ എന്നിവയില്‍ പരിശീലനം നല്‍കുകയും ചെയ്തിരുന്നു. മിഷനറിമാരുടെ ഈ മാതൃക ഉള്‍ക്കൊണ്ടുകൊണ്ടാണ് അധികാരികള്‍ 1862-ല്‍ തിരുവനന്തപുരത്ത് സ്‌കൂള്‍ ഓഫ് ആര്‍ട്ട്സ് സ്ഥാപിക്കുന്നത്.

1834-ല്‍ സ്വാതിതിരുനാള്‍ രാമവര്‍മ മഹാരാജാവ് നാഗര്‍കോവില്‍ സെമിനാരിയിലെ ഹെഡ്മാസ്റ്റര്‍ ആയിരുന്ന റോബര്‍ട്ട്‌സിനെ ഒരു ഇംഗ്ലീഷ് സ്‌കൂള്‍ സ്ഥാപിക്കുന്നതിനായി തിരുവനന്തപുരത്തേക്കു ക്ഷണിച്ചുവരുത്തിയതോടെയാണ് കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചത്. 1834-ല്‍ റോബര്‍ട്ട്‌സ് നടത്തിവന്ന ഇംഗ്ലീഷ് സ്‌കൂള്‍ പിന്നീട് സര്‍ക്കാര്‍ ഏറ്റെടുത്ത് എച്ച്. എച്ച്. ദ് രാജാസ് ഫ്രീ സ്‌കൂള്‍ (ഇപ്പോഴത്തെ എസ്. എല്‍. ബി. ഹൈസ്‌കൂള്‍) എന്നു നാമകരണം ചെയ്തു. ആദ്യമായി 1864-ല്‍ ഏഴുപേര്‍ ഈ സ്‌കൂളില്‍ നിന്നും മെട്രിക്കുലേഷന്‍ പരീക്ഷയ്ക്ക് ചേര്‍ന്നു. 1866-ല്‍ എച്ച്. എച്ച്. ദ് രാജാസ് ഫ്രീ സ്‌കൂള്‍ ഇന്നത്തെ മഹാരാജാസ് കോളജായി മാറി. കോട്ടാര്‍, ചിറയിന്‍കീഴ്, കായംകുളം തുടങ്ങിയ സ്ഥലങ്ങളിലും ഈ കാലഘട്ടത്തില്‍ ഇംഗ്ലീഷ് സ്‌കൂളുകള്‍ ആരംഭിക്കുകയുണ്ടായി. ആദ്യമായി ഒരു പാഠപുസ്തകക്കമ്മിറ്റി രൂപവത്കരിച്ചതും ഇക്കാലത്തു തന്നെയാണ്. ഇതിനെതുടര്‍ന്ന് തിരുവിതാംകൂറില്‍ സ്വകാര്യമേഖലയിലും പല വിദ്യാലയങ്ങളും സ്ഥാപിക്കപ്പെട്ടു.

റവ. ഡാസന്‍ 1818-ല്‍ മട്ടാഞ്ചേരിയില്‍ സ്ഥാപിച്ചതാണ് കൊച്ചിയിലെ ആദ്യത്തെ ഇംഗ്ലീഷ് സ്‌കൂള്‍. തൃശൂരിലും തൃപ്പൂണിത്തുറയിലും 1837-ല്‍ ഓരോ ഇംഗ്ലീഷ് സ്‌കൂള്‍ സ്ഥാപിക്കപ്പെട്ടു. 1890-ല്‍ ആറു സര്‍ക്കാര്‍ ഇംഗ്ലീഷ് സ്‌കൂളുകളും 18 പ്രൈവറ്റ് ഇംഗ്ലീഷ് സ്‌കൂളുകളും കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

അടിമകള്‍ക്കും മനുഷ്യോചിതമായി ജീവിക്കാനവകാശമുണ്ടെന്നും അവരെ സ്വാതന്ത്രരാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 1847 -ല്‍ ചാള്‍സ് സ്മിത്ത്, ചാള്‍സ് മോള്‍ട്ടന്‍, ഹെന്റി ബേക്കര്‍, സാമുവേല്‍ പീറ്റീര്‍ എന്നീ മിഷനറിമാര്‍ തിരുവിതാംകൂര്‍ മഹാരാജാവിന് നിവേദനം സമര്‍പ്പിച്ചതായി ചരിത്രം സാക്ഷിക്കുന്നു. 1854 ല്‍ അടിമ വ്യാപാരം നിര്‍ത്തലാക്കിക്കൊണ്ടും അവര്‍ക്ക് സ്വത്ത് സമ്പാദിക്കാന്‍ അനുവാദം നല്‍കിക്കൊണ്ടും അടിമക്കച്ചവടം ശിക്ഷാര്‍ഹമായ ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ചുകൊണ്ടും തിരുവിതാംകൂര്‍ മഹാരാജാവ് വിളംബരമിറക്കുന്നതും മിഷനറിമാരുടെ പ്രേരണയാലാണ്. 1854 -ല്‍ മിഷനറിമാരുടെ സമ്മര്‍ദ്ദഫലമായി കൊച്ചി മഹാരാജാവും അടിമക്കച്ചവടം പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി.ക്രിസ്ത്യന്‍ മിഷനറിമാര്‍ അടിമകളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കി. സ്‌കൂളിലെത്തിയ കുട്ടികളുടെ സകല ചിലവും മിഷനറിമാര്‍ വഹിച്ചു. അടിമക്കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകന് കുട്ടി ഒന്നിന് ഒരു പണം വീതം കൂടുതല്‍ വേതനം നല്‍കാനും മിഷനറിമാര്‍ ശ്രദ്ധിച്ചു.

''ക്രിസ്തീയ മിഷനറിമാര്‍ ഇല്ലായിരുന്നെങ്കില്‍ ഹൈന്ദവ സമുദായത്തിലെ താണപടിയില്‍പെട്ട ഇവര്‍ എന്നും ഇങ്ങനെ ഉദ്ധരിക്കപ്പെടാതെ കിടക്കുമായിരുന്നു എന്ന് തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവലില്‍ വി. നാഗയ്യ കയ്യൊപ്പ് ചാര്‍ത്തി. താണപടിയില്‍പെട്ടവരുടെ വാസസ്ഥലങ്ങളില്‍ പോയി ഉത്തമാംവിധം ഈ ലോകത്തില്‍ ജീവിക്കുന്നതിനുള്ള ഒരു ബോധം അവരില്‍ ഉല്‍ഭൂതമാക്കിയെന്നുള്ള മേന്മയ്ക്ക് ക്രൈസ്തവ മിഷനറിമാരാണ് അവകാശികള്‍.'' 1931 -ലെ സെന്‍സസ് റിപ്പോര്‍ട്ടില്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്റിന്റെ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. എന്‍. കുഞ്ഞന്‍പിള്ള ഇപ്രകാരം എഴുതി: ''സമുദായത്തിന്റെ താണപടിയിലുള്ള തങ്ങളുടെ നിര്‍ഭാഗ്യരായ സഹോദരന്മാരെ കഴിഞ്ഞ കാലങ്ങളില്‍ അവഗണിച്ചിരുന്നതിന്റെ ദുരന്തഫലങ്ങള്‍ ഉന്നതജാതികള്‍ക്കു മനസിലാക്കികൊടുത്തത് ക്രൈസ്തവ മിഷനറിമാരുടെ സേവനങ്ങളാണ്.'' അധഃകൃതരുടെ സാമൂഹിക നവോത്ഥാനത്തിന് ക്രിസ്ത്യന്‍ മിഷനറിമാര്‍ നല്‍കിയ സംഭാവനകളെക്കുറിച്ച് കൊച്ചി രാജ്യചരിത്രത്തില്‍ പ്രമുഖ ചരിത്രകാരന്‍ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്. ''ക്രിസ്ത്യന്‍ മിഷനറിമാരുടെ സ്തുത്യര്‍ഹമായ ഔദാര്യം കൊണ്ട് ചെറുമക്കളുടെയും പുലയരുടെയും അവസ്ഥ നന്നായി വന്നിട്ടുണ്ട്. അവര്‍ താഴ്ന്ന ജാതികള്‍ക്ക് അമൂല്യമായ വിദ്യാധനം നല്‍കുകയും സാമുദായിക വ്യവസ്ഥയില്‍ അവരെ ഉയര്‍ത്തുകയും ചെയ്തുകൊണ്ട് പൊതുജനാഭിവൃദ്ധിക്കുണ്ടായിട്ടുള്ള സഹായത്തെ ചിന്തിച്ച് നാം അവരെ അഭിനന്ദിക്കേണ്ടതാണ്. താഴ്ന്ന ജാതിക്കാര്‍ അഭിവൃദ്ധിയെ അഭിഗമിക്കുന്നു എന്നുള്ളത് ചാരിതാര്‍ത്ഥ്യജനകമാണ്.'' സമഭാവനയുടെ പൊതുനിരത്തുകളില്‍ സഞ്ചരിക്കാനും സമത്വബോധത്തിന്റെ നിലപാടുകളില്‍ കാലുകളുറപ്പിക്കാനും കേരളത്തെ പഠിപ്പിച്ചത് മനുഷ്യരെല്ലാവരും ഏതു ജാതിയില്‍പെട്ടവരാണെങ്കിലും ദൈവത്തിന്റെ മക്കളാണെന്ന് വിശ്വസിക്കുന്ന ക്രൈസ്തവരാണെന്നതിന് ചരിത്രം തന്നെ സാക്ഷി.കേരളത്തിന്റെ സാമൂഹിക നവോത്ഥാനരംഗത്ത് അനാചാരങ്ങളും ഉച്ചനീചത്വങ്ങളും അയിത്തവും തൊട്ടുകൂടായ്മയും കൊടികുത്തി വാണിരുന്ന സ്ഥിതി മാറ്റിയെടുക്കുവാന്‍ ക്രിസ്തീയ സഭകള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ ആര്‍ക്കും നിഷേധിക്കുവാന്‍ സാധ്യമല്ല.

ജാത്യാചാരപ്രകാരം പുരുഷന്മാര്‍ കുപ്പായമിടുന്നതും സ്ത്രീകള്‍ മാറുമറയ്ക്കുവാന്‍ വേണ്ടി മേല്‍മുണ്ട് ധരിക്കുന്നതും അത്ര സാധാരണമായിരുന്നില്ല എന്നു മാത്രമല്ല, അങ്ങനെ ചെയ്യുന്നത് ധിക്കാരമാണെന്നു കൂടി മേല്‍ജാതിക്കാര്‍ വ്യാഖ്യാനിച്ചിരുന്നുവെന്നാണ് മലബാര്‍ മാന്വലില്‍ വില്യം ലോഗന്‍ പറയുന്നത്. നമ്പൂതിരിമാരുടെ ആഹ്ലാദത്തിനുവേണ്ടി നായര്‍ സ്ത്രീകള്‍ മാറുമറയ്ക്കരുതെന്ന് പരശുരാമന്‍ വിലക്കിയിരുന്നെന്ന അസംബന്ധ കഥയായിരുന്നത്രെ ഈ ദുഷിച്ച ജാത്യാചാരത്തിന്റെ പിന്നാമ്പുറ കഥകള്‍. അവര്‍ണ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള അവകാശം അംഗീകരിച്ചു കൊടുക്കാന്‍ മാടമ്പിതമ്പുരാക്കന്മാര്‍ ഒരുകാലത്തും തയ്യാറായിരുന്നില്ല. സവര്‍ണരുടെ പ്രേരണയ്ക്കു വഴങ്ങി, ചാന്നാര്‍ സ്ത്രീകള്‍ മാറുമറയ്ക്കരുതെന്ന് 1829 ഫെബ്രുവരി മൂന്നിന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നുണ്ട്. ഈ നീചനിയമത്തിനെതിരെ ക്രൈസ്തവ മിഷനറിമാര്‍ ശക്തമായ പ്രക്ഷോഭമാണുയര്‍ത്തിയത്. ക്രിസ്ത്യന്‍ മിഷനറിമാര്‍ മദ്രാസ് ഗവര്‍ണ്ണറായ സര്‍ ചാള്‍സ് ട്രിവില്ല്യമിന് പരാതി നല്‍കിയതിന്റെ ഫലമായി 1859 ജൂലൈ 26 ന് തിരുവിതാംകൂര്‍ മഹാരാജാവ് മാറുമറയ്ക്കാനുള്ള അവകാശം കൊടുത്തു.

1877 ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ 'ഘാതകവധം' എന്ന നോവലില്‍ വിദ്യാസമ്പന്നയായ മറിയം എന്ന പെണ്‍കുട്ടിയെപറ്റി പറയുന്നതിങ്ങനെയാണ്. ''പുസ്തകം വായിക്കുന്ന പെണ്ണുങ്ങള്‍ തന്നെ ഗുണം എന്നുഞാന്‍ എണ്ണീട്ടില്ല. അവര്‍ നല്ല ഭാര്യമാരാകുന്നത് പ്രയാസം. എന്തിനാ ഇവളെ പള്ളിക്കൂടത്തില്‍ അയക്കാന്‍ പോയത്?'' ഇത്തരം സ്ത്രീ വിരുദ്ധ നിഷേധാത്മക മനോഭവം നിലവിലിരുന്ന ഒരു സമൂഹത്തിലേക്കാണ് സ്ത്രീ വിദ്യാഭ്യാസം ശാക്തീകരണത്തിനായി ചാവറയച്ചനും മിഷനറിമാരുമൊക്കെ ഇറങ്ങിയത്. മിഷനറിയായ ചാള്‍സ് സ്മിത്തിന്റെ സഹധര്‍മ്മിണി ജോഹന്ന സെലസ്റ്റീന ഹോറിസ്റ്റ് 1818 ല്‍ നാഗര്‍കോവില്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടി ഒരു ബോര്‍ഡിംഗ് ഹൗസ് വിദ്യാലയവും ആരംഭിക്കുന്നുണ്ട്. 1818 ല്‍ തന്നെ ബെഞ്ചമിന്‍ ബെയ്ലിയുടെ ഭാര്യ മിസിസ് എലിസബത്ത് എല്ല അവരുടെ ഭവനത്തില്‍ തന്നെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ ആരംഭിച്ചു. 1819 ല്‍ ആലപ്പുഴയില്‍ റവ. തോമസ് നോര്‍ട്ടന്റെ ഭാര്യ മിസിസ് ആന്‍ നോര്‍ട്ടനും പെണ്‍കുട്ടികള്‍ക്കുവേണ്ടി ബോര്‍ഡിംസ് സ്‌കൂള്‍ ആരംഭിച്ചിട്ടുണ്ട്. സാധാരണ പാഠ്യവിഷയങ്ങള്‍ക്കു പുറമെ, ചിത്രത്തയ്യലും, റേന്തത്തയ്യലുകളും, തുന്നലും മറ്റും ഇവിടെ പഠിപ്പിച്ചിരുന്നു. ഇവിടത്തെ റേന്തത്തയ്യലുകള്‍ ലണ്ടന്‍, പാരീസ്, ചിക്കാഗോ എന്നിവടങ്ങളില്‍ സമ്മാനാര്‍ഹമായതോടെ നല്ല വ്യവസായമായി തയ്യല്‍രംഗം വളരുകയുണ്ടായി. 1859 ലെ കണക്കനുസരിച്ച് തിരുവിതാംകൂറില്‍ 2003 പെണ്‍കുട്ടികളാണ് വിദ്യാഭ്യാസം നടത്തിയിരുന്നതെങ്കില്‍ 1897 ആകുമ്പോഴേക്കും അത് 36652 ആയി ഉയരുന്നുണ്ട്. സ്ത്രീ വിദ്യാഭ്യാസ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമെന്ന ബഹുമതി കേരളത്തിനുണ്ടെങ്കില്‍ അതിന് നന്ദിപറയേണ്ടത് ലാഭേച്ഛയില്ലാതെ സേവനം ചെയ്ത ക്രിസ്ത്യന്‍ മിഷനറിമാരോടാണ്.

കേരളത്തിലെ ആദ്യത്തെ സ്വാതന്ത്ര്യസമര പ്രഖ്യാപനം 1653 ല്‍ നടന്ന കൂനന്‍ കുരിശുസത്യമാണ്. തദ്ദേശീയ ഭരണകര്‍ത്താക്കള്‍ക്കുവേണ്ടി മാര്‍ത്തോമാ സഭയുടെ പള്ളിയോഗ പ്രതിനിധികള്‍ കൂടിച്ചേര്‍ന്ന 1787 ലെ അങ്കമാലി പടിയോലയും ഭാരതസ്വാതന്ത്ര്യ സമര ചരിത്രത്തിലെ തിളങ്ങുന്ന യാഥാര്‍ഥ്യങ്ങളാണ്. ഭാരതത്തില്‍ വിദേശാധിപത്യത്തിനെതിരെ എഴുതപ്പെട്ട ആദ്യപുസ്തകമാണ് പാറേമ്മാക്കല്‍ തോമാക്കത്തനാരുടെ വര്‍ത്തമാനപുസ്തകം. ഇന്ത്യന്‍ ജനത നൂറുകണക്കിന് നാട്ടുരാജ്യങ്ങളായി ചിതറപ്പെട്ട കാലഘട്ടത്തിലാണ് ദേശസ്നേഹവും രാജ്യാഭിമാനവും നിറഞ്ഞ തോമ്മാക്കത്തനാര്‍ 'നമ്മള്‍ ഇന്ത്യക്കാര്‍' എന്ന പദം ഉപയോഗിച്ച് ദേശീയത എന്ന ആശയത്തെ വിശാലമാക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യകാല പ്രസിഡന്റുമാരെല്ലാം ക്രിസ്ത്യാനികളായിരുന്നു. കോണ്‍ഗ്രസിന്റെ സ്ഥാപകനായ എ.ഒ. ഹ്യൂം ക്രിസ്ത്യാനിയായിരുന്നു. മഹാത്മാഗാത്സി ഏറ്റെടുക്കുന്നതുവരെ ക്രൈസ്തവരല്ലേ കോണ്‍ക്രസിനെ നയിച്ചിരുന്നത്. ഗാന്ധിയുടെ 'യംഗ് ഇന്ത്യ' മോട്ടിലാല്‍ നെഹ്റുവിന്റെ 'ഇന്‍ഡിപെന്റന്റ്' എന്നിവ എഡിറ്റുചെയ്ത് പ്രസിദ്ധീകരിച്ചിരുന്നത് ക്രൈസ്തവനായ ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് ആയിരുന്നു. 1935 ലെ ഇന്ത്യന്‍ ആക്റ്റില്‍ ഉണ്ടായിരുന്ന വര്‍ഗീയ നിയോജക മണ്ഡലങ്ങള്‍ക്കെതിരെ ഗാന്ധിജി സമരമുഖം തുറന്നത് ക്രൈസ്തവരുടെ ശക്തമായ പിന്തുണയോടെയാണ്. 1950 ല്‍ ഭാരതത്തിന്റെ ഭരണഘടന രൂപീകരിച്ചപ്പോള്‍ പ്രത്യേക മണ്ഡലങ്ങള്‍ വേണ്ടെന്നും ന്യൂനപക്ഷാവാശം മതിയെന്നും പറഞ്ഞ് ക്രൈസ്തവര്‍ ഭാരതത്തിന്റെ സാംസ്‌കാരിക ദേശീയ ധാരയില്‍ ഇഴുകിചേരുവാന്‍ തയ്യാറായി എന്നത് പ്രശംസനീയമാണ്.

അക്ഷരം പഠിച്ച ശൂദ്രനെ അകറ്റി നിര്‍ത്തണം എന്ന ചിന്ത നാടുവാഴുന്ന കാലത്താണ് ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ജാതിലിംഗഭേദമില്ലാതെ അവര്‍ണ്ണനെയും സവര്‍ണ്ണനെയും ഒരേ ബഞ്ചിലിരുത്തി പഠിപ്പിക്കാന്‍ ക്രൈസ്തവ മിഷനറിമാര്‍ തയ്യാറായത്. ഗാന്ധിജി ചണ്ഡാളന്മാരെ ഹരിജനങ്ങളെന്നു വിശേഷിപ്പിക്കുന്നതിനു വളരെ മുമ്പ് മിഷനറിമാര്‍ അവരെ ദൈവപുത്രരെന്നു വിളിച്ചു. ശൈശവവിവാഹവും സതിയും ബഹുഭാര്യ-ഭര്‍തൃത്വ സമ്പ്രദായവും വിധവാദുരിതവും ഇന്ത്യയില്‍ നിന്ന് തുടച്ചുനീക്കാനും സമഭാവനയും സ്വതന്ത്ര്യചിന്തയും വളര്‍ത്താനും മിഷനറി വിദ്യാഭ്യാസം വലിയ പ്രചോദനമാണ് നല്‍കിയത്.

ജനങ്ങളെ അടിച്ചമര്‍ത്തി ഏകാധിപത്യം സ്ഥാപിച്ചിരുന്ന രാജവാഴ്ചകളെയും ഫ്യൂഡല്‍ ദുഷ്പ്രഭുത്വങ്ങളെയും കടപുഴക്കിക്കൊണ്ട് ലോകചരിത്രത്തില്‍ സംഭവിച്ച ജനകീയ വിപ്ലവങ്ങളെയും ജനാധിപത്യത്തെക്കുറിച്ചുള്ള രാഷ്ട്രീയാദര്‍ശനങ്ങളെയും കുറിച്ചറിയുവാന്‍ പ്രാഥമികവിദ്യാഭ്യാസത്തിലൂടെ ഇന്ത്യന്‍ ജനതയ്ക്കു കഴിഞ്ഞു. ക്രിസ്ത്യന്‍ മിഷനറിമാര്‍ നമുക്ക് നല്‍കിയ വിദ്യാഭ്യാസമാണ് ലോകരാജ്യങ്ങളുടെ രാഷ്ട്രീയ, സാംസ്‌കാരിക ചരിത്രത്തിലേക്കുള്ള കവാടങ്ങള്‍ തുറന്നിട്ടത്. ബ്രിട്ടീഷ് കൊളോണിയലിസത്തില്‍ നിന്നും മോചനം നേടാനുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ശ്രമങ്ങള്‍ക്ക് ഉത്തേജനമായതും മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണ്. അടിമത്വത്തിന്റെ ആലസ്യമെന്ന കരിമ്പടം പുതച്ചുറങ്ങിയ കേരള സമൂഹ മനസാക്ഷി ഉണര്‍ത്തി അവരുടെ ഹൃദയങ്ങളില്‍ ഉറങ്ങിക്കിടന്ന ദേശീയബോധത്തെയും ഏകതാബോധത്തെയും ഉത്തേജിപ്പിച്ച് സ്വാതന്ത്ര്യസമരത്തിലേക്ക് നയിച്ച നവോത്ഥാനയാത്രക്ക് പ്രേരകമായ മുഖ്യഘടകം ഇംഗ്ലീഷ് വിദ്യാഭ്യാസമാണ്. തങ്ങളെ ആര് ഭരിക്കുന്നു, എന്തിന് ഭരിക്കുന്നു, എന്നൊന്നും അറിയാത്ത ഭാരതത്തിന്റെ നിരക്ഷര ഗ്രാമീണ കര്‍ഷകലക്ഷങ്ങളില്‍ ഉണര്‍വുണ്ടാക്കി അവരില്‍ അന്തര്‍ലീനമായിരുന്ന ആര്‍ഷഭാരതത്തിന്റെ സംസ്‌കാരികൈക്യത്തിന് ദേശീയബോധത്തിന്റെതായ മാനം നല്‍കിയതും അവരെയെല്ലാം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൊടിക്കീഴില്‍ കൊണ്ടുവന്നതും മിഷനറി വിദ്യാഭ്യാസം ലഭിച്ച അഭ്യസ്തവിദ്യരുടെ പ്രവര്‍ത്തനഫലമാണ്.

ഭാരതീയ ഭാഷകളില്‍ സാമാന്യജനത്തിന് മനസിലാകുന്നതും ഓജസുള്ള ഋജുവും അകൃത്രിമവുമായ ഗദ്യശൈലി രൂപപ്പെടുത്തിയത് മിഷനറിമാരുടെ വിദ്യാഭ്യാസ സാഹിത്യ പ്രവര്‍ത്തനങ്ങളാണ്. മിഷനറിമാര്‍ സ്ഥാപിച്ച മുദ്രണാലയങ്ങളും അച്ചുകൂടങ്ങളും വഴി കൈവന്ന സാംസ്‌കാരികാഭിവൃദ്ധിയാണ് ഇവിടെ സാഹിത്യത്തെ ജനകീയമാക്കിയതും വിദ്യാസമ്പന്നരുടെ വലിയൊരു നിര കെട്ടിപ്പടുത്തതും. ക്രൈസ്തവ സ്ഥാപിത മുദ്രണാലയങ്ങളുടെ ശ്രമഫലമായി അക്കാലത്ത് സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്ന പുസ്തകങ്ങളും മറ്റ് സാഹിത്യകൃതികളും ജനങ്ങളിലേക്കെത്തി. താളിയോലപ്പതിപ്പുകളില്‍ കോവിലകങ്ങള്‍, ധനികഗൃഹങ്ങള്‍ എന്നിവയില്‍ ഒതുങ്ങി നിന്നിരുന്ന സാഹിത്യം ജനകീയമായി. സംസ്‌കൃത ഭാഷാവിജ്ഞാനികളായ ചുരുക്കം ചിലര്‍മാത്രം അറിഞ്ഞിരുന്ന പുരാണേതിഹാസങ്ങള്‍ അച്ചടിയുടെ വ്യാപനം വഴി ജനങ്ങളിലെത്തി. പ്രാചീന മലയാളത്തില്‍ സുലഭമായിരുന്നെങ്കിലും പില്‍ക്കാലത്ത് സംസ്‌കൃതത്തിനു വഴിമാറിക്കൊടുത്ത പല ദ്രാവിഡ പദങ്ങളും ഭാഷയിലേക്ക് പുനരാഗമനം നടത്തുന്നത് മിഷനറിമാരുടെ കാലഘട്ടത്തിലാണ്. മിഷനറി ഗദ്യത്തിലുള്ള സുറിയാനി, ലത്തീന്‍, പോര്‍ച്ചുഗീസ് പദങ്ങളുടെ ധാരാളിത്തം ഭാരതീയഭാഷകളിലെ പദകോശത്തെ സമ്പന്നമാക്കി. ക്ഷേത്രത്തോടനുബന്ധിച്ച് മേല്‍ജാതി ഹിന്ദുക്കള്‍ക്കുമാത്രം പ്രവേശനമനുവദിച്ചുകൊണ്ടു നടത്തിപ്പോന്ന കലാപ്രകടനങ്ങള്‍ കാണാന്‍ സാധിക്കാതിരുന്ന സാധാരണക്കാര്‍ക്ക് പോര്‍ച്ചുഗീസുകാര്‍ തുടങ്ങിവച്ച 'ചവിട്ടുനാടകം' വേനല്‍മഴപോലെ ഒരു ഉണര്‍ത്തുപാട്ടായിരുന്നു. നാടകമെന്ന ആധുനിക കലാരൂപവുമായി കേരളീയര്‍ ആദ്യമായി പരിചയപ്പെട്ടത് ചവിട്ടുനാടകത്തിലൂടെയാണ്. ഒരു ജനതയുടെ ദീര്‍ഘകാലത്തെ അനുഭവങ്ങളും ചിന്തകളും വീക്ഷണഗതിയും ആദര്‍ശങ്ങളും ലോകതത്വങ്ങളും വസ്തുസ്ഥിതിയും പ്രതിഫലിപ്പിക്കുന്ന പഴഞ്ചൊല്ലുകളെ ആദ്യമായി തേടിപ്പിടിച്ച് സംരക്ഷിച്ചത് നാട്ടുഭാഷ പഠിക്കാന്‍ മിനക്കെട്ടിറങ്ങിയ ക്രൈസ്തവ മിഷനറിമാരാണ്. സമസ്ത മനുഷ്യരുടെയും ജീവിതാന്തസ് ഒരുപോലെ വിലപ്പെട്ടതാണെന്നുള്ള സാമൂഹികബോധം വളര്‍ത്തിയെടുക്കുവാന്‍ മിഷനറി വിദ്യാഭ്യാസത്തിന് കഴിഞ്ഞു. വിദ്യാഭ്യാസം സാമാന്യജനത്തിന് പ്രാപ്യമാക്കുന്നതിലും ജാതിവര്‍ണ വിവേചന രഹിതമായി തുല്യ അവസരം വിദ്യാര്‍ത്ഥികള്‍ക്കു പ്രദാനം ചെയ്യുന്നതിലും വിദ്യാലയങ്ങളില്‍ പവിത്രമായ അന്തരീക്ഷം പാലിക്കുന്നതിലും മിഷനറിമാര്‍ സൃഷ്ടിച്ച മാതൃകകളാണ് ഭാരതത്തിലെ പ്രാഥമിക ജനകീയ വിദ്യാഭ്യാസത്തിന്റെ അടിത്തറയായത്. ശാസ്ത്രത്തെ മതമൂല്യങ്ങളുമായി സമന്വയിപ്പിക്കുന്നതില്‍ മിഷനറിമാര്‍ അവതരിപ്പിച്ച പാശ്ചാത്യ സമ്പ്രദായം ഒട്ടൊന്നുമല്ല വിജയിച്ചത്.

''സുസ്ഥാപിതങ്ങളും സുവിദിതങ്ങളുമായ ഭാഷകളുമായി ഇടപെടുന്നതിന് പ്രയാസമില്ല. എന്നാല്‍ മിഷനറിമാര്‍ അതും കവിഞ്ഞു മുന്നോട്ട് ചെന്ന് പ്രാദേശികഭാഷകളെയും പ്രാകൃതഭാഷകളെയും കൈകാര്യം ചെയ്ത് അവയ്ക്ക് ആകൃതിയും രൂപവും നല്‍കി. വ്യാകരണവും നിഘണ്ടുക്കളും നിര്‍മ്മിച്ചു. മാത്രമല്ല, അവര്‍ മലകളിലെയും വനങ്ങളിലെയും പ്രാകൃതരായ ആദിവാസികളുടെ സംസാരഭാഷയ്ക്കുവേണ്ടിപോലും യത്നിച്ച് അവയെ എഴുത്തിലാക്കി. സാധിക്കുന്ന സകലഭാഷകളിലേക്കും ബൈബിള്‍ തര്‍ജ്ജിമ ചെയ്യാനുള്ള ക്രിസ്ത്യന്‍ മിഷനറിമാരുടെ ആഗ്രഹം അങ്ങനെ അനേകം ഇന്ത്യന്‍ ഭാഷകളുടെ വികാസത്തില്‍ പര്യവസാനിച്ചു.'' എന്ന് മിഷനറിമാരുടെ സംഭാവനകളെപ്പറ്റി ജവഹര്‍ലാല്‍ നെഹ്റു 'ഡിസ്‌കവറി ഓഫ് ഇന്ത്യ'യില്‍ പറയുന്നുണ്ട്.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ മിഷണറിമാരുടെപള്ളിക്കൂടങ്ങളിലാരംഭിച്ച് സര്‍ക്കാര്‍പള്ളിക്കൂടങ്ങളുടെ വ്യാപനത്തിലൂടെയും സമുദായങ്ങള്‍ പടുത്തുയര്‍ത്തിയ വിദ്യാലയങ്ങളിലൂടെയും നാം ഇന്ന് കാണുന്ന നേട്ടത്തില്‍ എത്തിച്ചേര്‍ന്നതിന്റെ ചരിത്രം പറയുന്നവര്‍ കേരളത്തിന്റെ നവോദ്ധാനത്തില്‍ ക്രൈസ്തവ സഭകള്‍ വഹിച്ച പങ്ക് ബോധപൂര്‍വം മറക്കുവാന്‍ പാടുപെടുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ മദ്ധ്യകാലമായപ്പോഴേക്ക് സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരില്‍ വലിയൊരു ശതമാനത്തിന് അക്ഷരവിദ്യാഭ്യാസമെങ്കിലും നേടാനുളള സാഹചര്യം ഇതുമൂലമാണ് ഉണ്ടായത് എന്ന് വിളിച്ചുപറയുവാന്‍ ഇക്കൂട്ടര്‍ മടികാണിക്കുന്നു.

വിദ്യാഭ്യാസം സാര്‍വത്രികമായതോടുകൂടി പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കേരളത്തില്‍ ഒരു വലിയ സാമൂഹ്യ-സാംസ്‌കാരിക മുന്നേറ്റത്തിനു കാരണമായി. ക്രൈസ്തവ സഭകള്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആരംഭിച്ചതോടെ ഈഴവരെ പോലെ ഉള്ള ജാതിസമുദായങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസം നേടിയ ഒരു വിഭാഗം ആളുകള്‍ ഉണ്ടായി വരികയും ഇത് കേരളത്തിലെ സാമൂഹ്യജീവിതത്തില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. ജന്മിമാരുടെ നെല്ലറകള്‍ നിറയ്ക്കാന്‍ അഹോരാത്രം പണിയെടുക്കുക എന്നതു മാത്രമായിരുന്നു അന്നുവരെ കേരളത്തിലെ സാമൂഹിക വ്യവസ്ഥിതി അധഃസ്ഥിതര്‍ക്കു കല്പിച്ചു നല്‍കിയ ധര്‍മ്മം. പാടത്തു പണിയെടുത്തുവരുമ്പോള്‍ മണ്ണില്‍ കുഴികുത്തി അതില്‍ ഇലവച്ചായിരുന്നു ഇവര്‍ക്കു ഭക്ഷണം നല്‍കിയിരുന്നത്. പൊതുസ്ഥലങ്ങളിലെല്ലാം പ്രവേശനം നിഷേധിക്കപ്പെട്ടു. ജാതിയുടെ അടയാളമായ കല്ലുമാലകള്‍ കഴുത്തിലണിഞ്ഞു നടക്കാനും അവര്‍ നിര്‍ബന്ധിതരായി. അരയ്ക്കു മുകളിലും മുട്ടിനുതാഴെയും വസ്ത്രം ധരിക്കുവാനും അന്നത്തെ അയിത്താചാരങ്ങള്‍ പിന്നോക്ക ജനവിഭാഗങ്ങളെ അനുവദിച്ചില്ല.

കീഴാളവര്‍ഗങ്ങളും പിന്നോക്ക ജാതികളുമായി കണക്കാക്കപ്പെട്ടിരുന്ന ജാതികളില്‍ പെട്ടവരില്‍ നിന്ന് നാരായണ ഗുരു, അയ്യന്‍കാളി തുടങ്ങിയവര്‍ വിദ്യാഭ്യാസം ചെയ്യുവാനുള്ള അവസരം ഉണ്ടായത് ക്രൈസ്തവ സഭകള്‍ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പിന്തുടര്‍ച്ചയിലൂടെയാണ്. പിന്നീട് അത് ഉപജാതികള്‍ക്കു അതീതമായി ചിന്തിക്കുവാനും, ഹിന്ദു മതത്തിന്റെ ക്രൂരമായ അനാചാരങ്ങളെ എതിര്‍ക്കുവാനും കാരണമായി. അക്കാലത്ത് പുലയ-പറയ സമൂഹത്തെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല. സമൂഹത്തില്‍ നിന്നും എല്ലാതരത്തിലും ബഹിഷ്‌കൃതരായിരുന്നു ഈ സമൂഹം. കൃഷി ചെയ്യാന്‍ ജന്മിമാര്‍ക്ക് വേണ്ട ഒരു ഉപകരണം മാത്രമായിരുന്നു പുലയ-പറയ സമൂഹം. അയിത്താചാരം മൂലം റോഡിലൂടെ നടക്കാനും വസ്ത്രം ധരിയ്ക്കാനും വിദ്യ നേടുന്നതിനും ഇവര്‍ക്ക് അവകാശമുണ്ടായിരുന്നില്ല.ഒരു പ്രദേശത്ത് ജനിച്ച് അവിടെ തന്നെ ജീവിച്ച് പുറത്തേക്കൊന്നും സഞ്ചരിക്കാതെ അവിടെ തന്നെ മരിക്കുന്ന ഒരു നിശ്ചല സമൂഹമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭം വരെ കേരളീയ സമൂഹം.

താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശം സാധ്യമാക്കിയ വൈക്കം സത്യാഗ്രഹത്തിന്റെ മുന്നണിപ്പോരാളികളില്‍ വളരെയേറെ ക്രൈസ്തവരുണ്ടായിരുന്നു എന്നതും ചിലര്‍ ബോധപൂര്‍വ്വം മറച്ചുവെക്കുവാന്‍ ശ്രമിക്കുന്നു. കേരളത്തിലെ സമുദായ സൗഹാര്‍ദത്തിനു വേണ്ടി നിലകൊള്ളുവാന്‍ കേരള ക്രൈസ്തവര്‍ എക്കാലവും ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടാണ് കേരളത്തിലെ സമുദായ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചപ്പോള്‍ ക്രൈസ്തവര്‍ സ്വന്തമായൊരു പാര്‍ട്ടി രൂപീകരിക്കുവാന്‍ ശ്രമിച്ചില്ല. ആളും അര്‍ത്ഥവും സംഘടനാശേഷിയും ശക്തമായ നേതൃത്വവുമുണ്ടായിട്ടും ഭാരതീയ സമുദായത്തിന്റെ മുഖ്യധാരയിലൂടെ ഒഴുകാനാണ് ക്രൈസ്തവരെന്നും പരിശമിച്ചിട്ടുള്ളത്. തുമ്പയിലെ ബഹിരാകാശ വികസനകേന്ദ്രത്തിനുവേണ്ടി പള്ളിയിരിക്കുന്ന സ്ഥലം ചോദിച്ചപ്പോള്‍ അതു വിട്ടുകൊടുത്ത പാരമ്പര്യമാണ് ക്രൈസ്തവ സഭയ്ക്കുള്ളത് എന്നതും മലയാളി മനസ്സിന് മറക്കുവാന്‍ സാധ്യമല്ല.

കേരളത്തിലെ ക്രൈസ്തവ സഭകളുടെ സംഭാവനകളെ വിസ്മരിച്ചുകൊണ്ട് എത്ര വലിയ നവോത്ഥാനമതിലുകള്‍ കെട്ടിയുയര്‍ത്തുവാന്‍ ശ്രമിച്ചാലും കാലം ഒരിക്കലും ആധുനിക നവോത്ഥാനത്തിന്റെ കുപ്പായമണിയുവാന്‍ ശ്രമിക്കുന്നവര്‍ക്ക് മാപ്പ് നല്‍കില്ല.

Join WhatsApp News
MORALITY A WAY OF LIVING 2018-12-14 20:00:08

Empathy, sympathy, love …..whatever you want to call It;

 is entirely meaningless

Until you develop the inner attitude what good it is to be so for you to be happy when so many out there are not happy or have no means to be happy;

so many are poor but they have no choice,

so many are sick but they have no choice,

so many are hungry but they have no choice,

so many are homeless but they have no choice.

Your empathy, sympathy, Love …. All are a way of escapism to justify what you have.

Your happiness is a zero when others are not happy or afford to be happy.

That is the core of Morality,

you may throw away all the morality of the scriptures to trash.

Try all you can to make others happy.- andrew

Core of Morality 2018-12-14 20:13:41
the core of Morality is very simple;
if you have 10 apples give away 9
andrew
വിദ്യാധരൻ 2018-12-14 23:27:10
പുഞ്ചക്കോണം - 
       നിങ്ങളുടെ പ്രവർത്തിക്ക് നിങ്ങൾ വളരെ പ്രതിഫലം ആഗ്രഹിക്കുന്നതുപോലെ തോന്നുന്നു നിങ്ങളുടെ ലേഖനം വായിച്ചപ്പോൾ . ക്രൈസ്തവ സഭ കേരളത്തിന് നൽകിയ സംഭാവനകൾ മറന്നാൽ കാലം അതിന് മാപ്പ് നൽകില്ല എന്നതിൽ നിങ്ങളുടെ നിരാശയുടെ, വേദനയുടെ ഞരങ്ങൽ  കേൾക്കാം . എന്തിനാണ് നിങ്ങൾ വിഷമിക്കുന്നത്?. ആഡ്രൂ പറഞ്ഞതുപോലെ പത്ത് ആപ്പിൾ ഉള്ളതിൽ നിന്ന് ഒൻപത് കൊടുക്കുക പിന്നെ കൊടുത്തതിനെ കുറിച്ച് ഓർത്ത് വിചാരപ്പെടാതിരിക്കുക. 'നിഷ്ക്കാമ കർമ്മ' ഇത് തന്നയല്ലേ നിങ്ങളുടെ ഗുരു പറഞ്ഞതും ?   "നിങ്ങൾക്കുള്ളതു വിറ്റു ഭിക്ഷകൊടുപ്പിൻ; കള്ളൻ അടുക്കയോ പുഴു കെടുക്കയോ ചെയ്യാത്ത സ്വർഗ്ഗത്തിൽ പഴകിപ്പോകാത്ത മടിശ്ശീലകളും തീർന്നുപോകാത്ത നിക്ഷേപവും നിങ്ങൾക്കു ഉണ്ടാക്കിക്കൊൾവിൻ.  നിങ്ങളുടെ നിക്ഷേപം ഉള്ളേടത്തു നിങ്ങളുടെ ഹൃദയവും ഇരിക്കും. " (ലുക്ക് 12 -33 -34 ) .  സ്വർഗ്ഗത്തെകുറിച്ചെനിക്കറിയില്ല .  പക്ഷെ ഭൂമി സ്വർഗ്ഗം ആക്കാൻ കഴിയും . പക്ഷെ ഇന്ന് മനുഷ്യൻ സൃഷ്ടിച്ച മതങ്ങൾക്ക്, അതിന് കഴിയുന്നില്ല കാരണം അവരുടെ സ്വാർത്ഥതയാണ്. ജനത്തിന് മാർഗ്ഗ നിർദേശം കൊടുക്കേണ്ട നിങ്ങൾ പോലും പ്രതിഫലംത്തിന്റ പേരിൽ പിറുപിറുക്കയാണ്  .  പത്ത് കുഷ്ട രോഗികളെ സൗഖ്യമാക്കീട്ട് ഒരുത്തൻ മാത്രമല്ലേ തിരിച്ചു വന്നുള്ളൂ ?  പ്രതിഫലേച്ഛ കൂടാതെ കൊടുക്കുക . ഇവിടെ മറ്റൊരു കഥകൂടി പറയുന്നു . (അല്ലെങ്കിൽ മാത്തുള്ള പറയും ഞാൻ ആർ എസ് എസ് കാരനാണെന്ന്) 

           ഒരിക്കൽ അര്ജുനൻ കൃഷ്ണനോട് ചോദിച്ചു. “ഭഗവാനേ, എന്ത് കൊണ്ടാണ് യുധിഷ്ഠിരനെക്കാൾ വലിയ ദാനശീലനായി എല്ലാവരും കർണനെ കാണുന്നത്? ആരും എന്ത് ദാനം ചോദിച്ചാലും അവർ രണ്ടു പേരും ഒരിക്കലും കൊടുക്കാതിരുന്നിട്ടില്ലല്ലോ.പിന്നെന്താണ് കർണനെ കൂടുതൽ മഹാനായ ദാനശീലനായി കണക്കാക്കുന്നത്?” ഭഗവാൻ കൃഷ്ണൻ ചിരിച്ചു കൊണ്ട് പറഞ്ഞു “വരൂ, ഞാൻ നിനക്ക് നേരിട്ട് തന്നെ കാണിച്ചു തരാം.”അവർ രണ്ടു പേരും രണ്ടു ബ്രാഹ്മണർ ആയി വേഷം മാറി യുധിഷ്ഠിരന്റെ സഭയിലെത്തി .
തങ്ങൾക്കു യജ്ഞം ചെയ്യാൻ വേണ്ടി ചന്ദനമുട്ടികൾ ദാനമായി തരേണം എന്നവശ്യപ്പെട്ടു. യുധിഷ്ഠിരൻ ഉടനെ ഭടന്മാരെ എല്ലായിടത്തേയ്ക്കും ചന്ദനമുട്ടിക്കായി അയച്ചു. പക്ഷെ കൊടും മഴക്കാലമായിരുന്നതിനാൽ ഉണങ്ങിയ ചന്ദനമുട്ടി ഒരിടത് നിന്നും കിട്ടിയില്ല.അത് കാരണം നനഞ്ഞ ചന്ദനമുട്ടികൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ബ്രാഹ്മണവേഷം ധരിച്ച കൃഷ്ണനും അര്ജുനനും അടുത്തതായി കര്ണന്റെ രാജസഭയിലേയ്ക്ക് പോയി. ഇതേ ആവശ്യം കർണനോടും പറഞ്ഞു. കർണൻ അൽപനേരം ആലോചിച്ചശേഷം പറഞ്ഞു “മഴ ആയതിനാൽ ഉണങ്ങിയ ചന്ദനമുട്ടി കിട്ടാൻ പ്രയാസമായിരിക്കുമല്ലൊ. ഒരു വഴിയുണ്ട്…ദയവായി അൽപസമയം കാത്തിരുന്നാലും “ഇത് പറഞ്ഞിട്ട് കർണൻ ഒരു മഴു എടുത്തു ചന്ദനത്തടി കൊണ്ട് ഉണ്ടാക്കിയ തന്റെ കൊട്ടാരത്തിന്റെ ജനലുകളും വാതിലുകളും വെട്ടിക്കീറി കഷണങ്ങളാക്കി,എന്നിട്ട് ബ്രാഹ്മണര്ക്ക് ദാനമായി നല്കി. കൃഷ്ണനും അര്ജുനനും അതേറ്റു വാങ്ങി തിരികെ നടന്നു…വഴിമദ്ധ്യേ കൃഷ്ണൻ പറഞ്ഞു “ഇപ്പൊൾ മനസ്സിലായില്ലേ അര്ജുനാ, രണ്ടു പേരും തമ്മിലുള്ള വ്യത്യാസം? നമ്മൾ യുധിഷ്ഠിരനോട് അദ്ദേഹത്തിന്റെ ചന്ദനതടിയിൽ നിര്മിച്ച വാതിലുകൾ തരണം എന്നാവശ്യപ്പെട്ടിരുന്നെങ്കിൽ ഒരു മടിയും കൂടാതെ സന്തോഷത്തോടെ യുധിഷ്ഠിരൻ നല്കിയേനെ.
പക്ഷെ ആ ചിന്ത അദ്ദേഹത്തിന് സ്വയം ഉണ്ടായില്ല. എന്നാൽ കർണനോട് അത് നമ്മൾ നേരിട്ട് ചോദിക്കേണ്ടി വന്നില്ല.യുധിഷ്ഠിരൻ ദാനം ചെയ്യുന്നത് അത് ധര്മം ആയതിനാലാണ് .കർണൻ ദാനം നൽകുന്നത്, ദാനംകൊടുക്കൽ എന്നാ പ്രവൃത്തി അദ്ദേഹത്തിന് ഇഷ്ടമായതു കൊണ്ടും. ഇതാണ് രണ്ടു പേരും തമ്മിലുള്ള വ്യത്യാസം, ഇത് കൊണ്ടാണ് കർണനെ കൂടുതൽ മഹാനായ ദാനശീലൻ ആയി ലോകർ കണക്കാക്കുന്നത്..
എന്ത് പ്രവൃത്തിയേയും ഇഷ്ടപ്പെട്ടു ചെയ്‌താൽ അതാണ്‌ കൂടുതൽ മഹത്തരം എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.പല രീതിയിൽ ഒരു പ്രവൃത്തി നമുക്ക് ചെയ്യാം..ആരെങ്കിലും പറഞ്ഞത് കൊണ്ട് ഒരു പ്രവൃത്തി ചെയ്യാം…അല്ലെങ്കിൽ കടമയായി ചെയ്യാം…അല്ലെങ്കിൽ ധർമം അതായത് കൊണ്ട് ചെയ്യാം…
അതുമല്ലെങ്കിൽ കർണനെ പോലെ ആ പ്രവൃത്തിയോടുള്ള ഇഷ്ടം കൊണ്ട് ചെയ്യാം. ഇതിൽ അവസാനത്തെ രീതിയിൽ എന്ത് കർമവും ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. എന്ത് ജോലിചെയ്താലും ആ ജോലിയെ ആസ്വദിച്ചു, ഇഷ്ടപ്പെട്ടു തന്നെ ചെയ്യുക.

"ചെറുതമ്പുകലർന്നു ചെയ് വതും 
ചെറുതുള്ളത്തിലലിഞ്ഞു ചൊൽവതും
പെരുകിബ്ഭൂവി പുഷ്പവാടിയായ് 
നരലോകം സുരലോകതുല്യമാം "  (ചെറിയവ -ആശാൻ )

historian 2018-12-15 07:46:12
ചരിത്രം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് ചരിത്രം വളച്ചൊടിക്കാന്‍ ശ്രമിക്കുന്ന ഇക്കാലഠ്. ഗാന്ധിയല്ല, ഗോഡ്‌സെ ആണു മഹാന്‍ എന്നാണല്ലൊ ഇപ്പോള്‍ വിവക്ഷിക്കപ്പെടുന്നത്.
ക്രൈസ്തവര്‍ എന്തെങ്കിലും തിരിച്ചു കിട്ടാന്‍ വേണ്ടിയല്ല സേവന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മതം മാറ്റാനാണെന്നു പറയാറുണ്ട്. മതം മാറണമെന്നു പറഞ്ഞ ഏതെങ്കിലും അനുഭവം ആര്‍ക്കെങ്കിലും ഉണ്ടായോ? എന്നിട്ടും നുണ പറയാന്‍ മടിയില്ല.
ഏതാനും വര്‍ഷം മുന്‍പ് ഇറങ്ങിയ ശ്രീനാരയന ഗുരു എന്ന സിനിമയില്‍ താണ ജാതിക്കാരെ എത്ര ഹീനമായാണു പീദിപ്പിച്ചിരുന്നതെന്നു കാണാം. അതേ താന ജാതിക്കാര്‍ വിദ്യാഭ്യാസം നേടിയതില്‍ നല്ല പങ്കു ക്രൈസ്തവര്‍ക്കുണ്ട്. എന്നിട്ടും അവര്‍ ഇന്ന് അവരെ പീഡിപ്പിച്ചസവര്‍ണരുമായി കൈ കൊര്‍ത്ത് ക്രൈസ്തവര്‍ക്കെതിരെ നീങ്ങുന്നു എന്ന ദുഖ്‌സത്യവും മറക്കരുത്‌ 
TOWER OF BABEL 2018-12-15 11:14:49

The author begins the article with his normal style of pouring out excessive foolishness luminously. As per the author, people all over the Earth spoke one Language after the flood of Noah. The author needs lot of education in the ‘origin of Languages’. The Noah’s flood story is a copy of several such flood stories prevailed in the ancient Mediterranean areas & similar stories can be found all over the world. The flood story in the Bible itself is a combination of 2 or more versions.

The Tower of Babel’s description in the bible is contemptuous. There are several reasons for that. The Hebrew bible- old testament- in the present form is a creation of Jerusalem priests who were in exile in Babylon. They were stripped of their royalty and was mixing clay by the rivers of Babylon-see the Abba song & Psalms-137. This also brings to the light that Psalms are not the songs of David as many believe, even though it is attributed to him. The entire bible books are like that, the authors are unknown.

Babylon = the gates of heaven. The tower of babel was the abode of several gods of the time. Usually the ancients placed their gods on mountain tops. Babylon area was flat land so through a period of several years, the Babylonian kings built the tower with the clay bricks made of the surrounding river banks and joined them with Asphalt. Being built with Clay, the tower needed repair & replacement of bricks. So, in order to cover the huge manual labor, they brought men from different parts and of course they spoke different Languages. The priests were new arrival and so they couldn’t understand the different languages and they contemptuously named it as babbling. When the priests returned from exile, they brought a new god Yah too. Yah was a sub- god among several of the gods worshipped in the Temple of babel. In fact, several gods were worshipped in the Jerusalem temple too even though the priests claimed the monopoly.   

The story of Babel Tower & Psalms-137 are good evidence that the priests in exile in Babylon fabricated the Bible. Author’s findings; all throughout the article are disputable and far from truth. Leaving them for the rest of the readers to react, comment & thereby enjoy the pleasure of spreading the truth.

JEJI 2018-12-15 12:43:06
ലേഖകൻ ചരിത്രം ചരിത്രം എന്ന് പലയിടത്തും പറയുന്നു, എന്നാൽ തുടങ്ങുന്നത് തന്നെ ഒരു സാധാരണക്കാരന് വിശ്വസിക്കാൻ പ്രയാസമുള്ള ബൈബിളിലെ ജലപ്രളയത്തെ പറ്റിയാണ്. അയ്യായിരം വര്ഷം  മുൻപ് അങ്ങിനെയിലൊരു പ്രതിഭാസം ഭൂമിയിൽ ഉണ്ടായായതിനു യാതൊരു അടിസ്ഥാനവും ഇല്ല. തന്നെയുമല്ല നാല്പതല്ല നാനൂറു ദിവസ്സം മഴ പെയ്താലും ഈ ഭൂമി മൊത്തം മുങ്ങില്ല. അഥവാ അങ്ങിനെ മഴ പെയ്യിച്ചു കുഞ്ഞുങ്ങളടക്കം സർവ്വതിനേയും കൊന്നു കളഞ്ഞ ആ ദൈവത്തെ ആണോ അച്ചോ നിങ്ങൾ കാരുണ്യവാനും ദയാലുവും എന്നൊക്കെ പറഞ്ഞു ഇപ്പോഴും നടക്കുന്നത്.  ദിനോസറുകളെ അന്ന് പെട്ടകത്തിൽ കയറ്റാതിരുന്നത് ഭാഗ്യം അല്ലെങ്കിൽ അവ ഇന്ന് അമ്പലങ്ങളിലും പള്ളികളിലും പൊരി വെയിലത്ത് ഭഗവാന്റെയും പുന്യാലന്റെയും തിടമ്പ് ചുമന്നു നരകിച്ചേനെ.                                             കേരളത്തിലെ നവോദ്ധാനം ബ്രിട്ടീഷ് ഭരണം ആയതുകൊണ്ടാണ് അത്രയെങ്കിലും ഒക്കെ നടന്നത്. ഇന്നാണെങ്കിൽ മാറ് മറക്കാനോ സതി ഒഴിവാക്കാനോ സാധിക്കുമായിരുന്നില്ല. അന്നും അതിനെതിരെ പ്രതിഷേധിച്ചവർ ആണ് കുറെ പേരെങ്കിക്കും. കൂനം കുരിശു ഒരു സ്വാതന്ത്ര്യ സമരം ആയിരുന്നിട്ടാണോ   തൊണ്ണൂറു ശതമാനം ക്രിസ്ത്യാനികളും ഇന്ത്യൻ നിയമം ഞങ്ങൾക്ക് ബാധകമല്ല. വത്തിക്കാൻ പോപ്പിനെയും സിറിയൻ പാത്രിയർക്കേസിന്റെയും നിയനം ആണ് വലുതെന്നും പറഞ്ഞു റോഡിൽ കിടന്നു അടിക്കുക വരെ ചെയ്യുന്നത്. മിഷനറിമാർ ചെയ്ത കാര്യങ്ങളെ കുറച്ചു കാണുന്നില്ല. പക്ഷെ അവർക്കു പിന്നിൽ ഉദ്ധെസ്സമുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണം ആയതുകൊണ്ടാണ് മിഷനറിമാർക്ക് എന്തെങ്കിലും ചെയ്യാൻ. ഇന്ത്യയിലെ ക്രിസ്ത്യാനികൾ (മത മേലധ്യക്ഷന്മാർ) സ്വാതന്ത്ര്യ സമരത്തിന് എതിരായിരുന്നു. അവർ വിചാരിച്ചതു ബ്രിട്ടീഷ് ഒരിക്കലും ഇന്ത്യ വിട്ടുപോവില്ല എന്നാണു. അതുകൊണ്ടാണ് സർ സി പി രാമസ്വാമി എന്ന ബ്രിട്ടീഷ് കിങ്കരന്റെ ജന്മ ദിനത്തിന് ആഡംബര സമ്മാനവുമായി എല്ലാ ബിഷോപ്പൻമാരും പോയത്. 


JOHN 2018-12-15 12:59:53
ശ്രി Fr പുഞ്ചക്കോണം, ഒന്നുകിൽ ചരിത്രം പറയുക അല്ലെങ്കിൽ സുവിശേഷം പറയുക. രണ്ടും കൂട്ടി കെട്ടാനുള്ള പെടാപ്പാടു പള്ളിയിൽ പോരെ. ബൈബിൾ ഒരിക്കലും ഒരു ചരിത്ര പുസ്തകം അല്ല. അതിൽ പറയുന്ന ചില നദികളും സ്ഥലങ്ങളും ഇപ്പോഴും ഉണ്ട് എന്ന് കരുതി അതിൽ പറഞ്ഞപോലെ സംഭവിക്കില്ല എന്ന് എല്ലാവരേക്കാളും താങ്കൾക്കറിയാം. സ്വന്തം കഞ്ഞി കുടി മുട്ടിക്കാൻ ആരും തയ്യാറാവില്ല. അതുകൊണ്ടു അത് തുടരുക. എന്നാൽ പൊതുസമൂഹത്തിൽ എഴുതുമ്പോൾ, ലോകത്തു ഒരു ഭാഷ ആയിരുന്നു, വെള്ളപ്പൊക്കം, പെട്ടകം, 800 - 900വര്ഷം മനുഷ്യൻ ജീവിച്ചിരുന്നു, പകൽ മാത്രം വെളിച്ചം തരാൻ ഭൂമിയുടെ പതിനായിരം ഇരട്ടി വലിപ്പമുള്ള സൂര്യനെ ആകാശത്തു ഒട്ടിച്ചു ദൈവം എന്ന് തുടങ്ങിയ വിഡ്ഢിത്തരം കളുടെ കൂമ്പാരമായ ബൈബിൾ ചരിതം എന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു സ്വയം അപഹാസ്യനാവാതെ 

ദൈവം ഉണ്ട് എന്ന് ശാസ്ത്രം 2018-12-15 13:20:49
ദൈവത്തെ കണ്ടു, ദൈവ കണകം കണ്ടു എന്നൊക്കെ കുറേകാലം മുമ്പ് എഴുതിയതും ഇ പുള്ളിക്കാരന്‍ അല്ലേ?
Ninan Mathulla 2018-12-15 15:31:32
Saw Vidhyadharan mentioned me in his comment. I also felt it necessary to occasionally remind those who do propaganda in this column. They mostly act as if they did not see history, and instead of being mindful or thankful for the service, they need more from church. They are asking why you do not become a Jesus? Jesus said to these people not to look for the speck in others eyes when there is a log in your own eyes. 'Nishkama Karma' is good to say and hear. Hope Vidhyadharan will name a few real people who practiced 'Nishkama Karrma'.
Anthappan 2018-12-15 18:10:25
Vidyaadharan has explained things rightly with regard to the hypocrisy of religious leaders like Punchakkonnam.  There is something  Christians do wrong in India and that is why Christianity failed to attract people.  There would have been much chance in India if they had followed their leader, Jesus . The truth of the matter is that  they can't follow him because their motive is much different from the motive of Jesus.  There are hundreds of people around the world doing things which no religious person cannot do because they don't expect any reward like Punchkkonnam expects.   

"Leave this chanting and singing and telling of beads! Whom dost thou worship in this lonely dark corner of a temple with doors all shut? Open thine eyes and see thy God is not before thee!

He is there where the tiller is tilling the hard ground and where the path maker is breaking stones. He is with them in sun and in shower, and his garment is covered with dust. Put of thy holy mantle and even like him come down on the dusty soil!

Deliverance? Where is this deliverance to be found? Our master himself has joyfully taken upon him the bonds of creation; he is bound with us all for ever.

Come out of thy meditations and leave aside thy flowers and incense! What harm is there if thy clothes become tattered and stained? Meet him and stand by him in toil and in sweat of thy brow." (Rabindranath Tagore)
പോത്തുള്ള 2018-12-15 21:08:18
'vinaassakaale vipareetha puthi' അന്തപ്പൻ ആൻഡ്രു വിദ്യാധരൻ തുടങ്ങി കുറെ ബി ജെ പി പ്രൊപ്പഗാണ്ടക്കാർ അമേരിക്കയിൽ ഉണ്ട്. ഇടയ്ക്കു തല പോക്കും പിന്നെ മാളത്തിൽ ഒളിക്കും. ഈമലയാളി ആണ് അവരുടെ ഒളിത്താവളം. ഒരു ഉപദേശിയിലേക്കുള്ള പ്രമാണം എന്ന പുസ്തകം വായിക്കുക.
Ninan Mathulla 2018-12-16 21:36:09
If emalayalee ado not remove abusive language post in the response column, no more posts or articles in emalayalee.
വേതാളം 2018-12-16 22:44:12
ഈ ലോകത്തെ നമ്മൾക്ക് നന്നാക്കാൻ പറ്റില്ല സ്നേഹിത .പക്ഷെ നമ്മൾക്ക് സ്വയം നന്നാകാം . അതുകൊണ്ട് .നിരീശ്വരവാദികളെ നന്നാക്കാൻ പോകാതെ ഒരു നിരീശ്വരവാദിയാകു . നമ്മൾക്ക് ഒരുമിച്ച്  ഈ മലയാളി പ്രതികരണകോളത്തിൽ  മത തീവ്രവാദികളെ ഓടിക്കാം   രണ്ടായി നിൽക്കുന്ന ഒരു രാജ്യത്തിനും നില നിൽക്കാനാവില്ല മാത്തുള്ളെ . രണ്ടു കൈയും തുറന്ന് നിങ്ങളെ ഞങ്ങൾ സ്വീകരിക്കുന്നു .  ഒരിക്കലും ഈ താളിൽ നിന്നും നിങ്ങൾ പോകരുത് . നിങ്ങളില്ലെങ്കിൽ പ്രതികരണകോളത്തിൽ ഒരു വെടിക്കെട്ടും നടക്കില്ല . നിങ്ങളുടെ ഊർജ്ജം വലിച്ചാണ് അന്തപ്പനും ആഡ്രയോസും  ജീവിക്കുന്നത് . നിങ്ങളാണ് അവർക്ക് വേണ്ട പ്രാണവായു നൽകുന്നത് 
Ninan Mathulla 2018-12-17 07:16:08
When I post a comment in emalayalee, I am a guest here. It is not the culture of Malayalees to let others in the house with intolerance abuse a guest. So please do not tarnish the image of emalayaee by letting others use abusive language against a guest. Any job has its own responsibility including journalism also. I do not know any newspaper that let abusive language against another person. When a mistake is made, the honest thing to do is to remove the abusive comment and not to post such comments in the future.
Donald 2018-12-17 08:04:15
Go and read any on line English papers comment column about me then you will realize how much gentle are the people writing comment in E-Malayalee .  My skin is made of buffalo skin and nothing affects me .Go and get your skin changed.
truth and justice 2018-12-17 09:22:12
The Bible is so accurate and God spoke thru the Holy Spirit to lot of prophets and they wrote it in the Bible.Whatever Bible mentioned is being fulfilled and is going to fulfill and whoever believed the Word of God to whom God has transformed and the History already proved it.My dear friends if you want a real life please read and believe the bible and you and your family and friends have a peaceful life.Lot of western missions have spent their life and wealth spent for India and its a truth.Australian missionary went to Odisha and uplifted the leprosy people finally He and his children were martyred in India.So many christian schools are there in India and our parents are ready to send their children to those schools and colleges and eventually they have become Doctors and Engineers working foreign countries
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക