Image

കാലുകള്‍ മുറിച്ച്‌ നീക്കിയ ഒരച്ഛനും മകനും ജീവിത ദുരിതത്തില്‍

Published on 15 December, 2018
കാലുകള്‍ മുറിച്ച്‌ നീക്കിയ ഒരച്ഛനും മകനും ജീവിത ദുരിതത്തില്‍
അങ്കമാലി : പ്രളയത്തിന്റെയും അപകടങ്ങളുടെയും ദുരിതത്തിന്‍റെ കാണാക്കയത്തില്‍ നിന്ന്‌ കരകയറുവാന്‍ കഴിയാതെ മലയാറ്റൂരില്‍ ഒരു കുടുംബം. വ്യത്യസ്ഥ ദിവസങ്ങളില്‍ ഉണ്ടായ അപകടങ്ങളെ തുടര്‍ന്ന്‌ പിതാവിന്‍റെയും, മകന്‍റെയും ഓരോ കാലുകള്‍ മുറിച്ച്‌ മാറ്റിയതുമൂലം വളരെയധികം ബുദ്ധിമുട്ടിയിലാണ്‌ ഈ കുടുംബം .

മലയാറ്റൂര്‍ പള്ളിക്ക്‌ സമീപം താമസിക്കുന്ന മേലേക്കുടി വീട്ടില്‍ ദേവസിക്കും (60) മകന്‍ തോമസ്സി (20)നുമാണ്‌ അപകടങ്ങളില്‍ കാലുകള്‍ നഷ്ടപ്പെട്ട്‌ ദുര്‍വിധി ഉണ്ടായിരിക്കുന്നത്‌. മകന്‍റെയും, ഭര്‍ത്താവിന്‍റെയും ദു:ഖങ്ങള്‍ കണ്ട്‌ നില്‍ക്കാനാണ്‌ ഭാര്യ ആനിക്ക്‌ കഴിയുന്നുള്ളു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ യൂട്ടിലിറ്റി ഹാന്‍റിലിങ്ങിലെ കരാര്‍ ജീവനക്കാരനായിരുന്നു തോമസ്‌. കഴിഞ്ഞ ഏപ്രില്‍ 30 ന്‌ രാത്രി കണ്‍വയര്‍ ബെല്‍റ്റ്‌ കണക്‌റ്റ്‌ ചെയ്‌ത്‌ കൊണ്ടിരിക്കുന്നതിനിടെയാണ്‌ അപകടം സംഭവിച്ചത്‌. എക്യുപ്‌മെന്‍റ്‌ വെഹിക്കിള്‍ നിയന്ത്രണം വിട്ട്‌ പുറകിലേക്ക്‌ വന്ന്‌ തോമസ്സിനെ ഇടിച്ചിടുകയായിരുന്നു.

ബെല്‍റ്റിനും വാഹനത്തിനും ഇടയില്‍ പെട്ട്‌ ഇടത്‌ കാല്‍ ചതഞ്ഞരഞ്ഞു. പല ചികിത്സകള്‍ നടത്തിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. പിന്നീട്‌ മുട്ടിന്‌ താഴെ കാല്‍ മുറിച്ചു മാറ്റി. ഐടിഐ പഠനത്തിന്‌ ശേഷമാണ്‌ വിമാനത്താവളത്തില്‍ ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ ജോലിക്ക്‌ കയറിയത്‌.

ഒന്നര മാസമായിരുന്നുള്ളു ജോലിക്ക്‌ കയറിയിട്ട്‌. അപകടം പറ്റിയതിന്‌ ശേഷം കമ്പനി തിരിഞ്ഞ്‌ നോക്കിയതുപോലുമില്ല. പല തവണ വീട്ടുകാര്‍ വിളിച്ചപ്പോള്‍ പ്രധാന ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ലന്ന മറുപടിയാണ്‌ ലഭിച്ചത്‌. മറ്റ്‌ ജീവനക്കാരോട്‌ കമ്പനി പറഞ്ഞിരിക്കുന്നത്‌ തോമസിന്‌ നഷ്ടപരിഹാരം നല്‍കി എന്നാണ്‌. ജോലി വാഗ്‌ദാനവും കമ്പനിയുടെ ഭാഗത്ത്‌ നിന്നുമുണ്ടായിരുന്നതാണ്‌.

മുട്ടിന്‌ മുകളില്‍ മുറിച്ചതിനാല്‍ കൃത്രിമ കാല്‍വയ്‌ക്കുന്നതിന്‌ വന്‍ ചെലവാണ്‌. വോളിബോള്‍ കളിക്കാരന്‍ കൂടിയായിരുന്നു തോമസ്‌. വൈകുന്നേരങ്ങളില്‍ സുഹൃത്തുക്കള്‍ വന്ന്‌ വീട്ടില്‍ നിന്ന്‌ പുറത്തേക്ക്‌ കൊണ്ട്‌ പോകുന്നതാണ്‌ ഏക ആശ്വാസം .
നാല്‌ വര്‍ഷം മുമ്പ്‌ എറണാകുളം കണ്ടെയ്‌നര്‍ റോഡില്‍ ടാറിങ്‌ കഴിഞ്ഞ്‌ വീട്ടിലേക്ക്‌ വരുന്ന വഴിയാണ്‌ ദേവസി കുട്ടിക്ക്‌ അപകടം പറ്റുന്നത്‌. രാത്രിയിലാണ്‌ ടാറിങ്ങ്‌ ജോലികള്‍ നടക്കാറ്‌. പകല്‍ ഓട്ടോറിക്ഷയില്‍ തിരിച്ചു പോരും. അപകട ദിവസം കാലടി ഭാഗത്തേക്ക്‌ വന്ന ടിപ്പര്‍ ലോറിയിലാണ്‌ വന്നത്‌.

ടിപ്പര്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.ഇ ടി യു ടെ ആഘാതത്തില്‍ ദേവസിക്കുട്ടി തെറിച്ചു പോയി.അപകടത്തെ തുടര്‍ന്ന്‌ വലത്‌ കാല്‍ മുറിച്ച്‌ മാറ്റേണ്ടി വന്നു.കൈക്കും കാലിനും കമ്പിയിട്ടിരിക്കുകയാണ്‌. കമ്പി എടുക്കേണ്ട സമയത്താണ്‌ മകന്‍ അപകടത്തില്‍ പെട്ടുന്നത്‌.
കുറച്ച്‌ നാള്‍ ലോട്ടറി വില്‍പ്പന നടത്തി.

പിന്നീട്‌ വയറില്‍ മുഴ കണ്ടെത്തി.അസുഖം മൂലം ലോട്ടറി വില്‍പ്പനയും നിലച്ചു.കഴിഞ്ഞ 13 വര്‍ഷമായി വാടക കെട്ടിടത്തിലാണ്‌ ഈ കുടുംബം കഴിയുന്നത്‌. സ്വന്തമായി വീട്‌ ഉണ്ടായിരുന്നതാണ്‌. രണ്ട്‌ പെണ്‍മക്കളെ കെട്ടിച്ചയക്കാന്‍ ദേവസി കുട്ടിക്ക്‌ വീടും സ്ഥലവും വില്‍ക്കേണ്ടി വന്നു. ആനിക്ക്‌ ജോലിക്ക്‌ പോകാനും പറ്റാത്ത അവസ്ഥയാണ്‌ മകനും ഭര്‍ത്താവിനുമൊപ്പം എപ്പോഴും വേണം. നാട്ടുകാരുടെ സഹായം കൊണ്ടാണ്‌ ഈ കുടുംബം കഴിയുന്നത്‌.









Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക